Saturday, July 30, 2011

ഒരു ബ്ളോഗ് കവിയുടെ പ്രാർത്ഥന

ഡിഗ്രിയെത്തിപ്പിടിക്കാന്‍ തരപ്പെടാ-
ഞ്ഞുഗ്രശാസനന്‍ തന്തേടെ പോക്കറ്റ്‌
നിര്‍ദ്ദയം കാലിയാക്കി,ച്ചലച്ചിത്ര-
മെപ്പൊഴുംകണ്ടു,തെണ്ടിത്തിരിഞ്ഞ ഞാന്‍
ഗള്‍ഫിലെത്തു,ന്നളിയന്റെ ഹെല്പിനാല്‍
ഗള്‍ഫെയറതില്‍ ജോലിയും ലഭ്യമായ്‌.

ഒട്ടുമേസമയം,കളയാതെയാ
ചുട്ടുപുള്ളുന്ന നാടിന്റെ രീതികള്‍
ചിട്ടയോടെ പഠിച്ച ഞാ,നല്ഭുത-
പ്പെട്ടുപോയെന്റെ ശമ്പളം പറ്റവേ.

ഏതുജോലിക്കും ലഭ്യമാം കൂലിയെ
രൂപയാക്കിനാ,മെണ്ണിനോക്കുന്നേരം
ജാലവിദ്യയി,ലെന്നപോലെത്രയോ-
മേലെയായതിന്‍ മൂല്യം കുതിക്കുന്നു.

പണ്ടുപെന്തക്കോസ്‌ കൂട്ടരു പാടിയ
എന്തതിശയമേ,യെന്ന പാട്ടുമായ്‌
രണ്ടു ഡ്രാഫ്റ്റുകള്‍ കാനറാ ബാങ്കിന്റെ
എന്റെ നാട്ടിലെ ശാഖക്കയക്കുന്നു.

നല്ല കാര്യങ്ങള്‍ പിന്നെയും വന്നുപോയ്‌
നല്ല കൂട്ടുകാര്‍,കമ്പ്യുട്ടര്‍,ഇന്റെര്‍നെറ്റ്‌,
മെല്ലെ ഞാനൊരു ബ്ളോഗും തുടങ്ങുന്നു
എന്തതിശയം അപ്പൊഴും പാടുന്നു.

എന്റെ`കുന്ത്രാണ്ട`മെന്നബ്ളോഗെന്നും
കണ്ടുപോകുന്നൊ,രായിരം പേര്‍ ക്കും
രണ്ടുനല്ലവാക്കിന്‍ കമന്റോതാന്‍
സന്തതം ഞാന്‍ കവിതകള്‍ പോസ്റ്റും.

പേടിവേണ്ടാ,യഥാര്‍ത്ഥ കവിതതന്‍
നാലയലത്തുപോലുമീ,ഞാനില്ല.
കാവ്യകൈരളീദേവിതന്‍ പൂജക്കു-
പൂവുമായ്ച്ചെന്ന,താരെന്നറിയില്ല.
കണ്ണടക്കാവ്യ,മൊന്നിനാല്‍ ക്കൈരളി-
ക്കിന്നുകാഴ്ച്ച കൊടുത്തൊരാള്‍ സ്നേഹിതന്‍,
പിന്നെ ഞാനറി,യുന്നവരൊക്കെയും
എന്നെ ഞാനാക്കിത്തീര്‍ത്ത കപികളും.

`എന്തുസൗന്ദര്യമാശാന്റെ സീത`-
ക്കെന്റെമുന്‍പില്‍ കവി മൊഴിഞ്ഞപ്പോള്‍
`എന്റെമാഷേ ശരിതന്നെ പെണ്ണിന്‍-
തന്തയാളൊരു കേമനാണോര്‍ക്കണം`
എന്നുചൊന്നതിന്‍ ജാള്യം മറയ്ക്കാന്‍
ഇന്നുമാവാതെ ഞാൻ പരുങ്ങീടുന്നു

വാക്കുകള്‍തമ്മി,ലര്‍ത്ഥമെഴാത്തതാം
ദീര്‍ഘവാചകം കോര്‍ത്തു ഞാന്‍ തീര്‍ ക്കുന്ന
മ്ളേച്ഛ മാതൃക പോസ്റ്റു ചെയ്താലുടന്‍
ആര്‍ത്തലച്ചുവ,ന്നെത്തും കമന്റുകള്‍.

നിന്‍പുറം ഞാന്‍ ചൊറിയും കമന്റിനാല്‍
എന്‍ പുറം നീചൊറിയേണമ ക്ഷണം
ഇമ്പമാര്‍ന്നൊരീ,യാപ്തവാക്യത്തിനാല്‍
തുമ്പമേശാതെ മേയുന്നു ബ്ളോഗര്‍മാര്‍.

ശുദ്ധസാങ്കേതിക ക്കരുത്തൊന്നുമായ്‌
സര്‍ഗ്ഗ സൃഷ്ടിക്കൊരുങ്ങുന്ന മൂഢരെ
നിത്യവും പുകഴ്ത്തീടും നിരൂപകര്‍
സത്യമായ്‌ കരുത്തേകുന്നു ബ്ളോഗര്‍ക്ക്‌.

ജാലകക്കോള,മെഴുതും കുമാരന്റെ
നൂതനക്കാവ്യ,പ്രേമ പ്പകര്‍പ്പുകള്‍
ബ്ളോഗെഴുത്തുകാര്‍ മാനിഫെസ്റ്റോയാക്കി
ലോകമൊക്കെയും മെയ്‌ലയച്ചീടുന്നു.

മാബലിക്കുള്ള പൂക്കളം തീര്‍ ക്കുവാന്‍
ദൂരെനിന്നും വസന്തമെത്തുമ്പൊള്‍ ഞാന്‍
ഓടിയെത്തുമാ,റുണ്ടെന്റെ നാട്ടിലേ-
ക്കേറെ ക്ളബ്ബുകള്‍ ക്കാശംസ നേരുവാന്‍.

നാളെയെത്തണം കേരളം തന്നില്‍
ബ്ളോഗ്‌ മീറ്റ്‌ തൊടുപുഴെയുണ്ട്‌
നാലുമിന്നിറ്റ്‌ കൊണ്ടു ഞാന്‍ തീര്‍ത്തതാം
കാവ്യമുള്ളൊരു പുസ്തകം നാളത്തെ-
ബ്ളോഗ്‌ മീറ്റില്‍ പ്രസാധനം ചെയ്യുവാന്‍
രാജനുണ്ണിയു,മെത്തുന്നതുണ്ട്‌
.
കാരി,കൂരി,കരിന്തേളു,മാക്കാന്‍
കൂറ,കുക്കൂറ,മാക്കാച്ചി പിന്നെ
പാത്രക്കാര,നരക്ഷര,നൊക്കെ
കാത്തിരിക്കുന്നി,തക്ഷമരായി.

(നേരുചൊല്ലിടാം കേരളഭാഷതന്‍
ചാരുതക്കിവര്‍ പാരവെക്കുന്നവര്‍
പേരുനേരേ തിരഞ്ഞെടുക്കുമ്പൊഴും
തീരെസൗന്ദര്യ ബോധമില്ലാത്തവര്‍.
എളിമ,ലാളിത്യം,നാടോടി നാട്യം
അതിരുവിട്ടതിന്നുത്തമ ദൃശ്യം.)

പോണതിന്‍ മുന്‍പ്‌ തൃശ്ശുരിലെത്താന്‍
പ്രാഞ്ചിയേട്ടന്‍ വിളിച്ചു പറഞ്ഞു.
ബ്ളോഗൊരെണ്ണം തുടങ്ങുവാന്‍ തന്നെ
പ്രാഞ്ചിയേട്ടനും തിരുമാനിച്ചു
എന്‍സഹായ സഹകരണങ്ങള്‍
എന്നുമേകണമെന്നും പറഞ്ഞു

എന്റെ ദൈവമേ നീയെത്ര കേമന്‍
നിന്‍ കരം തീര്‍ത്ത ബ്ളോഗെത്ര കാമ്യം
ബ്ളോഗ്‌ മൂലം മഹാകവിയായ
ഞാനുമിന്നൊരു കേമനായല്ലേ....

എങ്കിലും ചിലനേരമെന്‍ നെഞ്ചില്‍
അമ്പുപോല്‍ കുറ്റബോധം തറക്കുന്നു
അന്തമില്ലാതെ ചെയ്തൊരെന്‍പാങ്ങള്‍
തമ്പുരാനേ പൊറുത്തു കൊള്ളേണമേ...

തെല്ലുപോലും പ്രതിഭയില്ലാത്ത ഞാന്‍
അല്ലലില്ലാതെ,യൊപ്പിച്ചുവക്കുമീ-
തല്ലുകൊള്ളിത്തരത്തില്‍ ക്ഷമിച്ചു നീ-
യെന്നെ നിത്യവും കാത്തു കൊള്ളേണമേ....

-0-
ടി.യു.അശോകന്‍




+

Saturday, July 16, 2011

അച്ഛനും മകളും


അമ്മതൻ താരാട്ടി,നൊപ്പമെന്നച്ഛന-
ന്നുമ്മ വെച്ചെന്നെ,യുറക്കിടുമ്പോൾ
അമ്മിഞ്ഞപ്പാലുപോൽ തന്നെയാ ചുംബന-
ച്ചൂടു,മെനിക്കിഷ്ടമായിരുന്നു...

അറിവിന്റെ ദീപം തെളിച്ചുകൊണ്ടെപ്പൊഴും
അലിവോടെ മുന്നിൽ നടന്നിതച്ഛൻ..
അറിയാത്തലോകങ്ങ,ളാഴിപ്പരപ്പുകൾ
സ്വയമേ നരൻ തീർത്ത പ്രതിസന്ധികൾ
ഒരു വിശ്വപൗരന്റെ തെളിവാർന്ന ചിന്തയും
ഒരുപോലെയെന്നിൽ പകർന്നിതച്ഛൻ..

അറിയാതെ വാക്കുകൾ കൊണ്ടു ഞാനച്ഛനെ
ഒരുപാടു വേദനിപ്പിച്ചനേരം
നെടുവീർപ്പിലെല്ലാ,മൊതുക്കിയെൻ കൺകളിൽ
വെറുതേ മിഴി നട്ടിരുന്നിരുന്നു...

നിറമുള്ള സ്വപ്നങ്ങ,ളായിരം തുന്നിയോ-
രുറുമാലുമായൊരാൾ വന്ന കാലം
പുതു നിശാ ശലഭങ്ങ,ളന്തിക്കു നെയ്ത്തിരി-
പ്രഭയിലേയ്ക്കെത്തി,പ്പൊലിഞ്ഞുപോകും-
കഥപറഞ്ഞെന്നെ,യണച്ചുപിടിച്ചതെൻ
കരളിൽ വിതുമ്പലായ് തങ്ങി നില്പ്പൂ..

ഒരുവാക്കുമോരാതെ,യൊരു നാളിലെന്നമ്മ
മൃതിദേവതയ്ക്കൊപ്പമങ്ങു പോകേ
പുകയുന്ന നെഞ്ചകം പുറമേയ്ക്കു കാട്ടാതെ-
യൊരു ജ്വാലാമുഖിപോലെ നിന്നിതച്ഛൻ..

ചിലനേരമമ്മത,ന്നോർമ്മയിൽ എൻ മിഴി
നിറയുന്നകാൺകേ,യടുത്തു വന്നെൻ
മുഖമൊറ്റമുണ്ടിന്റെ കോന്തലാ,ലൊപ്പുവാൻ
മുതിരുന്നൊരച്ഛനെൻ മുന്നിലുണ്ട്‌...

പുതുലോക ജീവിത വ്യഥകളില്പ്പെട്ടു ഞാൻ
മറു നാട്ടിലേയ്ക്കു തിരിച്ചിടുമ്പോൾ
ഒരു സാന്ത്വനത്തിന്റെ വാക്കിനായ്‌ പരതിയെൻ
കരമാർന്നു വിങ്ങിയതോർത്തിടുന്നു...

ഗതികേടിലാശ്രയ,മില്ലാതിന്നച്ഛനെ
ഒരു വൃദ്ധസദനത്തി,ലാക്കിടുമ്പോൾ
നെറികെട്ട ഞാൻ വൃഥാ കരയുന്നു;കണ്ണുനീർ-
ക്കണമൊപ്പുവാനച്ഛൻ വെമ്പിടുന്നു...

           ---(-----

ടി  യൂ  അശോകൻ
------------------------------------------------------------------------

*No part or full text of this literary work may be re produced
in any form without prior permission from the author
---------------------------------------------------------------------