Saturday, December 24, 2011

വികല കല്പനാ വിഗ്രഹം മാത്രമായ്‌......

പ്രളയമായിരുന്നെങ്ങും അതിന്മീതെ
ചലനമില്ലാതെ കാലം കിടക്കവേ,
സ്ഥലമതൊക്കെയും ഒരുബിന്ദുവായതിൽ
വിലയമാർന്നന്ധകാരം ജ്വലിക്കവേ,
അണുവിലും അണു പോലും പ്രപഞ്ചത്തി-
ലുരുവമാകാതെ മൗനം മുഴങ്ങവേ,
സകല ചൈതന്യമുറയുന്ന പൊരുളിനെ
വിതറി നിസ്തന്ദ്രമുയരുന്ന നാദമായ്‌,
പ്രണവമായി നീ വന്നൂ;അനന്തര-
ത്തിരയിൽ ജീവിതം സംഗരം മാത്രമായ്‌.

ഭുവനചലനത്തി,നാധാരമായുള്ള
ഭ്രമണചക്രം തിരിച്ചു നീ നില്ക്കവേ,
അറിവു,കാര്യവും കാരണം തന്നേയും
പരമപൂരുഷൻ നീ തന്നെ;യെങ്കിലും
കൊതിയൊടന്നം ഭുജിക്കാൻ തുടങ്ങവേ
തെരുതെരെക്കല്ലു തടയുമ്പൊളെന്നപോൽ
തലപെരുക്കുന്നു ജീവിതം കൊണ്ടു നീ
തലമ,തായം കളിക്കുന്നതോർക്കവേ.....

പറയിപെറ്റുള്ള മക്കളായ്‌ ഞങ്ങളീ-
ധരയിലൊക്കെയും വ്യാപിച്ചുനിർദ്ദയം-
സഹജരെക്കൊ,ന്നലക്ഷ്യമായ്‌ പായവേ
സഹതപിക്കാതെ ശകുനിയായ്‌ നിന്നു നീ-
വെറുതെ ഞങ്ങളെ സംസാര സാഗര-
ത്തിരയിലമ്മാന,മാടിക്കളിക്കുന്നു.

കളിരസിച്ചങ്ങിരിക്കുന്ന നിന്നുടെ
ഇമയനക്കത്തി,ലായിരം ജന്മങ്ങൾ
ദുരിതജീവിത കർമ്മങ്ങളൊക്കെയും
ദ്രുതതരം തീർത്തു പിരിയുന്നതൃപ്തരായ്‌...

കുഴിയിലാണ്ടും കരിഞ്ഞും ഒഴുക്കറ്റ-
പുഴയിൽ പാതിവെ,ന്തഴുകിയും ഞങ്ങൾ തൻ
പ്രിയശരീരങ്ങൾ മറയുന്നു;ദേഹിയോ-
പുതിയ വേഷപ്പകർച്ചക്കു കോപ്പിടാൻ
പഴയകർമ്മ,പ്പഴന്തുണിക്കെട്ടുമായ്‌
ഗഗനവഴികളിൽ അലയു,ന്നമുക്തരായ്‌.....

സൗരയൂഥ പഥങ്ങളിൽ നക്ഷത്ര-
നിരകൾനിത്യം പ്രകാശവർഷങ്ങൾ ക്കു-
മകലെയകലേ,യ്ക്കകന്നിടും ധൂമില-
വഴിയിലൊറ്റക്കു നീ നടന്നീടവേ...
അവരസംതൃപ്ത ചിത്തർ നിൻ നെഞ്ചിലേ-
യ്ക്കനുദിനം ചോദ്യ ശരമൊന്നയച്ചിടും
നിനദമെന്നിലും നിറയുന്നു;നിയതിതൻ-
പൊരുളറിഞ്ഞനീ മറുവാക്കു ചൊല്ലുമോ...

നരകവാസമീ മണ്ണില്ക്കഴിക്കുമെൻ
ഹൃദയസ്പന്ദത്തൊടൊപ്പം തുടിക്കുമാ
പെരിയ സംശയം നിന്നോടു വീണ്ടുമീ-
വ്യഥിത സന്ധ്യയിൽ ചോദിച്ചിടട്ടെ ഞാൻ....

ഭുവനമാകെയും നിറയുന്ന നീ നിന്റെ
വചനകാരണം പറയാതമൂർത്തമായ്‌,
വികലകല്പനാ വിഗ്രഹം മാത്രമായ്‌,
മനുജ സന്ദിഗ്ദ്ധ നിമിഷാശ്രയത്തിന്റെ
മറവിൽ വാഴാതെ,മൂർത്തമാം തെളിവൊന്നു
നരനു നല്കാൻ മടിക്കുന്നതെന്തുനീ..........

-0-

ടി.യൂ.അശോകൻ