Monday, December 31, 2012

പുഴയും ഞാനും ജലകന്യകയും


പുഴയോ,ടെനിക്കെന്നും
പ്രണയം;ഗൃഹാതുര-
സ്മൃതിയും കൊണ്ടേ മുന്നിൽ
ഒഴുകു,ന്നനുസ്യൂതം...

അനുരാഗത്തിൻ ഹരി-
യെഴുതാൻ പഠിച്ചൊരീ
പുഴയോരത്തിൻ മണൽ-
ത്തരിയോ,ടിന്നും പ്രിയം...

ചിരിതൂവുമ്പോ,ലല-
യിളകും കളാരവം,
ചിലനേരം തൂ മൊഴി-
യുതിരും ജലാഗമം...

ഇവളെൻ ബാല്യങ്ങളിൽ
കൗതുകം;തീരങ്ങളി-
ലലയും കൗമാരത്തിൻ
പുളകം,ഹർഷോന്മാദം...

അഴക,ന്നുടലാർന്നെൻ
മിഴിതൻ മുന്നിൽ പെടാ-
നലർപോ,ലിതേ പുഴ-
ക്കടവിൽ വിരിഞ്ഞതും,

കനവിൽ നീന്തും ദിവ്യ-
ജലകന്യയാ,ളവൾ
ഒരുനാ,ളിണങ്ങിയെൻ
കരളിൽ കടന്നതും,

അവളൊ,ത്തീജീവിത-
ത്തെളിനീർ കയങ്ങളിൽ
തുഴയാൻ കഴിഞ്ഞതും
പലനാൾ കൊഴിഞ്ഞതും,

പുഴയും ഞാനും മാത്ര-
മോർത്തിരിക്കുന്നൂ,നാക-
വഴിതന്നിലേയ്ക്കവൾ
വിധിയാ,ലൊഴിഞ്ഞു പോയ്‌.....

         -----)----

ടി  യൂ അശോകൻ
------------------------------------------------------------------
*No part or full text of this literary work may be
re produced in any form without prior permission
from the author.
------------------------------------------------------------------------------



Saturday, December 1, 2012

സർപ്പം പാട്ട്‌


ഉത്തുംഗമാകും ഫണാഗ്രേ, തിളങ്ങുന്ന-
സർപ്പമാണിക്യം വഹിക്കും ഭുജംഗമേ,
കൊത്തുവാൻ മാത്രം പഠിക്കാതെ മൂകനായ്‌
പത്തിയും താഴ്ത്തിക്കിടപ്പു നീ നിന്ദ്യനായ്‌.

നൃത്തം ചവിട്ടുന്ന വേതാളശക്തിതൻ
നഗ്നതക്കാഴ്ചയിൽ ലോകം മയങ്ങവേ,
അത്ഭുതം കാട്ടാൻ കരുത്തുള്ള വർഗ്ഗത്തി-
നുത്തമൻ നീയും മെരുങ്ങിക്കിടക്കയോ...

പച്ചിലക്കാഴ്ചകൾ മങ്ങുന്നിടത്തവർ-
വെച്ചിരിക്കുന്ന മൺപുറ്റിൻ തണുപ്പിൽ നീ
ചുറ്റിപ്പതുങ്ങിക്കിടക്കാതെ,ചുറ്റിലും-
കത്തുന്ന ജീവിതം കണ്ടെഴുന്നേൽക്കുവിൻ...

നാഗദോഷംഭയ,ന്നേകുന്ന നൂറിലും-
പാലിലും ലക്ഷ്യം മറക്കാതിരിക്കുവിൻ..
വിഭ്രമിപ്പിക്കും നിറങ്ങളാൽ തീർക്കുന്ന-
സർപ്പക്കളത്തിൽ കടക്കാതിരിയ്ക്കുവിൻ...
ക്ഷുദ്രമന്ത്രങ്ങൾ കുറി,ച്ചവർ നീട്ടുന്ന
പത്രത്തിലേയ്ക്കു നീ നോക്കാതിരിക്കുവിൻ...

അന്യവർഗ്ഗങ്ങൾക്കു ചൂഷണം സാദ്ധ്യമാ-
ക്കുന്ന നിൻ മന്ദതയ്ക്കന്ത്യം കുറിക്കുവിൻ...
വിജ്രുംഭിതാശയൻ നീ ധരിക്കുന്നൊരാ-
സ്വപ്നമാണിക്യത്തിളക്കം ഗ്രഹിക്കുവിൻ..

കാളകൂടം കൊണ്ടു മാത്രം നശിക്കുന്ന
വേതാള വർഗ്ഗം തിമിർക്കുന്ന വേളയിൽ
പാമ്പിന്റെ ജന്മം കഴിക്കുന്ന നീ, വർഗ്ഗ-
ദോഷം വരുത്താ,തെഴുന്നേറ്റു നിൽക്കുവിൻ...
കാവുകൾക്കെന്നും വിളക്കു വെയ്ക്കുന്നവർ-
ക്കായി നീ വേഗം ഫണംവിരിച്ചാടുവിൻ..
നിർദ്ദയം നീ,  ജന്മ ശത്രുവിൻ മൂർദ്ധാവി-
ലുഗ്രകാകോളം നിറ,ച്ചാഞ്ഞുകൊത്തുവിൻ.....!

                         --0--

ടി  യൂ  അശോകൻ
--------------------------------------------------------------------------------
Re Posting
---------------------------------------------------------------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
----------------------------------------------------------------------------------

Saturday, November 24, 2012

സർപ്പം പാട്ട്‌




ഉത്തുംഗമാകും ഫണാഗ്രേ, തിളങ്ങുന്ന-
സർപ്പമാണിക്യം വഹിക്കും ഭുജംഗമേ..
കൊത്തുവാൻ തെല്ലും ശ്രമിക്കാതെ മൂകനായ്‌
പത്തിയും താഴ്ത്തി,ക്കിടപ്പു നീ നിന്ദ്യനായ്‌..

നൃത്തം ചവിട്ടുന്ന വ്യാപാര ശക്തിതൻ
നഗ്നത,ക്കാഴ്ചയിൽ ലോകം മയങ്ങവേ
അത്ഭുതം കാട്ടാൻ കരുത്തുള്ള വർഗ്ഗത്തി-
നുത്തമൻ നീയും മെരുങ്ങി,ക്കിടക്കയോ..

പച്ചിലക്കാഴ്ചകൾ മങ്ങുന്നിട,ത്തവർ-
വെച്ചിരിക്കുന്ന  മൺ പുറ്റിൻ തണുപ്പിൽ നീ
ചുറ്റിപ്പതുങ്ങി,ക്കിടക്കാതെ,ചുറ്റിലും-
കത്തുന്ന ജീവിതം ക,ണ്ടെഴുന്നേല്ക്കുവിൻ..
നാഗ ദോഷം ഭയ,ന്നേകുന്ന നൂറിലും-
പാലിലും ലക്ഷ്യം മറക്കാതിരിയ്ക്കുവിൻ..

മൃത്യുപൂജ,യ്ക്കവർ നിത്യം നടത്തുന്ന
സത്രങ്ങളിൽ വീണൊടുങ്ങാതിരിക്കുവാൻ
വിഭ്രമിപ്പിക്കും നിറങ്ങളാൽ തീർക്കുന്ന-
സർപ്പക്കളത്തിൽ കടക്കാതിരിയ്ക്കുവിൻ..
ക്ഷുദ്ര മന്ത്രങ്ങൾ കുറി,ച്ചവർ നീട്ടുന്ന
പത്രത്തിലേയ്ക്കു നീ നോക്കാതിരിയ്ക്കുവിൻ..


അന്യവർഗ്ഗങ്ങൾ ക്കു ചൂഷണം സാദ്ധ്യമാ-
ക്കുന്ന നിൻ മന്ദത,യ്ക്കന്ത്യം കുറിക്കുവിൻ..
വിജ്രുംഭി,താശയൻ നീ ധരിക്കുന്നൊരാ-
സ്വപ്നമാണിക്യ,ത്തിളക്കം ഗ്രഹിക്കുവിൻ..
       
കാളകൂടം കൊണ്ടു മാത്രം നശിക്കുന്ന
വേതാള വർഗ്ഗം തിമിർക്കുന്ന വേളയിൽ
പാമ്പിന്റെ ജന്മം കഴിക്കുന്ന നീ,  നിറം-
മായും പടം പൊഴി,ച്ചൊന്നെഴുന്നേല്ക്കുവിൻ !
നിന്റെ-കാവുകൾക്കെന്നും വിളക്കു വെയ്ക്കുന്നവർ-
ക്കായി നീ വേഗം ഫണം വിരി,ച്ചാടുവിൻ..!

എട്ടു ദിക്കും നടുങ്ങുന്ന നിൻ ശീല്ക്കാര-
ശബ്ദം പ്രപഞ്ചത്തി,ലാകെ പ്പരക്കവേ
നിർദ്ദയം നീ,  വർഗ്ഗ ശത്രുവിൻ മൂർദ്ധാവി-
ലുഗ്ര കാകോളം നിറ,ച്ചാഞ്ഞു കൊത്തുവിൻ..!

ദംശനം കൊണ്ടു,  തീ കത്തട്ടെ വേതാള-
വംശങ്ങളെല്ലാ,മൊടുങ്ങട്ടെ;ചാമ്പലി-
ന്നംശത്തിൽ നിന്നാ നികൃഷ്ട വർഗ്ഗങ്ങളീ-
വിശ്വത്തിൽ വീണ്ടും പിറക്കാതിരിക്കുവാൻ
വിശ്വത്തിനെപ്പൊഴും കാവലാകട്ടെ നീ..
വിശ്രമിക്കാൻ നേരമില്ലെന്നതോർ ക്കുവിൻ..!

            --(---
ടി യൂ അശോകൻ

-----------------------------------------------------------------------------
*No part or full text of this literary work may be
re produced in any form without prior permission
from the author.
-----------------------------------------------------------------------------

Tuesday, October 23, 2012

കോരനും നമ്മളും


കഞ്ഞി വരും വരുമെന്നും പ്രതീക്ഷിച്ചു
കുമ്പിളും കുത്തിയിരിക്കുന്ന കോരന്റെ
കണ്ണുനീർ വിൽക്കുന്ന നമ്മളത്രേ പെരും-
കള്ളന്റെ തന്തയ്ക്കു കഞ്ഞി വെയ്ക്കുന്നവർ...

കഞ്ഞിപ്രതീക്ഷകളെന്നും മുടങ്ങാതെ
കുമ്പിൾ നിറച്ചും കൊടുത്തുപോരുന്നവർ,
കോരന്റെ വീതം കൊടുക്കാതിരിക്കുവാൻ
നാടിന്റെ പൈതൃകം മാറ്റിക്കുറിച്ചവർ,
ഏതോ പുരാതനൻ തന്മഴു വീശവേ
കേരളം തീറായ്‌ ലഭിച്ചെന്നു ചൊന്നവർ...

ആയിരം പാടം വിതയ്ക്കുവാൻ കൊയ്യുവാ-
നായി നാം കോരനെ വേർപ്പായ്‌ പൊലിച്ചവർ..
ആ മട വീഴാതുറയ്ക്കുവാൻ ജീവനോ-
ടാ വരമ്പിൽ തന്നെ കോരനെ താഴ്ത്തി നാം...
ഭീതിയിൽ, പാതിരാ നേരത്തു കോരന്റെ-
പ്രേതം,ചലിക്കുന്ന തീയായ്‌ ജ്വലിക്കവേ,
തന്ത്രം പഠിപ്പിച്ച മന്ത്രം ജപിച്ചുടൻ
യന്ത്രത്തിലാക്കിനാം പ്രേതവും ബാധയും...

കാലികൾ പോലും കുടിക്കാനറയ്ക്കുന്ന-
കാടിയും, മൂടിക്കുടിക്കാൻ കൊടുത്തുനാം
പേടിച്ചു മോന്തുന്ന കോരന്റെ കാടിയും
താടിക്കു തട്ടിത്തെറിപ്പിച്ചു പിന്നെയും.

പേരിലും കാര്യം ഗ്രഹിച്ചനാം കോരനായ്‌
പേയും പിശാചും കൊടുക്കുന്നു ദൈവമായ്‌
തട്ടകം കേമമായ്‌ തീരവേ പുസ്തകം-
കെട്ടിനാം മുത്തപ്പനാക്കുന്നു മൂർത്തിയെ....

ഏറുന്ന വൈഭവം കൊണ്ടിനിക്കോരന്റെ
പേരക്കിടാവൊന്നു കേറിക്കളിക്കുകിൽ
ഏതോ ദ്വിജൻ തന്നെയാകുമീ വീരന്റെ
ചേതസ്സിനാസ്പദമെന്നും മൊഴിഞ്ഞു നാം...

നാറുന്ന ചിത്രം തരും പുരാവൃത്തങ്ങൾ
ഏറെയും നമ്മൾ മറന്നുപോയ്‌ മാന്യരായ്‌...
പാതിരയ്ക്കെത്തും വെളിച്ചത്തിലൂടെ നാം
സാധിച്ച കാര്യങ്ങളെല്ലാം നിദർശകം....

എന്തുകൊ,ണ്ടെന്തുകൊ,ണ്ടെന്നു ചോദിച്ച നാം
ചിന്തയ്ക്കിടക്കുവെ,ച്ചോടുന്നു  ചന്തുവായ്‌..
ചന്തത്തിലായിരം സർവ്വേ നടത്തി നാം
തഞ്ചത്തിൽ നമ്മളും കോരന്റെ ബന്ധുവായ്‌..
ഡീപീയു,മീപ്പിയും കൊണ്ടുവന്നപ്പൊഴേ-
യ്ക്കാപ്പിലായ് തീർന്നതീ കോരനും മക്കളും..
ശാസ്ത്രം പഠിപ്പിച്ചു സാഹിത്യമോതവേ
സൂത്രത്തിൽ നമ്മളും ചൂഷകർക്കൊപ്പമായ്‌..
കോരനുമമ്മയും കുഞ്ഞിച്ചിരുതയും
കൂരയില്ലാത്തവർ തന്നെയാണിപ്പൊഴും....

കാലം കടമ്പകടക്കാതിരിക്കുവാൻ
കോരന്റെ വീതം കൊടുക്കാതിരിക്കുവാൻ
ലോകം ചിരിക്കുന്നനേര,ത്തനീതി തൻ
വേലിയും കെട്ടിച്ചടഞ്ഞിരിക്കുന്നു നാം...

കോരാ നിനക്കുള്ള വീതം ലഭിക്കുവാൻ
പോരാണു മാർഗ്ഗമെന്നോർക്ക നീ കൃത്യമായ്‌..
നേരിനും കോരനും മദ്ധ്യത്തിലായിരം
കാരണം നിത്യം നിരത്തുന്നവർക്കുമേൽ
പോരാളിയായ്‌ ശരം നേരേ തൊടുക്കുവിൻ
ആരാകിലും നേരു വേഗം ജയിച്ചിടും.

ആകുന്ന കാര്യം കഴിക്കാതിരിക്കുകിൽ
ഈ ജന്മമെങ്ങും നിനക്കില്ല മോചനം...
സ്വത്വമെന്നെങ്ങാൻ ജപിച്ചുപോയീടുകിൽ
യുദ്ധത്തിൽ നീയും തകർ ന്നുപോകും ദൃഢം..
വിശ്വത്തിലേക്കു നീ നോക്കിക്കുതിക്കുവിൻ
വിശ്വസിക്കൂ മർത്ത്യരാശിതൻ മോചനം...
അക്ഷരം വേവിച്ചു നിത്യം ഭുജിക്കുവിൻ
ശിക്ഷണത്തിന്നു നീ നിന്നേ തിരക്കുവിൻ...
ആളുന്ന തീയിൽ കുരുത്ത നീ വാടുവാൻ
പാടില്ല നാറത്തരങ്ങൾക്കു മുന്നിലായ്‌......

           -----)-------

ടി  യൂ  അശോകൻ
----------------------------------------------------------
*No part or full text of this literary work
may be reproduced in any form
without prior permission from the author.

Monday, October 1, 2012

തമ:സ്തവം



മരണമൊന്നതേ മേലിൽ പ്രിയംകരം
വരണ,മന്തികേ നീ സഖീ സത്വരം
പ്രണയ ലോലയാ,യെന്നിൽ നിസ്സംശയം
വരണമാല്യവും ചാർത്തു നീ,യിക്ഷണം...

അഴകെഴുന്ന നിൻ ചികുരമോ നിർഭരം
അതിലമർ ന്നു ഞാ,നറിയട്ടെ സാന്ത്വനം
അഭയമേകുവാ,നുള്ളതേ നിൻ കരം
അകലമാർ ന്നു നീ നില്പതേ നിർദ്ദയം....

ഏണനേർമിഴീ നീ തരൂ ദർശനം
വേണമെത്രയും വേഗമാ സുസ്മിതം
നീ വരുമ്പൊഴെൻ ജീവിതം നിശ്ചലം
താവകാംഗുലീ സ്പർശനം സാർത്ഥകം...

പരമസങ്കല്പ,മൊക്കെയും പാതകം
ദുരിതമേറുമ്പൊ,ളെന്തിന്നു വാചകം
മരണദേവതേ നീ തരൂ മോചനം
പതിതനെപ്പൊഴും നീ തന്നെ ദൈവതം.....!

       ----0----

ടി. യൂ. അശോകൻ

---------------------------------------------------------------
*No part or full text of this literary work
may be reproduced in any form without
prior permission from the author.



Saturday, September 8, 2012

സഞ്ജനയ്ക്കൊരു കത്ത്‌


അഥവാ മലയാളിമങ്കമാർക്ക്  സ്നേഹപൂർവ്വം... .....
------------------------------------------------------------------

സങ്കടംകൊണ്ടല്ല സഞ്ജനേ,സംഗതി-
എന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾ ക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീപ്പെണ്ണുങ്ങളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവരായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെവന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമിക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെനോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറിപ്രദർശനം കേമമാണോ..
അപ്പുറംകാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർ ക്കുള്ളിലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും
മാനത്തുറാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊന്നരയ്ക്കു കെട്ടും
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂതഗണങ്ങൾ ക്കു പ്രാതലേകും
അമ്പലം ചുറ്റുന്നനേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും......
സഞ്ജനേ, ചന്ദ്രബിംബാനനേ നിങ്ങൾ ത-
ന്നന്തമില്ലായ്മയ്ക്കൊ,രന്തമുണ്ടോ.....

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പംവരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തുതൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെയീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പസിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലുകൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കല്ക്കണ്ടമാകുവാൻ
ചൊൽ ക്കൊണ്ടമാതൃകയാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയ്‌ല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാസാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്നപോലെ തിരിച്ചെതിർക്കാം...
നേരിട്ടെതിർ ക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തിലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നില്ക്കാതെ വേഗം നടന്നുകൊള്ളൂ....

      ---0----

ടി  യൂ  അശോകൻ
--------------------------------------------------------------

* NO PART OR FULL TEXT OF THIS LITERARY WORK MAY BE
  RE PRODUCED IN
  ANY FORM WITHOUT PRIOR PERMISSION FROM THE   
  AUTHOR

Thursday, August 9, 2012

കാക്കിയും കൈരളിയും



തെക്കുള്ള തട്ടകം കൈരളീദേവിയാൾ-
ക്കൊട്ടും പിടിക്കാതെവ,ന്നതിൽ ഖിന്നയായ്
ചെറ്റൊന്നിരക്കാനിടം നോക്കി ദേവിയ-
ന്നൊറ്റയ്ക്കു മൂകം വടക്കോട്ടു നീങ്ങവേ...
ആശ്രിതർ,ക്കെല്ലാമൊരുക്കുന്ന പൂർണത്ര-
യീശന്റെ മുറ്റത്തു നിന്നൂ പൊടുന്നനെ.

ആരും കടക്കാൻ മടിക്കുന്ന,നാടിന്റെ-
കാവൽതുറയ്ക്കുള്ളിൽ നിന്നും മുഴങ്ങുന്ന
കാവ്യങ്ങൾ ദേവിക്കു ഹാരങ്ങളാകവേ
ആകെക്കുളിർകോരി നിന്നുപോയ്‌ ദേവിയും.

സങ്കല്പലോകത്തുപോലും ലഭിക്കാത്ത
സംതൃപ്ത ദൃശ്യം കണക്കന്നു സ്റ്റേഷന്റെ-
അന്ത:പുരത്തിന്നു നവ്യാനുഭൂതിയായ്‌
അന്തിക്കു ചൊല്ലുന്നു കാവ്യങ്ങൾ പിന്നെയും.

ചന്തം തികഞ്ഞുള്ള വാക്കിനാൽ ദേവിക്കു-
തങ്കച്ചിലമ്പിട്ട ചങ്ങമ്പുഴയ്ക്കിതാ
അമ്പത്തിയൊന്നക്ഷരത്തിന്റെ പൂക്കളാ-
ലഞ്ചുന്ന മാല്യങ്ങൾ തീർ ക്കുന്നു പിന്മുറ.

ആനന്ദലബ്ധി,യ്ക്കുപായങ്ങളാകുന്ന-
കാവ്യങ്ങൾ മാരിയായ്‌ പെയ്തൊഴിഞ്ഞീടവേ,
അമ്പലം മൂവലം വെച്ചകം പൂകിനാ-
ളിമ്പം കലർന്നിത്ഥമോതുന്നു ദേവിയാൾ...

വാളുകൊ,ണ്ടാളും വടക്കെനിക്കന്യമാ-
ണായിടം വിട്ടതാ,ണെന്നേക്കുമായി ഞാൻ..
ആശിച്ച സംസ്കാരവാടിയായ്‌ പൂർണത്ര-
യീശന്റെ ദേശം വിളങ്ങുന്ന കാണവേ,
തെക്കും വടക്കും നടക്കാതെമേലിലെൻ-
തട്ടകം തന്നെയാക്കട്ടെയീപ്പട്ടണം....

      --0--

ടി.യൂ. അശോകൻ

...........................................................
 14/07/2012- നു തൃപ്പൂണിത്തുറ ഹിൽ പാലസ്‌
പോലീസ്‌ സ്റ്റേഷനിൽ
ബഹുമാനപ്പെട്ട
ജസ്റ്റീസ്‌.കെ.സുകുമാരൻ
ഉദ്ഘാടനം
നിർവഹിച്ച കവിയരങ്ങിനെ
അനുസ്മരിച്ച് എഴുതിയത്..



Saturday, July 14, 2012

അതിരാത്രം ചൂഷണതന്ത്രം

        

   വേനലിലെ മഴക്കോളുനോക്കി ഇത്തവണയും ഏപ്രിലിൽ തന്നെ തൃശൂർ ജില്ലയിൽ അതിരാത്രം അരങ്ങേറി.യാഗാഗ്നി കെട്ടടങ്ങിയിട്ടും മഴ പെയ്തില്ല.  മാദ്ധ്യമങ്ങൾ ഇക്കഴിഞ്ഞ അതിരാത്രത്തിനു പഴയതുപോലുള്ള പ്രചാരണങ്ങളും നല്കിയതായി കണ്ടില്ല.ശാസ്ത്രാഭിമുഖ്യം മാദ്ധ്യമങ്ങളുടെ തലയ്ക്കു പിടിച്ചതാവാൻ വഴിയില്ല. ചർവിത ചർവണത്തിൽ അവർ ക്കും മടുപ്പുതോന്നിയതാവാനേ തരമുള്ളു.
     സംസ്കാരത്തിന്റെ ക്രമികമായ വികാസത്തിനിടയിൽ ആദ്യമായി വക്രബുദ്ധിയുദിച്ചവരിൽ ചിലർ, അവരുടേയും അവരുടെ പിൻ തലമുറകളുടേയും മാത്രം എന്നന്നേയ്ക്കുമായ മേല്ക്കോയ്മയ്ക്കും തദ്വാരാ സുഖത്തിനും വേണ്ടി എണ്ണിയാലൊടുങ്ങാത്ത തന്ത്രങ്ങളാണു കൗശലപൂർവ്വം പടച്ചുവച്ചിട്ടുള്ളത്‌. കണ്ണിപൊട്ടാതെ കാത്തുപോന്നിരുന്ന ഈ തന്ത്രശൃംഖലകളാൽ,  ചൂഷകസമ്രാട്ടുകളായ മേല്പറഞ്ഞകൂട്ടർ, പണിയെടുത്തു ജീവിതം പടുത്തുയർത്തുന്നവരെയാകെ, സഹസ്രാബ്ദങ്ങളായി കെട്ടിയിട്ടിരിക്കയായിരുന്നു..അതുവഴി തങ്ങളുടെ ചൂഷണം നിർബ്ബാധം തുടരുകയും ചെയ്തിരുന്നു.                                ദൈവം,മന്ത്രം,മതം,വർണം,ജാതി ഇവയോടനുബന്ധിച്ചുള്ള വ്യതിരിക്തവും ക്രോഡീകരിക്കപ്പെട്ടതുമായ ഒട്ടനവധി നിയമങ്ങൾ, ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ,മിത്തുകൾ  എല്ലാം തന്നെ മുൻപു സൂചിപ്പിച്ച തന്ത്രശൃംഖലയിലെ കണ്ണികൾ മാത്രം.ഈ ചങ്ങലക്കണ്ണികൾക്ക്‌ കാലാന്തരത്തിൽ ഏറ്റതും ഏറ്റുകൊണ്ടിരിക്കുന്നതുമായ കേടുപാടുകൾ, പരിഹരിക്കാൻ കഴിയുമെന്ന മൂഢവിശ്വാസത്തിലാണു ഈ വേട്ടക്കാരുടെ പിൻ തലമുറകളിലെ ഭൂരിഭാഗവും ഇപ്പോഴും കഴിയുന്നത്‌. മൺ മറഞ്ഞ ഗതകാല വൈകൃതങ്ങളുടെ വീണ്ടെടുപ്പിനുള്ള ഇവരുടെ തത്രപ്പാടായി മാത്രമേ ഈയിടെയായി നടത്തപ്പെടുന്ന അതിരാത്രത്തിനെ കണക്കാക്കാൻ കഴിയുകയുള്ളു.ലോകത്തിന്റെ ഇതരകോണുകളിൽ ഇത്തരം ഗോഷ്ടികൾ തരതമ്യേന കുറവായിരിക്കുമ്പോൾ,നമ്മുടെ നാട്ടിൽ തീർത്തും അജ്ഞരായ ചിലർ ഇരുണ്ടകാലഘട്ടങ്ങളിലേക്ക്‌ മനുഷ്യസംസ്കൃതിയെ തിരിച്ചുകൊണ്ടുപോകുന്നതിനുള്ള പാഴ്ശ്രമം നടത്തി തൃപ്തിയടയുന്നു.മാനം കാക്കാനുള്ള കൊലയും മതിലുകെട്ടി മനുഷ്യനെ വേർതിരിക്കുന്നതും പഞ്ചായത്ത്‌ പ്രസിഡന്റിന്റേയും രജിസ്ട്രേഷൻ ഐജിയുടേയും ഓഫീസുകളിൽ ചാണകം തളിക്കുന്നതും അതിരാത്രം നടത്തുന്നതും ഒരേലക്ഷ്യം മുൻ നിർത്തിയുള്ള വിവിധ പ്രവർത്തനങ്ങൾ മാത്രം.എന്നാൽ ഇനിയുമൊരു ദിഗ്ജയത്തിനു ബാല്യമില്ലെന്ന കാര്യം മാത്രം ഇക്കൂട്ടർ അറിയുന്നില്ല.
     പലതരത്തിലുള്ള യാഗങ്ങളിൽ ഒന്നു മാത്രമാണു അതിരാത്രം.ഋക്‌,യജുർവേദ ശ്ളോകങ്ങളാണു മന്ത്രങ്ങളെന്ന പേരിൽ യാഗങ്ങളിൽ ഉപയോഗിക്കുന്നത്‌.ഏതാണ്ട്‌ നാലായിരം വർഷങ്ങൾ മുൻപ്‌ ഇറാനിൽ നിന്നും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നിന്നും ഇൻഡ്യയിലേക്കു വന്നവരാണു വേദങ്ങളുടേയും അതുവഴി യാഗങ്ങളുടേയും സ്രഷ്ടാക്കൾ.(പ്രാചീന ഇറാനിയൻ വേദഗ്രന്ഥമായ സെന്റ്‌ അവെസ്തയും ഋഗ്വേദവും തമ്മിലുള്ള ബന്ധം സുവിദിതമാണു.)അന്നിവിടെ നിലനിന്നിരുന്ന സംസ്കൃതിക്കുമേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിൽ ഇക്കൂട്ടർ വിജയിക്കുകയും,ബ്രിട്ടീഷുകാർ ഇൻഡ്യയിലേക്കു വന്നപ്പോൾ സംഭവിച്ചതുപോലെതന്നെ,വന്നവർ മെച്ചപ്പെട്ടവരും നിന്നവർ അധമരുമായിത്തീരുകയും ചെയ്തു.ആയുധം കൊണ്ട്‌ അടിച്ചമർത്തിയതിനൊപ്പം യാഗങ്ങൾ പോലുള്ള വൈദികകർമങ്ങളും നിരന്തരം നടത്തിയാണു തങ്ങളുടെ അതിശ്രേഷ്ഠത്വം ഇവർ സ്ഥാപിച്ചെടുത്തത്‌.വേദങ്ങളിലുടനീളം പരാമർശിക്കപ്പെടുകയും യാഗഹവിസ്‌ സ്വീകരിച്ച്‌ അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന ഇന്ദ്രന്റെ പര്യായം തന്നെ പുരന്ദരൻ(ഭവന ഭേദനം ചെയ്യുന്നവൻ)എന്നാണു.നിലനിന്നിരുന്ന കാലഘട്ടത്തിലെ ഏറ്റവും മഹത്തായ ഒരു സംസ്കൃതിയെ കുതന്ത്രങ്ങളിലൂടെ ഉന്മൂലനം ചെയ്തകൂട്ടർ ക്കു അനുയോജ്യമായ വിളിപ്പേരു തന്നെ.
         ഈശ്വരപ്രീതിയും അതുവഴി സദ്ഫലങ്ങൾ ഉളവാക്കുകയുമാണു യാഗങ്ങളുടെ ലക്ഷ്യമെന്നു ഇവർ പറയുന്നു.എന്നാൽ ഈ യാഗങ്ങൾ ബ്രാഹ്മണർ ക്കും ക്ഷത്രിയർ ക്കും മാത്രമേ നടത്താൻ അവകാശമുള്ളു എന്നും ഇവർ തന്നെ പറയുന്നു.ക്ഷത്രിയർക്കു പോലും അതിരാത്രം നടത്താൻ അനുവാദമില്ല.അവർക്ക്‌ അതിരാത്രത്തിനു താഴെയുള്ള അഗ്നിഷ്ടോമം,അശ്വമേധം തുടങ്ങിയവയേ നടത്താൻ കഴിയൂ.അതായത്‌ സകല ചരാചരങ്ങൾ ക്കും ഉടയവനും ജഗന്നിയന്താവുമായി കരുതപ്പെടുന്ന സാക്ഷാൽ പരബ്രഹ്മത്തിനെ പ്രീതിപ്പെടുത്താൻ എല്ലാവർക്കും അവകാശമില്ല.അപ്പോൾ ഒന്നുകിൽ ഈശ്വരൻ മാന്യനല്ല എന്നു വരുന്നു.അല്ലെങ്കിൽ സുഖം വീതംവെയ്ക്കാൻ ഒരുകൂട്ടർ തയ്യാറല്ല.രണ്ടായാലും ഈശ്വരപ്രീതിക്കാണു യാഗം നടത്തുന്നത്‌ എന്നവാദം ഇവിടെ പൊളിയുന്നു.
    ഇനി അതി നിഗൂഢവും ഈശ്വരനെ കർമനിരതനാക്കുന്നതുമായ മന്ത്രങ്ങളിലേക്കു വരാം.അത്രമെച്ചമല്ലാതിരുന്ന മധ്യേഷ്യയുടേയും യൂറോപ്പിന്റേയും ഭാഗങ്ങളിൽനിന്നും വന്നവർ,ഇൻഡ്യൻ നദീതടങ്ങളിലെ സുലഭമായ പദാർത്ഥങ്ങൾ അനുഭവിച്ച്‌,തങ്ങളുടെ മുന്നിൽ കണ്ട പ്രകൃതിയേയും പ്രതിഭാസങ്ങളേയും കുറിച്ച്‌ പാടിയ കല്പനാശില്പങ്ങളാണു വേദമന്ത്രങ്ങളിലധികവും.അഗ്നിമീളേ പുരോഹിതം-യജ്ഞസ്യദേവ മൃത്യുജം-ഹോതാരം രത്നധാതമം-അറിവിന്റെ മുകുളാവസ്തയിലെ അകന്മഷഗീതകമായ ഒരു ഋഗ്വേദമന്ത്രമാണിത്‌.യജ്ഞത്തിന്റെ പുരോഹിതനും സൂത്രധാരനും ഐശ്വര്യദാതാവുമായ അഗ്നിദേവനെ ഞാൻ സ്തുതിക്കുന്നു എന്നു മാത്രമേ ഇതിനർത്ഥമുള്ളു.പ്രത്യക്ഷമായ പ്രകൃതി പ്രതിഭാസങ്ങൾ മാത്രമല്ല,നിസ്സാരമായ പദാർത്ഥങ്ങളും അവരുടെ പ്രാർത്ഥനാ പരിധിയിൽ പെട്ടിരുന്നു.യച്ചിദ്ധി ത്വം ഗൃഹേ ഗൃഹ:ഉലൂഖലക-യുജ്യസേ:ഇഹദ്യുമത്തമം വദ:ജയതാ മിവദുന്ദുഭി- അല്ലയോ ഉരലേ നീ എന്റെ വീട്ടിൽ വിജയകാഹളം മുഴക്കണം.ധനധാന്യങ്ങൾക്കു വേണ്ടിയുള്ള ഒരു ഋഗ്വേദ മന്ത്രമാണിത്‌.മഴപെയ്യാൻ തവളയോട്‌ പ്രാർത്ഥിക്കുന്നതും താഴെവീഴാതെ ആകാശത്തുനിൽക്കുന്ന സൂര്യനെക്കണ്ട്‌ അത്ഭുതപ്പെടുന്നതും മന്ത്രങ്ങളാണു.വിസ്താരഭയത്താൽ കൂടുതൽ മന്ത്രങ്ങൾ കുറിക്കുന്നില്ല.ഇതും ഇതുപോലുള്ളതുമായ വേദശ്ളോകങ്ങൾ മന്ത്രങ്ങളെന്നപേരിൽ ഉരുക്കഴിച്ച്‌,സോമരസവും പശുവിനെ ശ്വാസം മുട്ടിച്ച്‌ കൊന്നു അതിന്റെ മേദസും(വപ) ഹോമിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിചാരിക്കുന്നത്‌ ശുദ്ധമൗഢ്യമാണു.
             അതല്ല,യാഗങ്ങൾകൊണ്ട്‌ സർവ്വൈശ്വര്യങ്ങളും ലഭിക്കുമെന്നു തന്നെ കരുതുക.എങ്കിൽ എന്തുകൊണ്ടാണു ചരിത്രാതീത കാലം മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെ എണ്ണിയാലൊടുങ്ങാത്ത യാഗങ്ങൾക്കു ഹോമകുണ്ഠമൊരുക്കിയ ഭാരത മണ്ണു നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിൻ കീഴിലായത്‌.എന്തുകൊണ്ടാണു രോഗികളും മുഴുപ്പട്ടിണിക്കാരും പാർപ്പിടമില്ലാത്തവരും വേശ്യകളും കൂട്ടിക്കൊടുപ്പുകാരും പിച്ചക്കാരും എണ്ണത്തിൽ ഒട്ടും കുറവല്ലാതെ ഇപ്പോഴും ഇവിടെയുള്ളത്‌.ഇതൊന്നും ഐശ്വര്യത്തിന്റേയും ക്ഷേമത്തിന്റേയും സൂചകങ്ങളാണെന്നു വെളിവുള്ളവരാരും പറയില്ലല്ലോ. പോട്ടെ, വിലക്കയറ്റം,അഴിമതി,ഏതാനും പേരുടെ കൈകളിലേക്കുള്ള രാജ്യസമ്പത്തിന്റെ കേന്ദ്രീകരണം,പ്രകൃതിവിഭവങ്ങളുടെ കൊള്ളയടിക്കൽ ഇവക്കെതിരേ എന്തുകൊണ്ട്‌ ഒരു യാഗം നാളിതുവരെ നടത്തിയില്ല.ഉത്തരം സുവ്യക്തം.യാഗം നടത്തുന്നത്‌ നടത്തുന്നവരുടെ ക്ഷേമത്തിനു വേണ്ടിമാത്രമാണു.അവരുടെ അതി ശ്രേഷ്ടത്വവും സമ്പത്തും നിലനിർത്തുന്നതിനു വേണ്ടിയാണു.ചൂഷണത്തിന്റെ ഒട്ടും മറയ്ക്കാത്ത മുഖമാണിത്‌.ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ചവർ ഇത്തരം പ്രവർത്തികൾക്ക്‌ ഉത്സാഹിക്കുന്നത്‌ ജുഗുപ്സാവഹമാണു.
           എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ,സവിശേഷ സാഹചര്യങ്ങളുടെ കൃത്യമായ കൂടിച്ചേരൽ മൂലം ഉരുവംകൊണ്ട ജീവൻ,നിരന്തര യാത്രയിൽ കരുപ്പിടിപ്പിച്ച ഈടുവെയ്പ്പുകൾ,അവയുടെപോരായ്മകളോടുകൂടിത്തന്നെ,ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനും സ്വന്തമാണു.വേദങ്ങൾ,ഉപനിഷത്തുകൾ,ഇതിഹാസങ്ങൾ,പുരാണങ്ങൾ,വിശുദ്ധഗ്രന്ഥങ്ങൾ എല്ലാമെല്ലാം എന്റേതും നിങ്ങളുടേതുമാണു.ആഫ്രിക്കക്കാരന്റേയും അമേരിക്കക്കാരന്റേയുമാണു.പിറവിയെടുക്കാനുള്ള എണ്ണിയാലൊടുങ്ങാത്ത തലമുറകളുടേതുമാണു.മറ്റു ലിഖിത ചരിത്രരേഖകളുടെ അഭാവത്തിൽ,മനുഷ്യസംസ്കൃതിയുടെ ആരംഭ ദശകളിലെ ഇരുളിലേയ്ക്കിറ്റുവീഴുന്ന നിലാവെളിച്ചമാകുന്നതും ഇതേ ഈടുവെയ്പ്പുകൾ തന്നെ.ഇവയ്ക്കു ഗൂഢപരിവേഷം നൽകുന്നതും വളച്ചുകെട്ടി സ്വന്തമാക്കുന്നതും അതുവഴി അധികാര,ധനസമ്പാദനത്തിനുപയോഗിക്കുന്നതും മനുസ്മൃതി പോലുള്ള സ്ഖലിതങ്ങളുപയോഗിച്ച്‌ മനുഷ്യനെ കള്ളികളിലാക്കുന്നതും എതിർക്കപ്പെടുകതന്നെവേണം.
               മേഴത്തോൾ അഗ്നിഹോത്രി 99 യാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു. നൂറു തികയ്ക്കാതെ ഇന്ദ്രപ്പട്ടം വേണ്ടെന്നു വയ്ക്കുകയായിരുന്നു.കോരപ്പുഴയ്ക്കു വടക്കും ആലുവാപ്പുഴയ്ക്കു തെക്കും അതിരാത്രം പാടില്ലെന്നാണു വിധി.തിരുവിതാം കൂർ രാജാക്കന്മാർ ശുദ്ധക്ഷത്രിയരല്ലാത്തതിനാൽ അവര്ർക്കും അതിരാത്രം സാധ്യമല്ലെന്നു പറയപ്പെടുന്നു..1955 ൽ ചെറുമുക്കിലും 75ൽ പഞ്ഞാളിലും 84ൽ തിരുവനന്തപുരത്തും 90ൽ കുണ്ടൂരിലും 2011ൽ വീണ്ടും പഞ്ഞാളിലും,ഇപ്പോൾ കൊടകരയിലും യാഗങ്ങൾ നടത്തിയെങ്കിലും തിരുവനന്തപുരത്തു നടത്തിയത്‌ മാത്രം അഗ്നിഷ്ടോമം.ബാക്കിയെല്ലാം അതിരാത്രവും.മേല്പറഞ്ഞവയിൽ 1955 മുതലുള്ള എല്ലായാഗങ്ങളിലും വിദേശികളടക്കമുള്ള അനേകം പേർ പങ്കെടുത്തെങ്കിലും ഈ യാഗങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്‌  2011 ൽ മാത്രം.യാഗഭൂമിയിൽ വിതച്ച വിത്തുകൾ വളരെ വേഗം മുളച്ചുവത്രേ.ഇത്രയും അപഹാസ്യമായ ഒരു വെളിപ്പെടുത്തലിനു വേണ്ടിയാണോ ഇക്കണ്ട പുകിലൊക്കെ നടത്തിയത്‌. കഷ്ടം. പരുന്തു പറന്നതിലും മഴപെയ്തതിലും വിത്തുമുളച്ചതിലും ഒക്കെ സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്ർക്കു പോലും നിരീക്ഷിക്കാവുന്ന കാരണങ്ങളേ ഉള്ളു എന്നത്‌ യാഗ ധുരന്ധരന്മാർ സൗകര്യപൂർവം മറക്കുന്നു.അരണി കടഞ്ഞു തീയുണ്ടാക്കുന്ന അത്ഭുതവിദ്യ കാണാൻ 1990ൽ കുണ്ടൂരിലെത്തിയ ജനം തീയുണ്ടായത്‌ അറിഞ്ഞതേയില്ല.അതിനേക്കാൾ ആഹ്ളാദകരമായ പി ലീലയുടെ കച്ചേരി തൊട്ടടുത്തു തന്നെയുണ്ടായിരുന്നു.
    പ്രധാനമായും നാലു കാര്യങ്ങളാണു അതിരാത്രത്തിലുള്ളത്‌.ഒന്നാമതായി മന്ത്രം ചൊല്ലി ഇഷ്ടിക പടുത്ത്‌ വേദി ഒരുക്കുന്നു.പിന്നീട്‌ മന്ത്രം ചൊല്ലിക്കൊണ്ട്‌ തന്നെ സോമനീർ അഗ്നിയിൽ ഹോമിക്കുകയും കുടിക്കുകയും ചെയ്യുന്നു.ശേഷം പശുവിനെക്കൊന്ന്‌ വപ(മേദസ്സ്‌) ഹോമിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നു.അവസാനം വേദി ചുട്ടെരിക്കുന്നു.സോമപാനത്തിനു ഇന്ദ്രനെ ക്ഷണിക്കുന്നത്‌ വളരെ രസകരമായ കാര്യമാണു.പലപേരുകളിൽ വിളിച്ചാലും അഹല്യാജാരൻ എന്ന വിളി കേട്ടാലേ പുള്ളി യാഗത്തിനു വരാൻ തയ്യാറാകൂ.ഏറ്റവും അറപ്പുളവാക്കുന്ന പ്രവർത്തി അശ്വമേധ യാഗത്തിലെ യജമാന പത്നിയും ചത്തകുതിരയുമായുള്ള സന്നിവേശമാണു.ഇപ്രകാരമുള്ള അപഹാസ്യപ്രവർത്തിയിലൂടെ സദ്ഫലം ലഭ്യമാകുമെന്നു പരയുന്നവരുടെ ലക്ഷ്യം ഗൂഢമല്ല. പരസ്യമാണു.ഇത്‌ നന്നായി അറിയുന്നതുകൊണ്ടാണു ഒരു സംസ്കൃത കവി ഇങ്ങനെ പാടിയത്‌.

ദൈവാധീനം ജഗത്‌ സർവ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രോ ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം....

          അന്ധവിശ്വസങ്ങൾ പരത്തുകയും ബ്രാഹ്മണമേധാവിത്വം സ്ഥാപിക്കുകയും അപക്വചിന്തയ്ക്ക്‌ ആധികാരികതയുടെ ഭാവം നൽകുകയും കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ, ചൂഷണത്തിലധിഷ്ടിതമായ ഒരു സാമൂഹ്യവ്യവസ്തയ്ക്ക്‌ വഴിയൊരുക്കി എന്നത് പകൽ പോലെ വ്യക്തമാണു..വേദശ്ളോകങ്ങൾ മന്ത്രങ്ങളാകുന്ന അതിരാത്രത്തിന്റെ പുതിയകാലത്തിലെ അവതരണവും ചൂഷണവ്യവസ്ത അഭങ്കുരം തുടരാൻ ആഗ്രഹിക്കുന്നവരാൽ നടത്തപ്പെടുന്നതാണു.

                     -0-

ടി.യൂ.അശോകൻ



റഫറൻസ്:

സംസ്കൃത സാഹിത്യ ചരിത്രം-കെ. സി. പിള്ള- DCB
ആചാരാനുഷ്ഠാന കോശം-പ്രൊഫ.പി.സി.കർത്താ- DCB
വേദങ്ങൾ-സനൽ ഇടമറുക്-INDIAN ATHEIST PUBLISHERS
പുരാണിക് എൻസൈക്ളോപീഡിയ-വെട്ടം മാണി-GURUNATHAN PUBLISHERS
============================================================







Saturday, July 7, 2012

നിന്നെയും തേടി


ആയിരം സ്വപ്നങ്ങൾ
പൂവിട്ടുലഞ്ഞൊരെൻ
മാനസമിന്നു
വെറും മണല്കാടുതാൻ..

ശപ്തദു:ഖങ്ങൾ തൻ
വേനലിൻ ചൂടിലാ-
പുഷ്പങ്ങളൊക്കെയും
വാടിക്കരിഞ്ഞുപോയ്‌..

നഷ്ടസ്വർഗ്ഗങ്ങളെ
മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ
കാല്പാടു തേടവേ,

വ്യർത്ഥമോഹങ്ങൾ
മരീചികയായ്‌ മുന്നിൽ
നൃത്തം ചവിട്ടി-
പ്പിടിതരാ,തോടുന്നു..

കാതങ്ങ,ളൊത്തിരി
മുന്നിലുണ്ടിപ്പൊഴും
പാദം തളർ ന്നു ഞാൻ
വീഴുന്നതിൻ മുൻപ്,

ഇത്തിരി സ്നേഹനീ-
രേകാനൊരുമരു-
പ്പച്ചയാ,യെത്തുമോ
ഈ മരുഭൂവിൽ നീ.....!

    --0--

ടി .യൂ. അശോകൻ

==============================



RE-POSTING

Saturday, June 16, 2012

പ്രഭാങ്കനം


പണിയെടുക്കുന്നവർ പണ്ടു നാട്ടിയ
കൊടിമരത്തിലെ ചോരപ്പതാക തൻ
നിറമൊരിക്കലും മായാതെ കാക്കുവാൻ
ഉടനൊരഗ്നിയായ് പടരൂ സഖാക്കളേ....

കപടമാനവ സ്നേഹപ്രകീർത്തനം
കുടിലതൂലികത്തുമ്പാൽ പകർത്തുവാൻ
കവിതകീറിപ്പറത്തും നികൃഷ്ടത-
യ്ക്കരികി,ലാഗ്നേയവർഷമായ്പെയ്യുവിൻ...
വലതുസാമ്രാജ്യ തന്ത്രങ്ങളെപ്പൊഴും
ക്ഷുഭിതരായ് ചോദ്യശരമെയ്തു നേർ ക്കുവിൻ...
മനുജരക്തത്തിനിരു നിറം കല്പിച്ച
കഥകൾ തൻ നേർ ക്കു കാർക്കിച്ചു തുപ്പുവിൻ....

പരമശുഷ്കമാ,മൊരുന്യൂനപക്ഷത്തി-
നറയിലേക്കുള്ള സമ്പത്തൊഴുക്കതി-
ന്നെതിരെ നാം ലോകസമരത്തിനായ് പെരും-
പടനയിക്കാനൊരുങ്ങൂ സഖാക്കളേ...
പൊറുതിമുട്ടുന്ന ദുരിതപ്പരമ്പര-
യ്ക്കറുതിയാവും വരേയ്ക്കുനാം പൊരുതുവിൻ...
അണിയിതിൽ ചേർ ന്നുകെണിയൊരുക്കുന്നവർ-
ക്കണിയുവാൻ കൈവിലങ്ങുനാം തീർക്കുവിൻ....

നരബലിച്ചോര നക്കിക്കുടിക്കുന്ന
ചുടലദൈവം നമുക്കില്ല കൂട്ടരേ...
കൊലവിളിപ്പാട്ടി,ലുന്മത്തമാവുന്ന
ഹൃദയവും നമുക്കില്ലെൻ സഖാക്കളേ....
കറയെഴാത്തതാം കാരുണ്യധാരത-
ന്നുറവനമ്മിലാ,ണുള്ളതെന്നോർത്തുനാം
അഴലകറ്റുവാ,നൊറ്റപ്രതീക്ഷയാ-
യരുണചക്രവാളത്തിൽ തിളങ്ങുമാ-
രജത താരകം നോക്കിക്കുതിക്കുവിൻ.....

സമരസാഹസം നമ്മൾ ക്കു ജീവിതം
സമയബന്ധിതം സങ്കടാച്ഛാദിതം...
തിരിതെളിച്ചിടാൻ മറ്റാരുമില്ലാതെ
ഇരുളുമൂടിക്കിടക്കുമീ പാതയിൽ
നിറകതിർ ചൊരിഞ്ഞെത്തുന്ന സൂര്യനായ്
സ്വയമെരിഞ്ഞു നാം വെട്ടമായ് തീരുവിൻ.......

     ----0------

ടി  . യൂ . അശോകൻ


===================================================









Saturday, June 2, 2012

കോളേജ്‌ ഡേ


ഇരുളിൻ മറനീക്കി
കുളിരും ഡിസംബറിൽ
ഉദയം നാണിച്ചെത്തി
ബെഡ്ഡിൽ വന്നുരുമ്മുമ്പോൾ
തുണയായ്‌ പറ്റിച്ചേർന്ന്‌
ചൂടെനിക്കേകും തല-
യിണ ഞാൻ വലിച്ചെറി-
ഞ്ഞുണർന്നൂ,എട്ടേകാലായ്‌.

എട്ടിന്റെ മാസ്റ്റർ പോയാൽ
പത്തിന്റെ പ്രിയ കിട്ടും
എട്ടരയ്ക്കുള്ള ബസ്സിൽ
എസ്റ്റിയും കിട്ടില്ലത്രേ..

ഓടിച്ചെന്നുടൻ താടി
വടിക്കാൻ തുടങ്ങവേ
ഓർത്തു ഞാൻ ഞെട്ടിപ്പോയീ
ഇന്നല്ലോ കോളേജ്‌ ഡേ..

ജൂനിയർ വിദ്യാർത്ഥിയാ-
ണെങ്കിലു,മെന്നെക്കൂടാ-
തീവർഷമെൻ കോളേജി-
ലൊന്നുമുണ്ടായിട്ടില്ല.
സീനിയർ സ്റ്റുഡന്റ്സെന്നെ
കാണുമ്പോൾ വന്ദിച്ചീടും
ഞാനൊന്നു കടാക്ഷിക്കാൻ
ക്യൂ നിൽക്കും പെൺ കുട്ടികൾ..
ഇങ്ങനെയുള്ളോരെന്നെ-
ക്കൂടാതെ കോളേജ്‌ ഡേ
എങ്ങിനെ നടക്കുമെ-
ന്നോർത്തു ഞാൻ വിഷണ്ണനായ്..

കുളിയും തേവാരവും
ചടങ്ങെന്നപോൽ തീർത്ത്‌
വെളിയിലിറങ്ങുമ്പോൾ
മണി പത്തരയായി.
പ്രിയയും കടന്നുപോയ്‌,
വഴിയിൽ ഇളിഭ്യനായ്‌
മിഴിനട്ടു ഞാൻ നില്ക്കേ
നിദ്രയെ പ്രാകാൻ തോന്നി..
ബെഡ്ഡിലൊ,രിട്ട പോലെ
ചുരുണ്ടു കിടന്നപ്പോൾ
നിദ്രയാണത്രേ ജന്മ-
സാഫല്യ,മെന്നോർത്തു ഞാൻ.
ഇനി ഞാ,നെന്തോ ചെയ്‌ വൂ-
ദൈവമേ,ഫാൻസി ഡ്രസ്സിൽ-
മുനിയായ്‌ വേഷം കെട്ടാൻ
പേരും ഞാൻ കൊടുത്തല്ലോ..

ഈ വിധം മനസ്സിന്റെ
കടിഞ്ഞാ,ണയച്ചുവി-
ട്ടേകനായ്‌ വെയ്റ്റിങ്ങ്‌ ഷെഡ്ഡിൽ
നിന്നു ഞാൻ ചിന്തിക്കവേ,
ദൂരെനി,ന്നൊരു വണ്ടി
ഇരച്ചും കുരച്ചുമെൻ
ചാരെവ,ന്നെത്തീ,ചാടി-
ക്കേറി ഞാൻ ഫുട്ബോർഡിന്മേൽ..
മുന്നിലെക്കിളി ഡബിൾ-
ബെല്ലടിച്ചുടൻ തന്നെ
പിന്നിലെക്കിളി ഡബിൾ-
വിസിലും മുഴക്കവേ,
എന്നെയും കൊണ്ടാവണ്ടി
പിന്നേയും പുകതുപ്പി
മുന്നിലെ മലകേറാൻ
മടിച്ചു മടിച്ചോടി..

ഓടുന്ന വണ്ടിക്കൊപ്പം
ഓടുന്ന മേഘക്കെട്ടും
ദൂരെപ്പോയ് മറയുന്ന
തരുതൻ നിരകളും
അരഞ്ഞാണരുവിയാൽ
അരയിൽ ചാർത്തിക്കൊണ്ടു
പരന്നു കിടക്കുന്ന
വയലും,വരമ്പിന്മേൽ-
വരിയാ,യിരുന്നരി-
കൊറിച്ചിട്ടിളം കാറ്റിൽ
വയനാട്ടിലെക്കഥ
പാടുന്ന കിളികളും,
കണ്ണുകൾക്കൊരുൽസവ-
മേകവേ കോളേജിന്റെ
മുന്നിൽ വ,ന്നുടൻ വണ്ടി
നിന്നു ഞാൻ താഴെച്ചാടി..

ഓടുവാനൊരുങ്ങിയ
കാലുകൾ കല്ലിൽ തട്ടി
വേദനിച്ചതു മൂലം
നടന്നു നീങ്ങീടുമ്പോൾ
കുട്ടികൾ മോണിങ്ങ് സെഷൻ
പരിപാടിയും കഴി-
ഞെത്തിയെൻ മുന്നിൽ പൊട്ടി-
ച്ചിരിയാം കൂരമ്പുമായ്...

   ---0---

ടി. യൂ . അശോകൻ
=============================================

Re-Posting

Saturday, May 12, 2012

വീണ്ടും


വിടരാൻ മടിച്ചോരു
മുകുളം കണക്കെന്റെ
ഹൃദയപ്പൂന്തോപ്പിലെ
ചെടിയിൽ പിറന്ന നീ,

മലരായ്,മനസ്സിന്റെ
സുവർണാങ്കണമാകെ
മണമേകിടും ദിനം
കാത്തു ഞാൻ കഴിഞ്ഞതും,

കുളിരും കൊണ്ടീവഴി-
യൊഴുകിപ്പാട്ടും പാടി-
യകലും പുഴയുടെ-
യരുകിൽ തണലിൽ നിൻ

നറു പുഞ്ചിരി പ്രഭ
വിരിയും മുഖാംബുജം
തഴുകും മനസ്സുമായ്
തനിയേ,യിരുന്നതും,

ഒരുനാ,ളന്തിത്തിരി
കൊളുത്താൻ സർപ്പക്കാവി-
ന്നിരുളിൻ നടുവിലേ-
യ്ക്കടിവെച്ചണഞ്ഞ നിൻ

ചൊടിയിൽ നിന്നിത്തിരി
മധുരം പിന്നിൽ ക്കൂടി-
മുറുകെപ്പുണർ ന്നു ഞാൻ
നുകരാൻ മുതിർന്നതും,

എരിയും തിരി നാളം
നിൻ കരം വിറയാർന്നി-
ട്ടുതിരും ചിതല്പ്പുറ്റിൽ
വീണുടനണഞ്ഞപ്പോൾ,

നിറയും ഭയത്തിനാൽ
പാപമാ,ണെന്നോതിയെൻ
മാറിലെ ചൂടിൽ നിന്നും
വേർപെട്ടു മറഞ്ഞതും,

നീരവ നീലാകാശ-
ത്താഴെയീ പുഴയോര-
ത്തേറെ വർഷത്തിൻ ശേഷ-
മിന്നു ഞാൻ വന്നീടവേ,

കാലമാം ചിതൽ തിന്ന
മനസ്സിൻ വെള്ളിത്തിര-
മേലൊരു ചലച്ചിത്രം
പോലെവ,ന്നെത്തീ വീണ്ടും...

           --0--

ടി. യൂ. അശോകൻ


========================================================


Re-Posting

Monday, April 30, 2012

പകൽ കിനാവ്‌




ഏകനാ,യാകാശ-
വീഥിയിൽ പാറുന്ന
തൂവെള്ള മേഘവും
നോക്കി ഞാൻ നില്ക്കവേ,

വന്നവൾ മറ്റൊരു
വെള്ളിമേഘം കണ-
ക്കെന്റെ സങ്കല്പ നീ-
ലാകാശ വീഥിയിൽ...

നഷ്ടസ്വർഗ്ഗങ്ങളിൽ
മാത്രം വിരിയുന്ന
കൊച്ചു പുഷ്പങ്ങൾ
നിറഞ്ഞോരു വല്ലിയാൽ

കദനങ്ങൾ പൂക്കുന്ന
കനവിന്റെ തീരത്തി-
ലറിയാതെ,യവളെന്നെ
ബന്ധിച്ചു നിർത്തവേ,

വ്യർത്ഥമോഹങ്ങ-
ളെരിഞ്ഞ ചിത തന്നി-
ലണയാതെ മിന്നുന്ന
കനലിന്റെ വെട്ടത്തി-
ലൊരു മാത്ര വീണ്ടുമെൻ
സ്വർഗ്ഗങ്ങൾ തേടി ഞാൻ...

പേരറിയാത്തൊരു
ചൂടിനാ,ലെന്റെ മെ-
യ്യാകെ പ്പൊതിഞ്ഞ
വിയർപ്പിൻ കണങ്ങളും,

കേൾക്കാത്ത രാഗം
തുളുമ്പുന്ന തന്ത്രികൾ
മീട്ടാൻ കൊതിച്ചൊരെൻ
ചുണ്ടിൻ വിതുമ്പലും,

കോരിത്തരിപ്പുമാ-
യേറ്റുവാങ്ങാനവൾ
ചാരത്തു കാണു,മെ-
ന്നോർത്തു ഞാൻ നോക്കവേ,

ഇല്ലവ,ളെങ്ങോ-
മറഞ്ഞു പോയ്‌;തെല്ലിട-
യെന്നെ മോഹിപ്പിച്ചൊ-
രാവെള്ളി മേഘവും...........!

    -----0------

ടി. യൂ. അശോകൻ

==============================


Re-Posting

Friday, April 13, 2012

ബലികുടീരങ്ങളേ...



പഴയ സ്നേഹിതൻ പാതിരയ്ക്കെത്തി,യെൻ-
മുറിയിൽ  ഞാൻ വെച്ച മദ്യം രുചിക്കവേ
ഇരുളു കീറുന്ന വാളിന്റെ മൂർച്ചയിൽ
`ബലികുടീരങ്ങൾ` പാടുന്നു ഹൃദ്യമായ്‌..

അരികിൽനിന്നും പിരിഞ്ഞുപോരുമ്പൊൾ ഞാൻ-
പ്രിയതമയ്ക്കുറ,പ്പേകിയ വാക്കിനും
സമര തീഷ്ണമാം പോയകാലത്തിന്റെ
സ്മൃതിയുണർത്തിവ,ന്നെത്തുന്ന പാട്ടിനും
ഇടയിൽനിന്നും പറന്നുപോ,യെൻ മനം
പഴയ നീഡത്തിലെത്തുന്നു തല്ക്ഷണം..

ക്ഷുഭിത യൗവ്വനം സിരകളിൽ കൂട്ടിയ
വിറകു കൊള്ളിക്കു തീ പിടിപ്പിച്ചുകൊ-
ണ്ടകലെയെങ്ങോ വസന്തം വരുന്നതി-
ന്നിടിമുഴക്കങ്ങൾ കേട്ട കാലങ്ങളിൽ
ദുരിതകോടിതൻ മോചനപ്പാട്ടുമായ്‌
വളരെമുൻപേ പറന്ന  തീപ്പക്ഷികൾ
നിണമൊലിക്കുന്ന ചിറകുമായ്‌ രാവിലാ-
മടയിലാശ്രയം കാംക്ഷിച്ചു വന്നതും..

നരക കീർത്തനം സാധകം ചെയ്യുന്ന
രുധിര മൂർത്തികൾ വലയിൽ കുരുക്കിയാ-
കിളികുലത്തിന്റെ പെരുമന്റെ കണ്ണുകൾ
കുടില ഹോമത്തിനായ്‌ ചൂഴ്ന്നെടുത്തതും..

ഒടുവി,ലാസന്ന ഭീതിദക്കാഴ്ചതൻ
വ്യഥയിലൊരുസന്ധ്യ ചുരമിറങ്ങീടവേ
ഭരണശക്തിത,ന്നരുമകൾ നായ്ക്കളാ-
കിളിയിൽ ശേഷിച്ച ജീവൻ കവർന്നതും..
ബലികുടീരത്തി,നീരടിയ്‌,ക്കൊപ്പമാ-
യിരുളിലെന്നിലേയ്‌,ക്കെത്തുന്നു വിങ്ങലായ്‌..

നിശയി,ലാളും നിരാശപോൽ സ്നേഹിതൻ
സമരഗീതം പൊഴിക്കുന്നു പിന്നെയും..
അരികി,ലെന്നോപൊലിഞ്ഞ മോഹത്തിന്റെ
സ്മൃതിയിൽ നോവായിരിക്കുന്നു ഞാനും..

സ്മരണ, ബാധയായ്ത്തീരുന്ന രാവിന്റെ
ദുരിത യാമങ്ങൾ ശേഷിച്ചിരിക്കവേ
ജലമൊഴിക്കാത്ത ലഹരിയിൽ പാറി ഞാൻ
`ബലികുടീരങ്ങൾ` പാടുന്നു ഭ്രാന്തമായ്‌...!

              --(---

ടി.യൂ.അശോകൻ

Sunday, February 5, 2012

മുല്ലപ്പെരിയാർ..പരിഷത്തിന്റെ നിലപാടെന്ത്..?


   പൊതു വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ട്‌.അവയിൽ, വളരെ വ്യതിരിക്തമായ, ഉന്നതമായ ഒരു സ്ഥാനമാണു കേരള ജനത, ശാസ്ത്രസാഹിത്യ പരിഷത്തിനു നല്കിയിരിക്കുന്നത്‌.സൈലന്റ്‌ വാലി  വിഷയത്തിൽ പരിഷത്‌ സ്വീകരിച്ച നിലപാടും ആ നിലപാട്‌ വിജയപ്രാപ്തിയിലെത്തിക്കുന്നതിനായി നടത്തിയ കഠിന പ്രയത്നങ്ങളും സമാന രീതിയിലുള്ള മറ്റനേകം(ഡി പി ഈ പി ഒഴിച്ച്‌) പ്രവർത്തനങ്ങളുമാണു മേൽ സൂചിപ്പിച്ച സ്ഥാനം പരിഷത്തിനു നേടിക്കൊടുത്തത്‌.
   എന്നാൽ ഇക്കഴിഞ്ഞ ദിവസം പരിഷത്‌ നടത്തിയ വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ജാഥ, അനവസരത്തിൽ നടത്തിയതും ,ഫലത്തിൽ കേരളജനതയുടെ ശ്രദ്ധയും ശ്രമങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പൊതുവിഷയത്തിൽ നിന്നും വഴിതിരിച്ചു വിടാൻ ഉതകുന്നതുന്നതുമായിരുന്നു എന്നു പറഞ്ഞുകൊള്ളട്ടേ..
   മുല്ലപ്പെരിയാർ എന്ന  വിഷയത്തിൽ ലോകത്തെങ്ങുമുള്ള മലയാളികൾ ഉല്ക്കണ്ഠയുടേയും ഭീതിയുടേയും നിഴലിൽ നിൽക്കുന്ന ഈ അവസരത്തിൽ തന്നെ, ഇതുമായി ബന്ധപ്പെട്ട ഒരുവാക്കുപോലും ഉരിയാടാതെ ഒരു ജാഥ പരിഷത്ത്‌ നടത്തി എന്നത്‌  സങ്കല്പിക്കാനേ കഴിയുന്നില്ല.യാത്രയിൽ വിതരണം ചെയ്ത, എന്തുകൊണ്ട്‌ മറ്റൊരു കേരളം എന്ന ലഖു ലേഘയിൽ ഒരിടത്തുപോലും മുല്ലപ്പെരിയാർ പരാമർശിക്കപ്പെടുന്നില്ല.ധാരാളം പോസ്റ്ററുകൾ സ്വീകരണകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഒന്നില്പോലും മുല്ലപ്പെരിയാർ കാണാൻ കഴിഞ്ഞില്ല.ജാഥാ ലക്ഷ്യം ഇതൊന്നുമല്ലായിരുന്നു എന്നു പറയാം.അതു തന്നെയാണു ഈ കുറിപ്പിനാധാരവും.
   ഈ പശ്ചാത്തലത്തിൽ ചിലകാര്യങ്ങൾ പരിഷത്തിനോട്‌ ചോദിച്ചുപോകുന്നു....
   നൂറ്റിപ്പതിനാറു കൊല്ലത്തെ പഴക്കവും തുടർച്ചയായുണ്ടാകുന്ന ഭൂകമ്പവും അനേകസ്ഥലങ്ങളിലെ വിള്ളലുകളിലൂടെയുള്ള ചോർച്ചയും സുർക്കിക്കുവേണ്ടി ഡ്രില്ലു ചെയ്തിട്ടു കാറ്റുമാത്രം കിട്ടിയതും പഠനസംഘങ്ങളുടെ,വ്യർത്ഥ ദൗത്യടൂറിസവും ഒന്നും വിശദീകരിക്കുന്നില്ല. ഒന്നു ചോദിച്ചുകൊള്ളട്ടേ.....

മുല്ലപ്പെരിയാർ ഡാം ഇപ്പോഴും സുരക്ഷിതമാണെന്നു പരിഷത്ത്‌ വിശ്വസിക്കുന്നുണ്ടോ....
സുരക്ഷിതമല്ലെങ്കിൽ അവിടെ എന്തെങ്കിലും ഉടനടി ചെയ്യേണ്ടതുണ്ടോ....
ആ എന്തെങ്കിലും ഉടനടി ചെയ്യാതിരിക്കുന്ന അവസ്തയിൽ പരിഷത്തിനെന്തെങ്കിലും പരിപാടികളുണ്ടോ...
ജനനന്മ ലാക്കാക്കി ശാസ്ത്രത്തെ നേർവഴിക്ക് നടത്താൻ കച്ചകെട്ടിയിറങ്ങിയ പരിഷത്തിനു ശാസ്ത്രത്തിന്റെ തന്നെ മറ്റൊരു ദുരന്തമാകാൻ പോകുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും പറയാനില്ലേ..അതോ അൻപതു ലക്ഷം ജനങ്ങൾ ഒഴുകിയൊടുങ്ങിയ മറ്റൊരു കേരളം വേണമെന്നാണോ പരിഷത് ആഗ്രഹിക്കുന്നത്....
ചുരുക്കിപ്പറയാം.. എന്താണു മുല്ലപ്പെരിയാർ വിഷയത്തിൽ പരിഷത്തിന്റെ നിലപാട്‌.....
കേരള സാമൂഹ്യാവസ്തയിൽ ആഗോളവല്ക്കരണാനന്തരം ഉണ്ടായിട്ടുള്ള ഒട്ടും ഗുണകരമല്ലാത്ത പ്രവണതകൾ മാറണമെന്നും “വേണം മറ്റൊരു കേരള”മെന്നും നന്നായറിയാം. പക്ഷേ...ചുമരുണ്ടായിട്ടു വേണ്ടേ സാർ, ചിത്രമെഴുതാൻ.....
ശത്രു സൈന്യം ഇരച്ചുകയറുമ്പോൾതന്നെ വേണോ മുഖ്യസൈന്യാധിപന്റെ ഗിരിപ്രഭാഷണം......ഈ പണിതന്നെയല്ലേ വേറൊരു തലത്തിൽ/തരത്തിൽ അണ്ണാഹസാരെയും മറ്റുപലരും ചെയ്തുകൊണ്ടിരിക്കുന്നതും ...സ്തിരമായി ജനതയ്ക്കു ചവക്കാൻ ഇങ്ങനെ ച്യൂയിംഗം ഇട്ടുകൊടുക്കാതെ  ഒരിക്കലെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുക്കുക...

        --0--

ടി.യു.അശോകൻ

Saturday, January 28, 2012

ഉഷയോട്‌......


ഒരുനാളുഷേനിന,ക്കേകുവാനൊരു ചെറു-
ചിരിയും കരുതിനിൻ ചാരെ ഞാ,നണഞ്ഞപ്പോൾ
നീൾമിഴിയടച്ചുടൻ കൈകളിൽ മുഖം താഴ്ത്തി
നീതല കുനിച്ചിരു,ന്നാകെ ഞാനപ്സെറ്റായി.

വേദനതളംകെട്ടും വദനം കുനിച്ചുമൽ-
പാദങ്ങൾ പുറകോട്ടു ചലിപ്പിച്ചകലുമ്പോൾ
നീശിരസ്സുയർത്തിയെൻ കൺകളിൽനോക്കിപ്പൊട്ടി-
ച്ചിരിച്ചൂ;കളിയാക്കി ചിരിച്ചൂ നിൻ കൂട്ടുകാർ.

നീറുമെൻഹൃത്തിൽ നൂറുകാരമുള്ളുകൾ കുത്തി-
ക്കേറിയോരനുഭവ,മാനേരമെനിക്കുണ്ടായ്‌.
തറയിൽ ചവിട്ടി ഞാൻ നില്ക്കുമീ ധരയൊരു-
തിരവ,ന്നൊടുങ്ങിപ്പോ,യെങ്കിലെന്നാശിച്ചു ഞാൻ.
ഇരുളീമണ്ണിൻ മേലേ ഇളകാപ്പുതപ്പായി
ഉടനേ പൊതിഞ്ഞിടാ,നതിയായ്‌ കൊതിച്ചു ഞാൻ.

ചിരിയിലൊളിപ്പിച്ചു വെച്ചതാം കൂരമ്പുകൾ
പുതുകാമുകൻ നെഞ്ചി,ലെയ്തുനീ രസിക്കവേ
ഇലകൊ,ണ്ടജത്തിനെ അലയാൻ കൊതിപ്പിക്കും
തവ വർഗ്ഗത്തിൻ ജന്മ,പ്പൊരുളന്നറിഞ്ഞു ഞാൻ.

ചുടലക്കളത്തിലേ,യ്ക്കൊടുവിൽ ചെന്നെത്തീടും
നരജീവിതത്തിന്റെ ദുരിതപ്പെരും വഴി.....
മൃഗതൃഷ്ണപോൽ പെണ്ണിൻപ്രണയം മുന്നില്കാൺകേ
കുതിരക്കുതിപ്പുമായ്‌ പുരുഷപ്രയാണവും.....
അണയുംതോറും ദൂരേയ്ക്കകലും മരീചിക-
മറയും പാവം തളർന്നടിയും കഥാന്ത്യത്തിൽ.

അണുവിൽതുടങ്ങി ഞാൻ പുഴുവായ്‌ വന്നൂജനി-
മൃതികൾക്കൊടുവിലീ നരനായ്‌ പിറന്നുപോയ്‌.
മടിയായ്‌ ജീവിക്കുവാൻ;നവവേഷത്തിൽ വീണ്ടും-
വരുമെന്നാകിൽ ഒരു മരമായ്‌ ജനിക്കേണം.

നീരദം നീങ്ങുംദൂര,നീരവസ്ഥലികളിൽ
താരകൾ നൃത്തംവെയ്ക്കും ചാരുവാമിടങ്ങളിൽ
ആരെയുമോരാതങ്ങു നോക്കിനില്ക്കുവാൻ മര-
മാകുവാൻ കഴിയുന്നതേറെ ഞാൻ കൊതിക്കുന്നു.

ഏഴിനം കുതിരയെപൂട്ടിയ തേരിൽ ദിനം-
തോറുമീവിഹായസ്സിൽ വന്നുപോ,മാദിത്യന്റെ
ചൂടിനെസ്സഹിച്ചുകൊ,ണ്ടീമഹാ പ്രപഞ്ചത്തിൽ
ജീവനെ വിതയ്ക്കുവാൻ ജീവിതം തളിർ ക്കുവാൻ
ഇലയാൽ കുടനീർത്തി തണലേകിടുംസുഖം
വരമായ്‌ലഭിക്കുവാൻ മരമായ്‌ ജനിക്കേണം...
അതിനായ്‌ തപംചെയ്യും നേരമെൻ,മുന്നിൽ മതി-
മുഖിനീ വീണ്ടും രതിനടനം ചെയ്തീടല്ലേ.....

               --0--
ടി.  യൂ.  അശോകൻ

Saturday, January 21, 2012

ഉഷയോട്‌......


ഒരുനാളുഷേനിന,ക്കേകുവാനൊരു ചെറു-
ചിരിയും കരുതിനിൻ ചാരെ ഞാ,നണഞ്ഞപ്പോൾ
നീൾമിഴിയടച്ചുടൻ കൈകളിൽ മുഖം താഴ്ത്തി
നീതല കുനിച്ചിരു,ന്നാകെ ഞാനപ്സെറ്റായി.

വേദനതളംകെട്ടും വദനം കുനിച്ചു മൽ-
പാദങ്ങൾ പുറകോട്ടു ചലിപ്പിച്ചകലുമ്പോൾ
നീശിരസ്സുയർത്തിയെൻ കൺകളിൽനോക്കിപ്പൊട്ടി-
ച്ചിരിച്ചൂ;കളിയാക്കി ചിരിച്ചൂ നിൻ കൂട്ടുകാർ.

നീറുമെൻഹൃത്തിൽ നൂറുകാരമുള്ളുകൾ കുത്തി-
ക്കേറിയോരനുഭവ,മാനേരമെനിക്കുണ്ടായ്.
തറയിൽ ചവിട്ടി ഞാൻ നില്ക്കുമീ ധരയൊരു-
തിരവ,ന്നൊടുങ്ങിപ്പോ,യെങ്കിലെന്നാശിച്ചു ഞാൻ.
ഇരുളീമണ്ണിൻ മേലേ ഇളകാപ്പുതപ്പായി
ഉടനേ പൊതിഞ്ഞിടാ,നതിയായ് കൊതിച്ചു ഞാൻ.

ചിരിയിലൊളിപ്പിച്ചു വെച്ചതാം കൂരമ്പുകൾ
പുതുകാമുകൻ നെഞ്ചി,ലെയ്തുനീ രസിക്കവേ
ഇലകൊ,ണ്ടജത്തിനെ അലയാൻ കൊതിപ്പിക്കും
തവ വർഗ്ഗത്തിൻ ജന്മ,പ്പൊരുളന്നറിഞ്ഞു ഞാൻ.

ചുടലക്കളത്തിലേ,യ്ക്കൊടുവിൽ ചെന്നെത്തീടും
നരജീവിതത്തിന്റെ ദുരിതപ്പെരും വഴി.....
മൃഗതൃഷ്ണപോൽ പെണ്ണിൻപ്രണയം മുന്നില്കാൺകേ
കുതിരക്കുതിപ്പുമായ് പുരുഷപ്രയാണവും.....
അണയുംതോറും ദൂരേയ്ക്കകലും മരീചിക-
മറയും പാവം തളർന്നടിയും കഥാന്ത്യത്തിൽ.

അണുവിൽതുടങ്ങി ഞാൻ പുഴുവായ് വന്നൂജനി-
മൃതികൾക്കൊടുവിലീ നരനായ് പിറന്നുപോയ്.
മടിയായ് ജീവിക്കുവാൻ;നവവേഷത്തിൽ വീണ്ടും-
വരുമെന്നാകിൽ ഒരു മരമായ് ജനിക്കേണം.

നീരദം നീങ്ങുംദൂര,നീരവസ്ഥലികളിൽ
താരകൾ നൃത്തംവെയ്ക്കും ചാരുവാമിടങ്ങളിൽ
ആരെയുമോരാതങ്ങു നോക്കിനില്ക്കുവാൻ മര-
മാകുവാൻ കഴിയുന്നതേറെ ഞാൻ കൊതിക്കുന്നു.

ഏഴിനം കുതിരയെപൂട്ടിയ തേരിൽ ദിനം-
തോറുമീവിഹായസ്സിൽ വന്നുപോ,മാദിത്യന്റെ
ചൂടിനെസ്സഹിച്ചുകൊ,ണ്ടീമഹാ പ്രപഞ്ചത്തിൽ
ജീവനെ വിതയ്ക്കുവാൻ ജീവിതം തളിർ ക്കുവാൻ
ഇലയാൽ കുടനീർത്തി തണലേകിടുംസുഖം
വരമായ്‌ലഭിക്കുവാൻ മരമായ് ജനിക്കേണം...
അതിനായ് തപംചെയ്യും നേരമെൻ,മുന്നിൽ മതി-
മുഖിനീ വീണ്ടും രതിനടനം ചെയ്തീടല്ലേ.....

               --0--
ടി.  യൂ.  അശോകൻ