Sunday, February 5, 2012

മുല്ലപ്പെരിയാർ..പരിഷത്തിന്റെ നിലപാടെന്ത്..?


   പൊതു വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ട്‌.അവയിൽ, വളരെ വ്യതിരിക്തമായ, ഉന്നതമായ ഒരു സ്ഥാനമാണു കേരള ജനത, ശാസ്ത്രസാഹിത്യ പരിഷത്തിനു നല്കിയിരിക്കുന്നത്‌.സൈലന്റ്‌ വാലി  വിഷയത്തിൽ പരിഷത്‌ സ്വീകരിച്ച നിലപാടും ആ നിലപാട്‌ വിജയപ്രാപ്തിയിലെത്തിക്കുന്നതിനായി നടത്തിയ കഠിന പ്രയത്നങ്ങളും സമാന രീതിയിലുള്ള മറ്റനേകം(ഡി പി ഈ പി ഒഴിച്ച്‌) പ്രവർത്തനങ്ങളുമാണു മേൽ സൂചിപ്പിച്ച സ്ഥാനം പരിഷത്തിനു നേടിക്കൊടുത്തത്‌.
   എന്നാൽ ഇക്കഴിഞ്ഞ ദിവസം പരിഷത്‌ നടത്തിയ വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ജാഥ, അനവസരത്തിൽ നടത്തിയതും ,ഫലത്തിൽ കേരളജനതയുടെ ശ്രദ്ധയും ശ്രമങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പൊതുവിഷയത്തിൽ നിന്നും വഴിതിരിച്ചു വിടാൻ ഉതകുന്നതുന്നതുമായിരുന്നു എന്നു പറഞ്ഞുകൊള്ളട്ടേ..
   മുല്ലപ്പെരിയാർ എന്ന  വിഷയത്തിൽ ലോകത്തെങ്ങുമുള്ള മലയാളികൾ ഉല്ക്കണ്ഠയുടേയും ഭീതിയുടേയും നിഴലിൽ നിൽക്കുന്ന ഈ അവസരത്തിൽ തന്നെ, ഇതുമായി ബന്ധപ്പെട്ട ഒരുവാക്കുപോലും ഉരിയാടാതെ ഒരു ജാഥ പരിഷത്ത്‌ നടത്തി എന്നത്‌  സങ്കല്പിക്കാനേ കഴിയുന്നില്ല.യാത്രയിൽ വിതരണം ചെയ്ത, എന്തുകൊണ്ട്‌ മറ്റൊരു കേരളം എന്ന ലഖു ലേഘയിൽ ഒരിടത്തുപോലും മുല്ലപ്പെരിയാർ പരാമർശിക്കപ്പെടുന്നില്ല.ധാരാളം പോസ്റ്ററുകൾ സ്വീകരണകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഒന്നില്പോലും മുല്ലപ്പെരിയാർ കാണാൻ കഴിഞ്ഞില്ല.ജാഥാ ലക്ഷ്യം ഇതൊന്നുമല്ലായിരുന്നു എന്നു പറയാം.അതു തന്നെയാണു ഈ കുറിപ്പിനാധാരവും.
   ഈ പശ്ചാത്തലത്തിൽ ചിലകാര്യങ്ങൾ പരിഷത്തിനോട്‌ ചോദിച്ചുപോകുന്നു....
   നൂറ്റിപ്പതിനാറു കൊല്ലത്തെ പഴക്കവും തുടർച്ചയായുണ്ടാകുന്ന ഭൂകമ്പവും അനേകസ്ഥലങ്ങളിലെ വിള്ളലുകളിലൂടെയുള്ള ചോർച്ചയും സുർക്കിക്കുവേണ്ടി ഡ്രില്ലു ചെയ്തിട്ടു കാറ്റുമാത്രം കിട്ടിയതും പഠനസംഘങ്ങളുടെ,വ്യർത്ഥ ദൗത്യടൂറിസവും ഒന്നും വിശദീകരിക്കുന്നില്ല. ഒന്നു ചോദിച്ചുകൊള്ളട്ടേ.....

മുല്ലപ്പെരിയാർ ഡാം ഇപ്പോഴും സുരക്ഷിതമാണെന്നു പരിഷത്ത്‌ വിശ്വസിക്കുന്നുണ്ടോ....
സുരക്ഷിതമല്ലെങ്കിൽ അവിടെ എന്തെങ്കിലും ഉടനടി ചെയ്യേണ്ടതുണ്ടോ....
ആ എന്തെങ്കിലും ഉടനടി ചെയ്യാതിരിക്കുന്ന അവസ്തയിൽ പരിഷത്തിനെന്തെങ്കിലും പരിപാടികളുണ്ടോ...
ജനനന്മ ലാക്കാക്കി ശാസ്ത്രത്തെ നേർവഴിക്ക് നടത്താൻ കച്ചകെട്ടിയിറങ്ങിയ പരിഷത്തിനു ശാസ്ത്രത്തിന്റെ തന്നെ മറ്റൊരു ദുരന്തമാകാൻ പോകുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും പറയാനില്ലേ..അതോ അൻപതു ലക്ഷം ജനങ്ങൾ ഒഴുകിയൊടുങ്ങിയ മറ്റൊരു കേരളം വേണമെന്നാണോ പരിഷത് ആഗ്രഹിക്കുന്നത്....
ചുരുക്കിപ്പറയാം.. എന്താണു മുല്ലപ്പെരിയാർ വിഷയത്തിൽ പരിഷത്തിന്റെ നിലപാട്‌.....
കേരള സാമൂഹ്യാവസ്തയിൽ ആഗോളവല്ക്കരണാനന്തരം ഉണ്ടായിട്ടുള്ള ഒട്ടും ഗുണകരമല്ലാത്ത പ്രവണതകൾ മാറണമെന്നും “വേണം മറ്റൊരു കേരള”മെന്നും നന്നായറിയാം. പക്ഷേ...ചുമരുണ്ടായിട്ടു വേണ്ടേ സാർ, ചിത്രമെഴുതാൻ.....
ശത്രു സൈന്യം ഇരച്ചുകയറുമ്പോൾതന്നെ വേണോ മുഖ്യസൈന്യാധിപന്റെ ഗിരിപ്രഭാഷണം......ഈ പണിതന്നെയല്ലേ വേറൊരു തലത്തിൽ/തരത്തിൽ അണ്ണാഹസാരെയും മറ്റുപലരും ചെയ്തുകൊണ്ടിരിക്കുന്നതും ...സ്തിരമായി ജനതയ്ക്കു ചവക്കാൻ ഇങ്ങനെ ച്യൂയിംഗം ഇട്ടുകൊടുക്കാതെ  ഒരിക്കലെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുക്കുക...

        --0--

ടി.യു.അശോകൻ