Friday, December 27, 2013

ചൂടാറാത്ത പെട്ടി ! പുകയില്ലാത്ത അടുപ്പ്‌ ! വീട്ടുമുറ്റത്ത്‌ വിമാനത്താവളം..!!


         ബലവാനായ എനിക്ക്‌ ഇപ്പോഴുള്ള ഇടം പോരാ. ദുർബ്ബലനായ നിന്റെ ഇടം എനിക്കു തരിക. അല്ലെങ്കിൽ ഞാൻ അതെടുക്കും....!വികസന കോൺഗ്രസ്സ്‌ എന്ന പോസ്റ്റർ കണ്ടപ്പോൾ  ഇങ്ങനെ കുറിക്കാനാണു തോന്നിയത്‌. ആഗോളവൽക്കരണാനന്തരമുള്ള എല്ലാ വികസനങ്ങളേയും വിശദീകരിക്കാൻ ഈ  വാചകങ്ങൾ മാത്രം മതിയാകും. അല്ലെങ്കിൽ, സർവ്വേകളും പഠനങ്ങളും നിരന്തരം നടത്തുന്നവർ, വികസനം വഴിയാധാരമാക്കിയ പുറമ്പോക്കിൽ നിന്നുപോലും പറിച്ചെറിയപ്പെട്ട  ഗതികിട്ടാപ്രേതം കണക്കലയുന്ന മനുഷ്യ ജന്മങ്ങളേക്കുറിച്ച്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ ഒരു പഠനം നടത്തി നോക്കൂ...
          എന്തുകൊണ്ടെന്തുകൊണ്ടെന്ന്‌ ആരോട്‌ ചോദിക്കണമെന്നറിയാതെ എന്തൊക്കെയാണിനി വരാൻ പോകുന്നതെന്നറിയാതെ കോരനും  അമ്മയും കുഞ്ഞിച്ചിരുതയും കൂരകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുമ്പോൾ അവരുടെ തലക്കു മുകളിലെ ആകാശത്തിലൂടെ പറക്കാൻ വാർഡു തോറും വിമാനത്താവളം !!

ഇതാണു ശരിക്കുള്ള വികസനം ....!!!

ബലേ ഭേഷ്....!

ആനന്ദമാർഗ്ഗം തെളിഞ്ഞേ കിടക്കുമ്പൊ-
ളാരാന്റെ ദു:ഖം നമുക്കിന്നു സ്വർഗ്ഗം..
ആളുന്ന തീയിൽ പിടക്കുന്നവർക്കു മേ-
ലാകാശ  മാർഗ്ഗേ ഗമിക്കാൻ തിടുക്കം...

             --(---

ടി യൂ അശോകൻ

Saturday, December 14, 2013

അരാഷ്ട്രീയക്കാരേ...സഹനത്തിനു പരിധിയുണ്ട്...!

പശു സമാന ജീവിതം
പര സഹായ ജല്പനം
പതിതനൊ,ന്നുണർന്നെണീറ്റു
പറയടിച്ചു പാടിയാൽ
ഗഗനമി,ങ്ങിടിഞ്ഞുവീണ-
പോലെയുള്ള ഭർത്സനം....

വികലതേ വിരുദ്ധതേ
വിദേശ ഭരണ കാംക്ഷയാൽ-
വിലയെഴാത്ത വാക്കുകൊണ്ട്‌
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്ര വാദ-
മുരുവിടും നൃശംസതേ..

സമര സജ്ജരായ പൂർവ്വ-
ജനത വാർത്ത ചോരയാൽ
പണിത ഭാരതത്തി,ലോർമ്മ-
ചിതയിടും കൃതഘ്നതേ..

മരണമന്നു കണ്ട സമര-
ഭടജനത്തെ,യോർക്കുവിൻ...
മനുജ ജന്മമാണു നിങ്ങ-
ളെങ്കിലൊന്നു നേർക്കുവിൻ...

അഴലു തിന്നു പകലു മേഞ്ഞ
ജനത നഗ്നരാകിലും
തെരുവിടങ്ങളിൽ മെനഞ്ഞ-
കുടിലി,ലന്തി പൂകിലും
ദുരിത കോടികൾക്കു നിങ്ങ-
ളറവുശാല തീർത്തിടും..
സകല ഭൂതലങ്ങളേറി
വിജന മേട തീർത്തിടും..

ചേറിൽ നിന്നുറഞ്ഞ ധാന്യ-
മേറെയും ഭുജിപ്പവർ..
ചേറു പറ്റിടാതെ നിത്യ-
ജീവിതം സുഖിപ്പവർ...

ചേതമെന്നുറച്ചു പാട-
ശേഖരം തുലച്ചവർ..
സുഖദ സ്വത്വമാർന്ന, രക്ത-
രുചിയറിഞ്ഞ ചൂഷകർ...

വേല ചെയ്തിടാത്തവർ..
വേലു സ്വന്തമായവർ..
വേ,രറിഞ്ഞിടാതെ ചന്ത-
മേറെയെ,ന്നുറച്ചവർ....

വല്ലവന്റെ വേർപ്പിലു-
ണ്ടുരുണ്ടു കീടമായവർ...
വർണ്ണ ഭാവ,മൊന്നുകൊ-
ണ്ടകർമ,മാർന്നിരിപ്പവർ..

കൊടി പിടിച്ച ഞങ്ങൾ തൻ
മുറവിളിക്കു പകരമായ്‌
കൊലവിളിച്ചിടുന്നവർ...
കുല,മൊടുക്കിടുന്നവർ..

സ്മൃതിയി,ലെങ്ങുമേ ചരിത്ര-
മൊഴുകിടാത്ത വർഗ്ഗമേ..
മതമെടുത്ത വാളിനൊപ്പ-
മലറിടും അധർമ്മമേ...

വിപ്ളവ പ്രതീകഷകൾക്കു
വിഘ്നമായ വിത്തമേ..
വിശ്വ ദുരിതമൊക്കെയും
വിതച്ചിടും വിനാശമേ..

വികലതേ വിരുദ്ധതേ
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്രവാദ-
മുരുവിടും നൃശംസതേ..

മറുപടിക്കു വാക്കു കിട്ടു-
മെങ്കിലൊന്നു നേർക്കുവിൻ..
അതിനൊരുക്കമല്ല,യെങ്കി-
ലുടനെ വാൽ ചുരുട്ടുവിൻ...

പതിതർ മോചനത്തി,നെന്നു-
മരിയ മന്ത്ര,മോതിടും..!
ശ്രുതി പിഴയ്ക്കി,ലെന്ത്‌; ലക്ഷ്യ-
മൊരുദിനം വരിച്ചിടും...!!
           --(---

അശോകൻ  ടി  ഉണ്ണി
---------------------------------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
-----------------------------------------------------------------

Sunday, November 24, 2013

അരാഷ്ട്രീയ നിരക്ഷരന്മാർ

ഇവിടത്തെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ  വീണ്ടും മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിരക്ഷരന്മാർ  വാഴ്ച തുടങ്ങിയിട്ടു  കാലമേറെയായി.     പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര - ?) രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും. ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ, വിദേശ ഭരണവർഗ്ഗം ആഗ്രഹിക്കുന്നകാര്യം മുന്നിൽ നിന്നു നടപ്പിലാക്കാൻ യത്നിക്കുന്ന ഇന്നാട്ടിലെ ഈ പശു സമാനരെയോർത്ത്‌   ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യസമരപ്പോരാളികൾ വിലപിക്കുകയായിരിക്കും -  മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും . അവരാരും അരാഷ്ട്രീയക്കാരും ഇവർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ സമരം ചെയ്തവരുമായിരുന്നില്ലല്ലോ...
   തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും ഇവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ ഇക്കൂട്ടർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും കോൺഗ്രസ്സിനു കീ ജേ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരേക്കാൾ വലിയ കോൺഗ്രസ്സാകാനും പഴയ അരാഷ്ട്രീയവാദികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ. എന്നാൽ മുല്ലപ്പെരിയാർപ്രളയത്തിൽ, ഒലിച്ചുപോകുമെന്ന ഭീതി പരന്നപ്പോൾ ഇവരും സമരങ്ങളുടെ മെഴുകുതിരിവെളിച്ചത്തിലും ചൂടിലും  അന്യന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട്‌ തെരുവുകളിൽ ഉണ്ടായിരുന്നു. സ്വരക്ഷയ്ക്കായി ഫ്ളാറ്റിന്റെ പത്താം നിലയിൽ ഫൈബർബോട്ട്‌ ഒരുക്കിവെയ്ക്കാനും ഇവർ മറന്നിരുന്നില്ല.
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയതിന്റെ വക്താക്കളാകാൻ ഇന്നത്തെ അരാഷ്ട്രീയ യുവത്വം തയ്യാറാവുകയാണു വേണ്ടത്‌.. അല്ലാതെ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാവുകയല്ല വേണ്ടത്‌. പക്ഷേ സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.ഇവർ ആജ്ഞാപിച്ചതു പോലെ വീട്ടിനകത്തിരുന്ന്‌ ആരെയും ഉപദ്രവിക്കാതെ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
         നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. ഇൻകംടാക്സ്‌ കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു. ഒപ്പം രാഷ്ട്രീയവും.          
             അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന ഹർത്താൽ രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, ഒരു സീറ്റുപോലും കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ കോൺഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോൾ പ്രബുദ്ധനായ മലയാളി 20 ൽ20 സിറ്റും കൊൺഗ്രസ്സിനു നല്കി തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കി. ഭയത്തിന്റെ പുറംതോടിലേയ്ക്ക്സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയവർ പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ ഇന്ദിരാ ഗാന്ധി പോലും തൊറ്റു തുന്നം പാടുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 66 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....

                                      --(---
ടീ യൂ അശോകൻ

Wednesday, October 2, 2013

ആനന്ദ മാർഗ്ഗം

അല്പം ചടച്ചുള്ള
നിൻ, ദേഹമോർത്തെന്റെ
ചിത്തം തുടിക്കുന്നനേരം
സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽ തുറന്നു വ-
ന്നെത്താൻ നിനക്കില്ല ഭാവം..

ശില്പം കണക്കാണു
രൂപം;തവാ,നന്ദ-
നൃത്തം കൊതിച്ചാണു വാസം..
നിത്യം കടാക്ഷം
ലഭിയ്ക്കാൻ തപംചെയ്ത-
വർഷം പൊലിഞ്ഞെന്നു മാത്രം..

നാരിക്കു വേണം
നരൻ; നമ്മ,ളന്ത്യത്തി-
ലാറി,ത്തണുത്തങ്ങു പോകും..
ഏറെക്കഴിഞ്ഞാൽ
ലഭിക്കാത്ത ഭോജ്യങ്ങ-
ളാശിക്കിലിന്നേ കിടയ്ക്കും...

ആനന്ദ മാർഗ്ഗം
തെളിഞ്ഞി,ങ്ങിരിക്കുമ്പൊ-
ളാതങ്ക,മെന്തിന്നു ദേവീ..
മാരന്റെ വേഷത്തി-
ലിന്നു ഞാൻ വന്നങ്ങു-
ചേരാൻ ക്ഷണിക്കു നീ റാണീ...

           --(---

ടി യൂ അശോകൻ
----------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
--------------------------------------------------------------

Saturday, September 7, 2013

നാണംകെടുന്നു ഞാൻ നാരി മൂലം...

------------------------
ഓണം വരുന്നല്ലോ പത്മനാഭാ
നാണം മറയ്ക്കുവാ,നെന്തു ചെയ്യും..
കാണം കൊടുത്തു കൈക്കൊണ്ട മാനം
വീണുപോയ്‌; നേടുവാ,നില്ലുപായം...

നാരീമണിയവൾ വന്ന നാളിൽ
നാടേ നശിക്കുമെ,ന്നോർത്തതില്ല..
ചേലാർന്ന രൂപത്തി,ലന്നു `പാപം`
സോളാറുമായ്‌ നിന്നു കൊഞ്ചിയപ്പോൾ
ആരോമലാളെ,ന്നുറച്ചുപോയി...
ആരോപണങ്ങൾ മറന്നുപോയി...
ആരാകിലും ചെയ്തിടുന്ന കാര്യം
ഞാനെന്ന മർത്യനും ചെയ്തുപോയി...

അഞ്ചാമതും മന്ത്രി വേണമെന്നാ-
പഞ്ചാരക്കുട്ടി മൊഴിഞ്ഞ കാലം..
നാരായവേരറു,ത്തീടുവാ,നായ്‌­
നായർപ്പടയാളി വന്ന നേരം..
വീറോ,ടെതിർത്തും വിയർത്തൊലിച്ചും
വീരനായ്‌ വാണ ഞാൻ വീണുപോയി...
വേതാള ബന്ധം കൊതിച്ചുപോയി..
വേകാത്ത ചേമ്പും കടിച്ചുപോയി...

ഓണം വരാനൊരു മൂലമെങ്കിൽ
നാണംകെടുന്നു ഞാൻ നാരി മൂലം..
ആരെന്നുമെന്തെന്നു,മോർത്തിടാതെ
സാരിത്തലപ്പിൽ കുരുങ്ങി ഞാനും..

അല്പം സമാധാന വാർത്തയാ,ലെൻ
ചിത്തം തണുത്തനാ,ളോർമ്മയില്ല..
വിശ്വസിക്കാ,നെനിക്കാരുമില്ല..
വിശ്വാസവോട്ടി,ന്നൊരുങ്ങുകില്ല..
വിജ്ഞരോ,ടൊത്തു സംസർഗ്ഗമില്ല
വിപ്ളവക്കാരോ,ടടുപ്പമില്ല..

പാലാഴി വീണ്ടും കടഞ്ഞെടുത്തെൻ
മേലാകെ നന്നായ്‌ പുരട്ടിയാലും
ഈ മാനഹാനിതൻ വ്യാധിയെന്നിൽ
കാലാവസാനം വരേയ്ക്കു നിൽക്കും...

ലോകാധിനാഥനാം പത്മനാഭാ
കാണാതെ കൈതവം ചെയ്ത ദേവാ..
നാണമില്ലാത്ത ഞാ,നാസനത്തിൽ
ആലുമായ്‌ നിന്നിതാ കേണിടുന്നു..
മംഗളം മാഞ്ഞ സിംഹാസനം നീ
വഞ്ചകർ,ക്കേകാൻ തുനിഞ്ഞിടല്ലേ...
ശങ്കിച്ചു വാഴുന്നൊരെന്നെ വീണ്ടും-
വങ്കത്തരത്തി,ന്നൊരുക്കിടല്ലേ...
അങ്കത്തിലെന്നെ,പ്പഴിച്ചിടല്ലേ..
മന്ത്രിയ്ക്കധർമ്മം വിധിച്ചതല്ലേ..

             --(---

ടീ  യൂ  അശോകൻ
----------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author.
---------------------------------------------------------------

Thursday, August 8, 2013

പ്രളയം കാത്ത്..

മരണം മാത്രം മർത്യനെ ജീവിത-
വ്യഥകളിൽ നിന്നു വിടർത്തുമ്പോൾ
വരുവാനില്ല വിമോചകനായ്‌ മ-
റ്റൊരുവനുമെന്ന,തുറയ്ക്കുമ്പോൾ
വഴികളടഞ്ഞൊരു ധൂമില ഗഹ്വര-
മക,മീ പഥികൻ നിൽക്കുന്നൂ..
മനമതി,ലാകുല ചിന്തകളായിര-
മപ ശകുനങ്ങൾ നിറയ്ക്കുന്നൂ..

നരകപടങ്ങളിൽ നിന്നുയിർ കൊള്ളും
അധമ വിചാര വിരൂപങ്ങൾ
അവനി,യിതിൻ ഗതി,യാകെ നിയന്ത്രി-
ച്ചലറുകയാ,യിരുൾ പടരുകയായ്‌...

ഘോര കൃതാന്ത കിരീടം ചൂടിയ-
ഘാതക,രങ്ങിനെ വാഴുമ്പോൾ
യാചക,രാർപ്പു വിളിക്കുകയായ്..
ഗാഥകൾ കൊണ്ടതു വാഴ്ത്തുകയായ്..
നര ജന്മത്തിൻ മാത്രകളങ്ങിനെ
പടു കർമങ്ങളി,ലമരുകയായ്..

അന്ധത,യന്ധനു പ്രിയമായ്തീർ,ന്നതു-
ബന്ധനമായൊരു ഭൂമികയിൽ
എന്റെ,യകാല ജരാനര,യേറ്റെൻ-
സന്തതി നിന്നു കിതയ്ക്കുന്നൂ;മൃത-
സന്ധ്യയിലെന്നെ ശപിക്കുന്നൂ...
സഞ്ചിതകർമ വിപാകംപോൽ ധര-
യന്തകപുരമായ്‌ മാറുന്നൂ...
കാകോളം പെയ്തുറയും ജീവിത-
മാകെയു,മഴുകിയൊടുങ്ങുന്നൂ...

പുതുമഴ  വരുവാൻ കാ,ത്തിവ,നിരുളിൽ
ഒരു നവ സ്വപ്നം നെയ്യുമ്പോൾ
ഒഴുകിനിറഞ്ഞ ജലോപരി ഭാർഗ്ഗവ-
നഴകി,ലുണർന്നു ചിരിക്കുന്നൂ...
പ്രളയം വന്നു വിളിക്കേ,താമര-
വളയം തേടിയൊ,രരയന്നം
ഇതുവഴി വീണ്ടും വരുമെ,ന്നോർത്തിവ-
നരയാ,ലിലയി,ലുറങ്ങുന്നൂ.....

                 --(---

ടി  യൂ  അശോകൻ-----------

Saturday, June 8, 2013

പ്രണയ കാലം


എത്രയോ നേരമായ്‌
നിൻ മുഖപ്പൂവിന്റെ
മുഗ്ദ്ധസൗന്ദര്യം
നുകർന്നിരിക്കുന്നു ഞാൻ..
ഇ പ്രപ,ഞ്ചാനന്ദ-
വാഹിനീതൻ പ്രവാ-
ഹത്തിൽ, ദലം പോ-
ലൊലിച്ചു പോകുന്നു ഞാൻ...

ഗ്രീഷ്മവാനം പോൽ
ജ്വലിക്കുമെൻ പ്രേമത്തി-
നാത്മഭാവം നീ
ഗ്രസിച്ചെന്നിലാളവേ..
പുല്ലും പുഴുക്കളും
മാത്രമ,ല്ലിപ്പുഴ-
യല്ല, കാലം പോലു-
മില്ലാതെ,യായപോൽ..

ഒന്നും നിനയ്ക്കുവാ-
നാവാ,തുറങ്ങാതെ
നിന്മടിത്തൊട്ടിലിൽ
ചാ,ഞ്ഞലിഞ്ഞീടവേ,
സൃഷ്ടി തൻ കുമ്പിളിൽ
പൊട്ടിക്കിളിർത്തൊരാ
രക്തരൂപം വീ-
ണ്ടെടുക്കുന്നു മെല്ലെ ഞാൻ...

           --(---

ടി.  യൂ. അശോകൻ
-------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
-----------------------------------------------------------------

Tuesday, April 30, 2013

രാമ ശിഥില മാനസം


നിന്നെ ഞാൻ വെറുക്കുന്നു
നീ വെറും നിശാചരി
അന്ധ കാനനംതോറു-
മലയും പിശാചിനി...
നിന്നെ ഞാൻ ഭയക്കുന്നു
നീ തമ:സംസ്കാരത്തിൻ
വന്യ ഗഹ്വരങ്ങളിൽ
വസിക്കും നക്തഞ്ചരി...

എന്നിടം നിനക്കന്യ-
മെന്നതേ മറന്ന നീ
ഖിന്നയായ്‌ നില്ക്കേണ്ടവൾ
നിന്ദ്യയായ്‌ തീരേണ്ടവൾ...
വീത രാഗയായ്‌ വേഗ-
മീ വനം വെടിഞ്ഞു നീ
പോക,നാം തമ്മിൽ പാരിൽ-
പ്രേമ വ്യാപാരം വയ്യ...

നഷ്ട സാമ്രാജ്യത്തിന്റെ
ദു:ഖമു,ണ്ടെന്നാകിലും
ക്ഷത്രിയൻ-ഇവൻ-ആര്യ-
വർഗ്ഗ രക്ഷണോത്സുകൻ...
ആദിയിൽ,നിൻ ദ്രാവിഡ-
പൂർവികർ,ക്കൊരുക്കിയോ-
രാര്യ തന്ത്രത്തിൻ ശര-
മേറെയു,ണ്ടെൻ പൂണിയിൽ...
ഒപ്പമു,ണ്ടനുജനും
പത്നിയു,മൊടുങ്ങാത്ത-
വർഗ്ഗ താല്പര്യം തന്ന
യുദ്ധ ചാപല്യങ്ങളും...

എങ്കിലു,മെന്നന്തിക-
ത്തന്തിയി,ലേതോ പൂർവ്വ-
ബന്ധമായ്‌ സാമീപ്യമായ്‌
ഗന്ധമായ്‌ നീ നില്ക്കവേ,
ചിന്തയിലെന്നും ചുര-
ന്നൊഴുകും ചിരന്തന-
സിന്ധുവിൻ തീരത്തിലേ-
യ്ക്കെന്നെ നീ വിളിക്കുന്നു....

ആടുമാടുമായ്‌ വന്നോ-
രാര്യ ബാലകൻ കണ്ട
ഭാരത തനൂജ നീ..
പാവന ചരിത നീ....
കേവലാഹ്ളാദത്തിന്റെ
രൂപമായ്‌ നിന്നെക്കാണാ-
നീ വനം പഠിപ്പിച്ച-
തീ ജിതൻ മറന്നു പോയ്‌...

കൊന്നതും കൊല്ലിച്ചതും
വെന്നതും വെറുത്തതും
എന്തിനെ,ന്നോർക്കാതിവൻ
നിൻ മനം ത്യജിച്ചുപോയ്‌ ...
അഗ്നിയാൽ,നിൻ ഗോത്രത്തി-
ന്നുത്ഭവം മറച്ചുവെ-
ച്ചക്ഷരം നീ കാണുമ്പോ-
ളല്പനായ്‌ ഭയന്നുപോയ്‌...

നിൽക്കുവാൻ പാടില്ല നീ-
യി,ത്തപോ വാടം തന്നിൽ
ലക്ഷ്മണാഗമം മുന്നി-
ലെപ്പൊഴും ഭവിച്ചിടാം...

ലക്ഷ്മണൻ-അവൻ-വെറും-
കശ്മലൻ-മമാനന്ദ-
മൊക്കെയും നശിപ്പിക്കാ-
നിറങ്ങി,പ്പുറപ്പെട്ടോൻ...
വാർമഴവില്ലി,ന്നൊളി
ചേർന്നവൾ-സ്വകാന്തയാ-
മൂർമ്മിള-യ്ക്കേകാന്തത-
യേകുവാൻ തുനിഞ്ഞവൻ...

എന്നുമീ മന്ദാകിനീ
തീരമാർ,ന്നെൻ സീത തൻ
ചുണ്ടിലെ,ത്തേനും നുകർ-
ന്നങ്ങിനെ കിടക്കുവാൻ,
ചിത്രകൂടത്തിൽ പറ-
ന്നെത്തുമീ,പ്പതംഗമോ-
ടെത്രയോ കാലം കാത്ത
സ്വപനമൊ,ന്നുണർത്തുവാൻ,
ഒത്തതി,ല്ലവൻ സൂക്ഷ്മ-
നേത്രമാം വില്ലും കുല-
ച്ചെത്തിടുന്നെങ്ങും,പെണ്ണിൻ-
ചിത്തമേ കാണാത്തവൻ...

കുന്നുകൾ തടാകങ്ങൾ
സന്ധ്യകൾ സംഗീതങ്ങൾ
എൻ കളത്രത്തിൻ കട-
ക്കണ്ണിലെ കൽ ഹാരങ്ങൾ...
ഭംഗികൾ വാരി,പ്പുണർ-
ന്നുണ്മയിൽ ലയിച്ചിടാ-
നുള്ള മോഹങ്ങൾക്കെന്നും
ഭംഗമായ്‌ തീരു,ന്നവൻ....

ഉന്തി നിൽക്കുന്നൂ നിന്നിൽ-
രണ്ടു കുംഭങ്ങൾ, കാമ-
ചിന്തകൾ,ക്കാഥിത്യമായ്‌,
മങ്ക നി,ന്നാകർഷമായ്‌...
എന്തിലും തൻ കൈക്കരു-
ത്തിന്റെ പാ,ടേല്പ്പിച്ചവൻ
പങ്കിലമാക്കും,ക്ഷിതി-
യ്ക്കന്ത്യകർമ്മങ്ങൾ ചെയ്യും...

കുന്നിടി,ച്ചവൻ കുളം-
നികത്തും,നിൻ മെയ്‌ ക്കവൻ
തന്മനോ മാലിന്യത്താൽ
കന്മഷം കലർത്തിടും....
മുലയും മൂക്കും മുറി-
ച്ചെറിയും,മഹാ പാപ-
രുധിരം നിറ,ച്ചേതു-
നദിയും നശിപ്പിക്കും...

നിൽക്കുവാൻ പാടില്ല നാ-
മി,ത്തമോ വാടം തന്നിൽ
ലക്ഷ്മണാനന്ദം മർത്ത്യ-
ന്നത്രമേ,ലാപല്ക്കരം....

ഉഷ്ണമായ്‌ ജ്വലിച്ചവൻ
പടരും ഗ്രഹം വെടി-
ഞ്ഞിറ്റു ശീതമാം പഥം
ചുറ്റുവാൻ കൊതിപ്പു ഞാൻ....!           --(----

ടി  യൂ  അശോകൻ.
--------------------------------------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author.
---------------------------------------------------------------------------

Monday, April 1, 2013

പടിയിറങ്ങിപ്പോയ ഭാരതി
കണ്ടക ശനിയുടെ കാഠിന്യം
കൊണ്ടു തകർന്നൊരു തറവാടിൻ
മുൻപിലിരുന്നൊരു കരനാഥൻ
സങ്കടമോടെ ഭജിക്കുമ്പോൾ
തൻ പരദേവത കനിയുന്നൂ...
പൊൻ പുതു മന്ദിരമേകുന്നൂ...

അൻപതിലധികം പടവുകളിൽ
അമ്പല മാതൃക തൻ നിറവിൽ
നല്ലൊരു, മാളിക തൻ നടുവിൽ
സന്തതികൾ കളിയാടുകയായ്‌...

ആധിയൊഴിഞ്ഞൊരു കാരണവർ
മോദമൊടങ്ങിനെ വാഴുമ്പോൾ
വ്യാധികൾ വന്നു നിരക്കുകയായ്‌
ജാതക ദോഷമ,തൊക്കുകയായ്‌...

പുലരിവിളക്കു കൊളുത്താനായ്‌
കതിരവനെന്നു,മൊരുങ്ങുമ്പോൾ
കലയുടെ ദേവത കവിതയുമായ്‌
കനക മയിൽ പോലാടുമ്പോൾ,
താമസമാനസ തനയന്മാർ
സ്ഥാപിത തല്പര വിരുതന്മാർ
പാവനസാഹിതി തൻ വഴിയിൽ
ഭാവനയില്ലാ,തലയുന്നോർ
വൻ പുതു മന്ദിരമെമ്പാടും
അങ്കണമാകെയു,മപ്പുറവും
ഏറിയ നിർവൃതി തൻ കൃതിപോൽ
കോറി നിറച്ചു മദിക്കുകയായ്‌.....

വ്യർത്ഥപദങ്ങളി,ലല്പരവർ
ക്ഷുദ്ര പടങ്ങൾ വരയ്ക്കുകയായ്‌...
അത്ഭുതകാവ്യ കലാവിരുതായ്‌
വിഢിക,ളവരതു വാഴ്ത്തുകയായ്‌...
വൻ തറവാടതിലെങ്ങും ദുർ-
ഗ്ഗന്ധം കൊണ്ടു നിറയ്ക്കുകയായ്‌.....

വാക്കുകളഴുകിയ നാറ്റവുമായ്‌
ആ,ത്തറവാടതു നിൽക്കുമ്പോൾ
ഏറ്റവു,മിളയൊരു തനയൻ തൻ-
മൂത്തവരോടതു ചൊല്ലുന്നു...

തല്ക്ഷണ,മവരൊരു  പടയായി
അക്ഷമയോടവ,നെതിരായി...
കഷ്ടതരം ചില കാവ്യ വൃഥാ-
കല്പന പിന്നെയു,മുളവായി...

കോറുവതെങ്ങടെ സ്വാതന്ത്ര്യം
നാറണമെന്നതു കര, യോഗം...
ഇത്തറവാടിൻ മുറ്റമിതിൽ
നിത്യവുമിങ്ങനെ വരയുമ്പോൾ
ശോധന സാധിതമാവുകയായ്‌
ഹാ, നവ നിർവൃതി,യറിയുകയായ്‌...
ഈ സുഖലഭ്യത,യൊഴിവാക്കാൻ
ഈശനിലാശ വളർന്നാലും
ഏശുകയില്ലവ,ഞങ്ങളിതാ
വാശിയിൽ വീണ്ടും വരയുകയായ്‌....

അഴുകിയ വാക്കുകൾ നിറയുമ്പോൾ
മഴയുടെ സാദ്ധ്യത മറയുമ്പോൾ
പുതിയൊരു `ഭാർഗ്ഗവി നിലയം` പോൽ
തറവാ,ടങ്ങിനെ മരുവുമ്പോൾ,
പൊടിയി,ലമർന്നൊരു നാരായം
പലവുരു നോക്കിയ കരനാഥൻ
പടികളിറങ്ങി നടക്കുന്നൂ....
ഭാരതി കൂടെയിറങ്ങുന്നൂ....!

              --(---

ടി  യൂ  അശോകൻ

-----------------------------------------------------------------------
*No part or full text of this literary work may be re produced
in any form  without prior permission from the author.
-----------------------------------------------------------------------Sunday, March 17, 2013

ഒടുവിലെത്തുന്ന പക്ഷിയോട്‌


ദുരിതകാലത്തി,നോർമ്മകൾ നിർദ്ദയം
കരളു മാന്തിപ്പറിക്കുന്നൊരന്തിയിൽ,
ഇരുളിൽനിന്നും പറന്നുവ,ന്നെന്റെയീ-
തൊടിയിലൊറ്റയ്ക്കിരിക്കും പതംഗമേ....

ഒടുവിലെത്തുന്ന പക്ഷിനീ,യെൻ നേർക്ക്‌
ചുടലകത്തുന്ന കണ്ണിനാൽ നോക്കവേ,
തുടിമുഴങ്ങുന്നപോലെന്റെ നെഞ്ചകം
മരണതാളം മുഴക്കുന്ന കേൾപ്പു ഞാൻ.

രുധിരകാളിതൻ വാളുപോലുള്ള നിൻ
നഖരമാഴ്ത്തുവാ,നെന്നെ കൊരുക്കുവാൻ
ക്ഷമ പൊറാഞ്ഞു നീ മൂളുന്ന കേൾക്കവേ,
ചിരി വരുന്നെനി,ക്കിന്നീ ത്രിസന്ധ്യയിൽ.

ജനനദുർദ്ദിനം തന്നേലഭിച്ചതാം
പതിതജീവിത ഭാണ്ഡം ചുമന്നു ഞാൻ
തെരുവിലൊറ്റ,യ്ക്കലഞ്ഞനാൾ തൊട്ടുനിൻ
വരവു കാത്തതെ,ന്തറിയാതെ പോയിനീ..

ഗതിപിടിക്കാത്തൊ,രാത്മാവു പോലെ ഞാൻ
പശിയിലന്നം തിരഞ്ഞു നടക്കവേ,
മനവു,മൊപ്പമെൻ മേനിയും പൊള്ളുന്ന-
ജലമൊഴിച്ചെന്നെ,യാട്ടിയോടിച്ചവർ,
അറകളിൽനിറ,ച്ചന്നവും അന്യർതൻ-
ധനവുമായ്‌ മദംകൊണ്ടുപുളയ്ക്കുന്ന
വികൃതകാഴ്ചകൾകണ്ടു ഞാ,നെത്രയോ-
തവണ നിന്മുഖംകാണാൻ കൊതിച്ചുപോയ്‌.

പ്രണയമെന്നെ പഠിപ്പിച്ചുകൊണ്ടവൾ
തരളമെൻ നേർക്കെറിഞ്ഞൊരാപ്പുഞ്ചിരി,
ഒരിദിനത്തിൽ മറഞ്ഞതിൽ നൊന്തു ഞാൻ
ഉടനെ,നിന്മുഖം കാണാൻശ്രമിക്കവേ,
കയറുപൊട്ടി ഞാൻ വീണുപോയ്‌ വീണ്ടുമീ-
നരകജീവിതം തന്നിലേയ്ക്കുരുകുവാൻ.

സുഖദസൗഹൃദം നൽകുവാനെത്തിയെൻ-
ഹൃദയഭിത്തിയിൽ ചിത്രംവരച്ചവർ,
ഒരുപ്രഭാതത്തിലെൻ നെഞ്ചിലേക്കു തീ
വിതറി,നൃത്തം ചവിട്ടീ;നടുങ്ങി ഞാൻ.
ചിറകടിച്ചെന്റെ ചാരത്തുനീയന്നു-
വരണമെന്നു ഞാ,നാശിച്ചതോർക്കണം.

പ്രഥമബുദ്ധി,യുദിച്ചവർക്കെപ്പൊഴും
സുഖമൊരുക്കുവാൻ മാത്രമായ്‌ തീർത്തതാം
കുടിലചാണക്യ തന്ത്രത്തിൽ വാഴുമീ-
ഭുവനജീവിതം എന്നേവെറുത്തു ഞാൻ.

അറവുശാലയിലേക്കുള്ള യാത്രയിൽ
കനിവു കാംക്ഷിപ്പതേ മൗഢ്യമെങ്കിലും,
വരിക,വന്നെന്നിൽ വീഴുക,പിന്നെയെൻ-
കരളുമായ്‌ വിഹായസ്സിലേക്കുയരുക...
ജനിമൃതികൾതൻ ചങ്ങലക്കെട്ടഴി-
ച്ചിനി,യെനിക്കുള്ള മോചനം നൽകുക...

                --(----
       

ടി. യൂ.അശോകൻ
----------------------------------------

പുന:പ്രസിദ്ധീകരണം -  വായിക്കാത്തവർ ക്കുവേണ്ടി..
------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------------------------

Thursday, March 7, 2013

പുതിയ പാണൻ


പുഴയുടെതീര,ത്തൊരുമരമങ്ങിനെ
പുളകം കൊണ്ടു ചിരിക്കുന്നു..
അരികത്തരുമയി,ലാടിനെ മേയാൻ
തൃണ നികരങ്ങൾ വിളിക്കുന്നു...
ഇണയുടെനൃത്തം കണ്ടൊരു നീർക്കിളി
ജലചിത്രങ്ങൾ വരക്കുന്നു...
ഇതുവഴി പാടിപ്പോകേ,യെൻ പ്രിയ-
കവിതയുമൊപ്പം ചേരുന്നു...

പുതിയൊരു പാണൻ ഞാ,നെന്നാലൂം
പഴമകളിൽ മനമുലയുന്നോൻ..
പലശാഖകളായ്‌ പൂത്തൊരു തരുവിൻ
അടിവേരിൻ വഴി യറിയുന്നോൻ...
പലവുരു ചൊന്നതു പാടിപ്പുലരും
പുലവനി,ലരിശം കൊള്ളുന്നോൻ..

തുണയായുള്ളൊരു വീണയുമാ,യിവ-
നലയാൻ നിത്യമിറങ്ങുമ്പോൾ,
പറയാനുള്ളൊരു പൊരുളിൻ വാക്കുകൾ
വിനയാകുമ്പൊളു,മരുളുന്നോൻ..

പുഴയും കാടും തൊടിയും ജീവിത-
മുണരുന്നേടമതൊ,ക്കേയും
പുലരുന്നേരം തൊട്ടിവനങ്ങനെ
കരളിൽ ചേർത്തു നടക്കുമ്പോൾ,
സഞ്ചിത സംസ്കൃതി തൻ നിറമെന്നും
കുങ്കുമ,മല്ലെന്നറിയുന്നേൻ...
സങ്കട,മെൻപ്രിയ സഹജർക്കേകിയ
സംഘവു,മേതെന്നറിയുന്നേൻ...

പുതുകാലത്തിൻ സ്പന്ദനതന്തുവി-
ലെൻ വിരൽ നർത്തനമാടുമ്പോൾ
പല ഗോളങ്ങളി,ലെൻപ്രണയധ്വനി
വിലയം കൊള്ളുവ,തറിയുന്നേൻ...

കേവലഗായക,നല്ലിവനെന്നും
വേലയിലും വില കാണുന്നോൻ...
അറിവിലു,മാത്മസുഖത്തിലുമൊരുപോൽ
തൊഴിലിൻ മേന്മ കുറിച്ചിടുവോൻ...

പായും കുടയും നെയ്യാനറിയാം..
പാടം കൊയ്തു മെതിക്കാനറിയാം..
പാതകൾതോറും പന്തം പേറി-
പോരിൻ തേരു തെളിക്കാനറിയാം...

പാലപ്പൂമണമേറ്റൊരു പൈങ്കിളി-
പാതിര രാഗം പാടുമ്പോൾ,
ഏതോ ദിവ്യ ജഗത്തിൻ കിന്നര-
ജാലം പോൽ ഹിമ,മൂറുമ്പോൾ,
പാർവണചന്ദ്ര,നൊഴുക്കിയ പാല്പ്പുഴ-
പ്രാലേയത്തിൽ പതയുമ്പോൾ,
കല്പന തന്നുടെ ശില്പം പോലൊരു
തല്പം തീർത്തു ശയിക്കാനറിയാം...
സ്വപനം കണ്ടു കിടക്കുമ്പോഴും
സ്വർഗ്ഗം ഭൂമിയി,ലെന്നതുമറിയാം...
നാകദിവാകരനുദയം ചെയ്യാൻ
രാവുകളിനിയും തീരണ,മറിയാം....

പാവനജീവിത കാമന മാത്രം
ചേതന നിത്യമുണർത്തുമ്പോൾ
മാമല തന്നിലമർന്നവ,നൊരുനാൾ
തീമലപോൽ വരു,മെന്നതുമറിയാം....

              ---(----ടി  യൂ  അശോകൻ


--------------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author.
--------------------------------------------------------------------------------Tuesday, February 19, 2013

പൊരുതൂ സഖാക്കളേ വേഗം...ഒരു ദശാസന്ധിതൻ
പടവിൽ നാ,മിരുൾ മാത്ര-
മിണചേർ ന്നു നിൽക്കുന്നു ചുറ്റും..

പെരുകും തമസ്സിൽ നാ-
മന്ധരായ്‌, മൃത്യുതൻ
മണവും ശ്വസിച്ചിരിക്കുന്നു..

ഇവിടെനാം പതറിയാ-
ലിരുളിന്റെ ശക്തികൾ-
ക്കിരമാത്രമായി നാം മാറും..

ഇവിടെനാം ചിതറിയാ-
ലിനിയുള്ള ജീവിതം
ഇവർതന്ന ദക്ഷിണ്യമാകും..

ഇരുളറ,യ്ക്കുള്ളിലേയ്‌-
ക്കിവർതന്നെ നമ്മൾ തൻ
ധനമൊക്കെയും കൊണ്ടുപോകും..

ഒരുതുള്ളിമാത്രം
കൊതിക്കുമ്പൊഴും ദാഹ-
ജലവും നമുക്കന്യമാകും..

ഇവിടെനാം വൈകിയാ-
ലറിവിന്റെ പാഠങ്ങൾ
പനയോല മാത്രമായ്‌ തീരും...

ചിതലിന്റെ കൊട്ടാര-
വാതുക്കൽ നമ്മളും
ജട കെട്ടി മൗനമായ്‌ നിൽക്കും...

ഇവിടെനാ,മിടറിയാ-
ലരികൾതൻ ആയുധം
ഇടനെഞ്ചിലാ,ഴത്തിലേറും..

കരയുവാ,നാവാ-
തൊടുങ്ങുന്ന നമ്മൾ തൻ
ജഡവും മുറിച്ചിവർ വിൽക്കും..

ഉണരൂ സഖാക്കളേ വേഗം-ചോര-
നിറമീപ്പതാകയ്ക്കു നിത്യം..
ഇരുകൈകൾ കൊണ്ടും
പിടിക്കുമീ കൊടിമാത്ര-
മിനി മോചനത്തിന്നു സാക്ഷ്യം....

പൊരുതൂ സഖാക്കളേ വേഗം-നീച-
ഭരണവർഗ്ഗങ്ങളേ ലക്ഷ്യം...
ഒരു ന്യൂനപക്ഷം
സുഖിക്കുന്ന വാഴ്ചത-
ന്നറുതിക്കു മാത്രമീ സമരം...

പറയൂ സഖാക്കളേ വേഗം-നാളെ-
വിടരും പ്രഭാതമേ സത്യം..
നെറികെട്ട പുരമൊക്കെ-
യെരിയുന്ന പാട്ടിനായ്‌
ചെവിയോർത്തിരിക്കുന്നു കാലം...


                --(----

ടി.യൂ.അശോകൻ---------------------------------------------------------------------------------
*No part or full text of this literary work may be
re-produced in any form without prior permission
from the author.
--------------------------------------------------------------------------------


Thursday, January 24, 2013

ഒരു ബ്ളോഗ്‌ കവിയുടെ പ്രാർത്ഥന..ഡിഗ്രിയെത്തിപ്പിടിക്കാൻ തരപ്പെടാ-
ഞ്ഞുഗ്രശാസനൻ തന്തേടെ പോക്കറ്റ്‌
നിർദ്ദയം കാലിയാക്കി,ച്ചലച്ചിത്ര-
മെപ്പൊഴുംകണ്ടു,തെണ്ടിത്തിരിഞ്ഞ ഞാൻ,
ഗൾഫിലെത്തു,ന്നളിയന്റെ ഹെല്പിനാൽ
ഗൾഫെയറതിൽ ജോലിയും ലഭ്യമായ്‌.

ഒട്ടുമേസമയം,കളയാതെയാ
ചുട്ടുപുള്ളുന്ന നാടിന്റെ രീതികൾ
ചിട്ടയോടെ പഠിച്ച ഞാ,നല്ഭുത-
പ്പെട്ടുപോയെന്റെ ശമ്പളം പറ്റവേ.

ഏതുജോലിക്കും ലഭ്യമാം കൂലിയെ
രൂപയാക്കിനാ,മെണ്ണിനോക്കുന്നേരം
ജാലവിദ്യയി,ലെന്നപോലെത്രയോ-
മേലെയായതിൻ മൂല്യം കുതിക്കുന്നു.

പണ്ടു പെന്തക്കോസ്‌ കൂട്ടരു പാടിയ
എന്തതിശയമേ,യെന്ന പാട്ടുമായ്‌
രണ്ടു ഡ്രാഫ്റ്റുകൾ ഗ്രാമീണ ബാങ്കിന്റെ
എന്റെ നാട്ടിലെ ശാഖയ്ക്കയക്കുന്നു.

നല്ല കാര്യങ്ങൾ പിന്നെയും വന്നുപോയ്‌
നല്ല കൂട്ടുകാർ,കമ്പ്യുട്ടർ,ഇന്റെർനെറ്റ്‌,
മെല്ലെ ഞാനൊരു ബ്ളോഗും തുടങ്ങുന്നു
എന്തതിശയം അപ്പൊഴും പാടുന്നു.

എന്റെ `കുന്ത്രാണ്ട `മെന്നബ്ളോഗിന്റെ പേ-
രൊന്നു നോക്കുന്നൊ,രായിരം പേർക്കുമായ്‌
രണ്ടുനല്ലവാക്കിൻ കമന്റോതുവാൻ
സന്തതം പോസ്റ്റുചെയ്തു ഞാൻ കാവ്യങ്ങൾ...

പേടിവേണ്ട,നൽ കാവ്യപ്രപഞ്ചത്തി-
നേഴയലത്തു,മെന്റെപേർ കാണ്മീല.
കാവ്യകൈരളീദേവിതൻ പൂജയ്ക്കു-
പൂവുമായ്ച്ചെന്ന,താരെന്നറിവീല.
കണ്ണടക്കാവ്യ,മൊന്നിനാൽ ക്കൈരളി-
യ്ക്കിന്നുകാഴ്ച്ച കൊടുത്തൊരാൾ സ്നേഹിതൻ,
പിന്നെ ഞാനറി യുന്നകവികളോ,
എന്നെ ഞാനാക്കിത്തീർത്ത കപികളും.

`എന്തുസൗന്ദര്യമാശാന്റെ സീതയാൾ`-
ക്കെന്റെമുന്നിൽ കവി മൊഴിഞ്ഞീടവേ,
`എന്റെമാഷേ ശരിതന്നെ പെണ്ണിന്റെ-
തന്തയാളൊരു കേമനാണോർക്കണം`
എന്നുചൊന്നതിൻ ജാള്യം മറയ്ക്കുവാ-
നിന്നുമാവാതെ ഞാൻ പരുങ്ങീടുന്നു.

വാക്കുകൾതമ്മി,ലർത്ഥമെഴാത്തതാം
ദീർഘവാചകം കോർത്തു ഞാൻ തീർ ക്കുന്ന
മ്ളേച്ഛ മാതൃക പോസ്റ്റു ചെയ്താലുടൻ
ആർത്തലച്ചുവ,ന്നെത്തും കമന്റുകൾ.

നിൻപുറം ഞാൻ ചൊറിയും കമന്റിനാൽ
എൻ പുറം നീ ചൊറിയേണ,മക്ഷണം....
ഇമ്പമാർന്നൊരീ,യാപ്തവാക്യത്തിനാൽ
തുമ്പമേശാതെ മേയുന്നു ബ്ളോഗർമാർ.

ശുദ്ധസാങ്കേതികത്തിൻ ബലത്തിനാൽ
സർഗ്ഗ സൃഷ്ടിക്കൊരുങ്ങുന്ന മൂഢരെ-
വ്യർത്ഥമായ്‌ പുകഴ്ത്തീടും നിരൂപകർ,
കത്തി വയ്ക്കുന്നു കാവ്യക്കഴുത്തിലായ്‌....

ജാലകക്കോള,മെഴുതും കുമാരന്റെ
യാന്ത്രിക കാവ്യ,പ്രേമ പ്രതീക്ഷകൾ
ബ്ളോഗെഴുത്തുകാർ മാനിഫെസ്റ്റോയാക്കി
ലോകമൊക്കെയും മെയ്‌ലയച്ചീടുന്നു.

മാബലിക്കുള്ള പൂക്കളം തീർ ക്കുവാൻ
ശ്രാവണം തേരിലെത്തുന്ന നാൾകളിൽ
ഓടിയെത്തുമാ,റുണ്ടു ഞാൻ നാട്ടിലേ-
യ്ക്കേറെ ക്ളബ്ബുകൾ ക്കാശംസ നേരുവാൻ.

നാളെ ഞാൻ പറന്നെത്തുന്നു കൊച്ചിയിൽ
ബ്ളോഗ്‌ മീറ്റുണ്ട്‌ തുഞ്ചൻ പറമ്പിലായ്‌,
നാലുമിന്നിറ്റ്‌ കൊണ്ടു ഞാൻ തീർത്തതാം
കാവ്യമുള്ളോരു പുസ്തകം നാളത്തെ-
ബ്ളോഗ്‌ മീറ്റിൽ പ്രസാധനം ചെയ്യുവാൻ
രാജനുണ്ണിയു,മെത്തുന്നതിഥിയായ്‌...

എന്റെ ദൈവമേ നീയെത്ര കേമനാ-
ണെൻ കരം തീർത്ത ബ്ളോഗെത്ര കാമ്യവും..
ബ്ളോഗ്‌ മൂലം മഹാകവിയായ ഞാ-
നാളു വേറൊരു കേമനായ്‌ തീർന്നിതാ...

എങ്കിലും ചില നേരമെൻ നെഞ്ചിലേ-
യ്ക്കമ്പുപോൽ കുറ്റബോധം തറയ്ക്കയാൽ,
അന്തമില്ലാത്തൊരെൻ കാവ്യ പാപങ്ങൾ
തമ്പുരാൻ നീ പൊറുത്തു കൊള്ളേണമേ...

തെല്ലുപോലും പ്രതിഭയില്ലാത്ത ഞാ-
നല്ലലില്ലാതെ,യൊപ്പിച്ചുവെക്കുമീ-
തല്ലുകൊള്ളിത്തരത്തിൽ ക്ഷമിച്ചു നീ
നല്ല പാതയി,ലെന്നെത്തെളിക്കണേ......

              ----)---

ടി  യൂ  അശോകൻ
------------------------------
RE-POSTING
--------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------------------------

Wednesday, January 16, 2013

കളർ colour

ഇതാ ഒരിങ്ക്ളീഷ്‌ കവിത.ആഫ്രിക്കയിൽ നിന്നുമുള്ള ഒരു കുട്ടി രചിച്ച്, 2005 ലെ ഏറ്റവും നല്ല കവിതയ്ക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട ഈ കവിത അതരിപ്പിച്ചിരിക്കുന്നത്‌ മുംബൈ ആന്ധേരിയിൽ നിന്നും മുഗ്ധാ കേറ്റ്ക്കാർ....

colour
============

When I bourn, I  BLACK
When I grow up, I BLACK
When I go in sun, I BLACK
When I scared, I BLACK
When I sick,I BLACK
And when I die, I STILL BLACK....!!

And you white fellow..?

When you bourn, U  pink
When you grow up, U white
When you go in sun, U red
When you cold, U blue
When you scared, U yellow
When you sick, U green
When you die, U grey
AND YOU CALL ME COLOURED ...!!!

        ---------)---------------------------------------------------------------------------------------
Will you please enlighten your readers by publishing this poem...?
---------------------------------------------------------------------------------
TU  ASOKAN

==============================================
**COURTESY-   BANK WORKERS FORUM