Thursday, August 8, 2013

പ്രളയം കാത്ത്..

മരണം മാത്രം മർത്യനെ ജീവിത-
വ്യഥകളിൽ നിന്നു വിടർത്തുമ്പോൾ
വരുവാനില്ല വിമോചകനായ്‌ മ-
റ്റൊരുവനുമെന്ന,തുറയ്ക്കുമ്പോൾ
വഴികളടഞ്ഞൊരു ധൂമില ഗഹ്വര-
മക,മീ പഥികൻ നിൽക്കുന്നൂ..
മനമതി,ലാകുല ചിന്തകളായിര-
മപ ശകുനങ്ങൾ നിറയ്ക്കുന്നൂ..

നരകപടങ്ങളിൽ നിന്നുയിർ കൊള്ളും
അധമ വിചാര വിരൂപങ്ങൾ
അവനി,യിതിൻ ഗതി,യാകെ നിയന്ത്രി-
ച്ചലറുകയാ,യിരുൾ പടരുകയായ്‌...

ഘോര കൃതാന്ത കിരീടം ചൂടിയ-
ഘാതക,രങ്ങിനെ വാഴുമ്പോൾ
യാചക,രാർപ്പു വിളിക്കുകയായ്..
ഗാഥകൾ കൊണ്ടതു വാഴ്ത്തുകയായ്..
നര ജന്മത്തിൻ മാത്രകളങ്ങിനെ
പടു കർമങ്ങളി,ലമരുകയായ്..

അന്ധത,യന്ധനു പ്രിയമായ്തീർ,ന്നതു-
ബന്ധനമായൊരു ഭൂമികയിൽ
എന്റെ,യകാല ജരാനര,യേറ്റെൻ-
സന്തതി നിന്നു കിതയ്ക്കുന്നൂ;മൃത-
സന്ധ്യയിലെന്നെ ശപിക്കുന്നൂ...
സഞ്ചിതകർമ വിപാകംപോൽ ധര-
യന്തകപുരമായ്‌ മാറുന്നൂ...
കാകോളം പെയ്തുറയും ജീവിത-
മാകെയു,മഴുകിയൊടുങ്ങുന്നൂ...

പുതുമഴ  വരുവാൻ കാ,ത്തിവ,നിരുളിൽ
ഒരു നവ സ്വപ്നം നെയ്യുമ്പോൾ
ഒഴുകിനിറഞ്ഞ ജലോപരി ഭാർഗ്ഗവ-
നഴകി,ലുണർന്നു ചിരിക്കുന്നൂ...
പ്രളയം വന്നു വിളിക്കേ,താമര-
വളയം തേടിയൊ,രരയന്നം
ഇതുവഴി വീണ്ടും വരുമെ,ന്നോർത്തിവ-
നരയാ,ലിലയി,ലുറങ്ങുന്നൂ.....

                 --(---

ടി  യൂ  അശോകൻ







-----------