Tuesday, January 21, 2014

ആഫ്രിക്കയും ഞാനും പിന്നെ നീയും....!


തോക്കും തൊലിവെളു-
പ്പും കൊണ്ടു ഞങ്ങളെ
മേയ്ക്കാ,നിറങ്ങി-
പ്പുറപ്പെട്ട കൂട്ടമേ...
നേർക്കാതെ ഞങ്ങൾ
നിനക്കായ്‌ വിയർക്കുവാൻ
മ്ളേച്ഛാധിപത്യം
വിതയ്ക്കും വിനാശമേ..

മന്വന്തരങ്ങൾക്കു-
മപ്പുറം ചെന്നു നീ
മണ്ണിൽ കിളച്ചൊന്നു
നോക്കിയാൽ നമ്മൾ തൻ -
വർണങ്ങളെല്ലാ-
മൊതുങ്ങുന്ന സന്ധിയിൽ
നിന്നെയും നിൻ പൂർവ-
ബന്ധവും കാണാം...
ഇന്നത്തെ നിൻ പിതാ-
വിൻ മുഖം കാണാം....!

          --(---

അശോകൻ ടി ഉണ്ണി
-------------------------
*No part or full text of this literary work may be re produced in
  any form without prior permission from the author
-----------------------------------------------------

Tuesday, January 14, 2014

സഞ്ജനയ്ക്കൊരു കത്ത്‌

അഥവാ മലയാളി മങ്കമാർക്ക്‌  സ്നേഹപൂർവ്വം... .....
---------------------------------------------


സങ്കടം കൊണ്ടല്ല സഞ്ജനേ,സംഗതി-
എ,ന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീ,പ്പെണ്ണുങ്ങ,ളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവ,രായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെ വന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമി,ക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെ നോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറി പ്രദർശനം കേമമാണോ..
അപ്പുറം കാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെ,ക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർക്കുള്ളി,ലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങ,ളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും..
മാനത്തു റാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും..
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊ,ന്നരയ്ക്കു കെട്ടും..
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂത ഗണങ്ങൾക്കു പ്രാതലേകും..
അമ്പലം ചുറ്റുന്ന നേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും..
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും..
സഞ്ജനേ, ചന്ദ്രബിംബാനനേ.. നിങ്ങൾ ത-
ന്നന്തമില്ലായ്മ,യ്ക്കൊരന്തമുണ്ടോ.....?

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പം വരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തു തൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെ,യീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പ സിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...!!

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലു കൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കൽക്കണ്ടമാകുവാൻ
ചൊൽക്കൊണ്ട മാതൃക,യാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാ സാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്ന പോലെ തിരിച്ചെതിർക്കാം...
നേരി,ട്ടെതിർക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തി,ലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നിൽക്കാതെ വേഗം നടന്നുകൊള്ളൂ....

            --(---

  അശോകൻ ടി  ഉണ്ണി
---------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author
---------------------------------------------------------

Thursday, January 9, 2014

ജീവിത സമരങ്ങൾക്കു മുന്നിൽ കോമരം തുള്ളുന്നവർ


        നമ്മുടെ നാട്ടിലെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിർഗ്ഗുണന്മാർ എക്കാലവും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങൾ പരിമിതമായിരുന്ന മുൻകാലങ്ങളിൽ ഇവർ ഇന്നത്തേപ്പോലെ വെളിപാടുകൊണ്ടിരുന്നില്ല  എന്നുമാത്രം. എന്നാൽ ഇന്നാകട്ടേ ഇക്കൂട്ടരുടെ വിളയാട്ടം എല്ലാ സീമകളേയും അതിലംഘിക്കയാണു.വിവരസാങ്കേതിക വിദ്യയുടെ വരദാനമായ ബ്ളോഗിലും ഫേസ്ബുക്കിലും,  വീടകത്തെ ടീവിയിലും പത്രങ്ങളിലും, എന്തിനു തെരുവിടങ്ങളിലെ സാധാരണക്കാരന്റെ  സമരവീര്യത്തിനു മുന്നിൽ പോലും പ്രായ ലിംഗ ഭേദമെന്യേ അരാഷ്ട്രീയക്കാർ ഉറഞ്ഞു തുള്ളുകയാണു.
       പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര..?)രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും.ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ വിദേശ ഭരണവർഗ്ഗത്തിന്റെ മനപ്പായസത്തിൽ മധുരം പകരാൻ ശ്രമിക്കുന്ന  ഈ പശു സമാനരെയോർത്ത്‌, ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യ സമരപ്പോരാളികൾ വിലപിക്കുകയായിരിക്കും-മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും.അവരാരും അരാഷ്ട്രീയക്കാരോ  വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ നിഷ്ക്രിയസമരം ചെയ്തവരും ആയിരുന്നില്ലല്ലോ..!
        തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌  എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സ്വാതന്ത്ര്യ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും അവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ അവർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം മേൽ ചൊന്ന  രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ, യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും അധികാരത്തിനു കീ ജെയ്‌ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരെപ്പോലും വിലക്കു വാങ്ങാൻ കെല്പുള്ള കപട രാഷ്ട്രീയക്കാരാകാനും അവർ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ.
       ഭരണ സിരാകേന്ദ്രം പോലും പാപകർമ വേദിയായകുമ്പോൾ ഇക്കൂട്ടർ അറിഞ്ഞ ഭാവം നടിക്കില്ല. ഇതിൽ പങ്കാളികളകുന്ന അധികാരികൾക്കോ അവരുടെ പിണിയാളുകൾക്കോ എതിരേ പരാതിയുമുണ്ടാവില്ല..കുതിച്ചുയരുന്ന വിലക്കയറ്റം അന്തമില്ലാത്ത അഴിമതി എന്നിവ വിഷയമേ അല്ല. എന്നാൽ പണയം വെയ്ക്കാത്ത മന:സ്സാക്ഷിയുള്ളവർ പാതയോരത്തൊന്നു പ്രതികരിച്ചുപോയാൽ ഇവരിലെ ആണും പെണ്ണും രണ്ടുമല്ലാത്തവരും പരിസരം മറന്നു തുള്ളി തുടങ്ങും. ലക്ഷങ്ങളുടെ പൂക്കുലകളുമായി, കച്ചവടക്കണ്ണുള്ള സ്വാർത്ഥതയുടെ  ആൾ രൂപങ്ങൾ  ഇവർക്കു മുന്നിൽ തൽക്ഷണം ഓടിയെത്തും.  അടച്ചുകെട്ടിയ പാതകൾക്കിരുപുറവും അധിനിവേശത്തിന്റെ രാജകുമാരനെ വരവേൽക്കാൻ  ഇവരിലെ പെൺ പ്രജകൾ പൂത്താലമേന്തും.  . വഴി നിറഞ്ഞ വിശ്വാസ പ്രഖ്യാപനറാലികളിലും ശോഭായാത്രകളിലും  ഇവർ സോല്ലാസം വരിപിടിച്ചിരിക്കും. അധികാരത്തിന്റെ അനുഗ്രഹം കൊണ്ട്‌ നിശ്ചലമാക്കപ്പെട്ട നിരത്തുകളിലെ മാരത്തോൺ മാമാങ്കം ഇവർ കൺകുളിർക്കെ കണ്ടുനിൽക്കും. തനിക്കു താല്പര്യമെങ്കിൽ, അങ്കലാപ്പൊന്നുമില്ലാതെ അന്യന്റെ സ്വഞ്ചാര സ്വാതന്ത്ര്യം  ഹനിക്കാൻ  ഇവരും പങ്കാളികളാകും. എന്നാൽ ജീവിത സമരങ്ങൾക്കു മുന്നിൽ  ഇവർ  കോമരം തുള്ളും. തങ്ങളുടെ മാത്രം നിരന്തര സുഖം . ഇതു മാത്രമാണു എല്ലാ അരാഷ്ട്രീയക്കാരുടേയും പരമമായ ലക്ഷ്യം. വല്ലപ്പോഴും ഇവർ ചൊരിയുന്ന കാരുണ്യം,കൂടുതൽ  ഇരപിടിക്കാനുള്ള തന്ത്രവും. ഇവരിലെ പ്രഛന്നരായവർ അണിയറയിലെത്തിയ അന്തകനെപ്പോലെ സമകാലിക രാഷ്ട്രീയത്തിലും അമർന്നുകഴിഞ്ഞിരിക്കുന്നു..
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നതാണു ഇന്ന്‌ ഓരോ പൗരന്റെയും  മുന്നിലുള്ള വെല്ലുവിളി. ഇതല്പം ശ്രമകരമായ പണിയാണു. എന്നാൽ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാകാൻ ഒട്ടും ക്ളേശിക്കേണ്ടതില്ല.അതാണിന്നു നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ  സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.  അരാഷ്ട്രീയക്കാർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിനകത്തിരുന്ന്‌ എല്ലാവരേയും സുഖിപ്പിച്ചുകൊണ്ട്‌ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
     നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ എല്ലാവർക്കുമായി  വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. എക്സൈസ്‌ ഡ്യൂടി കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും, കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...അടിക്കടി വർദ്ധിപ്പിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ പ്രതിഷേധിക്കേണ്ടിയും വരും.ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു.പച്ചയായ  ജീവിത സമരം. ഒപ്പം രാഷ്ട്രീയവും.              
       അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന സമര രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, നിലം തൊടാനവസരം  കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ സ്വേഛാധിപത്യത്തെ തൂത്തെറിഞ്ഞപ്പോൾ, പ്രബുദ്ധനെന്നു മേനി നടിക്കുന്ന  മലയാളി  തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കുകയായിരുന്നു. ഭയത്തിന്റെ പുറംതോടിലേയ്ക്ക്‌ സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയ അരാഷ്ട്രീയ മലയാളി , പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ അജ്ഞരുടേയും അന്തിപ്പട്ടിണിക്കാരന്റേയും മുന്നിൽ സ്വേഛാധിപത്യം കടപുഴകി വീഴുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 67 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....!!

                                      --(---

അശോകൻ ടി  ഉണ്ണി