Monday, May 4, 2015

ചന്ദ്രികയ്ക്ക്


ഒടുവി,ലോർമ്മതൻ പൂ,വൊന്നിറുത്തുകൊ-
ണ്ടിവിടെ നിന്നിതാ യാത്രയാകുന്നു ഞാൻ
ഇനി,യെനിക്കെന്തി,നാനന്ദമറ്റൊരീ-
യശുഭ ഗേഹം; വെടിഞ്ഞിറങ്ങട്ടെ ഞാൻ..!

മലരണിക്കാ,ടെനിക്കെന്തി,നാത്മാവി-
ലരുവി തീർത്തൊരീ മുരളികൊ,ണ്ടെന്തിനി
മരതക,ക്കാന്തി താവിയോ,രെൻ പ്രേമ-
സ്മരണ പോലും വെറുപ്പാ,ണെനിക്കിനി..

പുലരിതോറുമെൻ പായിൽ പ്രതീക്ഷതൻ
പുതു വെളിച്ചം തളിച്ചുനീ;യന്നു ഞാൻ
കണിയൊരുക്കുന്ന കൊന്നയായ്‌ നിന്നെയും
കരുതിയെന്നതാ,ണിന്നെൻ പരാജയം..

അഴകി,നാസ്പദം നീ തന്നെയെങ്കിലും
അനുപമാനന്ദ,മേകി നീ,യെങ്കിലും
കനലു വാരിച്ചൊരിഞ്ഞ തീപ്പക്ഷിപോൽ
കപട സ്നേഹം പകർന്നു നീ മാഞ്ഞുപോയ്‌...

ധനിക നീതിക്കു ന്യായം ചമച്ചു സൽ-
പദവി കാത്ത നിൻ ചുണ്ടിൽ പൊടിഞ്ഞൊരാ-
മധുര,മായിരം വട്ടം രുചിച്ചൊരീ-
പഥികനിപ്പൊഴും പതിതന,ല്ലോർക്ക നീ...

അഴലു പെയ്തനാൾ നനയുവാൻ,നിന്നതും
ദുരിത വേനലിൽ കരിയാതിരുന്നതും
അറിയുവാൻ നിനക്കാവി,ല്ലജയ്യനായ്‌
കയറി നിൽക്കാ,നിടം കൊതിച്ചില്ലിവൻ..

ഉലക തത്വം ഗ്രഹിക്കാ,തലഞ്ഞൊരീ
ഇടയ ജന്മം നിനച്ചാൽ നിരർത്ഥകം
ഗഗന വേദിയിൽ താരകയ്,ക്കൊപ്പമായ്
നടന,മാടാൻ കൊതിച്ചതേ സാഹസം..

അജഗണങ്ങൾക്കു പാലകൻ മാത്രമെ-
ന്നവഗണിച്ചു നീ,യെങ്കിലും മുരളിതൻ-
മധുര നാദമായ്‌, കാലം ശ്രവിക്കുമെൻ
ഹൃദയതാപം പകർന്നുവെയ്ക്കട്ടെ ഞാൻ..

കരുണ തെല്ലുമി,ല്ലാത്തൊരീ ലോക,മെൻ-
കരളിനേല്പിച്ച,തൊക്കെയും ചാലിച്ച-
നിറ,മെഴുന്നൊരീ പൂവുമായ്‌ താന്തനായ്‌
മുരളിക,യ്ക്കുമ്മ വെച്ചു പോകട്ടെ ഞാൻ...!!

                    --(---
ടി യൂ അശോകൻ
-------------

Published in Bank Workers Forum April Issue.
No part or full text of this literary work may be
re produced in any form without prior permission
from the author.
--------------------------------------------------------------------