Saturday, May 21, 2011

ബന്ധം

അറിയുമോ എന്നെ
അറിയുവാൻ നമ്മൾ-
ഗതകാലങ്ങളിൽ
വിതച്ച സ്വപ്നങ്ങൾ
മുളക്കും മുൻപു നീ
ചവിട്ടിത്താഴ്ത്തിയ
വയൽ നടുവിലേ-
ക്കൊരിക്കൽ മാത്രം നിൻ
സ്മരണ തൻ കൊച്ചു
കുരുവിക്കുഞ്ഞിനെ
പറഞ്ഞു വി,ട്ടര-
നിമിഷനേരത്തേ-
ക്കതിൻ ചിറകടി
സ്രവിച്ചിരിക്കുക....

മദിച്ചു നമ്മളു
ചിരിച്ചപ്പോൾ പുഴ-
ചിരിച്ചതിൻ വള-
ക്കിലുക്കമായ്,ചന്ദ്ര-
നുദിച്ച രാത്രിയി-
ലുറങ്ങുവാൻ മടി-
പിടിച്ചു പാടിയ
പ്രണയ ഗീതമായ്,
ചിരിച്ചതും ചന്ദ്ര-
നുദിച്ചതും പിന്നെ
ഗ്രഹിച്ച കാര്യങ്ങൾ
രസിച്ചതും നിന-
ച്ചിരുന്നു നിർമ്മിച്ച
സൗധമൊക്കെയും
കടല്ക്കരയിലെ
മണല്പ്പരപ്പിലാ-
ണറിഞ്ഞില്ലെങ്കില-
ങ്ങറിഞ്ഞു കൊള്ളുകെ-
ന്നരുളിക്കൊണ്ടു നീ
പിരിഞ്ഞപ്പോഴെന്റെ
ഹ്രുദയം പാടിയ
വിധുര ഗീതമായ്,
കരൾത്തടങ്ങളിൽ
പ്രതിദ്ധ്വനിയുടെ
പടഹമായിരം
മുഴങ്ങിയില്ലയോ.....

അറിഞ്ഞുകാണുമീ-
നിമിഷ,മെന്നെനീ,
അറിഞ്ഞില്ലെന്നൊക്കെ
നടിക്കിലും നിന-
ക്കൊരിക്കലും സഖീ-
മറക്കാൻ പറ്റുകി-
ല്ലെനിക്കും,നീയുമൊ-
രബലയല്ലയോ...
നിനക്കു ഞാനാദ്യ-
മധുര മുന്തിരി-
ച്ചഷകം നല്കിയ
പുരുഷനല്ലയോ......

-0-

ടി.യൂ.അശോകൻ

Saturday, May 14, 2011

കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ

                              മാത്രുഭൂമി ബ്ളോഗനയിൽ വന്ന മൈനാ ഉമൈബാന്റെ“ മുസ്തഫയുടെ വീട്ടിലേക്കു സ്വാഗത”മാണു ഈ കുറിപ്പിനാധാരം.പ്രകൃതിയേയും പരിസ്തിതിയേയും കുറിച്ച്‌ മൈന എഴുതിയതെല്ലാം ഹൃദ്യമായ വായനാനുഭവം പകർന്നിരുന്നതുകൊണ്ട്‌ ഇതും ആ ലൈനിൽത്തന്നെ ആയിരിക്കുമെന്നാണു കരുതിയത്‌. എന്നാൽ താൻ മുൻ കൈയെടുത്തുതുടങ്ങിവച്ച ഒരു കാരുണ്യപ്രവർത്തനവും അതിന്റെ വിജയകരമായ പരിസമാപ്തിയുമാണു പ്രസ്തുത പോസ്റ്റിൽ വിവരിക്കുന്നതു.അങ്ങിനെ, മരത്തിൽ നിന്നുവീണു കിടപ്പിലായിപ്പോയ മുസ്തഫക്കു മൈന നിമിത്തം സ്വന്തമായി വീടുണ്ടായ ആരെയും സന്തോഷിപ്പിക്കുന്ന വിവരം നമ്മൾ അറിയുന്നു.തീർച്ചയായും ഈ സ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ.പക്ഷേ ഒരുവിധത്തില്പെട്ട എല്ലാകാരുണ്യ പ്രവർത്തനങ്ങളുടെപിന്നിലും ഒട്ടും തന്നെ ചർച്ചചെയ്യപ്പെടാതെ പോകുന്ന വളരെ ഗൗരവതരമായ ചില വസ്തുതകൾകൂടി ഉണ്ടെന്നു കാണുക. കാരുണ്യപ്രവർത്തനത്തിൽ വ്യാപരിക്ക്യൂന്നവരുടെ സ്രദ്ധ ഇതിലേക്കു കൂടി ഉണ്ടാകണമെന്നു സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു..
ഒന്നാമതായി ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു അരങ്ങൊരുക്കുന്ന അവസ്ത ഇവിടെ നിലനിൽക്കുന്നു എന്നുള്ളതാണു.ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രഥമപരിഗണയിൽ വരേണ്ട ഭക്ഷണം പാർപ്പിടം ആരോഗ്യം തൊഴിൽ വിദ്യാഭ്യാസം ഇവയിലെല്ലാം ഗവർമേന്റ്‌ പൂർണമായോ ഭാഗികമായോ പരാജയപ്പെടുന്നതിൽ നിന്നാണു മേല്പറഞ്ഞ അവസ്ത സംജാതമാകുന്നതും വ്യക്തികളും കൂട്ടങ്ങളും കാരുണ്യപ്രവർത്തനത്തിലേക്കു തിരിയുന്നതും.ബോധപൂർവമോ വികലമായ പ്ളാനിങ്ങു മൂലമോ മാത്രം സൃഷ്ടിക്കപ്പെടുന്ന മുൻ ചൊന്ന പരാജയം ഒന്നോരണ്ടോ പേർ ക്കു വീടുണ്ടാക്കികൊടുക്കുക ചികിൽസ നൽകുക അന്നദാനം നടത്തുക എന്നിവയിലൂടെ പരിഹരിക്കപ്പെടുന്നതല്ല.മാത്രമല്ല ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു ശേഷവും ബഹുഭൂരിപക്ഷവും എക്കാലവും കാരുണ്യാർത്ഥികളായി തന്നെ നിലനിൽക്കുന്നു എന്നും കാണുക.ഇരകളെ ആശുപത്രിയിലാക്കിയതുകൊണ്ടു മാത്രമല്ല സ്റ്റോക്‌ ഹോം കൺ വെൻഷനിൽ ഇൻഡ്യ എൻഡോസൾഫാനു എതിരായ നിലപാടു ഭാഗികമായെങ്കിലും സ്വീകരിക്കാൻ തയ്യാറായതു.എത്രയോ പേരുടെ എത്രയോ കാലത്തെ നിരന്തര സമര പരിസ്രമങ്ങൾ അതിനു പിന്നിലുണ്ടു. .അതുകൊണ്ട്‌ കുറഞ്ഞപക്ഷം കാരുണ്യപ്രവർത്തകർ തങ്ങളുടെ പ്രവർത്തനപദ്ധതിയിൽ കാരുണ്യപ്രവർതനത്തോടൊപ്പം മേല്പറഞ്ഞ വ്യവസ്തിതിക്കെതിരായി ശബ്ദമുയർത്തുന്നതിലും ഏക കാലികമായി സ്രമം നടത്തേണ്ടതുണ്ടു. പ്ളേഗു പടരുന്നതു ശാശ്വതമായി തടയാൻ ആഗ്രഹിക്കുന്നവർ മാലിന്യക്കൂമ്പാരം കണ്ടില്ലെന്നു നടിക്കരുതു..
                                    രണ്ടാമതായി കാരുണ്യപ്രവർത്തനങ്ങൾ, കാരുണ്യാർഥികളെ സൃഷ്ടിക്കുന്ന വ്യവസ്തിതിക്കെതിരായ സമരങ്ങൾ, ശക്തമാകാതെ ഒരു സേഫ്റ്റി വാൽ വ്‌ ആയി വർത്തിക്കുന്നു എന്നതാണു.അസമത്വവും അനീതിയും കൊടികുത്തി വാഴുമ്പോഴും അവക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാകാതിരിക്കുന്നതും ഉണ്ടാകുന്ന സമരങ്ങൾ, സാമൂഹ്യമാറ്റത്തിനു ഉതകാതിരിക്കുന്നതും കാരുണ്യപ്രവർത്തനങ്ങളും ചിലനീക്കുപോക്കുകളും ഉടനടി സംഭവിക്കുന്നതുകൊണ്ടു കൂടിയാണു..സമ്പത്തിന്റേയും അവസരങ്ങളുടേയും വിതരണം തുല്യമാകാനനുവദിക്കാതെ, ലോകം മുഴുവൻ ധനം കുന്നുകൂട്ടി വച്ചിട്ടുള്ള വ്യക്തികൾ,മൾടി നഷണലുകൾ,കോർപറേറ്റുകൾ ഒക്കെ കാരുണ്യപ്രവർത്തനത്തിനിറങ്ങി തിരിക്കുന്നതു മേല്പറഞ്ഞ സേഫ്റ്റി വാൽ വ്‌ ലക്ഷ്യം മുൻ നിർത്തി മാത്രമാണു.അല്ലാതെ കഷ്ടപ്പെടുന്നവന്റെ കണ്ണീരു കണ്ട്‌ കരളലിഞ്ഞിട്ടൊന്നുമല്ല.ബുദ്ധി അദ്ധ്വാനം പ്രകൃതി വിഭവം ഇവ സമന്വയിപ്പിച്ച്‌ തൊഴിലാളികളൂണ്ടാക്കുന്ന അധിക സമ്പത്ത്‌ പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയും അവിഹിത കൂട്ടുകെട്ടുകളിലൂടെയും ഏതാനും ചിലർ തങ്ങളുടേതു മാത്രമാക്കി മാറ്റുന്നതു കൊണ്ടാണു അവർ ക്കു ഏറ്റവും വലിയ ചേരിക്കു മുൻപിലെ എറ്റവും വലിയ അശ്ളീലമായ 24 നില ബങ്ക്ളാവ്‌ പണിയാൻ കഴിയുന്നതും സ്വിസ്സ്‌ ബാങ്കിലും അതുപോലുള്ള ഒളിമാളങ്ങളിലും നിക്ഷേപങ്ങൾ കുന്നു കൂട്ടാൻ കഴിയുന്നതും ക്യൂൻ മേരി, ക്യൂൻ എലിസബത്‌ പോലുള്ള അത്യാഡംബര നൗകകളിൽ ലോകം ചുറ്റാൻ കഴിയുന്നതും.ഇമ്മാതിരി സുഖങ്ങൾക്കെതിരായ ചെറിയ ചലനങ്ങൾ പോലും അവർ സ്രദ്ധയോടെ നിരീക്ഷിക്കുകയും പലതരത്തിലുള്ള പ്രതിവിധികൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടു.അവരുടെ കാരുണ്യപ്രവർത്തനങ്ങളുടെ പൊരുളിതാണു.
                                      മൂന്നാമതായി കപട കാരുണ്യർത്ഥികളുടെ രം ഗപ്രവേശമാണു.ഇക്കൂട്ടർ മൂന്നു തരമുണ്ടു.ആരോഗ്യവും സൗകര്യങ്ങളുമുണ്ടായിട്ടും മെയ്യനങ്ങാതെ കാരുണ്യം കൊണ്ടു മാത്രം ജീവിക്കുന്നവരും സമ്മർദ്ദം മൂലം അന്യർ ക്കുവേണ്ടി കാരുണ്യം സ്വീകരിക്കുവാൻ വിധിക്കപ്പെട്ടവരും കാരുണ്യം ബിസിനസാക്കിയവരും. കൃത്യമായി, പ്രധാനപ്പെട്ട എല്ലാ ദേവാലയങ്ങൾ ക്കു മുന്നിലും ഉൽസവത്തിന്റെ തലേന്നുതന്നെ ഇവരിൽ ആദ്യം പറഞ്ഞ രണ്ടുകൂട്ടരേയും അൺലോഡ്‌ ചെയ്യാറുണ്ടു. അനാഥാലയത്തിന്റെ മറവിൽ നടന്ന മനസ്സാക്ഷിയെ ഞെട്ടിച്ച ഇടപാടുകളും മറ്റനേകം ഫണ്ടിങ്ങുകളും മേൽ പറഞ്ഞ മൂന്നാം വിഭാഗത്തിൽ പെട്ടതാണു.തീവ്രവാദം, മയക്കുമരുന്നുൾപ്പടെയുള്ള കള്ളക്കടത്ത്‌ എന്നിവക്കുവേണ്ടിയും കാരുണ്യപ്രവർതനം വഴി ലഭിക്കുന്ന ഫണ്ട്‌ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.ഇഛാശക്തിയുള്ള ഒരു ഗവർമേന്റിനു നിയമം മൂലവും നിയമത്തിന്റെ കൃത്യമായ നടത്തിപ്പിലൂടെയും ഇക്കൂട്ടരെ നിർമ്മാർജനം ചെയ്യാൻ കഴിയും.എന്നാൽ മതം ആചാരം വ്യക്തി താല്പര്യം ഇവയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കാരുണ്യം ചൊരിയാൻ കാത്തുനിൽക്കുന്നവരും കാരുണ്യം കച്ചവടമാക്കിയവരും ഗവർമേന്റിന്റെ തന്നെ ഒത്താശകളും മേല്പറഞ്ഞതരം കാരുണ്യാർത്ഥികളെ കൂടുതൽ സൃഷ്ടിക്കുകയാണു.

                                             കാരുണ്യം കാണിക്കുന്നവരും അതു സ്വീകരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും,കാരുണ്യത്തിന്റെ പിന്നിലെ മന:ശാസ്ത്രത്തെക്കുറിച്ചും വിസ്താരഭയത്താൽ വിവരിക്കുന്നില്ല. എന്നാലും ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.,സോവറിൻ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ സെക്കുലർ റിപബ്ളിക്കായ നമ്മൾ, സോഷ്യലിസം എന്ന, സമ്പത്തിന്റേയും അവസരങ്ങളുടേയും തുല്യ വിതരണത്തിൽ കാണിക്കുന്ന അനാസ്തയാണു കാരുണ്യാർത്ഥികളെ സൃഷ്ടിക്കുന്നതെന്നു നിസ്സംശയം പറയാം.കാരണം,കഴിഞ്ഞ അഞ്ചു കൊല്ലമായി വമ്പന്മാർ ക്കു , കോർപറേറ്റ്‌ ടാക്സ്‌,എക്സൈസ്‌ ഡ്യൂടി,കസ്റ്റംസ്‌ ഡ്യുടി എന്നിവയിൽ നല്കിയ ഇളവായ ഇരുപത്തഞ്ചു ലക്ഷം കോടി മാത്രം മതി സാധാരണക്കാരന്റെ ജീവിതം സ്വർഗ്ഗ തുല്യമാക്കാൻ. യഥാർത്ഥ സോഷ്യലിസം ലഭ്യമാകുന്നതു മുൻപു പറഞ്ഞകോർപറേറ്റുകളടക്കമുള്ളവർക്കാണു ..കഴിഞ്ഞ ദിവസം നമ്മളറിഞ്ഞത്‌ സ്വിസ്സ്‌ ബാങ്കിലെ കള്ളപ്പണത്തിന്റെ മുഖ്യ പങ്കു ഇൻഡ്യക്കാരന്റെയാണെന്നാണു.ബാങ്കും ഇൻഷുറൻസും വിറ്റു പുട്ടടിക്കാനുള്ള നിയമം റെഡിയായിക്കഴിഞ്ഞു..സങ്കൽ പിക്കാൻ പോലും പറ്റാത്തത്രയും തുകയുടെ അഴിമതി എന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടു ഏറ്റവും വർദ്ധിച്ച നിരക്കിൽ പെട്രോളിന്റെവില കൂട്ടിയിരിക്കുന്നു.ഏപി എൽ,ബീ പീ എൽ,അവശ്യ സർവീസ്സ്,എന്നീ തരം തിരിവുകളൊന്നും ഇക്കാര്യത്തിൽ ആലോചിച്ചിട്ടു പോലുമില്ല.

.ഇമ്മാതിരി ശുദ്ധ തോന്ന്യവാസങ്ങൾ കാണാൻ കൂട്ടാക്കാതെ കാരുണ്യം ചൊരിഞ്ഞു നടക്കുന്നവർ അത്യന്തികമായി ആരെയാണു സഹായിക്കുന്നതു എന്നു ആലോചിക്കുക.എന്നാൽ കടമയെ കാരുണ്യത്തിൽ നിന്നും വ്യതിരിക്തമായി കാണണമെന്നും പറഞ്ഞുകൊള്ളട്ടെ. എല്ലാവർ ക്കും സുഖവും സന്തോഷവും ആഗ്രഹിക്കുന്നവനും,തട്ടിപ്പും വെട്ടിപ്പും എതിർക്കുന്നവനും അനീതികൾ കാണുമ്പോൾ പൾസടി കൂടുന്നവനുമാണു യഥാർത്ഥ കാരുണ്യവാൻ. അല്ലാതെ കഞ്ഞി പാർച്ച നടത്തി ഫോട്ടോ പ്രസിദ്ധീകരിച്ചതുകൊണ്ടും, എൻഡോസൾഫാൻ ഇരകളെ കാണാൻ കാസർകോട്ടേക്കു തിരിച്ചതു കൊണ്ടും വ്യവസ്തിതിക്കു യാതൊരു മാറ്റവും സംഭവിക്കില്ല എന്നു കാണുക. ഒന്നുകൂടി ആവർത്തിക്കട്ടെ..പ്ളേഗു തടയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ മാലിന്യക്കൂമ്പാരമാണു നശിപ്പിക്കേണ്ടതു. അല്ലാതെ പ്ളേഗ്‌ പിടിച്ചവന്റെ വായിൽ ആന്റിബയോട്ടിക്‌ ഗുളിക തിരുകി ഫോട്ടോ എടുത്തതു കൊണ്ടുമാത്രം കാര്യമായി ഒന്നും തന്നെ സംഭവിക്കില്ല.. സംശയിക്കേണ്ട..മനസ്സു വച്ചാൽ മറ്റൊരു ലോകം സുസാദ്ധ്യമാണു.മനുഷ്യനു മനുഷ്യന്റെ വാക്കുകൾ സംഗീതമായി സ്രവിക്കാൻ കഴിയുന്ന, സമ്പത്തും അവസരങ്ങളും എല്ലാവർ ക്കും ഒരുപോലെ ലഭ്യമാവുന്ന മറ്റൊരു ലോകം..

                                     -0-

ടി.യൂ.അശോകൻ

Thursday, February 17, 2011

എൻ.എസ്‌.മാധവൻ,സന്തോഷ്‌ എച്ചിക്കാനം,പിന്നെ ബ്ളോഗെഴുത്തുകാരും


സ്രീ.സന്തോഷ്‌ എച്ചിക്കാനത്തിനു  ബ്ളോഗില്‍ പ്രത്യക്ഷപ്പെടുന്നവര്‍ വാല്‍ നക്ഷത്രങ്ങള്‍ മാത്രമാണു.സ്രീ.എന്‍.എസ്‌.മാധവന്റെ കാഴ്ചപ്പാടില്‍ ബ്ളോഗ്‌ വംശ നാശം വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമവും.
യുക്തി ,ദീര്‍ഘ വീക്ഷണം,ചരിത്രബോധം ഇവയൊന്നുമില്ലാത്ത കേവല പ്രസ്താവനകള്‍ മാത്രമാണിവ രണ്ടും. നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ഇവരില്‍ നിന്നും ഇങ്ങനെയൊരു പ്രസ്താവമല്ല ഉണ്ടാകേണ്ടിയിരുന്നത്.ബ്ളോഗില്‍ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളിലെല്ലാം തന്നെ നാളിതുവരെ എത്രയോ വാല്‍ നക്ഷ്ത്രങ്ങള്‍
ഉദിച്ചസ്തമിച്ചിരിക്കുന്നു. ഇനിയെത്രയെണ്ണം ഉദിക്കാനും അസ്തമിക്കാനുമിരിക്കുന്നു.പിന്നെ വംശ നാശത്തിന്റെ കാര്യം.അതു കാലം തെളിയിക്കേണ്ടതല്ലേ.
അത്ര കൃത്യമായി പ്രവചനം നടത്താന്‍ നോസ്ത്രദാമസ് ജീവിച്ചിരിപ്പുമില്ല.

ഏതൊരു കലാസൃഷ്ടിയും നല്ലതോ ചീത്തയോ ആകുന്നതു അതു പ്രത്യക്ഷപ്പെടുന്ന മാദ്ധ്യമത്തിന്റെയോ,സൃഷ്ടികര്‍ത്താവു പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെയോ പ്രത്യേകത കൊണ്ടല്ല.എവിടെ അവതരിച്ചാലും ആര്‍ എഴുതിയാലും ഒരു കലാ സൃഷ്ടി സര്‍ഗ്ഗാത്മകമാകുന്നതും ചിലതെങ്കിലും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും അനുവാചകനെ ഉദാത്തമായ അനുഭൂതിയുടെ മേഖലകളിലേക്കാനയിക്കാന്‍ അതിനുള്ള കഴിവു കൊണ്ടു മാത്രമാണു.ലോക ക്ളാസിക്കുകള്‍ തന്നെ ഒന്നാന്തരം ഉദാഹരണം.ബ്ളോഗില്‍ വന്നതു കൊണ്ടോ, പത്രമാസികകളിലോ പുസ്തക രൂപത്തിലോ വന്നതുകൊണ്ടോ മാത്രം ഒരു രചന മെച്ചപ്പെട്ടതാകണമെന്നില്ല;മറിച്ചും.പെണ്ണെഴുത്ത്,ദളിതെഴുത്ത്,ദക്ഷിണാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍,പാശ്ചാത്യ-പൗരസ്ത്യ വേര്‍തിരിവുകളിലും കാര്യമില്ല.കഥയില്ലായ്മയെഴുതി പെണ്ണെഴുത്തിന്റെ പേരില്‍ വിലസുന്നവരും ഒന്നാന്തരം കഥകളെഴുതിയിട്ടും പെണ്ണെഴുത്തിന്റെ വേലിക്കെട്ടിനകത്തു തളയ്ക്കപ്പെട്ടവരും ഇവിടെയുണ്ട്.ദളിതെഴുത്തും തഥൈവ.ശരണ്‍ കുമാര്‍ ലിംബാളെയുടെ വിവര്‍ത്തനങ്ങളേക്കാള്‍ എത്രയോ മെച്ചമാണു സാറാ തോമസിന്റെ ദൈവമക്കള്‍.
ആരുടേയും കാലു പിടിക്കാതെയും എഡിറ്ററുടെ കത്രികക്കിരയാവാതെയും സ്വന്തം രചന പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നുള്ളതാണു ബ്ളോഗിന്റെ മെച്ചം.അതു ദോഷമായും ഭവിക്കുന്നുണ്ടു.കവിതയെന്ന പേരില്‍ ബ്ളോഗില്‍ വരുന്ന ഏതാണ്ടെല്ലാം തന്നെ മറ്റെന്തെങ്കിലും പേരില്‍ വിളിക്കപ്പെടേണ്ട ഒരു ഐറ്റമായിട്ടേ തോന്നിയിട്ടുള്ളു.കവിത്വ സിദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്ത കേവല കവിയശ്ശ:പ്രാര്‍ത്ഥികളേക്കൊണ്ടു ബ്ളോഗ്  ലോകം നിറഞ്ഞിരിക്കുന്നു.(ആനുകാലികങ്ങളിലും ഇക്കൂട്ടര്‍ ധാരാളമുണ്ടു.)കമന്റുകള്‍ കൊണ്ടു പരസ്പരം പുറം ചൊറിഞ്ഞാണിവര്‍ മഹാകവികളാകുന്നത്. എന്നാല്‍ ഇടക്കൊക്കെ നല്ല കവിതകളും എച്മിക്കുട്ടിയേപ്പോലുള്ളവരുടെ ഒന്നാന്തരം കഥകളും(ദൈവത്തിന്റെ വിരലുകള്‍ ഗിതാര്‍ വായിക്കുമ്പോള്‍) ബ്ളോഗില്‍ വായിക്കാന്‍ കിട്ടുന്നുണ്ട്.
അവനവന്‍ പ്രസാധനമാണെന്നും എഡിറ്ററുടെ കൈ കടത്തലില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന ബ്ളോഗെഴുത്തുകാര്‍ ഒരു കാര്യം മറക്കുന്നു.അവനവനില്‍ തന്നെ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത.തന്റെ രചന ലോകത്തിന്റെ മുന്‍പിലേക്കെറിഞ്ഞു കൊടുക്കുന്നതിന്‍ മുന്‍പ് അതിനു തക്ക യോഗ്യത അതിനുണ്ടോ എന്നു സ്വന്തം മന:സാക്ഷിയോട് പലവട്ടം ചോദിക്കുന്നതു നന്നായിരിക്കും..എന്നിട്ടു ഓകേ ആണെങ്കില്‍ മാത്രം പബ്ളിഷ് ബട്ടനില്‍ വിരലമര്‍ത്തുക.പക്ഷേ അങ്ങിനെ ചോദിക്കാന്‍ തോന്നണമെങ്കില്‍ പൂര്‍വസൂരികളുടെ രചനകളുടെ വരമ്പത്തു കൂടെയെങ്കിലും ഒന്നു നടന്നിരിക്കണം.പ്രപഞ്ചം,പ്രകൃതി,സമൂഹം ഇവയേക്കുറിച്ചും ചെറുതല്ലാത്ത ഒരു ധാരണ ഉണ്ടായിരിക്കണം.ഇതൊന്നുമില്ലാതെ,സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ മാത്രം സര്‍ഗ്ഗ ക്രിയക്കൊരുങ്ങുന്നതു മൗഢ്യമാണു.എന്തൊക്കെയോ കുത്തിക്കുറിച്ച് ജീവിതത്തിന്റെ ഇതുവരെ സ്പര്‍ശിക്കാത്ത സൂക്ഷ്മ സ്ഥലികളെ പ്രത്യക്ഷവല്ക്കരിക്കുന്നു എന്നും,കവിതാം ഗന ഇന്നു പഴയ നാണമെല്ലാം കളഞ്ഞ് ജീന്‍സും ടോപ്പും ധരിച്ച് പുതു വഴിയേ നടന്നു അവളെ അടയാളപ്പെടുത്തുന്നു എന്നും എഴുതിയാല്‍ സാഹിത്യം ഉണ്ടാകില്ല.കവിത ഒരിക്കലും ഉണ്ടാകില്ല.ചുമ്മാതെയാണോ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥകളിലൊന്നായ ഹിഗ്ഗ്വിറ്റ എഴുതിയ എന്‍.എസ്.മാധവന്‍ ബ്ളോഗെഴുത്തുകാരെ ശപിച്ചത്.

   -0-
ടി.യൂ.അശോകന്‍



Tuesday, January 25, 2011

ഒന്നുണർ ന്നു പാടാൻ


ചിര കാലമായ് മീട്ടു-
മൊരുഗാന,മെന്‍ വീണ-
യൊരു,ദിനം പാടാന്‍
വിസമ്മതിച്ചു.

ശ്രുതിയേറു,മാഗാന-
മാലപിച്ചീടുവാന്‍
ശ്രമ,മേറെ വീണയിൽ
ചെയ്തു,വെന്നാല്‍,

അപസ്വരം മൂളിയ-
തല്ലാതെ തന്ത്രികള്‍
ഒരു വരി പോലും
പകര്‍ന്നതില്ല.

സ്വരജതികൾ കോർത്തു, ഞാൻ
സ്വർഗ്ഗ പ്രതീക്ഷതൻ
പുതു വരികൾ പാടി-
പ്പറന്നതോർക്കേ,

ഹൃദയാന്തരാളങ്ങ-
ളേതോ വിഷാദാര്‍ദ്ര
കനവിന്റെ തീരങ്ങള്‍
തേടി മൂകം.

ഇനിയെന്റെ സ്വപ്നം
പുലര്‍ ന്നു കാണാ-
നൊരു വരി മാത്രമെങ്കിലു-
മാലപിക്കാന്‍,

ഇനി വരാനുള്ളൊരാ-
പുത്തന്‍ പുലരിതന്‍
സ്മ്രുതിയേക്കുറിച്ചൊ-
ന്നുണര്‍ ന്നു പാടാന്‍,

കാലമെൻ വീണതൻ
തന്ത്രികൾക്കാഗാന-
മേകും ദിനത്തെ ഞാൻ
കാത്തിരിപ്പൂ...

      -----)---

ടി.യൂ.അശോകന്‍

Friday, December 17, 2010

ഒരു പൈങ്കിളിപ്പാട്ട്

എൻ കരൾക്കൂട്ടിൽ വിരുന്നു വന്ന
പൈങ്കിളീ ഇന്നു നീ എങ്ങിരിപ്പൂ
എന്നോടൊരു വാക്കു ചൊന്നിടാതെ
എങ്ങു പറന്നു പോ,യോമനേ നീ.....

പുത്തൻ കളിത്തോഴ,നൊത്തു നീയീ-
സ്വഛമാം വാനിലൂ,ടെന്നുമെന്നും
മുട്ടിയുരുമ്മി,പ്പറന്നിടുമ്പോൾ
എത്തുമോ,യെന്നൊർമ്മ നിന്റെയുള്ളിൽ...

നീലത്തടാകത്തി,നക്കരെയാ
നെല്ലി മരത്തിലെ,ച്ചില്ലയൊന്നിൽ
തങ്കനൂൽ പാകി നാം തീർത്തു വച്ച
സങ്കല്പ പൻ ജരം നീ മറന്നോ...

പോവുകയാണു ഞാ,നീനിമിഷം
നാ,മന്നിരുന്നൊരാ നെല്ലിയിന്മേൽ
അന്നുനാം നിർമ്മിച്ച കൂടിന്നുമാ
ചില്ലയിൽ ജീർണിച്ചിരിപ്പതുണ്ടാം

പൊട്ടിത്തകർന്നൊരെൻ സ്വപ്നങ്ങളെ
കെട്ടിപ്പിടിച്ചുകൊ,ണ്ടേകനായി
നഷ്ട സ്വർഗങ്ങൾ തൻ പാട്ടു പാടാൻ
ഒട്ടു നാ,ളക്കൂട്ടിൽ ഞാനിരിക്കും

പുത്തൻ കളിത്തൊഴനൊത്തു നീയാ-
വൃക്ഷത്തിലെങ്ങാൻ വിരുന്നു വന്നാൽ
പൊട്ടിയ തന്ത്രിയിൽ ഞാ,നുണർത്തും
പാട്ടിന്നപസ്രുതി കേട്ടുറക്കെ
വിണ്ടൊരെൻ ഹൃത്തിലേക്കായിരം കൂ-
രമ്പുകൾ നിർദ്ദയം എയ്തിടുമ്പോൽ-
പൊട്ടിച്ചിരിച്ചു നിൻ തോഴനോടൊ-
ത്താച്ചില്ല വിട്ടു പറന്നിടല്ലേ.....

   -0-
ടി.യു.അശോകൻ

Wednesday, December 15, 2010

വീണ്ടും

വിടരാൻ മടിച്ചോരു
മുകുളം കണക്കെന്റെ
ഹ്രുദയപ്പൂന്തോപ്പിലെ
ചെടിയിൽ പിറന്ന നീ..

മലരായ്‌ മനസ്സിന്റെ
സുവർണാങ്കണമാകെ
മണമേകിടുംദിനം
കാത്തു ഞാൻ കഴിഞ്ഞതും,

കുളിരും കൊണ്ടീവഴി-
യൊഴുകിപ്പാട്ടും പാടി
യകലും പുഴയുടെ-
യരുകിൽ ത്തണലിൽ നിൻ
നറു പുഞ്ചിരി പ്രഭ
വിരിയും മുഖാംബുജം
തഴുകും മനസ്സുമായ്‌-
തനിയേ,യിരുന്നതും,

ഒരുനാ,ളന്തിത്തിരി
കൊളുത്താൻ സർപ്പക്കാവി-
ന്നിരുളിൻ നടുവിലേ-
ക്കടിവെ,ച്ചണഞ്ഞ നിൻ
ചൊടിയിൽ നിന്നിത്തിരി
മധുരം പിന്നിൽ ക്കൂടി
മുറുകെപ്പുണർ ന്നു ഞാൻ
നുകരാൻ മുതിർന്നതും,

എരിയും തിരി നാളം
നിൻ കരം വിറയാർന്നി-
ട്ടുതിരും ചിതൽ പ്പുറ്റിൽ
വീണുട,നണഞ്ഞപ്പോൾ
നിറയും ഭയത്തിനാൽ
പാപമാണെന്നോതിയെൻ
മാറിലെച്ചൂടിൽ നിന്നും
വേർപെട്ടു മറഞ്ഞതും,

നീരവ,നീലാകാശ-
ത്താഴെ,യീപ്പുഴയോര-
ത്തേറെ വർഷത്തിൻ ശേഷ-
മിന്നു ഞാൻ വന്നീടവേ...
കാലമാം ചിതൽ തിന്ന-
മനസ്സിൻ വെള്ളിത്തിര-
മേലൊരു ചലച്ചിത്രം
പോലെവ,ന്നെത്തീ വീണ്ടും.....

           -0-

ടി.യു.അശോകൻ

Wednesday, November 10, 2010

കുട്ടിയും കുരുവിയും

നനുത്ത തൂവലു കൊരുത്ത ചിറകുകൾ
വിരുത്തി,യെന്നുടെ പൂന്തോപ്പിൽ
നിരന്ന പുലരി,ക്കതിരിന്നൊപ്പം
പറന്നു വന്നൊരു തേൻ കുരുവീ...

വിടർന്ന പൂവിൻ മുന്നിൽ പൊങ്ങി-
പ്പറന്നു നിന്നൊരു നേരം ഞാൻ
തൊടുത്തു വിട്ടൊരു കവണിക്കല്ലേ-
റ്റുതിർന്ന പൂവിൻ ശയ്യയിൽ നീ
പിടഞ്ഞു വീണതു കാണുമ്പോ,ളെൻ
കുരുന്നു ഹൃദയം തേങ്ങുന്നു..

നിനക്കു കൂടും കൂട്ടിനു കൂട്ടിൽ
ഇണക്കുരുവീം കാണില്ലേ...
വെളുത്ത മുട്ടക,ളിട്ടവ,ളവയുടെ
അടുത്തിരിക്കുകയാവില്ലേ..
അവൾ ക്കു തേനും തിനയും തേടി-
ത്തിരിച്ചതല്ലേ രാവിലെ നീ..
തിരിച്ചു പോകാൻ വയ്യാതിങ്ങനെ
മരച്ചുവട്ടിൽ പിടയുമ്പോൾ
ശ്രവിച്ചിടുന്നതു,മവളുടെ പ്രേമ-
ച്ചിലമ്പനങ്ങും സ്വനമല്ലേ..

അടുത്തു ചെന്നി,ട്ടവളുടെ ചുണ്ടിൽ
ഒരിറ്റു മധുരം നല്കാനായ്‌
ഒടിഞ്ഞ ചിറകുകൾ വീണ്ടും വീണ്ടും
കുടഞ്ഞു മുന്നോട്ടായുമ്പോൾ
കടുത്ത ദു:ഖം കടിച്ചമർത്തി
നിനക്കു മുന്നിലിരിക്കും ഞാൻ
പൊഴിച്ചിടുന്നൂ മിഴി നീർ,വേദന-
പകുത്തിടാനായ്‌,പ്പൊൻ കുരുവീ......

          --(---

ടി. യൂ. അശോകൻ




Tuesday, October 26, 2010

നിന്നെയും തേടി

ആയിരം സ്വപ്നങ്ങൾ
പൂവി,ട്ടുലഞ്ഞൊരെൻ
മാനസമിന്നു
വെറും മണല്ക്കാടു താൻ...

ശപ്ത ദു:ഖങ്ങൾതൻ
വേനലിൻ ചൂടിലാ
പുഷ്പങ്ങളൊക്കെയും
വാടിക്കരിഞ്ഞു പോയ്...

നഷ്ട സ്വർഗ്ഗങ്ങളെ
മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ
കാല്പ്പാടു തേടവേ...

വ്യർത്ഥ മോഹങ്ങൾ
മരീചികയായ് മുന്നിൽ
നൃത്തം ചവിട്ടി-
പ്പിടി തരാ,തോടുന്നു...

കാതങ്ങളൊത്തിരി
മുന്നിലുണ്ടിപ്പൊഴും
പാദം തളർന്നു ഞാൻ
വീഴുന്നതിൻ മുൻപ്

ഇത്തിരി സ്നേഹ,നീ-
രേകാ,നൊരു,മരു-
പ്പച്ചയാ,യെത്തുമോ
ഈ മരു ഭൂവിൽ നീ....

          --(---


ടി. യു. അശോകൻ