Wednesday, December 15, 2010

വീണ്ടും

വിടരാൻ മടിച്ചോരു
മുകുളം കണക്കെന്റെ
ഹ്രുദയപ്പൂന്തോപ്പിലെ
ചെടിയിൽ പിറന്ന നീ..

മലരായ്‌ മനസ്സിന്റെ
സുവർണാങ്കണമാകെ
മണമേകിടുംദിനം
കാത്തു ഞാൻ കഴിഞ്ഞതും,

കുളിരും കൊണ്ടീവഴി-
യൊഴുകിപ്പാട്ടും പാടി
യകലും പുഴയുടെ-
യരുകിൽ ത്തണലിൽ നിൻ
നറു പുഞ്ചിരി പ്രഭ
വിരിയും മുഖാംബുജം
തഴുകും മനസ്സുമായ്‌-
തനിയേ,യിരുന്നതും,

ഒരുനാ,ളന്തിത്തിരി
കൊളുത്താൻ സർപ്പക്കാവി-
ന്നിരുളിൻ നടുവിലേ-
ക്കടിവെ,ച്ചണഞ്ഞ നിൻ
ചൊടിയിൽ നിന്നിത്തിരി
മധുരം പിന്നിൽ ക്കൂടി
മുറുകെപ്പുണർ ന്നു ഞാൻ
നുകരാൻ മുതിർന്നതും,

എരിയും തിരി നാളം
നിൻ കരം വിറയാർന്നി-
ട്ടുതിരും ചിതൽ പ്പുറ്റിൽ
വീണുട,നണഞ്ഞപ്പോൾ
നിറയും ഭയത്തിനാൽ
പാപമാണെന്നോതിയെൻ
മാറിലെച്ചൂടിൽ നിന്നും
വേർപെട്ടു മറഞ്ഞതും,

നീരവ,നീലാകാശ-
ത്താഴെ,യീപ്പുഴയോര-
ത്തേറെ വർഷത്തിൻ ശേഷ-
മിന്നു ഞാൻ വന്നീടവേ...
കാലമാം ചിതൽ തിന്ന-
മനസ്സിൻ വെള്ളിത്തിര-
മേലൊരു ചലച്ചിത്രം
പോലെവ,ന്നെത്തീ വീണ്ടും.....

           -0-

ടി.യു.അശോകൻ