അരക്കിറുക്കനും
മുഴുക്കിറുക്കനും
അരിക്കുവേണ്ടിയെന്‍
കടയിലെത്തവേ
കിറുക്കില്ലാത്തവ-
നൊരുത്തന്‍ വന്നൊരു
ചുരുട്ടു കത്തിച്ചു
ചിരിച്ചു നല്കി,ഞാന്‍
ചിരിച്ചു കൂടെ,യെന്‍
സിരയില്‍ നിര്‍വൃതി-
യരിച്ചിറങ്ങവേ
തലമുഴുത്തതാ-
മുറുമ്പുകളെത്തി-
യരിമുഴുക്കെയും
ചുമന്നുകൊണ്ടുപോയ്-
കിറുക്കില്ലാത്തവന്‍
ചുരുട്ടു തന്നവന്‍
തുരന്നു വച്ചൊരു
ഗുഹയിലാക്കി,ഞാന്‍
മിഴിച്ചു നോക്കുമ്പോള്‍
കിറുക്കന്മാര്‍ രണ്ടും
കടക്കു മുന്‍പിലായ്
കിടന്നുറങ്ങുന്നു.
അരിശം വന്നു ഞാ-
നടിച്ചുകൂട്ടിയോ-
രരിനുറുക്കുള്ള
പൊടിമുഴുക്കെയും
കിറുക്കന്മാരുടെ
തലയില്‍ത്തട്ടിയെന്‍
കടയും പൂട്ടീട്ടു
കടന്നുടന്‍ തന്നെ.
അടുത്തവെട്ടത്തി-
ലരയില്‍ താക്കോലും
തിരുകിഞ്ഞാനെന്റെ
കടയിലെത്തവേ
അരിനുറുക്കു,വാ-
യ്ക്കരി,യായ് സ്വീകരി-
ച്ചവരിരുവരു-
മുറങ്ങു,ന്നപ്പോഴും
തലമുഴുത്തതാ-
മുറുമ്പുകളെത്തി
വായ്ക്കരികൂടി വേഗം
ചുമക്കുന്നു പിന്നെ
കിറുക്കന്മാരുടെ
തുറിച്ച കണ്‍കളി-
ലരിച്ചിറങ്ങുന്നെന്‍
ഇടത്തു കാലിലും
കടിച്ചു നീങ്ങുന്നു.
-0-
ടി.യൂ.അശോകന്‍