Saturday, May 21, 2011

ബന്ധം

അറിയുമോ എന്നെ
അറിയുവാൻ നമ്മൾ-
ഗതകാലങ്ങളിൽ
വിതച്ച സ്വപ്നങ്ങൾ
മുളക്കും മുൻപു നീ
ചവിട്ടിത്താഴ്ത്തിയ
വയൽ നടുവിലേ-
ക്കൊരിക്കൽ മാത്രം നിൻ
സ്മരണ തൻ കൊച്ചു
കുരുവിക്കുഞ്ഞിനെ
പറഞ്ഞു വി,ട്ടര-
നിമിഷനേരത്തേ-
ക്കതിൻ ചിറകടി
സ്രവിച്ചിരിക്കുക....

മദിച്ചു നമ്മളു
ചിരിച്ചപ്പോൾ പുഴ-
ചിരിച്ചതിൻ വള-
ക്കിലുക്കമായ്,ചന്ദ്ര-
നുദിച്ച രാത്രിയി-
ലുറങ്ങുവാൻ മടി-
പിടിച്ചു പാടിയ
പ്രണയ ഗീതമായ്,
ചിരിച്ചതും ചന്ദ്ര-
നുദിച്ചതും പിന്നെ
ഗ്രഹിച്ച കാര്യങ്ങൾ
രസിച്ചതും നിന-
ച്ചിരുന്നു നിർമ്മിച്ച
സൗധമൊക്കെയും
കടല്ക്കരയിലെ
മണല്പ്പരപ്പിലാ-
ണറിഞ്ഞില്ലെങ്കില-
ങ്ങറിഞ്ഞു കൊള്ളുകെ-
ന്നരുളിക്കൊണ്ടു നീ
പിരിഞ്ഞപ്പോഴെന്റെ
ഹ്രുദയം പാടിയ
വിധുര ഗീതമായ്,
കരൾത്തടങ്ങളിൽ
പ്രതിദ്ധ്വനിയുടെ
പടഹമായിരം
മുഴങ്ങിയില്ലയോ.....

അറിഞ്ഞുകാണുമീ-
നിമിഷ,മെന്നെനീ,
അറിഞ്ഞില്ലെന്നൊക്കെ
നടിക്കിലും നിന-
ക്കൊരിക്കലും സഖീ-
മറക്കാൻ പറ്റുകി-
ല്ലെനിക്കും,നീയുമൊ-
രബലയല്ലയോ...
നിനക്കു ഞാനാദ്യ-
മധുര മുന്തിരി-
ച്ചഷകം നല്കിയ
പുരുഷനല്ലയോ......

-0-

ടി.യൂ.അശോകൻ