വേനലിലെ മഴക്കോളുനോക്കി ഇത്തവണയും ഏപ്രിലിൽ തന്നെ തൃശൂർ ജില്ലയിൽ അതിരാത്രം അരങ്ങേറി.യാഗാഗ്നി കെട്ടടങ്ങിയിട്ടും മഴ പെയ്തില്ല. മാദ്ധ്യമങ്ങൾ ഇക്കഴിഞ്ഞ അതിരാത്രത്തിനു പഴയതുപോലുള്ള പ്രചാരണങ്ങളും നല്കിയതായി കണ്ടില്ല.ശാസ്ത്രാഭിമുഖ്യം മാദ്ധ്യമങ്ങളുടെ തലയ്ക്കു പിടിച്ചതാവാൻ വഴിയില്ല. ചർവിത ചർവണത്തിൽ അവർ ക്കും മടുപ്പുതോന്നിയതാവാനേ തരമുള്ളു.
സംസ്കാരത്തിന്റെ ക്രമികമായ വികാസത്തിനിടയിൽ ആദ്യമായി വക്രബുദ്ധിയുദിച്ചവരിൽ ചിലർ, അവരുടേയും അവരുടെ പിൻ തലമുറകളുടേയും മാത്രം എന്നന്നേയ്ക്കുമായ മേല്ക്കോയ്മയ്ക്കും തദ്വാരാ സുഖത്തിനും വേണ്ടി എണ്ണിയാലൊടുങ്ങാത്ത തന്ത്രങ്ങളാണു കൗശലപൂർവ്വം പടച്ചുവച്ചിട്ടുള്ളത്. കണ്ണിപൊട്ടാതെ കാത്തുപോന്നിരുന്ന ഈ തന്ത്രശൃംഖലകളാൽ, ചൂഷകസമ്രാട്ടുകളായ മേല്പറഞ്ഞകൂട്ടർ, പണിയെടുത്തു ജീവിതം പടുത്തുയർത്തുന്നവരെയാകെ, സഹസ്രാബ്ദങ്ങളായി കെട്ടിയിട്ടിരിക്കയായിരുന്നു..അതുവഴി തങ്ങളുടെ ചൂഷണം നിർബ്ബാധം തുടരുകയും ചെയ്തിരുന്നു. ദൈവം,മന്ത്രം,മതം,വർണം,ജാതി ഇവയോടനുബന്ധിച്ചുള്ള വ്യതിരിക്തവും ക്രോഡീകരിക്കപ്പെട്ടതുമായ ഒട്ടനവധി നിയമങ്ങൾ, ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ,മിത്തുകൾ എല്ലാം തന്നെ മുൻപു സൂചിപ്പിച്ച തന്ത്രശൃംഖലയിലെ കണ്ണികൾ മാത്രം.ഈ ചങ്ങലക്കണ്ണികൾക്ക് കാലാന്തരത്തിൽ ഏറ്റതും ഏറ്റുകൊണ്ടിരിക്കുന്നതുമായ കേടുപാടുകൾ, പരിഹരിക്കാൻ കഴിയുമെന്ന മൂഢവിശ്വാസത്തിലാണു ഈ വേട്ടക്കാരുടെ പിൻ തലമുറകളിലെ ഭൂരിഭാഗവും ഇപ്പോഴും കഴിയുന്നത്. മൺ മറഞ്ഞ ഗതകാല വൈകൃതങ്ങളുടെ വീണ്ടെടുപ്പിനുള്ള ഇവരുടെ തത്രപ്പാടായി മാത്രമേ ഈയിടെയായി നടത്തപ്പെടുന്ന അതിരാത്രത്തിനെ കണക്കാക്കാൻ കഴിയുകയുള്ളു.ലോകത്തിന്റെ ഇതരകോണുകളിൽ ഇത്തരം ഗോഷ്ടികൾ തരതമ്യേന കുറവായിരിക്കുമ്പോൾ,നമ്മുടെ നാട്ടിൽ തീർത്തും അജ്ഞരായ ചിലർ ഇരുണ്ടകാലഘട്ടങ്ങളിലേക്ക് മനുഷ്യസംസ്കൃതിയെ തിരിച്ചുകൊണ്ടുപോകുന്നതിനുള്ള പാഴ്ശ്രമം നടത്തി തൃപ്തിയടയുന്നു.മാനം കാക്കാനുള്ള കൊലയും മതിലുകെട്ടി മനുഷ്യനെ വേർതിരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റിന്റേയും രജിസ്ട്രേഷൻ ഐജിയുടേയും ഓഫീസുകളിൽ ചാണകം തളിക്കുന്നതും അതിരാത്രം നടത്തുന്നതും ഒരേലക്ഷ്യം മുൻ നിർത്തിയുള്ള വിവിധ പ്രവർത്തനങ്ങൾ മാത്രം.എന്നാൽ ഇനിയുമൊരു ദിഗ്ജയത്തിനു ബാല്യമില്ലെന്ന കാര്യം മാത്രം ഇക്കൂട്ടർ അറിയുന്നില്ല.
പലതരത്തിലുള്ള യാഗങ്ങളിൽ ഒന്നു മാത്രമാണു അതിരാത്രം.ഋക്,യജുർവേദ ശ്ളോകങ്ങളാണു മന്ത്രങ്ങളെന്ന പേരിൽ യാഗങ്ങളിൽ ഉപയോഗിക്കുന്നത്.ഏതാണ്ട് നാലായിരം വർഷങ്ങൾ മുൻപ് ഇറാനിൽ നിന്നും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നിന്നും ഇൻഡ്യയിലേക്കു വന്നവരാണു വേദങ്ങളുടേയും അതുവഴി യാഗങ്ങളുടേയും സ്രഷ്ടാക്കൾ.(പ്രാചീന ഇറാനിയൻ വേദഗ്രന്ഥമായ സെന്റ് അവെസ്തയും ഋഗ്വേദവും തമ്മിലുള്ള ബന്ധം സുവിദിതമാണു.)അന്നിവിടെ നിലനിന്നിരുന്ന സംസ്കൃതിക്കുമേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിൽ ഇക്കൂട്ടർ വിജയിക്കുകയും,ബ്രിട്ടീഷുകാർ ഇൻഡ്യയിലേക്കു വന്നപ്പോൾ സംഭവിച്ചതുപോലെതന്നെ,വന്നവർ മെച്ചപ്പെട്ടവരും നിന്നവർ അധമരുമായിത്തീരുകയും ചെയ്തു.ആയുധം കൊണ്ട് അടിച്ചമർത്തിയതിനൊപ്പം യാഗങ്ങൾ പോലുള്ള വൈദികകർമങ്ങളും നിരന്തരം നടത്തിയാണു തങ്ങളുടെ അതിശ്രേഷ്ഠത്വം ഇവർ സ്ഥാപിച്ചെടുത്തത്.വേദങ്ങളിലുടനീളം പരാമർശിക്കപ്പെടുകയും യാഗഹവിസ് സ്വീകരിച്ച് അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന ഇന്ദ്രന്റെ പര്യായം തന്നെ പുരന്ദരൻ(ഭവന ഭേദനം ചെയ്യുന്നവൻ)എന്നാണു.നിലനിന്നിരുന്ന കാലഘട്ടത്തിലെ ഏറ്റവും മഹത്തായ ഒരു സംസ്കൃതിയെ കുതന്ത്രങ്ങളിലൂടെ ഉന്മൂലനം ചെയ്തകൂട്ടർ ക്കു അനുയോജ്യമായ വിളിപ്പേരു തന്നെ.
ഈശ്വരപ്രീതിയും അതുവഴി സദ്ഫലങ്ങൾ ഉളവാക്കുകയുമാണു യാഗങ്ങളുടെ ലക്ഷ്യമെന്നു ഇവർ പറയുന്നു.എന്നാൽ ഈ യാഗങ്ങൾ ബ്രാഹ്മണർ ക്കും ക്ഷത്രിയർ ക്കും മാത്രമേ നടത്താൻ അവകാശമുള്ളു എന്നും ഇവർ തന്നെ പറയുന്നു.ക്ഷത്രിയർക്കു പോലും അതിരാത്രം നടത്താൻ അനുവാദമില്ല.അവർക്ക് അതിരാത്രത്തിനു താഴെയുള്ള അഗ്നിഷ്ടോമം,അശ്വമേധം തുടങ്ങിയവയേ നടത്താൻ കഴിയൂ.അതായത് സകല ചരാചരങ്ങൾ ക്കും ഉടയവനും ജഗന്നിയന്താവുമായി കരുതപ്പെടുന്ന സാക്ഷാൽ പരബ്രഹ്മത്തിനെ പ്രീതിപ്പെടുത്താൻ എല്ലാവർക്കും അവകാശമില്ല.അപ്പോൾ ഒന്നുകിൽ ഈശ്വരൻ മാന്യനല്ല എന്നു വരുന്നു.അല്ലെങ്കിൽ സുഖം വീതംവെയ്ക്കാൻ ഒരുകൂട്ടർ തയ്യാറല്ല.രണ്ടായാലും ഈശ്വരപ്രീതിക്കാണു യാഗം നടത്തുന്നത് എന്നവാദം ഇവിടെ പൊളിയുന്നു.
ഇനി അതി നിഗൂഢവും ഈശ്വരനെ കർമനിരതനാക്കുന്നതുമായ മന്ത്രങ്ങളിലേക്കു വരാം.അത്രമെച്ചമല്ലാതിരുന്ന മധ്യേഷ്യയുടേയും യൂറോപ്പിന്റേയും ഭാഗങ്ങളിൽനിന്നും വന്നവർ,ഇൻഡ്യൻ നദീതടങ്ങളിലെ സുലഭമായ പദാർത്ഥങ്ങൾ അനുഭവിച്ച്,തങ്ങളുടെ മുന്നിൽ കണ്ട പ്രകൃതിയേയും പ്രതിഭാസങ്ങളേയും കുറിച്ച് പാടിയ കല്പനാശില്പങ്ങളാണു വേദമന്ത്രങ്ങളിലധികവും.അഗ്നിമീളേ പുരോഹിതം-യജ്ഞസ്യദേവ മൃത്യുജം-ഹോതാരം രത്നധാതമം-അറിവിന്റെ മുകുളാവസ്തയിലെ അകന്മഷഗീതകമായ ഒരു ഋഗ്വേദമന്ത്രമാണിത്.യജ്ഞത്തിന്റെ പുരോഹിതനും സൂത്രധാരനും ഐശ്വര്യദാതാവുമായ അഗ്നിദേവനെ ഞാൻ സ്തുതിക്കുന്നു എന്നു മാത്രമേ ഇതിനർത്ഥമുള്ളു.പ്രത്യക്ഷമായ പ്രകൃതി പ്രതിഭാസങ്ങൾ മാത്രമല്ല,നിസ്സാരമായ പദാർത്ഥങ്ങളും അവരുടെ പ്രാർത്ഥനാ പരിധിയിൽ പെട്ടിരുന്നു.യച്ചിദ്ധി ത്വം ഗൃഹേ ഗൃഹ:ഉലൂഖലക-യുജ്യസേ:ഇഹദ്യുമത്തമം വദ:ജയതാ മിവദുന്ദുഭി- അല്ലയോ ഉരലേ നീ എന്റെ വീട്ടിൽ വിജയകാഹളം മുഴക്കണം.ധനധാന്യങ്ങൾക്കു വേണ്ടിയുള്ള ഒരു ഋഗ്വേദ മന്ത്രമാണിത്.മഴപെയ്യാൻ തവളയോട് പ്രാർത്ഥിക്കുന്നതും താഴെവീഴാതെ ആകാശത്തുനിൽക്കുന്ന സൂര്യനെക്കണ്ട് അത്ഭുതപ്പെടുന്നതും മന്ത്രങ്ങളാണു.വിസ്താരഭയത്താൽ കൂടുതൽ മന്ത്രങ്ങൾ കുറിക്കുന്നില്ല.ഇതും ഇതുപോലുള്ളതുമായ വേദശ്ളോകങ്ങൾ മന്ത്രങ്ങളെന്നപേരിൽ ഉരുക്കഴിച്ച്,സോമരസവും പശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു അതിന്റെ മേദസും(വപ) ഹോമിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിചാരിക്കുന്നത് ശുദ്ധമൗഢ്യമാണു.
അതല്ല,യാഗങ്ങൾകൊണ്ട് സർവ്വൈശ്വര്യങ്ങളും ലഭിക്കുമെന്നു തന്നെ കരുതുക.എങ്കിൽ എന്തുകൊണ്ടാണു ചരിത്രാതീത കാലം മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെ എണ്ണിയാലൊടുങ്ങാത്ത യാഗങ്ങൾക്കു ഹോമകുണ്ഠമൊരുക്കിയ ഭാരത മണ്ണു നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിൻ കീഴിലായത്.എന്തുകൊണ്ടാണു രോഗികളും മുഴുപ്പട്ടിണിക്കാരും പാർപ്പിടമില്ലാത്തവരും വേശ്യകളും കൂട്ടിക്കൊടുപ്പുകാരും പിച്ചക്കാരും എണ്ണത്തിൽ ഒട്ടും കുറവല്ലാതെ ഇപ്പോഴും ഇവിടെയുള്ളത്.ഇതൊന്നും ഐശ്വര്യത്തിന്റേയും ക്ഷേമത്തിന്റേയും സൂചകങ്ങളാണെന്നു വെളിവുള്ളവരാരും പറയില്ലല്ലോ. പോട്ടെ, വിലക്കയറ്റം,അഴിമതി,ഏതാനും പേരുടെ കൈകളിലേക്കുള്ള രാജ്യസമ്പത്തിന്റെ കേന്ദ്രീകരണം,പ്രകൃതിവിഭവങ്ങളുടെ കൊള്ളയടിക്കൽ ഇവക്കെതിരേ എന്തുകൊണ്ട് ഒരു യാഗം നാളിതുവരെ നടത്തിയില്ല.ഉത്തരം സുവ്യക്തം.യാഗം നടത്തുന്നത് നടത്തുന്നവരുടെ ക്ഷേമത്തിനു വേണ്ടിമാത്രമാണു.അവരുടെ അതി ശ്രേഷ്ടത്വവും സമ്പത്തും നിലനിർത്തുന്നതിനു വേണ്ടിയാണു.ചൂഷണത്തിന്റെ ഒട്ടും മറയ്ക്കാത്ത മുഖമാണിത്.ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ചവർ ഇത്തരം പ്രവർത്തികൾക്ക് ഉത്സാഹിക്കുന്നത് ജുഗുപ്സാവഹമാണു.
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ,സവിശേഷ സാഹചര്യങ്ങളുടെ കൃത്യമായ കൂടിച്ചേരൽ മൂലം ഉരുവംകൊണ്ട ജീവൻ,നിരന്തര യാത്രയിൽ കരുപ്പിടിപ്പിച്ച ഈടുവെയ്പ്പുകൾ,അവയുടെപോരായ്മകളോടുകൂടിത്തന്നെ,ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനും സ്വന്തമാണു.വേദങ്ങൾ,ഉപനിഷത്തുകൾ,ഇതിഹാസങ്ങൾ,പുരാണങ്ങൾ,വിശുദ്ധഗ്രന്ഥങ്ങൾ എല്ലാമെല്ലാം എന്റേതും നിങ്ങളുടേതുമാണു.ആഫ്രിക്കക്കാരന്റേയും അമേരിക്കക്കാരന്റേയുമാണു.പിറവിയെടുക്കാനുള്ള എണ്ണിയാലൊടുങ്ങാത്ത തലമുറകളുടേതുമാണു.മറ്റു ലിഖിത ചരിത്രരേഖകളുടെ അഭാവത്തിൽ,മനുഷ്യസംസ്കൃതിയുടെ ആരംഭ ദശകളിലെ ഇരുളിലേയ്ക്കിറ്റുവീഴുന്ന നിലാവെളിച്ചമാകുന്നതും ഇതേ ഈടുവെയ്പ്പുകൾ തന്നെ.ഇവയ്ക്കു ഗൂഢപരിവേഷം നൽകുന്നതും വളച്ചുകെട്ടി സ്വന്തമാക്കുന്നതും അതുവഴി അധികാര,ധനസമ്പാദനത്തിനുപയോഗിക്കുന്നതും മനുസ്മൃതി പോലുള്ള സ്ഖലിതങ്ങളുപയോഗിച്ച് മനുഷ്യനെ കള്ളികളിലാക്കുന്നതും എതിർക്കപ്പെടുകതന്നെവേണം.
മേഴത്തോൾ അഗ്നിഹോത്രി 99 യാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു. നൂറു തികയ്ക്കാതെ ഇന്ദ്രപ്പട്ടം വേണ്ടെന്നു വയ്ക്കുകയായിരുന്നു.കോരപ്പുഴയ്ക്കു വടക്കും ആലുവാപ്പുഴയ്ക്കു തെക്കും അതിരാത്രം പാടില്ലെന്നാണു വിധി.തിരുവിതാം കൂർ രാജാക്കന്മാർ ശുദ്ധക്ഷത്രിയരല്ലാത്തതിനാൽ അവര്ർക്കും അതിരാത്രം സാധ്യമല്ലെന്നു പറയപ്പെടുന്നു..1955 ൽ ചെറുമുക്കിലും 75ൽ പഞ്ഞാളിലും 84ൽ തിരുവനന്തപുരത്തും 90ൽ കുണ്ടൂരിലും 2011ൽ വീണ്ടും പഞ്ഞാളിലും,ഇപ്പോൾ കൊടകരയിലും യാഗങ്ങൾ നടത്തിയെങ്കിലും തിരുവനന്തപുരത്തു നടത്തിയത് മാത്രം അഗ്നിഷ്ടോമം.ബാക്കിയെല്ലാം അതിരാത്രവും.മേല്പറഞ്ഞവയിൽ 1955 മുതലുള്ള എല്ലായാഗങ്ങളിലും വിദേശികളടക്കമുള്ള അനേകം പേർ പങ്കെടുത്തെങ്കിലും ഈ യാഗങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത് 2011 ൽ മാത്രം.യാഗഭൂമിയിൽ വിതച്ച വിത്തുകൾ വളരെ വേഗം മുളച്ചുവത്രേ.ഇത്രയും അപഹാസ്യമായ ഒരു വെളിപ്പെടുത്തലിനു വേണ്ടിയാണോ ഇക്കണ്ട പുകിലൊക്കെ നടത്തിയത്. കഷ്ടം. പരുന്തു പറന്നതിലും മഴപെയ്തതിലും വിത്തുമുളച്ചതിലും ഒക്കെ സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്ർക്കു പോലും നിരീക്ഷിക്കാവുന്ന കാരണങ്ങളേ ഉള്ളു എന്നത് യാഗ ധുരന്ധരന്മാർ സൗകര്യപൂർവം മറക്കുന്നു.അരണി കടഞ്ഞു തീയുണ്ടാക്കുന്ന അത്ഭുതവിദ്യ കാണാൻ 1990ൽ കുണ്ടൂരിലെത്തിയ ജനം തീയുണ്ടായത് അറിഞ്ഞതേയില്ല.അതിനേക്കാൾ ആഹ്ളാദകരമായ പി ലീലയുടെ കച്ചേരി തൊട്ടടുത്തു തന്നെയുണ്ടായിരുന്നു.
പ്രധാനമായും നാലു കാര്യങ്ങളാണു അതിരാത്രത്തിലുള്ളത്.ഒന്നാമതായി മന്ത്രം ചൊല്ലി ഇഷ്ടിക പടുത്ത് വേദി ഒരുക്കുന്നു.പിന്നീട് മന്ത്രം ചൊല്ലിക്കൊണ്ട് തന്നെ സോമനീർ അഗ്നിയിൽ ഹോമിക്കുകയും കുടിക്കുകയും ചെയ്യുന്നു.ശേഷം പശുവിനെക്കൊന്ന് വപ(മേദസ്സ്) ഹോമിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നു.അവസാനം വേദി ചുട്ടെരിക്കുന്നു.സോമപാനത്തിനു ഇന്ദ്രനെ ക്ഷണിക്കുന്നത് വളരെ രസകരമായ കാര്യമാണു.പലപേരുകളിൽ വിളിച്ചാലും അഹല്യാജാരൻ എന്ന വിളി കേട്ടാലേ പുള്ളി യാഗത്തിനു വരാൻ തയ്യാറാകൂ.ഏറ്റവും അറപ്പുളവാക്കുന്ന പ്രവർത്തി അശ്വമേധ യാഗത്തിലെ യജമാന പത്നിയും ചത്തകുതിരയുമായുള്ള സന്നിവേശമാണു.ഇപ്രകാരമുള്ള അപഹാസ്യപ്രവർത്തിയിലൂടെ സദ്ഫലം ലഭ്യമാകുമെന്നു പരയുന്നവരുടെ ലക്ഷ്യം ഗൂഢമല്ല. പരസ്യമാണു.ഇത് നന്നായി അറിയുന്നതുകൊണ്ടാണു ഒരു സംസ്കൃത കവി ഇങ്ങനെ പാടിയത്.
ദൈവാധീനം ജഗത് സർവ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രോ ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം....
അന്ധവിശ്വസങ്ങൾ പരത്തുകയും ബ്രാഹ്മണമേധാവിത്വം സ്ഥാപിക്കുകയും അപക്വചിന്തയ്ക്ക് ആധികാരികതയുടെ ഭാവം നൽകുകയും കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ, ചൂഷണത്തിലധിഷ്ടിതമായ ഒരു സാമൂഹ്യവ്യവസ്തയ്ക്ക് വഴിയൊരുക്കി എന്നത് പകൽ പോലെ വ്യക്തമാണു..വേദശ്ളോകങ്ങൾ മന്ത്രങ്ങളാകുന്ന അതിരാത്രത്തിന്റെ പുതിയകാലത്തിലെ അവതരണവും ചൂഷണവ്യവസ്ത അഭങ്കുരം തുടരാൻ ആഗ്രഹിക്കുന്നവരാൽ നടത്തപ്പെടുന്നതാണു.
-0-
ടി.യൂ.അശോകൻ
റഫറൻസ്:
സംസ്കൃത സാഹിത്യ ചരിത്രം-കെ. സി. പിള്ള- DCB
ആചാരാനുഷ്ഠാന കോശം-പ്രൊഫ.പി.സി.കർത്താ- DCB
വേദങ്ങൾ-സനൽ ഇടമറുക്-INDIAN ATHEIST PUBLISHERS
പുരാണിക് എൻസൈക്ളോപീഡിയ-വെട്ടം മാണി-GURUNATHAN PUBLISHERS
============================================================
അതിരാത്രം..ചുമ്മാ പറ്റിക്കാന്‍...
ReplyDeleteനല്ല ലേഖനം, പുതിയ ഒത്തിരി അറിവുകള്‍
Good one, thanks for sharing the views
ReplyDelete