പണിയെടുക്കുന്നവർ പണ്ടു നാട്ടിയ
കൊടിമരത്തിലെ ചോരപ്പതാക തൻ
നിറമൊരിക്കലും മായാതെ കാക്കുവാൻ
ഉടനൊരഗ്നിയായ് പടരൂ സഖാക്കളേ....
കപടമാനവ സ്നേഹപ്രകീർത്തനം
കുടിലതൂലികത്തുമ്പാൽ പകർത്തുവാൻ
കവിതകീറിപ്പറത്തും നികൃഷ്ടത-
യ്ക്കരികി,ലാഗ്നേയവർഷമായ്പെയ്യുവിൻ...
വലതുസാമ്രാജ്യ തന്ത്രങ്ങളെപ്പൊഴും
ക്ഷുഭിതരായ് ചോദ്യശരമെയ്തു നേർ ക്കുവിൻ...
മനുജരക്തത്തിനിരു നിറം കല്പിച്ച
കഥകൾ തൻ നേർ ക്കു കാർക്കിച്ചു തുപ്പുവിൻ....
പരമശുഷ്കമാ,മൊരുന്യൂനപക്ഷത്തി-
നറയിലേക്കുള്ള സമ്പത്തൊഴുക്കതി-
ന്നെതിരെ നാം ലോകസമരത്തിനായ് പെരും-
പടനയിക്കാനൊരുങ്ങൂ സഖാക്കളേ...
പൊറുതിമുട്ടുന്ന ദുരിതപ്പരമ്പര-
യ്ക്കറുതിയാവും വരേയ്ക്കുനാം പൊരുതുവിൻ...
അണിയിതിൽ ചേർ ന്നുകെണിയൊരുക്കുന്നവർ-
ക്കണിയുവാൻ കൈവിലങ്ങുനാം തീർക്കുവിൻ....
നരബലിച്ചോര നക്കിക്കുടിക്കുന്ന
ചുടലദൈവം നമുക്കില്ല കൂട്ടരേ...
കൊലവിളിപ്പാട്ടി,ലുന്മത്തമാവുന്ന
ഹൃദയവും നമുക്കില്ലെൻ സഖാക്കളേ....
കറയെഴാത്തതാം കാരുണ്യധാരത-
ന്നുറവനമ്മിലാ,ണുള്ളതെന്നോർത്തുനാം
അഴലകറ്റുവാ,നൊറ്റപ്രതീക്ഷയാ-
യരുണചക്രവാളത്തിൽ തിളങ്ങുമാ-
രജത താരകം നോക്കിക്കുതിക്കുവിൻ.....
സമരസാഹസം നമ്മൾ ക്കു ജീവിതം
സമയബന്ധിതം സങ്കടാച്ഛാദിതം...
തിരിതെളിച്ചിടാൻ മറ്റാരുമില്ലാതെ
ഇരുളുമൂടിക്കിടക്കുമീ പാതയിൽ
നിറകതിർ ചൊരിഞ്ഞെത്തുന്ന സൂര്യനായ്
സ്വയമെരിഞ്ഞു നാം വെട്ടമായ് തീരുവിൻ.......
----0------
ടി . യൂ . അശോകൻ
===================================================