Saturday, September 8, 2012

സഞ്ജനയ്ക്കൊരു കത്ത്‌


അഥവാ മലയാളിമങ്കമാർക്ക്  സ്നേഹപൂർവ്വം... .....
------------------------------------------------------------------

സങ്കടംകൊണ്ടല്ല സഞ്ജനേ,സംഗതി-
എന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾ ക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീപ്പെണ്ണുങ്ങളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവരായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെവന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമിക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെനോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറിപ്രദർശനം കേമമാണോ..
അപ്പുറംകാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർ ക്കുള്ളിലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും
മാനത്തുറാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊന്നരയ്ക്കു കെട്ടും
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂതഗണങ്ങൾ ക്കു പ്രാതലേകും
അമ്പലം ചുറ്റുന്നനേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും......
സഞ്ജനേ, ചന്ദ്രബിംബാനനേ നിങ്ങൾ ത-
ന്നന്തമില്ലായ്മയ്ക്കൊ,രന്തമുണ്ടോ.....

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പംവരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തുതൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെയീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പസിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലുകൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കല്ക്കണ്ടമാകുവാൻ
ചൊൽ ക്കൊണ്ടമാതൃകയാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയ്‌ല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാസാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്നപോലെ തിരിച്ചെതിർക്കാം...
നേരിട്ടെതിർ ക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തിലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നില്ക്കാതെ വേഗം നടന്നുകൊള്ളൂ....

      ---0----

ടി  യൂ  അശോകൻ
--------------------------------------------------------------

* NO PART OR FULL TEXT OF THIS LITERARY WORK MAY BE
  RE PRODUCED IN
  ANY FORM WITHOUT PRIOR PERMISSION FROM THE   
  AUTHOR