Monday, December 31, 2012

പുഴയും ഞാനും ജലകന്യകയും


പുഴയോ,ടെനിക്കെന്നും
പ്രണയം;ഗൃഹാതുര-
സ്മൃതിയും കൊണ്ടേ മുന്നിൽ
ഒഴുകു,ന്നനുസ്യൂതം...

അനുരാഗത്തിൻ ഹരി-
യെഴുതാൻ പഠിച്ചൊരീ
പുഴയോരത്തിൻ മണൽ-
ത്തരിയോ,ടിന്നും പ്രിയം...

ചിരിതൂവുമ്പോ,ലല-
യിളകും കളാരവം,
ചിലനേരം തൂ മൊഴി-
യുതിരും ജലാഗമം...

ഇവളെൻ ബാല്യങ്ങളിൽ
കൗതുകം;തീരങ്ങളി-
ലലയും കൗമാരത്തിൻ
പുളകം,ഹർഷോന്മാദം...

അഴക,ന്നുടലാർന്നെൻ
മിഴിതൻ മുന്നിൽ പെടാ-
നലർപോ,ലിതേ പുഴ-
ക്കടവിൽ വിരിഞ്ഞതും,

കനവിൽ നീന്തും ദിവ്യ-
ജലകന്യയാ,ളവൾ
ഒരുനാ,ളിണങ്ങിയെൻ
കരളിൽ കടന്നതും,

അവളൊ,ത്തീജീവിത-
ത്തെളിനീർ കയങ്ങളിൽ
തുഴയാൻ കഴിഞ്ഞതും
പലനാൾ കൊഴിഞ്ഞതും,

പുഴയും ഞാനും മാത്ര-
മോർത്തിരിക്കുന്നൂ,നാക-
വഴിതന്നിലേയ്ക്കവൾ
വിധിയാ,ലൊഴിഞ്ഞു പോയ്‌.....

         -----)----

ടി  യൂ അശോകൻ
------------------------------------------------------------------
*No part or full text of this literary work may be
re produced in any form without prior permission
from the author.
------------------------------------------------------------------------------