ഒരുനാള്‍പെരിയൊരു മാര്‍ജ്ജാരന്‍ തന്‍
പശിമാറ്റാനൊരു വഴികാണാതെ
കൊടിയനിരാശയി,ലുരുകും മനമോ-
ടുഴറിനടന്നൂ യമുനാതീരേ..
എലികളെനോക്കി പലമാളങ്ങള്‍
തെരുതെരെ വീരന്‍ മാന്തിക്കീറി
എലിയില്ലെന്നതുപോട്ടെ, കയ്യിന്‍-
ചെറുനഖമെല്ലാം ചോരയണിഞ്ഞു.
ഉള്ളിലുയര്‍ ന്നു വരുന്നവിശപ്പിന്‍
തള്ളലു തീര്‍ക്കാന്‍ വഴികാണാതെ
പുല്ലുകടിച്ചു വലഞ്ഞവനൊരുചെറു-
കല്ലിലിരുന്നു മയങ്ങും നേരം,
സങ്കടനദിയില്‍ നിന്നുകരേറാന്‍
ശങ്കരനരുളിയ വരമതുപോലെ
സമ്പ്രതിപുതിയൊരു ചിന്തയുദിച്ചൂ
സംഗതിയോര്‍ക്കേ പൂച്ചചിരിച്ചൂ...
ഏറിയമോദാല്‍ മൂരിനിവര്‍ ന്നും
ദ്വാപരനദിയില്‍ മുങ്ങിനിവര്‍ ന്നും
മേനിയിലാകെ കുറികളണിഞ്ഞും
കൂമ്പിയ മിഴിയാല്‍ എലിയെനിനച്ചും
യമുനാതീര,ത്തുള്ളരയാലിന്‍
തണലില്‍ പൂച്ച തപസ്സുതുടങ്ങി.
അര്‍ക്കന്‍ മെല്ലെത്താണു തുടങ്ങി
ഒപ്പം പൂച്ചതളര്‍ ന്നു തുടങ്ങി
ദുര്‍ഗ്ഗതി തീര്‍ക്കാന്‍ ചെയ്തൊരുപായം
അപ്പടി പാഴായെന്നു നിനയ്ക്കേ,
വിഢികള്‍ മൂഷിക,രൊന്നൊന്നായാ-
തസ്കര യതി തന്‍ മുന്നിലണഞ്ഞൂ.
തങ്ങള്‍ ക്കുള്ളൊരു സങ്കടമെല്ലാ-
മങ്ങറിയിച്ചവര്‍ താണുവണങ്ങി.
ചൊല്ലീ ഋഷിയും“സംസാരാംബുധി-
തന്നില്‍ പിടയും ഹതഭാഗ്യന്മാര്‍,
പാപം കൊടിയതുചെയ്തവര്‍, നിങ്ങള്‍
പരിഹാരത്തിനൊരുങ്ങുക വേഗം.
ഓരോമൂഷിക,നോരോനാളില്‍
പോരിക ഭജന നടത്താനായി.”
“കണ്ണിണകൊണ്ടു ഗ്രഹിക്കും ലോകം
നിര്‍ണ്ണയമെന്നു നിനയ്ക്കുകമൂലം
വന്നുപെടുന്ന ദുരന്തമതൊക്കെ
ഒന്നൊഴിയാതെ,യൊഴിച്ചീടാനായ്
എന്നുടെസന്നിധി തന്നില്‍ ഭജിക്കുക-
യെന്നതുമാത്രം നിങ്ങടെമാര്‍ഗ്ഗം.“
ഇങ്ങനെ ഋഷിയുടെചൊല്ലതു കേട്ടി-
ട്ടൊന്നിനു പുറകേ,യൊന്നായെലികള്‍,
തങ്ങടെമോക്ഷം പൂച്ചനിമിത്തം
എന്നുവിചാരി,ച്ചാദരപൂര്‍വ്വം,
വന്നക്ഷണം താ,നവയെമുഴുക്കെ
കൊന്നു ഭുജിച്ചൂ പൂശകവീരന്‍....
തങ്ങിയ ദിശയില്‍ മൂഢന്മാരുടെ
എണ്ണം കുറവായ് കണ്ടൊരു നീചന്‍
പുതിയൊരുമേഖല തേടിത്തന്നുടെ-
വടിയുമെടുത്തു നടന്നു തുടങ്ങി........
--0--
ടി.യൂ.അശോകന്‍