Saturday, May 14, 2011

കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ

                              മാത്രുഭൂമി ബ്ളോഗനയിൽ വന്ന മൈനാ ഉമൈബാന്റെ“ മുസ്തഫയുടെ വീട്ടിലേക്കു സ്വാഗത”മാണു ഈ കുറിപ്പിനാധാരം.പ്രകൃതിയേയും പരിസ്തിതിയേയും കുറിച്ച്‌ മൈന എഴുതിയതെല്ലാം ഹൃദ്യമായ വായനാനുഭവം പകർന്നിരുന്നതുകൊണ്ട്‌ ഇതും ആ ലൈനിൽത്തന്നെ ആയിരിക്കുമെന്നാണു കരുതിയത്‌. എന്നാൽ താൻ മുൻ കൈയെടുത്തുതുടങ്ങിവച്ച ഒരു കാരുണ്യപ്രവർത്തനവും അതിന്റെ വിജയകരമായ പരിസമാപ്തിയുമാണു പ്രസ്തുത പോസ്റ്റിൽ വിവരിക്കുന്നതു.അങ്ങിനെ, മരത്തിൽ നിന്നുവീണു കിടപ്പിലായിപ്പോയ മുസ്തഫക്കു മൈന നിമിത്തം സ്വന്തമായി വീടുണ്ടായ ആരെയും സന്തോഷിപ്പിക്കുന്ന വിവരം നമ്മൾ അറിയുന്നു.തീർച്ചയായും ഈ സ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ.പക്ഷേ ഒരുവിധത്തില്പെട്ട എല്ലാകാരുണ്യ പ്രവർത്തനങ്ങളുടെപിന്നിലും ഒട്ടും തന്നെ ചർച്ചചെയ്യപ്പെടാതെ പോകുന്ന വളരെ ഗൗരവതരമായ ചില വസ്തുതകൾകൂടി ഉണ്ടെന്നു കാണുക. കാരുണ്യപ്രവർത്തനത്തിൽ വ്യാപരിക്ക്യൂന്നവരുടെ സ്രദ്ധ ഇതിലേക്കു കൂടി ഉണ്ടാകണമെന്നു സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു..
ഒന്നാമതായി ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു അരങ്ങൊരുക്കുന്ന അവസ്ത ഇവിടെ നിലനിൽക്കുന്നു എന്നുള്ളതാണു.ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രഥമപരിഗണയിൽ വരേണ്ട ഭക്ഷണം പാർപ്പിടം ആരോഗ്യം തൊഴിൽ വിദ്യാഭ്യാസം ഇവയിലെല്ലാം ഗവർമേന്റ്‌ പൂർണമായോ ഭാഗികമായോ പരാജയപ്പെടുന്നതിൽ നിന്നാണു മേല്പറഞ്ഞ അവസ്ത സംജാതമാകുന്നതും വ്യക്തികളും കൂട്ടങ്ങളും കാരുണ്യപ്രവർത്തനത്തിലേക്കു തിരിയുന്നതും.ബോധപൂർവമോ വികലമായ പ്ളാനിങ്ങു മൂലമോ മാത്രം സൃഷ്ടിക്കപ്പെടുന്ന മുൻ ചൊന്ന പരാജയം ഒന്നോരണ്ടോ പേർ ക്കു വീടുണ്ടാക്കികൊടുക്കുക ചികിൽസ നൽകുക അന്നദാനം നടത്തുക എന്നിവയിലൂടെ പരിഹരിക്കപ്പെടുന്നതല്ല.മാത്രമല്ല ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു ശേഷവും ബഹുഭൂരിപക്ഷവും എക്കാലവും കാരുണ്യാർത്ഥികളായി തന്നെ നിലനിൽക്കുന്നു എന്നും കാണുക.ഇരകളെ ആശുപത്രിയിലാക്കിയതുകൊണ്ടു മാത്രമല്ല സ്റ്റോക്‌ ഹോം കൺ വെൻഷനിൽ ഇൻഡ്യ എൻഡോസൾഫാനു എതിരായ നിലപാടു ഭാഗികമായെങ്കിലും സ്വീകരിക്കാൻ തയ്യാറായതു.എത്രയോ പേരുടെ എത്രയോ കാലത്തെ നിരന്തര സമര പരിസ്രമങ്ങൾ അതിനു പിന്നിലുണ്ടു. .അതുകൊണ്ട്‌ കുറഞ്ഞപക്ഷം കാരുണ്യപ്രവർത്തകർ തങ്ങളുടെ പ്രവർത്തനപദ്ധതിയിൽ കാരുണ്യപ്രവർതനത്തോടൊപ്പം മേല്പറഞ്ഞ വ്യവസ്തിതിക്കെതിരായി ശബ്ദമുയർത്തുന്നതിലും ഏക കാലികമായി സ്രമം നടത്തേണ്ടതുണ്ടു. പ്ളേഗു പടരുന്നതു ശാശ്വതമായി തടയാൻ ആഗ്രഹിക്കുന്നവർ മാലിന്യക്കൂമ്പാരം കണ്ടില്ലെന്നു നടിക്കരുതു..
                                    രണ്ടാമതായി കാരുണ്യപ്രവർത്തനങ്ങൾ, കാരുണ്യാർഥികളെ സൃഷ്ടിക്കുന്ന വ്യവസ്തിതിക്കെതിരായ സമരങ്ങൾ, ശക്തമാകാതെ ഒരു സേഫ്റ്റി വാൽ വ്‌ ആയി വർത്തിക്കുന്നു എന്നതാണു.അസമത്വവും അനീതിയും കൊടികുത്തി വാഴുമ്പോഴും അവക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാകാതിരിക്കുന്നതും ഉണ്ടാകുന്ന സമരങ്ങൾ, സാമൂഹ്യമാറ്റത്തിനു ഉതകാതിരിക്കുന്നതും കാരുണ്യപ്രവർത്തനങ്ങളും ചിലനീക്കുപോക്കുകളും ഉടനടി സംഭവിക്കുന്നതുകൊണ്ടു കൂടിയാണു..സമ്പത്തിന്റേയും അവസരങ്ങളുടേയും വിതരണം തുല്യമാകാനനുവദിക്കാതെ, ലോകം മുഴുവൻ ധനം കുന്നുകൂട്ടി വച്ചിട്ടുള്ള വ്യക്തികൾ,മൾടി നഷണലുകൾ,കോർപറേറ്റുകൾ ഒക്കെ കാരുണ്യപ്രവർത്തനത്തിനിറങ്ങി തിരിക്കുന്നതു മേല്പറഞ്ഞ സേഫ്റ്റി വാൽ വ്‌ ലക്ഷ്യം മുൻ നിർത്തി മാത്രമാണു.അല്ലാതെ കഷ്ടപ്പെടുന്നവന്റെ കണ്ണീരു കണ്ട്‌ കരളലിഞ്ഞിട്ടൊന്നുമല്ല.ബുദ്ധി അദ്ധ്വാനം പ്രകൃതി വിഭവം ഇവ സമന്വയിപ്പിച്ച്‌ തൊഴിലാളികളൂണ്ടാക്കുന്ന അധിക സമ്പത്ത്‌ പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയും അവിഹിത കൂട്ടുകെട്ടുകളിലൂടെയും ഏതാനും ചിലർ തങ്ങളുടേതു മാത്രമാക്കി മാറ്റുന്നതു കൊണ്ടാണു അവർ ക്കു ഏറ്റവും വലിയ ചേരിക്കു മുൻപിലെ എറ്റവും വലിയ അശ്ളീലമായ 24 നില ബങ്ക്ളാവ്‌ പണിയാൻ കഴിയുന്നതും സ്വിസ്സ്‌ ബാങ്കിലും അതുപോലുള്ള ഒളിമാളങ്ങളിലും നിക്ഷേപങ്ങൾ കുന്നു കൂട്ടാൻ കഴിയുന്നതും ക്യൂൻ മേരി, ക്യൂൻ എലിസബത്‌ പോലുള്ള അത്യാഡംബര നൗകകളിൽ ലോകം ചുറ്റാൻ കഴിയുന്നതും.ഇമ്മാതിരി സുഖങ്ങൾക്കെതിരായ ചെറിയ ചലനങ്ങൾ പോലും അവർ സ്രദ്ധയോടെ നിരീക്ഷിക്കുകയും പലതരത്തിലുള്ള പ്രതിവിധികൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടു.അവരുടെ കാരുണ്യപ്രവർത്തനങ്ങളുടെ പൊരുളിതാണു.
                                      മൂന്നാമതായി കപട കാരുണ്യർത്ഥികളുടെ രം ഗപ്രവേശമാണു.ഇക്കൂട്ടർ മൂന്നു തരമുണ്ടു.ആരോഗ്യവും സൗകര്യങ്ങളുമുണ്ടായിട്ടും മെയ്യനങ്ങാതെ കാരുണ്യം കൊണ്ടു മാത്രം ജീവിക്കുന്നവരും സമ്മർദ്ദം മൂലം അന്യർ ക്കുവേണ്ടി കാരുണ്യം സ്വീകരിക്കുവാൻ വിധിക്കപ്പെട്ടവരും കാരുണ്യം ബിസിനസാക്കിയവരും. കൃത്യമായി, പ്രധാനപ്പെട്ട എല്ലാ ദേവാലയങ്ങൾ ക്കു മുന്നിലും ഉൽസവത്തിന്റെ തലേന്നുതന്നെ ഇവരിൽ ആദ്യം പറഞ്ഞ രണ്ടുകൂട്ടരേയും അൺലോഡ്‌ ചെയ്യാറുണ്ടു. അനാഥാലയത്തിന്റെ മറവിൽ നടന്ന മനസ്സാക്ഷിയെ ഞെട്ടിച്ച ഇടപാടുകളും മറ്റനേകം ഫണ്ടിങ്ങുകളും മേൽ പറഞ്ഞ മൂന്നാം വിഭാഗത്തിൽ പെട്ടതാണു.തീവ്രവാദം, മയക്കുമരുന്നുൾപ്പടെയുള്ള കള്ളക്കടത്ത്‌ എന്നിവക്കുവേണ്ടിയും കാരുണ്യപ്രവർതനം വഴി ലഭിക്കുന്ന ഫണ്ട്‌ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.ഇഛാശക്തിയുള്ള ഒരു ഗവർമേന്റിനു നിയമം മൂലവും നിയമത്തിന്റെ കൃത്യമായ നടത്തിപ്പിലൂടെയും ഇക്കൂട്ടരെ നിർമ്മാർജനം ചെയ്യാൻ കഴിയും.എന്നാൽ മതം ആചാരം വ്യക്തി താല്പര്യം ഇവയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കാരുണ്യം ചൊരിയാൻ കാത്തുനിൽക്കുന്നവരും കാരുണ്യം കച്ചവടമാക്കിയവരും ഗവർമേന്റിന്റെ തന്നെ ഒത്താശകളും മേല്പറഞ്ഞതരം കാരുണ്യാർത്ഥികളെ കൂടുതൽ സൃഷ്ടിക്കുകയാണു.

                                             കാരുണ്യം കാണിക്കുന്നവരും അതു സ്വീകരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും,കാരുണ്യത്തിന്റെ പിന്നിലെ മന:ശാസ്ത്രത്തെക്കുറിച്ചും വിസ്താരഭയത്താൽ വിവരിക്കുന്നില്ല. എന്നാലും ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.,സോവറിൻ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ സെക്കുലർ റിപബ്ളിക്കായ നമ്മൾ, സോഷ്യലിസം എന്ന, സമ്പത്തിന്റേയും അവസരങ്ങളുടേയും തുല്യ വിതരണത്തിൽ കാണിക്കുന്ന അനാസ്തയാണു കാരുണ്യാർത്ഥികളെ സൃഷ്ടിക്കുന്നതെന്നു നിസ്സംശയം പറയാം.കാരണം,കഴിഞ്ഞ അഞ്ചു കൊല്ലമായി വമ്പന്മാർ ക്കു , കോർപറേറ്റ്‌ ടാക്സ്‌,എക്സൈസ്‌ ഡ്യൂടി,കസ്റ്റംസ്‌ ഡ്യുടി എന്നിവയിൽ നല്കിയ ഇളവായ ഇരുപത്തഞ്ചു ലക്ഷം കോടി മാത്രം മതി സാധാരണക്കാരന്റെ ജീവിതം സ്വർഗ്ഗ തുല്യമാക്കാൻ. യഥാർത്ഥ സോഷ്യലിസം ലഭ്യമാകുന്നതു മുൻപു പറഞ്ഞകോർപറേറ്റുകളടക്കമുള്ളവർക്കാണു ..കഴിഞ്ഞ ദിവസം നമ്മളറിഞ്ഞത്‌ സ്വിസ്സ്‌ ബാങ്കിലെ കള്ളപ്പണത്തിന്റെ മുഖ്യ പങ്കു ഇൻഡ്യക്കാരന്റെയാണെന്നാണു.ബാങ്കും ഇൻഷുറൻസും വിറ്റു പുട്ടടിക്കാനുള്ള നിയമം റെഡിയായിക്കഴിഞ്ഞു..സങ്കൽ പിക്കാൻ പോലും പറ്റാത്തത്രയും തുകയുടെ അഴിമതി എന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടു ഏറ്റവും വർദ്ധിച്ച നിരക്കിൽ പെട്രോളിന്റെവില കൂട്ടിയിരിക്കുന്നു.ഏപി എൽ,ബീ പീ എൽ,അവശ്യ സർവീസ്സ്,എന്നീ തരം തിരിവുകളൊന്നും ഇക്കാര്യത്തിൽ ആലോചിച്ചിട്ടു പോലുമില്ല.

.ഇമ്മാതിരി ശുദ്ധ തോന്ന്യവാസങ്ങൾ കാണാൻ കൂട്ടാക്കാതെ കാരുണ്യം ചൊരിഞ്ഞു നടക്കുന്നവർ അത്യന്തികമായി ആരെയാണു സഹായിക്കുന്നതു എന്നു ആലോചിക്കുക.എന്നാൽ കടമയെ കാരുണ്യത്തിൽ നിന്നും വ്യതിരിക്തമായി കാണണമെന്നും പറഞ്ഞുകൊള്ളട്ടെ. എല്ലാവർ ക്കും സുഖവും സന്തോഷവും ആഗ്രഹിക്കുന്നവനും,തട്ടിപ്പും വെട്ടിപ്പും എതിർക്കുന്നവനും അനീതികൾ കാണുമ്പോൾ പൾസടി കൂടുന്നവനുമാണു യഥാർത്ഥ കാരുണ്യവാൻ. അല്ലാതെ കഞ്ഞി പാർച്ച നടത്തി ഫോട്ടോ പ്രസിദ്ധീകരിച്ചതുകൊണ്ടും, എൻഡോസൾഫാൻ ഇരകളെ കാണാൻ കാസർകോട്ടേക്കു തിരിച്ചതു കൊണ്ടും വ്യവസ്തിതിക്കു യാതൊരു മാറ്റവും സംഭവിക്കില്ല എന്നു കാണുക. ഒന്നുകൂടി ആവർത്തിക്കട്ടെ..പ്ളേഗു തടയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ മാലിന്യക്കൂമ്പാരമാണു നശിപ്പിക്കേണ്ടതു. അല്ലാതെ പ്ളേഗ്‌ പിടിച്ചവന്റെ വായിൽ ആന്റിബയോട്ടിക്‌ ഗുളിക തിരുകി ഫോട്ടോ എടുത്തതു കൊണ്ടുമാത്രം കാര്യമായി ഒന്നും തന്നെ സംഭവിക്കില്ല.. സംശയിക്കേണ്ട..മനസ്സു വച്ചാൽ മറ്റൊരു ലോകം സുസാദ്ധ്യമാണു.മനുഷ്യനു മനുഷ്യന്റെ വാക്കുകൾ സംഗീതമായി സ്രവിക്കാൻ കഴിയുന്ന, സമ്പത്തും അവസരങ്ങളും എല്ലാവർ ക്കും ഒരുപോലെ ലഭ്യമാവുന്ന മറ്റൊരു ലോകം..

                                     -0-

ടി.യൂ.അശോകൻ