Saturday, July 16, 2011

അച്ഛനും മകളും


അമ്മതൻ താരാട്ടി,നൊപ്പമെന്നച്ഛന-
ന്നുമ്മ വെച്ചെന്നെ,യുറക്കിടുമ്പോൾ
അമ്മിഞ്ഞപ്പാലുപോൽ തന്നെയാ ചുംബന-
ച്ചൂടു,മെനിക്കിഷ്ടമായിരുന്നു...

അറിവിന്റെ ദീപം തെളിച്ചുകൊണ്ടെപ്പൊഴും
അലിവോടെ മുന്നിൽ നടന്നിതച്ഛൻ..
അറിയാത്തലോകങ്ങ,ളാഴിപ്പരപ്പുകൾ
സ്വയമേ നരൻ തീർത്ത പ്രതിസന്ധികൾ
ഒരു വിശ്വപൗരന്റെ തെളിവാർന്ന ചിന്തയും
ഒരുപോലെയെന്നിൽ പകർന്നിതച്ഛൻ..

അറിയാതെ വാക്കുകൾ കൊണ്ടു ഞാനച്ഛനെ
ഒരുപാടു വേദനിപ്പിച്ചനേരം
നെടുവീർപ്പിലെല്ലാ,മൊതുക്കിയെൻ കൺകളിൽ
വെറുതേ മിഴി നട്ടിരുന്നിരുന്നു...

നിറമുള്ള സ്വപ്നങ്ങ,ളായിരം തുന്നിയോ-
രുറുമാലുമായൊരാൾ വന്ന കാലം
പുതു നിശാ ശലഭങ്ങ,ളന്തിക്കു നെയ്ത്തിരി-
പ്രഭയിലേയ്ക്കെത്തി,പ്പൊലിഞ്ഞുപോകും-
കഥപറഞ്ഞെന്നെ,യണച്ചുപിടിച്ചതെൻ
കരളിൽ വിതുമ്പലായ് തങ്ങി നില്പ്പൂ..

ഒരുവാക്കുമോരാതെ,യൊരു നാളിലെന്നമ്മ
മൃതിദേവതയ്ക്കൊപ്പമങ്ങു പോകേ
പുകയുന്ന നെഞ്ചകം പുറമേയ്ക്കു കാട്ടാതെ-
യൊരു ജ്വാലാമുഖിപോലെ നിന്നിതച്ഛൻ..

ചിലനേരമമ്മത,ന്നോർമ്മയിൽ എൻ മിഴി
നിറയുന്നകാൺകേ,യടുത്തു വന്നെൻ
മുഖമൊറ്റമുണ്ടിന്റെ കോന്തലാ,ലൊപ്പുവാൻ
മുതിരുന്നൊരച്ഛനെൻ മുന്നിലുണ്ട്‌...

പുതുലോക ജീവിത വ്യഥകളില്പ്പെട്ടു ഞാൻ
മറു നാട്ടിലേയ്ക്കു തിരിച്ചിടുമ്പോൾ
ഒരു സാന്ത്വനത്തിന്റെ വാക്കിനായ്‌ പരതിയെൻ
കരമാർന്നു വിങ്ങിയതോർത്തിടുന്നു...

ഗതികേടിലാശ്രയ,മില്ലാതിന്നച്ഛനെ
ഒരു വൃദ്ധസദനത്തി,ലാക്കിടുമ്പോൾ
നെറികെട്ട ഞാൻ വൃഥാ കരയുന്നു;കണ്ണുനീർ-
ക്കണമൊപ്പുവാനച്ഛൻ വെമ്പിടുന്നു...

           ---(-----

ടി  യൂ  അശോകൻ
------------------------------------------------------------------------

*No part or full text of this literary work may be re produced
in any form without prior permission from the author
---------------------------------------------------------------------

9 comments:

  1. ഹ‍ദയവ്യഥയുടെ അസ്വാരസ്യങ്ങളോടെ
    ഈ കവിത ഞാന്‍ വായിച്ചു. ഇഷ്ടമായി

    ReplyDelete
  2. നല്ല വരികള്‍ ഈ ഭൂമിയെ കാണിച്ചു തന്ന അച്ഛന് നേരെ ഒച്ച വെക്കുന്നവര്‍ ഇത് വായിക്കട്ടെ

    ReplyDelete
  3. നല്ല വരികള്‍. ആശംസകള്‍

    ReplyDelete
  4. പുകയുന്ന നെഞ്ചകം പുറമേക്കു കാട്ടാതെ എത്രയെത്ര അച്ഛനമ്മമാര്‍ നമുക്കു ചുറ്റിലും...കവിത ഇഷ്ടമായി...അഭിനന്ദനങ്ങള്‍....!

    ReplyDelete
  5. കവിത വേദനയാകുന്നു സുഹൃത്തേ.
    എത്ര നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  6. നല്ല കവിത .മാതാപിതാക്കളെപ്പോലെ ആരും ആരെയും സ്നേഹിക്കുന്നില്ല.ആശംസകള്‍...

    ReplyDelete
  7. നല്ല നല്ല കവിത
    നല്ല കവിതകൾക്കും ബ്ലോഗിലിടം കിട്ടിത്തുടങ്ങിയിരിക്കുന്നു.
    കോമകൾ ഇട്ടത് ഒഴിവാക്കാമായിരുന്നു.
    ആസ്രയം തിരുത്തണം “ആശ്രയം”
    ആശംസകൾ

    ReplyDelete
  8. ഗതികേടിലാശ്രയമില്ലാതി,ന്നച്ഛനെ
    ഒരുവൃദ്ധ സദനത്തി,ലാക്കിടുമ്പോള്‍
    നെറികെട്ട ഞാന്‍ വൃഥാ കരയുന്നു,
    കണ്ണുനീര്‍-ക്കണമൊപ്പുവാനച്ഛന്‍ വെമ്പിടുന്നു...

    കാവ്യാത്മകവും, അര്‍ത്ഥവത്തുമായ കവിതകള്‍ വായിക്കുക എന്ന ഒരു സുഖം വേറെ തന്നെ...

    ReplyDelete
  9. അച്ഛനും മകളും നല്ല വാക്കുകളും ആശയവും കൊണ്ട് മനോഹരമായ കവിത. ഇങ്ങിനെ കവിത ചമ്യ്ക്കുന്നവര്‍ കുറവാണല്ലൊ ഇപ്പോള്‍.

    ReplyDelete