പുഴയുടെതീര,ത്തൊരുമരമങ്ങിനെ
പുളകം കൊണ്ടു ചിരിക്കുന്നു..
അരികത്തരുമയി,ലാടിനെ മേയാൻ
തൃണ നികരങ്ങൾ വിളിക്കുന്നു...
ഇണയുടെനൃത്തം കണ്ടൊരു നീർക്കിളി
ജലചിത്രങ്ങൾ വരക്കുന്നു...
ഇതുവഴി പാടിപ്പോകേ,യെൻ പ്രിയ-
കവിതയുമൊപ്പം ചേരുന്നു...
പുതിയൊരു പാണൻ ഞാ,നെന്നാലൂം
പഴമകളിൽ മനമുലയുന്നോൻ..
പലശാഖകളായ് പൂത്തൊരു തരുവിൻ
അടിവേരിൻ വഴി യറിയുന്നോൻ...
പലവുരു ചൊന്നതു പാടിപ്പുലരും
പുലവനി,ലരിശം കൊള്ളുന്നോൻ..
തുണയായുള്ളൊരു വീണയുമാ,യിവ-
നലയാൻ നിത്യമിറങ്ങുമ്പോൾ,
പറയാനുള്ളൊരു പൊരുളിൻ വാക്കുകൾ
വിനയാകുമ്പൊളു,മരുളുന്നോൻ..
പുഴയും കാടും തൊടിയും ജീവിത-
മുണരുന്നേടമതൊ,ക്കേയും
പുലരുന്നേരം തൊട്ടിവനങ്ങനെ
കരളിൽ ചേർത്തു നടക്കുമ്പോൾ,
സഞ്ചിത സംസ്കൃതി തൻ നിറമെന്നും
കുങ്കുമ,മല്ലെന്നറിയുന്നേൻ...
സങ്കട,മെൻപ്രിയ സഹജർക്കേകിയ
സംഘവു,മേതെന്നറിയുന്നേൻ...
പുതുകാലത്തിൻ സ്പന്ദനതന്തുവി-
ലെൻ വിരൽ നർത്തനമാടുമ്പോൾ
പല ഗോളങ്ങളി,ലെൻപ്രണയധ്വനി
വിലയം കൊള്ളുവ,തറിയുന്നേൻ...
കേവലഗായക,നല്ലിവനെന്നും
വേലയിലും വില കാണുന്നോൻ...
അറിവിലു,മാത്മസുഖത്തിലുമൊരുപോൽ
തൊഴിലിൻ മേന്മ കുറിച്ചിടുവോൻ...
പായും കുടയും നെയ്യാനറിയാം..
പാടം കൊയ്തു മെതിക്കാനറിയാം..
പാതകൾതോറും പന്തം പേറി-
പോരിൻ തേരു തെളിക്കാനറിയാം...
പാലപ്പൂമണമേറ്റൊരു പൈങ്കിളി-
പാതിര രാഗം പാടുമ്പോൾ,
ഏതോ ദിവ്യ ജഗത്തിൻ കിന്നര-
ജാലം പോൽ ഹിമ,മൂറുമ്പോൾ,
പാർവണചന്ദ്ര,നൊഴുക്കിയ പാല്പ്പുഴ-
പ്രാലേയത്തിൽ പതയുമ്പോൾ,
കല്പന തന്നുടെ ശില്പം പോലൊരു
തല്പം തീർത്തു ശയിക്കാനറിയാം...
സ്വപനം കണ്ടു കിടക്കുമ്പോഴും
സ്വർഗ്ഗം ഭൂമിയി,ലെന്നതുമറിയാം...
നാകദിവാകരനുദയം ചെയ്യാൻ
രാവുകളിനിയും തീരണ,മറിയാം....
പാവനജീവിത കാമന മാത്രം
ചേതന നിത്യമുണർത്തുമ്പോൾ
മാമല തന്നിലമർന്നവ,നൊരുനാൾ
തീമലപോൽ വരു,മെന്നതുമറിയാം....
---(----
ടി യൂ അശോകൻ
--------------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author.
--------------------------------------------------------------------------------