Thursday, February 17, 2011

എൻ.എസ്‌.മാധവൻ,സന്തോഷ്‌ എച്ചിക്കാനം,പിന്നെ ബ്ളോഗെഴുത്തുകാരും


സ്രീ.സന്തോഷ്‌ എച്ചിക്കാനത്തിനു  ബ്ളോഗില്‍ പ്രത്യക്ഷപ്പെടുന്നവര്‍ വാല്‍ നക്ഷത്രങ്ങള്‍ മാത്രമാണു.സ്രീ.എന്‍.എസ്‌.മാധവന്റെ കാഴ്ചപ്പാടില്‍ ബ്ളോഗ്‌ വംശ നാശം വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമവും.
യുക്തി ,ദീര്‍ഘ വീക്ഷണം,ചരിത്രബോധം ഇവയൊന്നുമില്ലാത്ത കേവല പ്രസ്താവനകള്‍ മാത്രമാണിവ രണ്ടും. നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ഇവരില്‍ നിന്നും ഇങ്ങനെയൊരു പ്രസ്താവമല്ല ഉണ്ടാകേണ്ടിയിരുന്നത്.ബ്ളോഗില്‍ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളിലെല്ലാം തന്നെ നാളിതുവരെ എത്രയോ വാല്‍ നക്ഷ്ത്രങ്ങള്‍
ഉദിച്ചസ്തമിച്ചിരിക്കുന്നു. ഇനിയെത്രയെണ്ണം ഉദിക്കാനും അസ്തമിക്കാനുമിരിക്കുന്നു.പിന്നെ വംശ നാശത്തിന്റെ കാര്യം.അതു കാലം തെളിയിക്കേണ്ടതല്ലേ.
അത്ര കൃത്യമായി പ്രവചനം നടത്താന്‍ നോസ്ത്രദാമസ് ജീവിച്ചിരിപ്പുമില്ല.

ഏതൊരു കലാസൃഷ്ടിയും നല്ലതോ ചീത്തയോ ആകുന്നതു അതു പ്രത്യക്ഷപ്പെടുന്ന മാദ്ധ്യമത്തിന്റെയോ,സൃഷ്ടികര്‍ത്താവു പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെയോ പ്രത്യേകത കൊണ്ടല്ല.എവിടെ അവതരിച്ചാലും ആര്‍ എഴുതിയാലും ഒരു കലാ സൃഷ്ടി സര്‍ഗ്ഗാത്മകമാകുന്നതും ചിലതെങ്കിലും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും അനുവാചകനെ ഉദാത്തമായ അനുഭൂതിയുടെ മേഖലകളിലേക്കാനയിക്കാന്‍ അതിനുള്ള കഴിവു കൊണ്ടു മാത്രമാണു.ലോക ക്ളാസിക്കുകള്‍ തന്നെ ഒന്നാന്തരം ഉദാഹരണം.ബ്ളോഗില്‍ വന്നതു കൊണ്ടോ, പത്രമാസികകളിലോ പുസ്തക രൂപത്തിലോ വന്നതുകൊണ്ടോ മാത്രം ഒരു രചന മെച്ചപ്പെട്ടതാകണമെന്നില്ല;മറിച്ചും.പെണ്ണെഴുത്ത്,ദളിതെഴുത്ത്,ദക്ഷിണാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍,പാശ്ചാത്യ-പൗരസ്ത്യ വേര്‍തിരിവുകളിലും കാര്യമില്ല.കഥയില്ലായ്മയെഴുതി പെണ്ണെഴുത്തിന്റെ പേരില്‍ വിലസുന്നവരും ഒന്നാന്തരം കഥകളെഴുതിയിട്ടും പെണ്ണെഴുത്തിന്റെ വേലിക്കെട്ടിനകത്തു തളയ്ക്കപ്പെട്ടവരും ഇവിടെയുണ്ട്.ദളിതെഴുത്തും തഥൈവ.ശരണ്‍ കുമാര്‍ ലിംബാളെയുടെ വിവര്‍ത്തനങ്ങളേക്കാള്‍ എത്രയോ മെച്ചമാണു സാറാ തോമസിന്റെ ദൈവമക്കള്‍.
ആരുടേയും കാലു പിടിക്കാതെയും എഡിറ്ററുടെ കത്രികക്കിരയാവാതെയും സ്വന്തം രചന പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നുള്ളതാണു ബ്ളോഗിന്റെ മെച്ചം.അതു ദോഷമായും ഭവിക്കുന്നുണ്ടു.കവിതയെന്ന പേരില്‍ ബ്ളോഗില്‍ വരുന്ന ഏതാണ്ടെല്ലാം തന്നെ മറ്റെന്തെങ്കിലും പേരില്‍ വിളിക്കപ്പെടേണ്ട ഒരു ഐറ്റമായിട്ടേ തോന്നിയിട്ടുള്ളു.കവിത്വ സിദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്ത കേവല കവിയശ്ശ:പ്രാര്‍ത്ഥികളേക്കൊണ്ടു ബ്ളോഗ്  ലോകം നിറഞ്ഞിരിക്കുന്നു.(ആനുകാലികങ്ങളിലും ഇക്കൂട്ടര്‍ ധാരാളമുണ്ടു.)കമന്റുകള്‍ കൊണ്ടു പരസ്പരം പുറം ചൊറിഞ്ഞാണിവര്‍ മഹാകവികളാകുന്നത്. എന്നാല്‍ ഇടക്കൊക്കെ നല്ല കവിതകളും എച്മിക്കുട്ടിയേപ്പോലുള്ളവരുടെ ഒന്നാന്തരം കഥകളും(ദൈവത്തിന്റെ വിരലുകള്‍ ഗിതാര്‍ വായിക്കുമ്പോള്‍) ബ്ളോഗില്‍ വായിക്കാന്‍ കിട്ടുന്നുണ്ട്.
അവനവന്‍ പ്രസാധനമാണെന്നും എഡിറ്ററുടെ കൈ കടത്തലില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന ബ്ളോഗെഴുത്തുകാര്‍ ഒരു കാര്യം മറക്കുന്നു.അവനവനില്‍ തന്നെ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത.തന്റെ രചന ലോകത്തിന്റെ മുന്‍പിലേക്കെറിഞ്ഞു കൊടുക്കുന്നതിന്‍ മുന്‍പ് അതിനു തക്ക യോഗ്യത അതിനുണ്ടോ എന്നു സ്വന്തം മന:സാക്ഷിയോട് പലവട്ടം ചോദിക്കുന്നതു നന്നായിരിക്കും..എന്നിട്ടു ഓകേ ആണെങ്കില്‍ മാത്രം പബ്ളിഷ് ബട്ടനില്‍ വിരലമര്‍ത്തുക.പക്ഷേ അങ്ങിനെ ചോദിക്കാന്‍ തോന്നണമെങ്കില്‍ പൂര്‍വസൂരികളുടെ രചനകളുടെ വരമ്പത്തു കൂടെയെങ്കിലും ഒന്നു നടന്നിരിക്കണം.പ്രപഞ്ചം,പ്രകൃതി,സമൂഹം ഇവയേക്കുറിച്ചും ചെറുതല്ലാത്ത ഒരു ധാരണ ഉണ്ടായിരിക്കണം.ഇതൊന്നുമില്ലാതെ,സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ മാത്രം സര്‍ഗ്ഗ ക്രിയക്കൊരുങ്ങുന്നതു മൗഢ്യമാണു.എന്തൊക്കെയോ കുത്തിക്കുറിച്ച് ജീവിതത്തിന്റെ ഇതുവരെ സ്പര്‍ശിക്കാത്ത സൂക്ഷ്മ സ്ഥലികളെ പ്രത്യക്ഷവല്ക്കരിക്കുന്നു എന്നും,കവിതാം ഗന ഇന്നു പഴയ നാണമെല്ലാം കളഞ്ഞ് ജീന്‍സും ടോപ്പും ധരിച്ച് പുതു വഴിയേ നടന്നു അവളെ അടയാളപ്പെടുത്തുന്നു എന്നും എഴുതിയാല്‍ സാഹിത്യം ഉണ്ടാകില്ല.കവിത ഒരിക്കലും ഉണ്ടാകില്ല.ചുമ്മാതെയാണോ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥകളിലൊന്നായ ഹിഗ്ഗ്വിറ്റ എഴുതിയ എന്‍.എസ്.മാധവന്‍ ബ്ളോഗെഴുത്തുകാരെ ശപിച്ചത്.

   -0-
ടി.യൂ.അശോകന്‍