Monday, April 1, 2013

പടിയിറങ്ങിപ്പോയ ഭാരതി




കണ്ടക ശനിയുടെ കാഠിന്യം
കൊണ്ടു തകർന്നൊരു തറവാടിൻ
മുൻപിലിരുന്നൊരു കരനാഥൻ
സങ്കടമോടെ ഭജിക്കുമ്പോൾ
തൻ പരദേവത കനിയുന്നൂ...
പൊൻ പുതു മന്ദിരമേകുന്നൂ...

അൻപതിലധികം പടവുകളിൽ
അമ്പല മാതൃക തൻ നിറവിൽ
നല്ലൊരു, മാളിക തൻ നടുവിൽ
സന്തതികൾ കളിയാടുകയായ്‌...

ആധിയൊഴിഞ്ഞൊരു കാരണവർ
മോദമൊടങ്ങിനെ വാഴുമ്പോൾ
വ്യാധികൾ വന്നു നിരക്കുകയായ്‌
ജാതക ദോഷമ,തൊക്കുകയായ്‌...

പുലരിവിളക്കു കൊളുത്താനായ്‌
കതിരവനെന്നു,മൊരുങ്ങുമ്പോൾ
കലയുടെ ദേവത കവിതയുമായ്‌
കനക മയിൽ പോലാടുമ്പോൾ,
താമസമാനസ തനയന്മാർ
സ്ഥാപിത തല്പര വിരുതന്മാർ
പാവനസാഹിതി തൻ വഴിയിൽ
ഭാവനയില്ലാ,തലയുന്നോർ
വൻ പുതു മന്ദിരമെമ്പാടും
അങ്കണമാകെയു,മപ്പുറവും
ഏറിയ നിർവൃതി തൻ കൃതിപോൽ
കോറി നിറച്ചു മദിക്കുകയായ്‌.....

വ്യർത്ഥപദങ്ങളി,ലല്പരവർ
ക്ഷുദ്ര പടങ്ങൾ വരയ്ക്കുകയായ്‌...
അത്ഭുതകാവ്യ കലാവിരുതായ്‌
വിഢിക,ളവരതു വാഴ്ത്തുകയായ്‌...
വൻ തറവാടതിലെങ്ങും ദുർ-
ഗ്ഗന്ധം കൊണ്ടു നിറയ്ക്കുകയായ്‌.....

വാക്കുകളഴുകിയ നാറ്റവുമായ്‌
ആ,ത്തറവാടതു നിൽക്കുമ്പോൾ
ഏറ്റവു,മിളയൊരു തനയൻ തൻ-
മൂത്തവരോടതു ചൊല്ലുന്നു...

തല്ക്ഷണ,മവരൊരു  പടയായി
അക്ഷമയോടവ,നെതിരായി...
കഷ്ടതരം ചില കാവ്യ വൃഥാ-
കല്പന പിന്നെയു,മുളവായി...

കോറുവതെങ്ങടെ സ്വാതന്ത്ര്യം
നാറണമെന്നതു കര, യോഗം...
ഇത്തറവാടിൻ മുറ്റമിതിൽ
നിത്യവുമിങ്ങനെ വരയുമ്പോൾ
ശോധന സാധിതമാവുകയായ്‌
ഹാ, നവ നിർവൃതി,യറിയുകയായ്‌...
ഈ സുഖലഭ്യത,യൊഴിവാക്കാൻ
ഈശനിലാശ വളർന്നാലും
ഏശുകയില്ലവ,ഞങ്ങളിതാ
വാശിയിൽ വീണ്ടും വരയുകയായ്‌....

അഴുകിയ വാക്കുകൾ നിറയുമ്പോൾ
മഴയുടെ സാദ്ധ്യത മറയുമ്പോൾ
പുതിയൊരു `ഭാർഗ്ഗവി നിലയം` പോൽ
തറവാ,ടങ്ങിനെ മരുവുമ്പോൾ,
പൊടിയി,ലമർന്നൊരു നാരായം
പലവുരു നോക്കിയ കരനാഥൻ
പടികളിറങ്ങി നടക്കുന്നൂ....
ഭാരതി കൂടെയിറങ്ങുന്നൂ....!

              --(---

ടി  യൂ  അശോകൻ

-----------------------------------------------------------------------
*No part or full text of this literary work may be re produced
in any form  without prior permission from the author.
-----------------------------------------------------------------------