ദുരിതകാലത്തി,നോർമ്മകൾ നിർദ്ദയം
കരളു മാന്തിപ്പറിക്കുന്നൊരന്തിയിൽ,
ഇരുളിൽനിന്നും പറന്നുവ,ന്നെന്റെയീ-
തൊടിയിലൊറ്റയ്ക്കിരിക്കും പതംഗമേ....
ഒടുവിലെത്തുന്ന പക്ഷിനീ,യെൻ നേർക്ക്
ചുടലകത്തുന്ന കണ്ണിനാൽ നോക്കവേ,
തുടിമുഴങ്ങുന്നപോലെന്റെ നെഞ്ചകം
മരണതാളം മുഴക്കുന്ന കേൾപ്പു ഞാൻ.
രുധിരകാളിതൻ വാളുപോലുള്ള നിൻ
നഖരമാഴ്ത്തുവാ,നെന്നെ കൊരുക്കുവാൻ
ക്ഷമ പൊറാഞ്ഞു നീ മൂളുന്ന കേൾക്കവേ,
ചിരി വരുന്നെനി,ക്കിന്നീ ത്രിസന്ധ്യയിൽ.
ജനനദുർദ്ദിനം തന്നേലഭിച്ചതാം
പതിതജീവിത ഭാണ്ഡം ചുമന്നു ഞാൻ
തെരുവിലൊറ്റ,യ്ക്കലഞ്ഞനാൾ തൊട്ടുനിൻ
വരവു കാത്തതെ,ന്തറിയാതെ പോയിനീ..
ഗതിപിടിക്കാത്തൊ,രാത്മാവു പോലെ ഞാൻ
പശിയിലന്നം തിരഞ്ഞു നടക്കവേ,
മനവു,മൊപ്പമെൻ മേനിയും പൊള്ളുന്ന-
ജലമൊഴിച്ചെന്നെ,യാട്ടിയോടിച്ചവർ,
അറകളിൽനിറ,ച്ചന്നവും അന്യർതൻ-
ധനവുമായ് മദംകൊണ്ടുപുളയ്ക്കുന്ന
വികൃതകാഴ്ചകൾകണ്ടു ഞാ,നെത്രയോ-
തവണ നിന്മുഖംകാണാൻ കൊതിച്ചുപോയ്.
പ്രണയമെന്നെ പഠിപ്പിച്ചുകൊണ്ടവൾ
തരളമെൻ നേർക്കെറിഞ്ഞൊരാപ്പുഞ്ചിരി,
ഒരിദിനത്തിൽ മറഞ്ഞതിൽ നൊന്തു ഞാൻ
ഉടനെ,നിന്മുഖം കാണാൻശ്രമിക്കവേ,
കയറുപൊട്ടി ഞാൻ വീണുപോയ് വീണ്ടുമീ-
നരകജീവിതം തന്നിലേയ്ക്കുരുകുവാൻ.
സുഖദസൗഹൃദം നൽകുവാനെത്തിയെൻ-
ഹൃദയഭിത്തിയിൽ ചിത്രംവരച്ചവർ,
ഒരുപ്രഭാതത്തിലെൻ നെഞ്ചിലേക്കു തീ
വിതറി,നൃത്തം ചവിട്ടീ;നടുങ്ങി ഞാൻ.
ചിറകടിച്ചെന്റെ ചാരത്തുനീയന്നു-
വരണമെന്നു ഞാ,നാശിച്ചതോർക്കണം.
പ്രഥമബുദ്ധി,യുദിച്ചവർക്കെപ്പൊഴും
സുഖമൊരുക്കുവാൻ മാത്രമായ് തീർത്തതാം
കുടിലചാണക്യ തന്ത്രത്തിൽ വാഴുമീ-
ഭുവനജീവിതം എന്നേവെറുത്തു ഞാൻ.
അറവുശാലയിലേക്കുള്ള യാത്രയിൽ
കനിവു കാംക്ഷിപ്പതേ മൗഢ്യമെങ്കിലും,
വരിക,വന്നെന്നിൽ വീഴുക,പിന്നെയെൻ-
കരളുമായ് വിഹായസ്സിലേക്കുയരുക...
ജനിമൃതികൾതൻ ചങ്ങലക്കെട്ടഴി-
ച്ചിനി,യെനിക്കുള്ള മോചനം നൽകുക...
--(----
ടി. യൂ.അശോകൻ
----------------------------------------
പുന:പ്രസിദ്ധീകരണം - വായിക്കാത്തവർ ക്കുവേണ്ടി..
------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------------------------