Thursday, August 9, 2012

കാക്കിയും കൈരളിയും



തെക്കുള്ള തട്ടകം കൈരളീദേവിയാൾ-
ക്കൊട്ടും പിടിക്കാതെവ,ന്നതിൽ ഖിന്നയായ്
ചെറ്റൊന്നിരക്കാനിടം നോക്കി ദേവിയ-
ന്നൊറ്റയ്ക്കു മൂകം വടക്കോട്ടു നീങ്ങവേ...
ആശ്രിതർ,ക്കെല്ലാമൊരുക്കുന്ന പൂർണത്ര-
യീശന്റെ മുറ്റത്തു നിന്നൂ പൊടുന്നനെ.

ആരും കടക്കാൻ മടിക്കുന്ന,നാടിന്റെ-
കാവൽതുറയ്ക്കുള്ളിൽ നിന്നും മുഴങ്ങുന്ന
കാവ്യങ്ങൾ ദേവിക്കു ഹാരങ്ങളാകവേ
ആകെക്കുളിർകോരി നിന്നുപോയ്‌ ദേവിയും.

സങ്കല്പലോകത്തുപോലും ലഭിക്കാത്ത
സംതൃപ്ത ദൃശ്യം കണക്കന്നു സ്റ്റേഷന്റെ-
അന്ത:പുരത്തിന്നു നവ്യാനുഭൂതിയായ്‌
അന്തിക്കു ചൊല്ലുന്നു കാവ്യങ്ങൾ പിന്നെയും.

ചന്തം തികഞ്ഞുള്ള വാക്കിനാൽ ദേവിക്കു-
തങ്കച്ചിലമ്പിട്ട ചങ്ങമ്പുഴയ്ക്കിതാ
അമ്പത്തിയൊന്നക്ഷരത്തിന്റെ പൂക്കളാ-
ലഞ്ചുന്ന മാല്യങ്ങൾ തീർ ക്കുന്നു പിന്മുറ.

ആനന്ദലബ്ധി,യ്ക്കുപായങ്ങളാകുന്ന-
കാവ്യങ്ങൾ മാരിയായ്‌ പെയ്തൊഴിഞ്ഞീടവേ,
അമ്പലം മൂവലം വെച്ചകം പൂകിനാ-
ളിമ്പം കലർന്നിത്ഥമോതുന്നു ദേവിയാൾ...

വാളുകൊ,ണ്ടാളും വടക്കെനിക്കന്യമാ-
ണായിടം വിട്ടതാ,ണെന്നേക്കുമായി ഞാൻ..
ആശിച്ച സംസ്കാരവാടിയായ്‌ പൂർണത്ര-
യീശന്റെ ദേശം വിളങ്ങുന്ന കാണവേ,
തെക്കും വടക്കും നടക്കാതെമേലിലെൻ-
തട്ടകം തന്നെയാക്കട്ടെയീപ്പട്ടണം....

      --0--

ടി.യൂ. അശോകൻ

...........................................................
 14/07/2012- നു തൃപ്പൂണിത്തുറ ഹിൽ പാലസ്‌
പോലീസ്‌ സ്റ്റേഷനിൽ
ബഹുമാനപ്പെട്ട
ജസ്റ്റീസ്‌.കെ.സുകുമാരൻ
ഉദ്ഘാടനം
നിർവഹിച്ച കവിയരങ്ങിനെ
അനുസ്മരിച്ച് എഴുതിയത്..