Tuesday, April 30, 2013

രാമ ശിഥില മാനസം


നിന്നെ ഞാൻ വെറുക്കുന്നു
നീ വെറും നിശാചരി
അന്ധ കാനനംതോറു-
മലയും പിശാചിനി...
നിന്നെ ഞാൻ ഭയക്കുന്നു
നീ തമ:സംസ്കാരത്തിൻ
വന്യ ഗഹ്വരങ്ങളിൽ
വസിക്കും നക്തഞ്ചരി...

എന്നിടം നിനക്കന്യ-
മെന്നതേ മറന്ന നീ
ഖിന്നയായ്‌ നില്ക്കേണ്ടവൾ
നിന്ദ്യയായ്‌ തീരേണ്ടവൾ...
വീത രാഗയായ്‌ വേഗ-
മീ വനം വെടിഞ്ഞു നീ
പോക,നാം തമ്മിൽ പാരിൽ-
പ്രേമ വ്യാപാരം വയ്യ...

നഷ്ട സാമ്രാജ്യത്തിന്റെ
ദു:ഖമു,ണ്ടെന്നാകിലും
ക്ഷത്രിയൻ-ഇവൻ-ആര്യ-
വർഗ്ഗ രക്ഷണോത്സുകൻ...
ആദിയിൽ,നിൻ ദ്രാവിഡ-
പൂർവികർ,ക്കൊരുക്കിയോ-
രാര്യ തന്ത്രത്തിൻ ശര-
മേറെയു,ണ്ടെൻ പൂണിയിൽ...
ഒപ്പമു,ണ്ടനുജനും
പത്നിയു,മൊടുങ്ങാത്ത-
വർഗ്ഗ താല്പര്യം തന്ന
യുദ്ധ ചാപല്യങ്ങളും...

എങ്കിലു,മെന്നന്തിക-
ത്തന്തിയി,ലേതോ പൂർവ്വ-
ബന്ധമായ്‌ സാമീപ്യമായ്‌
ഗന്ധമായ്‌ നീ നില്ക്കവേ,
ചിന്തയിലെന്നും ചുര-
ന്നൊഴുകും ചിരന്തന-
സിന്ധുവിൻ തീരത്തിലേ-
യ്ക്കെന്നെ നീ വിളിക്കുന്നു....

ആടുമാടുമായ്‌ വന്നോ-
രാര്യ ബാലകൻ കണ്ട
ഭാരത തനൂജ നീ..
പാവന ചരിത നീ....
കേവലാഹ്ളാദത്തിന്റെ
രൂപമായ്‌ നിന്നെക്കാണാ-
നീ വനം പഠിപ്പിച്ച-
തീ ജിതൻ മറന്നു പോയ്‌...

കൊന്നതും കൊല്ലിച്ചതും
വെന്നതും വെറുത്തതും
എന്തിനെ,ന്നോർക്കാതിവൻ
നിൻ മനം ത്യജിച്ചുപോയ്‌ ...
അഗ്നിയാൽ,നിൻ ഗോത്രത്തി-
ന്നുത്ഭവം മറച്ചുവെ-
ച്ചക്ഷരം നീ കാണുമ്പോ-
ളല്പനായ്‌ ഭയന്നുപോയ്‌...

നിൽക്കുവാൻ പാടില്ല നീ-
യി,ത്തപോ വാടം തന്നിൽ
ലക്ഷ്മണാഗമം മുന്നി-
ലെപ്പൊഴും ഭവിച്ചിടാം...

ലക്ഷ്മണൻ-അവൻ-വെറും-
കശ്മലൻ-മമാനന്ദ-
മൊക്കെയും നശിപ്പിക്കാ-
നിറങ്ങി,പ്പുറപ്പെട്ടോൻ...
വാർമഴവില്ലി,ന്നൊളി
ചേർന്നവൾ-സ്വകാന്തയാ-
മൂർമ്മിള-യ്ക്കേകാന്തത-
യേകുവാൻ തുനിഞ്ഞവൻ...

എന്നുമീ മന്ദാകിനീ
തീരമാർ,ന്നെൻ സീത തൻ
ചുണ്ടിലെ,ത്തേനും നുകർ-
ന്നങ്ങിനെ കിടക്കുവാൻ,
ചിത്രകൂടത്തിൽ പറ-
ന്നെത്തുമീ,പ്പതംഗമോ-
ടെത്രയോ കാലം കാത്ത
സ്വപനമൊ,ന്നുണർത്തുവാൻ,
ഒത്തതി,ല്ലവൻ സൂക്ഷ്മ-
നേത്രമാം വില്ലും കുല-
ച്ചെത്തിടുന്നെങ്ങും,പെണ്ണിൻ-
ചിത്തമേ കാണാത്തവൻ...

കുന്നുകൾ തടാകങ്ങൾ
സന്ധ്യകൾ സംഗീതങ്ങൾ
എൻ കളത്രത്തിൻ കട-
ക്കണ്ണിലെ കൽ ഹാരങ്ങൾ...
ഭംഗികൾ വാരി,പ്പുണർ-
ന്നുണ്മയിൽ ലയിച്ചിടാ-
നുള്ള മോഹങ്ങൾക്കെന്നും
ഭംഗമായ്‌ തീരു,ന്നവൻ....

ഉന്തി നിൽക്കുന്നൂ നിന്നിൽ-
രണ്ടു കുംഭങ്ങൾ, കാമ-
ചിന്തകൾ,ക്കാഥിത്യമായ്‌,
മങ്ക നി,ന്നാകർഷമായ്‌...
എന്തിലും തൻ കൈക്കരു-
ത്തിന്റെ പാ,ടേല്പ്പിച്ചവൻ
പങ്കിലമാക്കും,ക്ഷിതി-
യ്ക്കന്ത്യകർമ്മങ്ങൾ ചെയ്യും...

കുന്നിടി,ച്ചവൻ കുളം-
നികത്തും,നിൻ മെയ്‌ ക്കവൻ
തന്മനോ മാലിന്യത്താൽ
കന്മഷം കലർത്തിടും....
മുലയും മൂക്കും മുറി-
ച്ചെറിയും,മഹാ പാപ-
രുധിരം നിറ,ച്ചേതു-
നദിയും നശിപ്പിക്കും...

നിൽക്കുവാൻ പാടില്ല നാ-
മി,ത്തമോ വാടം തന്നിൽ
ലക്ഷ്മണാനന്ദം മർത്ത്യ-
ന്നത്രമേ,ലാപല്ക്കരം....

ഉഷ്ണമായ്‌ ജ്വലിച്ചവൻ
പടരും ഗ്രഹം വെടി-
ഞ്ഞിറ്റു ശീതമാം പഥം
ചുറ്റുവാൻ കൊതിപ്പു ഞാൻ....!



           --(----

ടി  യൂ  അശോകൻ.
--------------------------------------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author.
---------------------------------------------------------------------------