Tuesday, April 30, 2013

രാമ ശിഥില മാനസം


നിന്നെ ഞാൻ വെറുക്കുന്നു
നീ വെറും നിശാചരി
അന്ധ കാനനംതോറു-
മലയും പിശാചിനി...
നിന്നെ ഞാൻ ഭയക്കുന്നു
നീ തമ:സംസ്കാരത്തിൻ
വന്യ ഗഹ്വരങ്ങളിൽ
വസിക്കും നക്തഞ്ചരി...

എന്നിടം നിനക്കന്യ-
മെന്നതേ മറന്ന നീ
ഖിന്നയായ്‌ നില്ക്കേണ്ടവൾ
നിന്ദ്യയായ്‌ തീരേണ്ടവൾ...
വീത രാഗയായ്‌ വേഗ-
മീ വനം വെടിഞ്ഞു നീ
പോക,നാം തമ്മിൽ പാരിൽ-
പ്രേമ വ്യാപാരം വയ്യ...

നഷ്ട സാമ്രാജ്യത്തിന്റെ
ദു:ഖമു,ണ്ടെന്നാകിലും
ക്ഷത്രിയൻ-ഇവൻ-ആര്യ-
വർഗ്ഗ രക്ഷണോത്സുകൻ...
ആദിയിൽ,നിൻ ദ്രാവിഡ-
പൂർവികർ,ക്കൊരുക്കിയോ-
രാര്യ തന്ത്രത്തിൻ ശര-
മേറെയു,ണ്ടെൻ പൂണിയിൽ...
ഒപ്പമു,ണ്ടനുജനും
പത്നിയു,മൊടുങ്ങാത്ത-
വർഗ്ഗ താല്പര്യം തന്ന
യുദ്ധ ചാപല്യങ്ങളും...

എങ്കിലു,മെന്നന്തിക-
ത്തന്തിയി,ലേതോ പൂർവ്വ-
ബന്ധമായ്‌ സാമീപ്യമായ്‌
ഗന്ധമായ്‌ നീ നില്ക്കവേ,
ചിന്തയിലെന്നും ചുര-
ന്നൊഴുകും ചിരന്തന-
സിന്ധുവിൻ തീരത്തിലേ-
യ്ക്കെന്നെ നീ വിളിക്കുന്നു....

ആടുമാടുമായ്‌ വന്നോ-
രാര്യ ബാലകൻ കണ്ട
ഭാരത തനൂജ നീ..
പാവന ചരിത നീ....
കേവലാഹ്ളാദത്തിന്റെ
രൂപമായ്‌ നിന്നെക്കാണാ-
നീ വനം പഠിപ്പിച്ച-
തീ ജിതൻ മറന്നു പോയ്‌...

കൊന്നതും കൊല്ലിച്ചതും
വെന്നതും വെറുത്തതും
എന്തിനെ,ന്നോർക്കാതിവൻ
നിൻ മനം ത്യജിച്ചുപോയ്‌ ...
അഗ്നിയാൽ,നിൻ ഗോത്രത്തി-
ന്നുത്ഭവം മറച്ചുവെ-
ച്ചക്ഷരം നീ കാണുമ്പോ-
ളല്പനായ്‌ ഭയന്നുപോയ്‌...

നിൽക്കുവാൻ പാടില്ല നീ-
യി,ത്തപോ വാടം തന്നിൽ
ലക്ഷ്മണാഗമം മുന്നി-
ലെപ്പൊഴും ഭവിച്ചിടാം...

ലക്ഷ്മണൻ-അവൻ-വെറും-
കശ്മലൻ-മമാനന്ദ-
മൊക്കെയും നശിപ്പിക്കാ-
നിറങ്ങി,പ്പുറപ്പെട്ടോൻ...
വാർമഴവില്ലി,ന്നൊളി
ചേർന്നവൾ-സ്വകാന്തയാ-
മൂർമ്മിള-യ്ക്കേകാന്തത-
യേകുവാൻ തുനിഞ്ഞവൻ...

എന്നുമീ മന്ദാകിനീ
തീരമാർ,ന്നെൻ സീത തൻ
ചുണ്ടിലെ,ത്തേനും നുകർ-
ന്നങ്ങിനെ കിടക്കുവാൻ,
ചിത്രകൂടത്തിൽ പറ-
ന്നെത്തുമീ,പ്പതംഗമോ-
ടെത്രയോ കാലം കാത്ത
സ്വപനമൊ,ന്നുണർത്തുവാൻ,
ഒത്തതി,ല്ലവൻ സൂക്ഷ്മ-
നേത്രമാം വില്ലും കുല-
ച്ചെത്തിടുന്നെങ്ങും,പെണ്ണിൻ-
ചിത്തമേ കാണാത്തവൻ...

കുന്നുകൾ തടാകങ്ങൾ
സന്ധ്യകൾ സംഗീതങ്ങൾ
എൻ കളത്രത്തിൻ കട-
ക്കണ്ണിലെ കൽ ഹാരങ്ങൾ...
ഭംഗികൾ വാരി,പ്പുണർ-
ന്നുണ്മയിൽ ലയിച്ചിടാ-
നുള്ള മോഹങ്ങൾക്കെന്നും
ഭംഗമായ്‌ തീരു,ന്നവൻ....

ഉന്തി നിൽക്കുന്നൂ നിന്നിൽ-
രണ്ടു കുംഭങ്ങൾ, കാമ-
ചിന്തകൾ,ക്കാഥിത്യമായ്‌,
മങ്ക നി,ന്നാകർഷമായ്‌...
എന്തിലും തൻ കൈക്കരു-
ത്തിന്റെ പാ,ടേല്പ്പിച്ചവൻ
പങ്കിലമാക്കും,ക്ഷിതി-
യ്ക്കന്ത്യകർമ്മങ്ങൾ ചെയ്യും...

കുന്നിടി,ച്ചവൻ കുളം-
നികത്തും,നിൻ മെയ്‌ ക്കവൻ
തന്മനോ മാലിന്യത്താൽ
കന്മഷം കലർത്തിടും....
മുലയും മൂക്കും മുറി-
ച്ചെറിയും,മഹാ പാപ-
രുധിരം നിറ,ച്ചേതു-
നദിയും നശിപ്പിക്കും...

നിൽക്കുവാൻ പാടില്ല നാ-
മി,ത്തമോ വാടം തന്നിൽ
ലക്ഷ്മണാനന്ദം മർത്ത്യ-
ന്നത്രമേ,ലാപല്ക്കരം....

ഉഷ്ണമായ്‌ ജ്വലിച്ചവൻ
പടരും ഗ്രഹം വെടി-
ഞ്ഞിറ്റു ശീതമാം പഥം
ചുറ്റുവാൻ കൊതിപ്പു ഞാൻ....!



           --(----

ടി  യൂ  അശോകൻ.
--------------------------------------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author.
---------------------------------------------------------------------------

9 comments:

  1. ശുദ്ധകവിതയ്ക്കെന്റെ നമസ്കാരം

    ReplyDelete
  2. ദ്രാവിഡനുണ്ടാക്കിയ അമ്പുകൾ അവന്റെ നെഞ്ചിനിട്ടു തന്നെ.. എന്നും..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. aaryadravida vankaththaththinte aTiththaRayil paNitha poTTakkavitha...

    ReplyDelete
    Replies
    1. അരസികേഷു
      കവിത്വ നിവേദനം
      ശിരസി മാ ലിഖ
      മാ ലിഖ, മാ ലിഖ.. !

      Delete
  4. ഞാനേ സര്‍ഗധനന്‍, വൃത്തത്തില്‍
    വൃത്തിയില്‍ വാക്കുകളൊക്കെയടുക്കാന്‍,
    ലക്ഷണമൊട്ടും തെറ്റീടാതെ
    ഉഗ്രനലങ്കാരങ്ങള്‍ നിരത്താന്‍
    ഇപ്പോല്‍ ഞാനല്ലാതാരുണ്ടീ
    പിള്ളേരെന്തൊരു കഥയറിയുന്നു.
    കേട്ടിട്ടില്ലവര്‍ കുഞ്ചനെ തുഞ്ചനെ
    വള്ളത്തോളിനെ ഹെന്തൊരു കഷ്ഠം!

    വൃത്തതിന്‍ പറയാനറിയില്ല
    വ്യാകരണപ്പിഴയതുമറിയില്ല
    ബ്ലോഗാണെന്നു നിനച്ചിട്ടെന്തോ
    കോറുന്നൂ ചിലര്‍, കവിയെന്നിവരെ
    ഞാന്‍ കരുതില്ല, സര്‍ഗ്ഗക്രീയാ-
    സാരം ഞാനൊരു വൃത്തത്തില്‍
    ഇതാ ചൊല്ലുന്നു കേട്ടുള്ളിലുറക്ക്.
    കാവ്യം ചിലവഹ കേട്ടുപഠിക്ക്
    എന്നിട്ടാവഹ പുണ്യപുരാതന
    രീതികള്‍ പാരം അനുശീലിക്ക്.









    ReplyDelete
  5. ശീതമാമീ പഥം
    ചുറ്റുവാൻ കൊതിപ്പു ഞാൻ....!

    ReplyDelete
  6. വയലാറിന്റെ കവിതകള്‍ പോലെ മനോഹരം....ഉജ്ജ്വലമായ വര്‍ണ്ണനകള്‍...അഭിനന്ദനങ്ങള്‍

    ReplyDelete
  7. കുന്നിടി,ച്ചവൻ കുളം-
    നികത്തും,നിൻ മെയ്‌ ക്കവൻ
    തന്മനോ മാലിന്യത്താൽ
    കന്മഷം കലർത്തിടും....
    മുലയും മൂക്കും മുറി-
    ച്ചെറിയും,മഹാ പാപ-
    രുധിരം നിറ,ച്ചേതു-
    നദിയും നശിപ്പിക്കും..
    ആശംസകള്‍

    ReplyDelete