Monday, October 1, 2012

തമ:സ്തവം



മരണമൊന്നതേ മേലിൽ പ്രിയംകരം
വരണ,മന്തികേ നീ സഖീ സത്വരം
പ്രണയ ലോലയാ,യെന്നിൽ നിസ്സംശയം
വരണമാല്യവും ചാർത്തു നീ,യിക്ഷണം...

അഴകെഴുന്ന നിൻ ചികുരമോ നിർഭരം
അതിലമർ ന്നു ഞാ,നറിയട്ടെ സാന്ത്വനം
അഭയമേകുവാ,നുള്ളതേ നിൻ കരം
അകലമാർ ന്നു നീ നില്പതേ നിർദ്ദയം....

ഏണനേർമിഴീ നീ തരൂ ദർശനം
വേണമെത്രയും വേഗമാ സുസ്മിതം
നീ വരുമ്പൊഴെൻ ജീവിതം നിശ്ചലം
താവകാംഗുലീ സ്പർശനം സാർത്ഥകം...

പരമസങ്കല്പ,മൊക്കെയും പാതകം
ദുരിതമേറുമ്പൊ,ളെന്തിന്നു വാചകം
മരണദേവതേ നീ തരൂ മോചനം
പതിതനെപ്പൊഴും നീ തന്നെ ദൈവതം.....!

       ----0----

ടി. യൂ. അശോകൻ

---------------------------------------------------------------
*No part or full text of this literary work
may be reproduced in any form without
prior permission from the author.