സംഗ്രാമ ശേഷം മഥിക്കുന്ന ചിന്തയാൽ
സന്താപമാർന്നിരിക്കുന്നിതാ യാദവൻ..
സന്ധ്യാംബരം മാഞ്ഞു;മങ്ങുന്ന ദ്വാരകാ-
ചന്തങ്ങളിൽ തങ്ങിനിൽക്കുന്നു മൂകത..
വണ്ടിന്റെ മൂളലിൽ പോലും മുഴങ്ങുന്ന-
തമ്പിൻ രവം തന്നെയെന്നു തോന്നിക്കയാൽ
ചിന്തിച്ചതോരോന്നു,മമ്പായ് തറഞ്ഞപോൽ
സ്തംഭിച്ചിരിക്കുന്നു മാധവൻ ഏകനായ്..
പണ്ടായിരുന്നെങ്കി,ലഞ്ചാറുപെണ്ണുങ്ങ-
ളുണ്ടാകുമായിരു,ന്നന്തിക,ത്തെപ്പൊഴും..
ശൃംഗാരമോലുന്ന പഞ്ചാര വാക്കിനാൽ
വെഞ്ചാമരം വീശി നിൽക്കും തനൂജകൾ..
കോലക്കുഴലി,ല്ലലങ്കാരമായ് ചേർന്ന
നീലിച്ച പീലിയു,മില്ല മൂർദ്ധാവതിൽ..
കാലൊച്ച കേൾക്കാ,തടുത്തുവ,ന്നെത്തുവാ-
നായർക്കിടവുമി,ന്നില്ല പ്രേമാർത്ഥിയായ്..
രാധാ സമേതനായ് നിന്ന നേരങ്ങളിൽ
രാഗാർദ്രനായ് കണ്ട രാജീവലോചനൻ
ശോകാന്തനാടകം തീരുന്ന രംഗത്തി-
ലേകാന്ത നായകൻ പോ,ലിരിക്കുന്നിതാ..
യുദ്ധംകഴിഞ്ഞൂ;ദിഗന്തങ്ങൾ പോരുകൾ-
ക്കർത്ഥം ലഭിക്കാതെ നിൽക്കുന്നു സ്തബ്ധ്മായ്..
ഉത്തുംഗ മാമല,യ്ക്കപ്പുറത്തേയ്ക്കു തൻ-
ദു:ഖം മറയ്ക്കാ,നൊളിക്കുന്നു കാർമുകിൽ..
ആന്ധ്യം പുണർന്നേ പുലർന്നതിൻ ഹേതുവായ്
താന്തരായ്ത്തന്നേ പൊലിഞ്ഞുപോയ് കൗരവർ..
ഗാണ്ഡീവ ചാപം ഫലിക്കാതെ, പിന്നെയും-
കാന്താര മാർഗ്ഗം ഗമിക്കുന്നു പാണ്ഡവർ..
ഭ്രാതൃവൈര പ്പെരുംകാറ്റിൽ തകർ ന്നുവീ-
ണാര്യ വംശത്തിന്റെ നൂറു സിംഹാസനം..
ദിഗ്ജയത്തിൻ കുള,മ്പൊച്ചയിൽ വാ,ണൊരാ-
ഹസ്തിനം നില്പൂ നിതാന്ത സംഘർഷമായ്..
ഒക്കെയും ജാതമായ്തീരുവാൻ കാരണം
കൃഷ്ണനാണെന്നേ വിധിക്കൂ വിശാരദർ..
മൃത്യുവിൻ മുന്നിൽ വിറയ്ക്കവേ പാർത്ഥനോ-
ടെത്രയോ കൈതവം ഗീതയായ് ചൊല്ലിയോൻ..
കർമ്മം കഴിയ്ക്കാ,നറയ്ക്കാതിരിക്കണം
കർമ്മം തരും ഫലം കാക്കാതിരിയ്ക്കണം..
ജന്മം തുലഞ്ഞുപോകുന്നതിൽ ഭീതിവേ-
ണ്ടൊന്നും നശിക്കുന്നതില്ലാ ജനിക്കയും..
ഇത്ഥം വിരുദ്ധമാ,യദ്വൈത,മോതിയോൻ
ദു:ഖം സഹിക്കാതിരിക്കുന്നു ശപ്തനായ്..
അപ്പൊഴും ദ്വാരകാ ചിത്രം തകർ ക്കുവാ-
നബ്ധിയിൽ നിന്നുയിർക്കൊള്ളുന്നു വൻ തിര..
തീർത്ഥങ്ങളിൽ സ്നാനമേറ്റാലു,മായിരം-
ക്ഷേത്രങ്ങളിൽ മുക്തി മോഹിച്ചുപോകിലും
വാക്കിന്റെ യുക്തി,ക്കിണങ്ങാത്ത കർമ്മങ്ങ-
ളാർജ്ജിച്ച ശാപം, ഫലിക്കാതിരിക്കുമോ..
ആത്മദാഹങ്ങളായ്തീർന്ന ദാരങ്ങൾ ത-
ന്നാത്മരോഷം പോ,ലിരമ്പുന്നു സാഗരം..
ആർത്തരാ,യേതോ തൃണത്തുമ്പുമായ് ജനം
നേർക്കവേ വീണ്ടും പിറക്കുന്നു സംഗരം..
ആധിയി,ലാളുന്ന ദ്വാരകാ ദ്വീപു നീ-
രാഴിയി,ലാഴാൻ തുടങ്ങുന്ന വേളയിൽ
വ്യാധന്റെ കൂരമ്പു മാത്രം പ്രതീക്ഷിച്ചു
മാധവൻ നില്പൂ നിരാലംബ ദു:ഖമായ്..!
--(---
ടി യൂ അശോകൻ
----------------------------------
Already published in a monthly journal. No part or full text of this
literary work may be re produced in any form without prior
permission from the author.
-------------------------------------------------------------