Tuesday, May 31, 2011

പദ്യ സാഹിത്യ പഠനം പുന:സ്ഥാപിക്കുക.

1.ആദിമ സാഹിത്യം ലോകത്തെ എല്ലാ ഭാഷകളിലും ഉല്ഭവിച്ചത്‌ പദ്യരൂപത്തിലാണു.ഉദാത്തമായ ആശയങ്ങൾ മനസ്സിലേക്കു എളുപ്പത്തിൽ കടന്നു വരുന്നതും സ്ഥിരപ്രതിഷ്ഠനേടുന്നതും പദ്യഭാഷയിലൂടെയാണെന്നു കാണാം.വേദമന്ത്ര രചയിതാക്കൾ തുടങ്ങി വാല്മീകി വ്യാസൻ കാളിദാസൻ ഹോമർ ഷേക്സ്പിയർ പ്രഭൃതികൾ എല്ലാവരും അവലംബിച്ച മാധ്യമം പദ്യമാണു.
2.ഗദ്യം ഉരുവിട്ടാൽ മനസ്സ്‌ ആർദ്രമാകാറില്ല.അക്ഷരം അഭ്യസിക്കാത്ത ആളിനു പോലും നല്ല കവിത കേട്ടാൽ ആസ്വദിക്കാനും പഠിക്കാനും ജീവിതകാലം മുഴുവൻ മൂളി ആനന്ദിക്കാനും കഴിയുന്നു.
3.എത്ര ദുഷ്ടമനസ്സുള്ളയാൾ പോലും ഒരു നല്ല പാട്ടു, നല്ല കവിത മൂളുകയോ ആസ്വദിക്കുകയോ ചെയ്യുന്ന സമയമത്രയും മനോമാലിന്യങ്ങൾ ഒഴിഞ്ഞു നിർമലനായിത്തീരുന്നു.ക്ഷണനേരത്തേക്കെങ്കിലും ഇരുട്ടു നിറഞ്ഞ മനസ്സുകളില്പോലും പ്രകാശം പരത്താൻ ഛന്ദോബദ്ധമായ നല്ല കവിതക്കു കഴിയും.
4.ലോകത്തിൽ ഒരമ്മയും ഗദ്യത്തിൽ താരാട്ടു പാടി കുഞ്ഞിനെ ഉറക്കാറില്ല.
5.ഭക്തനും കാമുകനും പ്രാർത്ഥനക്കും ആനന്ദത്തിനും അവലംബിക്കുന്നതു പദ്യത്തിന്റെ ഭാഷയാണു.
6.സംഗീതോപകരണങ്ങളിൽ ഗദ്യരാഗങ്ങൾ എന്ന സമ്പ്രദായമില്ല.
7.ഹൃദയപ്രവർത്തനം ഒരു താളക്രമത്തിലല്ലേ..ഹൃദയതാളം.ഈ താളക്രമത്തിനുണ്ടാകുന്ന നേരിയ വ്യതിയാനം പോലും സഹിക്കാൻ കഴിയുന്നുണ്ടോ..
8.ചില ഗദ്യം അതീവ ഹൃദ്യമാകുന്നതും കവിതപോലെ എന്നൊക്കെ പറയാൻ പറ്റുന്നതും ആ ഗദ്യത്തിന്റെ വിന്യാസത്തിൽ അന്തർലീനമായിരിക്കുന്ന ഒരു താളക്രമം മൂലമല്ലെ.
അക്കമിട്ടു എഴുതാൻ തുടങ്ങിയാൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താം.നമ്മുടെ പഴയ പാഠ്യപദ്ധതിയിൽ മലയാള ഗദ്യ പാഠാവലിയോടൊപ്പം ഏറക്കുറെ അതേ വലിപ്പത്തിൽ പദ്യപാഠാവലിയും ഉണ്ടായിരുന്നു.എഴുത്തച്ഛൻ മുതൽ ആധുനിക കവികൾ വരെയുള്ളവരുടെ രചനകൾ പ്രാതിനിധ്യസ്വഭാവം കണക്കിലെടുത്ത്‌ വിവേകപൂർവം പദ്യപാഠാവലി തയ്യാറാക്കാൻ, സാഹിത്യകാരന്മാരുടെ സമിതികൾ സർക്കാർ രൂപീകരിക്കുമായിരുന്നു.കാലാന്തരത്തിൽ വിഷയവുമായി ആത്മ ബന്ധമോ അറിവിന്റെ ബന്ധമോ ഇല്ലാത്തവരുടെ മേൽനോട്ടത്തിൽ പാഠ്യപദ്ധതി തയ്യാറാക്കൽ ഒരു ഗവേഷണപരിപാടിയായിമാറുകയും ദയാവധത്തിലൂടെയെന്നവണ്ണം പദ്യ പാഠാവലി സമ്പ്രദായം അവസാനിക്കുകയും ചെയ്തു.പകരം മലയാളപാഠാവലിയിൽ ഗദ്യലേഖനങ്ങൾക്കിടയിൽ പദ്യത്തെ, തീർത്തും അപ്രസക്തമാക്കിക്കൊണ്ട്‌, എണ്ണവും വണ്ണവും കുറച്ചു ഗദ്യത്തിന്റെ ദാസ്യപ്പണിക്കെന്നു തോന്നുമാറു ഒതുക്കി നിർത്തി..ഗവേഷകർ വിജയിച്ചു.കവിതയും കവികളും തോറ്റു തുന്നം പാടി.
പുതിയതലമുറയ്ക്കു നഷ്ടപ്പെട്ട നന്മകളെ പുനസ്ഥാപിക്കാൻ,അവരുടെ മനോവ്യാപാരങ്ങളെ കാവ്യസംസ്കാരത്തിലൂടെ ആർദ്രമാക്കാൻ പദ്യ പഠനം പുന:സ്ഥാപിക്കണമെന്നു ബന്ധപ്പെട്ടവരോട്‌ അഭ്യർത്ഥിക്കുന്നു. ഒപ്പം ,നേരിനോടും നെറിവിനോടും നന്മയോടും ആഭിമുഖ്യമുള്ളവർ ഈ വഴിക്കുള്ള സ്രമം തുടരണമെന്നും അപേക്ഷിക്കുന്നു.
`മാറിവരുന്ന കാലത്തിന്റെ വെല്ലുവിളികൾ നേരിടാനും ശാസ്ത്രസാങ്കേതിക മാനേജ്മന്റ്‌ വിദഗ്ധരെ സൃഷ്ടിക്കുവാനും`ഉദ്ദേശിച്ചുള്ള നവീനപാഠ്യപദ്ധതികളിൽ പദ്യ പഠനത്തിനു എന്തു പ്രസക്തിയെന്നു ചോദിച്ചു ചാടിവീഴുന്നവരോടു തർക്കിക്കാൻ ഇതെഴുതുന്നയാൾ ക്കു താല്പര്യമില്ല.എന്നാലും പാണനാർ എന്ന പ്രസിദ്ധകവിതയിൽ (ജീവനസംഗീതം-1964)ജീ.ശങ്കരക്കുറുപ്പു പാടിയ വരികൾ അന്നും ഇന്നും പ്രസക്തിയുള്ളതാണെന്നു പറഞ്ഞുകൊള്ളട്ടെ.

ചിരം സത്യത്തിനെസ്സമാരാധിച്ചിട്ടു
വരവും ശക്തിയും സമാർജ്ജിച്ചെന്നാലും
കറവപ്പയ്യാക്കിപ്രകൃതിയെ മൂക്കിൽ-
ക്കയറിട്ടു നിർത്തിക്കഴിഞ്ഞുവെന്നാലും
നിരതിശയമാം പ്രഭാവത്താൽ ഗോളാ-
ന്തരജയ യാത്രയ്ക്കിറങ്ങിയെന്നാലും
നരനിലെദ്ദേവനുറങ്ങുന്നു,ഭയ-
ങ്കരവിനാശത്തിൻ കിനാവു കാണുന്നു.

വരൂ വരൂ കവേ നരനിലെസ്നേഹ-
സ്വരൂപനാകിയ പരമ്പുരുഷനെ
വിളിച്ചുണർത്തുക, യുഗോദയ രാഗ-
ലളിതഗീതിയാൽ കടുംതുടി കൊട്ടി.

ഉണർന്നിരിക്കുന്ന ഭയവും ശങ്കയും
ക്ഷണ,മുലകിൽനിന്നിറങ്ങിപ്പോവട്ടെ...
ഉണർന്നെണീക്കട്ടെ നരദേവൻ വിശ്വ-
ഗുണത്തിനായിട്ടു;വരൂ മഹാകവേ.....
-0-

(സ്രീ.കേ.ജീ.സുകുമാര പിള്ള, കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ധാലോകത്തിൽ എഴുതിയ കുറിപ്പു വിഷയത്തോടുള്ള താല്പര്യവും പ്രധാന്യവും കണക്കിലെടുത്തു അദ്ദേഹത്തിന്റെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുന്നതു.)

പദ്യപഠനവും ഛന്ദോബദ്ധമായ നല്ല കവിതയുടെ ആസ്വാദനവും യുവതലമുറയുടെ ഇടയിൽ ഏതാണ്ടു നിലച്ചമട്ടാണു.അതുകൊണ്ടു തന്നെ അവർ കവിതയെന്ന ലേബലിൽ എഴുതുന്ന ഐറ്റം മുഴുവൻ, ആക്രിക്കവിത എന്ന വകുപ്പിൽ പെടുത്താവുന്നതാണു.വാക്കും സമയവും പാഴാക്കുന്നവർ.

-0-

ടി.യൂ.അശോകൻ