Saturday, December 1, 2012

സർപ്പം പാട്ട്‌


ഉത്തുംഗമാകും ഫണാഗ്രേ, തിളങ്ങുന്ന-
സർപ്പമാണിക്യം വഹിക്കും ഭുജംഗമേ,
കൊത്തുവാൻ മാത്രം പഠിക്കാതെ മൂകനായ്‌
പത്തിയും താഴ്ത്തിക്കിടപ്പു നീ നിന്ദ്യനായ്‌.

നൃത്തം ചവിട്ടുന്ന വേതാളശക്തിതൻ
നഗ്നതക്കാഴ്ചയിൽ ലോകം മയങ്ങവേ,
അത്ഭുതം കാട്ടാൻ കരുത്തുള്ള വർഗ്ഗത്തി-
നുത്തമൻ നീയും മെരുങ്ങിക്കിടക്കയോ...

പച്ചിലക്കാഴ്ചകൾ മങ്ങുന്നിടത്തവർ-
വെച്ചിരിക്കുന്ന മൺപുറ്റിൻ തണുപ്പിൽ നീ
ചുറ്റിപ്പതുങ്ങിക്കിടക്കാതെ,ചുറ്റിലും-
കത്തുന്ന ജീവിതം കണ്ടെഴുന്നേൽക്കുവിൻ...

നാഗദോഷംഭയ,ന്നേകുന്ന നൂറിലും-
പാലിലും ലക്ഷ്യം മറക്കാതിരിക്കുവിൻ..
വിഭ്രമിപ്പിക്കും നിറങ്ങളാൽ തീർക്കുന്ന-
സർപ്പക്കളത്തിൽ കടക്കാതിരിയ്ക്കുവിൻ...
ക്ഷുദ്രമന്ത്രങ്ങൾ കുറി,ച്ചവർ നീട്ടുന്ന
പത്രത്തിലേയ്ക്കു നീ നോക്കാതിരിക്കുവിൻ...

അന്യവർഗ്ഗങ്ങൾക്കു ചൂഷണം സാദ്ധ്യമാ-
ക്കുന്ന നിൻ മന്ദതയ്ക്കന്ത്യം കുറിക്കുവിൻ...
വിജ്രുംഭിതാശയൻ നീ ധരിക്കുന്നൊരാ-
സ്വപ്നമാണിക്യത്തിളക്കം ഗ്രഹിക്കുവിൻ..

കാളകൂടം കൊണ്ടു മാത്രം നശിക്കുന്ന
വേതാള വർഗ്ഗം തിമിർക്കുന്ന വേളയിൽ
പാമ്പിന്റെ ജന്മം കഴിക്കുന്ന നീ, വർഗ്ഗ-
ദോഷം വരുത്താ,തെഴുന്നേറ്റു നിൽക്കുവിൻ...
കാവുകൾക്കെന്നും വിളക്കു വെയ്ക്കുന്നവർ-
ക്കായി നീ വേഗം ഫണംവിരിച്ചാടുവിൻ..
നിർദ്ദയം നീ,  ജന്മ ശത്രുവിൻ മൂർദ്ധാവി-
ലുഗ്രകാകോളം നിറ,ച്ചാഞ്ഞുകൊത്തുവിൻ.....!

                         --0--

ടി  യൂ  അശോകൻ
--------------------------------------------------------------------------------
Re Posting
---------------------------------------------------------------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
----------------------------------------------------------------------------------