Sunday, August 21, 2011

ജാതീയത-ബ്ളോഗെഴുത്തുകാരോട് സ്നേഹപൂർവ്വം


             ഏതു വിഷയത്തെക്കുറിച്ചും ആര്‍ ക്കും പ്രസംഗിക്കാം പ്രബന്ധം രചിക്കാം.വളരെ ലളിതമാണീ കലാപരിപാടി.പക്ഷേ,വിഷയം സാമൂഹ്യതിന്മകളാകുമ്പോള്‍ അവതാരകന്‍ ഗുണപരമായ മാറ്റത്തിനുതകുന്ന മൂര്‍ത്തമായ പദ്ധതികള്‍ അവതരിപ്പിക്കുകയും സ്വയം ആ പദ്ധതിയുടെ വിജയത്തിനായി യത്നിക്കയും ചെയ്യുന്നതാണു അഭികാമ്യം.അല്ലാതെ കൊപ്രയിടാത്ത ചക്ക്‌ ഉന്തിക്കൊണ്ടുള്ള ഈ കറക്കംകൊണ്ട്‌ ഒന്നും തന്നെ സംഭവിക്കില്ല. ജാതീയത നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടേണ്ട സാമൂഹ്യ തിന്മയാണെന്നു വിവരമുള്ള ആര്‍ ക്കും അറിയാം.അതുകൊണ്ട്‌ തന്നെ അതിനെ സംബന്ധിച്ച ചരിത്രവിശകലനങ്ങളോ മുന്‍ കാലങ്ങളില്‍ ഇതിനെതിരേ പ്രവര്‍ത്തിച്ചവരുടെ പോരായ്മകളും നേട്ടങ്ങളും അറിയിച്ചു പിന്‍ വാങ്ങുകയോ അല്ല ഇനി വേണ്ടത്‌.പകരം വ്യക്തമായ കര്‍മപരിപാടികള്‍ നിര്‍ദ്ദേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.വളരെ വേഗമൊന്നും ഫലം കണ്ടെന്നു വരില്ല.എങ്കിലും പ്രവര്‍ത്തിക്കുക.
അദ്ധ്വാനരഹിത അധികാര ധനസമ്പാദന തന്ത്രം തലമുറകളിലേക്കുകൂടി പകരുന്നതിനുവേണ്ടി അറിഞ്ഞുകൊണ്ട് വൃത്തികേട് ചെയ്തുവച്ചവരെ അതുതന്നെ പറഞ്ഞ് നാണംകെടുത്താമെന്നാണോ കരുതുന്നത്. കഷ്ടം

             ജാതീയമായി പിന്നോക്കം നില്‍ക്കുന്നവര്‍ ആരു പറഞ്ഞതുകൊണ്ടായാലും സ്വത്വത്തിന്റെ പേരില്‍ ചുരുണ്ടു കൂടുന്നത്‌ അവസാനിപ്പിക്കുക.എട്ടുകാലിവലയില്‍, കുടുങ്ങിയ ശലഭത്തിന്റെ പിടച്ചിലായേ അതു പരിണമിക്കുന്നുള്ളു.ഓരോ പിടച്ചിലിലും വല കൂടുതല്‍ മുറുകുന്നു. പകരം അതി വിദഗ്ധമായി വലക്കു പുറത്തുകടക്കാനുള്ള വഴി പറഞ്ഞു കൊടുക്കുക. ജാതി മതം ദൈവം പ്രാദേശികത ഇവയിലൊന്നിലും ഒരു കാര്യവുമില്ലെന്നും അദ്ധ്വാനം,ആത്മവിശ്വാസം ,ഇച്ഛാശക്തി,സ്നേഹം,ജ്ഞാനസമ്പാദനം,സഭ്യമായ രീതിയിലുള്ള ജ്ഞാനവിതരണം ഇവകൊണ്ട്‌ വിശ്വപൗരന്റെ മനോനില കൈവരിക്കാനും പഠിപ്പിക്കുക
.ബ്രാഹ്മിന്‍സ്‌ കറി പൗഡറും നായേര്‍സ്‌ ഹോസ്പിറ്റലും വന്‍ വിജയമായിരിക്കും.പുലയാസ്‌ കറി പൗഡറും ചോകോന്‍സ് ഹോസ്പിറ്റലും ഓര്‍ക്കാന്‍ പോലും വയ്യ.പിന്നെയല്ലേ വിജയിക്കുന്നതു.ഇതിന്റെ പിന്നിലെ സാമ്പത്തിക രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുക. പ്രവര്‍ത്തിക്കുക.ഒന്നുകൂടി വ്യക്തമായി പറയാം.ഒരുകൂട്ടര്‍ക്ക് ജാതി ബാദ്ധ്യതയായിരിക്കുമ്പോള്‍ മറ്റേകൂട്ടര്‍ക്ക് പേറ്റന്റ് ആണു.
സ്വയം മിശ്രവിവാഹത്തിനു തയ്യാറാവുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുകയും ചെയ്യുക.സ്വന്തം മക്കളെ ജാതിമതരഹിത പൗരന്മാരായിത്തന്നെ വളര്‍ത്തുക.
തൊഴില്‍ വിദ്യാഭ്യാസം മറ്റുസാമൂഹ്യസുരക്ഷാപദ്ധതികള്‍ എന്നിവക്കുള്ള സംവരണത്തിന്റെ സിംഹ ഭാഗവും മിശ്രവിവാഹിതര്‍ ക്കും അവരുടെ മക്കള്‍ ക്കുമായി നിജപ്പെടുത്തുന്നതിനുള്ള, നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടത്തുക. ഈ യത്നത്തില്‍ സമൂഹത്തിലെ ഉല്പതിഷ്ണുക്കളായ എല്ലാവിഭാഗം ജനങ്ങളില്‍നിന്നുമുള്ള സഹകരണവും ഉറപ്പിക്കുക. ഈവഴിക്കു നീങ്ങുന്ന ദീര്‍ഘകാലപരിപ്രേക്ഷ്യത്തോടു കൂടിയ ഒരു സാമൂഹ്യപരിഷ്കരണപ്രസ്താനത്തിനു ഇന്നുതന്നെ തുടക്കം കുറിക്കുക

ചെളിയില്‍നിന്നു ചെളികൊണ്ടുകുളിക്കാതെ, കരയില്‍ കയറി, പുഴയില്‍ മുങ്ങി നിവരാന്‍ പഠിക്കുക,പഠിപ്പിക്കുക.ലോകം അതിവിശാലമാണു.അതില്‍ ചെളി മാത്രമല്ല. ധാരാളം കരയും പുഴയുംകൂടിയൂണ്ട്.

--0--

ടി.യൂ.അശോകന്‍