ഒരുനാളുഷേനിന,ക്കേകുവാനൊരു ചെറു-
ചിരിയും കരുതിനിൻ ചാരെ ഞാ,നണഞ്ഞപ്പോൾ
നീൾമിഴിയടച്ചുടൻ കൈകളിൽ മുഖം താഴ്ത്തി
നീതല കുനിച്ചിരു,ന്നാകെ ഞാനപ്സെറ്റായി.
വേദനതളംകെട്ടും വദനം കുനിച്ചുമൽ-
പാദങ്ങൾ പുറകോട്ടു ചലിപ്പിച്ചകലുമ്പോൾ
നീശിരസ്സുയർത്തിയെൻ കൺകളിൽനോക്കിപ്പൊട്ടി-
ച്ചിരിച്ചൂ;കളിയാക്കി ചിരിച്ചൂ നിൻ കൂട്ടുകാർ.
നീറുമെൻഹൃത്തിൽ നൂറുകാരമുള്ളുകൾ കുത്തി-
ക്കേറിയോരനുഭവ,മാനേരമെനിക്കുണ്ടായ്.
തറയിൽ ചവിട്ടി ഞാൻ നില്ക്കുമീ ധരയൊരു-
തിരവ,ന്നൊടുങ്ങിപ്പോ,യെങ്കിലെന്നാശിച്ചു ഞാൻ.
ഇരുളീമണ്ണിൻ മേലേ ഇളകാപ്പുതപ്പായി
ഉടനേ പൊതിഞ്ഞിടാ,നതിയായ് കൊതിച്ചു ഞാൻ.
ചിരിയിലൊളിപ്പിച്ചു വെച്ചതാം കൂരമ്പുകൾ
പുതുകാമുകൻ നെഞ്ചി,ലെയ്തുനീ രസിക്കവേ
ഇലകൊ,ണ്ടജത്തിനെ അലയാൻ കൊതിപ്പിക്കും
തവ വർഗ്ഗത്തിൻ ജന്മ,പ്പൊരുളന്നറിഞ്ഞു ഞാൻ.
ചുടലക്കളത്തിലേ,യ്ക്കൊടുവിൽ ചെന്നെത്തീടും
നരജീവിതത്തിന്റെ ദുരിതപ്പെരും വഴി.....
മൃഗതൃഷ്ണപോൽ പെണ്ണിൻപ്രണയം മുന്നില്കാൺകേ
കുതിരക്കുതിപ്പുമായ് പുരുഷപ്രയാണവും.....
അണയുംതോറും ദൂരേയ്ക്കകലും മരീചിക-
മറയും പാവം തളർന്നടിയും കഥാന്ത്യത്തിൽ.
അണുവിൽതുടങ്ങി ഞാൻ പുഴുവായ് വന്നൂജനി-
മൃതികൾക്കൊടുവിലീ നരനായ് പിറന്നുപോയ്.
മടിയായ് ജീവിക്കുവാൻ;നവവേഷത്തിൽ വീണ്ടും-
വരുമെന്നാകിൽ ഒരു മരമായ് ജനിക്കേണം.
നീരദം നീങ്ങുംദൂര,നീരവസ്ഥലികളിൽ
താരകൾ നൃത്തംവെയ്ക്കും ചാരുവാമിടങ്ങളിൽ
ആരെയുമോരാതങ്ങു നോക്കിനില്ക്കുവാൻ മര-
മാകുവാൻ കഴിയുന്നതേറെ ഞാൻ കൊതിക്കുന്നു.
ഏഴിനം കുതിരയെപൂട്ടിയ തേരിൽ ദിനം-
തോറുമീവിഹായസ്സിൽ വന്നുപോ,മാദിത്യന്റെ
ചൂടിനെസ്സഹിച്ചുകൊ,ണ്ടീമഹാ പ്രപഞ്ചത്തിൽ
ജീവനെ വിതയ്ക്കുവാൻ ജീവിതം തളിർ ക്കുവാൻ
ഇലയാൽ കുടനീർത്തി തണലേകിടുംസുഖം
വരമായ്‌ലഭിക്കുവാൻ മരമായ് ജനിക്കേണം...
അതിനായ് തപംചെയ്യും നേരമെൻ,മുന്നിൽ മതി-
മുഖിനീ വീണ്ടും രതിനടനം ചെയ്തീടല്ലേ.....
--0--
ടി. യൂ. അശോകൻ