Monday, April 30, 2012

പകൽ കിനാവ്‌




ഏകനാ,യാകാശ-
വീഥിയിൽ പാറുന്ന
തൂവെള്ള മേഘവും
നോക്കി ഞാൻ നില്ക്കവേ,

വന്നവൾ മറ്റൊരു
വെള്ളിമേഘം കണ-
ക്കെന്റെ സങ്കല്പ നീ-
ലാകാശ വീഥിയിൽ...

നഷ്ടസ്വർഗ്ഗങ്ങളിൽ
മാത്രം വിരിയുന്ന
കൊച്ചു പുഷ്പങ്ങൾ
നിറഞ്ഞോരു വല്ലിയാൽ

കദനങ്ങൾ പൂക്കുന്ന
കനവിന്റെ തീരത്തി-
ലറിയാതെ,യവളെന്നെ
ബന്ധിച്ചു നിർത്തവേ,

വ്യർത്ഥമോഹങ്ങ-
ളെരിഞ്ഞ ചിത തന്നി-
ലണയാതെ മിന്നുന്ന
കനലിന്റെ വെട്ടത്തി-
ലൊരു മാത്ര വീണ്ടുമെൻ
സ്വർഗ്ഗങ്ങൾ തേടി ഞാൻ...

പേരറിയാത്തൊരു
ചൂടിനാ,ലെന്റെ മെ-
യ്യാകെ പ്പൊതിഞ്ഞ
വിയർപ്പിൻ കണങ്ങളും,

കേൾക്കാത്ത രാഗം
തുളുമ്പുന്ന തന്ത്രികൾ
മീട്ടാൻ കൊതിച്ചൊരെൻ
ചുണ്ടിൻ വിതുമ്പലും,

കോരിത്തരിപ്പുമാ-
യേറ്റുവാങ്ങാനവൾ
ചാരത്തു കാണു,മെ-
ന്നോർത്തു ഞാൻ നോക്കവേ,

ഇല്ലവ,ളെങ്ങോ-
മറഞ്ഞു പോയ്‌;തെല്ലിട-
യെന്നെ മോഹിപ്പിച്ചൊ-
രാവെള്ളി മേഘവും...........!

    -----0------

ടി. യൂ. അശോകൻ

==============================


Re-Posting

Friday, April 13, 2012

ബലികുടീരങ്ങളേ...



പഴയ സ്നേഹിതൻ പാതിരയ്ക്കെത്തി,യെൻ-
മുറിയിൽ  ഞാൻ വെച്ച മദ്യം രുചിക്കവേ
ഇരുളു കീറുന്ന വാളിന്റെ മൂർച്ചയിൽ
`ബലികുടീരങ്ങൾ` പാടുന്നു ഹൃദ്യമായ്‌..

അരികിൽനിന്നും പിരിഞ്ഞുപോരുമ്പൊൾ ഞാൻ-
പ്രിയതമയ്ക്കുറ,പ്പേകിയ വാക്കിനും
സമര തീഷ്ണമാം പോയകാലത്തിന്റെ
സ്മൃതിയുണർത്തിവ,ന്നെത്തുന്ന പാട്ടിനും
ഇടയിൽനിന്നും പറന്നുപോ,യെൻ മനം
പഴയ നീഡത്തിലെത്തുന്നു തല്ക്ഷണം..

ക്ഷുഭിത യൗവ്വനം സിരകളിൽ കൂട്ടിയ
വിറകു കൊള്ളിക്കു തീ പിടിപ്പിച്ചുകൊ-
ണ്ടകലെയെങ്ങോ വസന്തം വരുന്നതി-
ന്നിടിമുഴക്കങ്ങൾ കേട്ട കാലങ്ങളിൽ
ദുരിതകോടിതൻ മോചനപ്പാട്ടുമായ്‌
വളരെമുൻപേ പറന്ന  തീപ്പക്ഷികൾ
നിണമൊലിക്കുന്ന ചിറകുമായ്‌ രാവിലാ-
മടയിലാശ്രയം കാംക്ഷിച്ചു വന്നതും..

നരക കീർത്തനം സാധകം ചെയ്യുന്ന
രുധിര മൂർത്തികൾ വലയിൽ കുരുക്കിയാ-
കിളികുലത്തിന്റെ പെരുമന്റെ കണ്ണുകൾ
കുടില ഹോമത്തിനായ്‌ ചൂഴ്ന്നെടുത്തതും..

ഒടുവി,ലാസന്ന ഭീതിദക്കാഴ്ചതൻ
വ്യഥയിലൊരുസന്ധ്യ ചുരമിറങ്ങീടവേ
ഭരണശക്തിത,ന്നരുമകൾ നായ്ക്കളാ-
കിളിയിൽ ശേഷിച്ച ജീവൻ കവർന്നതും..
ബലികുടീരത്തി,നീരടിയ്‌,ക്കൊപ്പമാ-
യിരുളിലെന്നിലേയ്‌,ക്കെത്തുന്നു വിങ്ങലായ്‌..

നിശയി,ലാളും നിരാശപോൽ സ്നേഹിതൻ
സമരഗീതം പൊഴിക്കുന്നു പിന്നെയും..
അരികി,ലെന്നോപൊലിഞ്ഞ മോഹത്തിന്റെ
സ്മൃതിയിൽ നോവായിരിക്കുന്നു ഞാനും..

സ്മരണ, ബാധയായ്ത്തീരുന്ന രാവിന്റെ
ദുരിത യാമങ്ങൾ ശേഷിച്ചിരിക്കവേ
ജലമൊഴിക്കാത്ത ലഹരിയിൽ പാറി ഞാൻ
`ബലികുടീരങ്ങൾ` പാടുന്നു ഭ്രാന്തമായ്‌...!

              --(---

ടി.യൂ.അശോകൻ