കഞ്ഞി വരും വരുമെന്നും പ്രതീക്ഷിച്ചു
കുമ്പിളും കുത്തിയിരിക്കുന്ന കോരന്റെ
കണ്ണുനീർ വിൽക്കുന്ന നമ്മളത്രേ പെരും-
കള്ളന്റെ തന്തയ്ക്കു കഞ്ഞി വെയ്ക്കുന്നവർ...
കഞ്ഞിപ്രതീക്ഷകളെന്നും മുടങ്ങാതെ
കുമ്പിൾ നിറച്ചും കൊടുത്തുപോരുന്നവർ,
കോരന്റെ വീതം കൊടുക്കാതിരിക്കുവാൻ
നാടിന്റെ പൈതൃകം മാറ്റിക്കുറിച്ചവർ,
ഏതോ പുരാതനൻ തന്മഴു വീശവേ
കേരളം തീറായ് ലഭിച്ചെന്നു ചൊന്നവർ...
ആയിരം പാടം വിതയ്ക്കുവാൻ കൊയ്യുവാ-
നായി നാം കോരനെ വേർപ്പായ് പൊലിച്ചവർ..
ആ മട വീഴാതുറയ്ക്കുവാൻ ജീവനോ-
ടാ വരമ്പിൽ തന്നെ കോരനെ താഴ്ത്തി നാം...
ഭീതിയിൽ, പാതിരാ നേരത്തു കോരന്റെ-
പ്രേതം,ചലിക്കുന്ന തീയായ് ജ്വലിക്കവേ,
തന്ത്രം പഠിപ്പിച്ച മന്ത്രം ജപിച്ചുടൻ
യന്ത്രത്തിലാക്കിനാം പ്രേതവും ബാധയും...
കാലികൾ പോലും കുടിക്കാനറയ്ക്കുന്ന-
കാടിയും, മൂടിക്കുടിക്കാൻ കൊടുത്തുനാം
പേടിച്ചു മോന്തുന്ന കോരന്റെ കാടിയും
താടിക്കു തട്ടിത്തെറിപ്പിച്ചു പിന്നെയും.
പേരിലും കാര്യം ഗ്രഹിച്ചനാം കോരനായ്
പേയും പിശാചും കൊടുക്കുന്നു ദൈവമായ്
തട്ടകം കേമമായ് തീരവേ പുസ്തകം-
കെട്ടിനാം മുത്തപ്പനാക്കുന്നു മൂർത്തിയെ....
ഏറുന്ന വൈഭവം കൊണ്ടിനിക്കോരന്റെ
പേരക്കിടാവൊന്നു കേറിക്കളിക്കുകിൽ
ഏതോ ദ്വിജൻ തന്നെയാകുമീ വീരന്റെ
ചേതസ്സിനാസ്പദമെന്നും മൊഴിഞ്ഞു നാം...
നാറുന്ന ചിത്രം തരും പുരാവൃത്തങ്ങൾ
ഏറെയും നമ്മൾ മറന്നുപോയ് മാന്യരായ്...
പാതിരയ്ക്കെത്തും വെളിച്ചത്തിലൂടെ നാം
സാധിച്ച കാര്യങ്ങളെല്ലാം നിദർശകം....
എന്തുകൊ,ണ്ടെന്തുകൊ,ണ്ടെന്നു ചോദിച്ച നാം
ചിന്തയ്ക്കിടക്കുവെ,ച്ചോടുന്നു ചന്തുവായ്..
ചന്തത്തിലായിരം സർവ്വേ നടത്തി നാം
തഞ്ചത്തിൽ നമ്മളും കോരന്റെ ബന്ധുവായ്..
ഡീപീയു,മീപ്പിയും കൊണ്ടുവന്നപ്പൊഴേ-
യ്ക്കാപ്പിലായ് തീർന്നതീ കോരനും മക്കളും..
ശാസ്ത്രം പഠിപ്പിച്ചു സാഹിത്യമോതവേ
സൂത്രത്തിൽ നമ്മളും ചൂഷകർക്കൊപ്പമായ്..
കോരനുമമ്മയും കുഞ്ഞിച്ചിരുതയും
കൂരയില്ലാത്തവർ തന്നെയാണിപ്പൊഴും....
കാലം കടമ്പകടക്കാതിരിക്കുവാൻ
കോരന്റെ വീതം കൊടുക്കാതിരിക്കുവാൻ
ലോകം ചിരിക്കുന്നനേര,ത്തനീതി തൻ
വേലിയും കെട്ടിച്ചടഞ്ഞിരിക്കുന്നു നാം...
കോരാ നിനക്കുള്ള വീതം ലഭിക്കുവാൻ
പോരാണു മാർഗ്ഗമെന്നോർക്ക നീ കൃത്യമായ്..
നേരിനും കോരനും മദ്ധ്യത്തിലായിരം
കാരണം നിത്യം നിരത്തുന്നവർക്കുമേൽ
പോരാളിയായ് ശരം നേരേ തൊടുക്കുവിൻ
ആരാകിലും നേരു വേഗം ജയിച്ചിടും.
ആകുന്ന കാര്യം കഴിക്കാതിരിക്കുകിൽ
ഈ ജന്മമെങ്ങും നിനക്കില്ല മോചനം...
സ്വത്വമെന്നെങ്ങാൻ ജപിച്ചുപോയീടുകിൽ
യുദ്ധത്തിൽ നീയും തകർ ന്നുപോകും ദൃഢം..
വിശ്വത്തിലേക്കു നീ നോക്കിക്കുതിക്കുവിൻ
വിശ്വസിക്കൂ മർത്ത്യരാശിതൻ മോചനം...
അക്ഷരം വേവിച്ചു നിത്യം ഭുജിക്കുവിൻ
ശിക്ഷണത്തിന്നു നീ നിന്നേ തിരക്കുവിൻ...
ആളുന്ന തീയിൽ കുരുത്ത നീ വാടുവാൻ
പാടില്ല നാറത്തരങ്ങൾക്കു മുന്നിലായ്......
-----)-------
ടി യൂ അശോകൻ
----------------------------------------------------------
*No part or full text of this literary work
may be reproduced in any form
without prior permission from the author.