ഉത്തുംഗമാകും ഫണാഗ്രേ, തിളങ്ങുന്ന-
സർപ്പമാണിക്യം വഹിക്കും ഭുജംഗമേ..
കൊത്തുവാൻ തെല്ലും ശ്രമിക്കാതെ മൂകനായ്
പത്തിയും താഴ്ത്തി,ക്കിടപ്പു നീ നിന്ദ്യനായ്..
നൃത്തം ചവിട്ടുന്ന വ്യാപാര ശക്തിതൻ
നഗ്നത,ക്കാഴ്ചയിൽ ലോകം മയങ്ങവേ
അത്ഭുതം കാട്ടാൻ കരുത്തുള്ള വർഗ്ഗത്തി-
നുത്തമൻ നീയും മെരുങ്ങി,ക്കിടക്കയോ..
പച്ചിലക്കാഴ്ചകൾ മങ്ങുന്നിട,ത്തവർ-
വെച്ചിരിക്കുന്ന മൺ പുറ്റിൻ തണുപ്പിൽ നീ
ചുറ്റിപ്പതുങ്ങി,ക്കിടക്കാതെ,ചുറ്റിലും-
കത്തുന്ന ജീവിതം ക,ണ്ടെഴുന്നേല്ക്കുവിൻ..
നാഗ ദോഷം ഭയ,ന്നേകുന്ന നൂറിലും-
പാലിലും ലക്ഷ്യം മറക്കാതിരിയ്ക്കുവിൻ..
മൃത്യുപൂജ,യ്ക്കവർ നിത്യം നടത്തുന്ന
സത്രങ്ങളിൽ വീണൊടുങ്ങാതിരിക്കുവാൻ
വിഭ്രമിപ്പിക്കും നിറങ്ങളാൽ തീർക്കുന്ന-
സർപ്പക്കളത്തിൽ കടക്കാതിരിയ്ക്കുവിൻ..
ക്ഷുദ്ര മന്ത്രങ്ങൾ കുറി,ച്ചവർ നീട്ടുന്ന
പത്രത്തിലേയ്ക്കു നീ നോക്കാതിരിയ്ക്കുവിൻ..
അന്യവർഗ്ഗങ്ങൾ ക്കു ചൂഷണം സാദ്ധ്യമാ-
ക്കുന്ന നിൻ മന്ദത,യ്ക്കന്ത്യം കുറിക്കുവിൻ..
വിജ്രുംഭി,താശയൻ നീ ധരിക്കുന്നൊരാ-
സ്വപ്നമാണിക്യ,ത്തിളക്കം ഗ്രഹിക്കുവിൻ..
കാളകൂടം കൊണ്ടു മാത്രം നശിക്കുന്ന
വേതാള വർഗ്ഗം തിമിർക്കുന്ന വേളയിൽ
പാമ്പിന്റെ ജന്മം കഴിക്കുന്ന നീ, നിറം-
മായും പടം പൊഴി,ച്ചൊന്നെഴുന്നേല്ക്കുവിൻ !
നിന്റെ-കാവുകൾക്കെന്നും വിളക്കു വെയ്ക്കുന്നവർ-
ക്കായി നീ വേഗം ഫണം വിരി,ച്ചാടുവിൻ..!
എട്ടു ദിക്കും നടുങ്ങുന്ന നിൻ ശീല്ക്കാര-
ശബ്ദം പ്രപഞ്ചത്തി,ലാകെ പ്പരക്കവേ
നിർദ്ദയം നീ, വർഗ്ഗ ശത്രുവിൻ മൂർദ്ധാവി-
ലുഗ്ര കാകോളം നിറ,ച്ചാഞ്ഞു കൊത്തുവിൻ..!
ദംശനം കൊണ്ടു, തീ കത്തട്ടെ വേതാള-
വംശങ്ങളെല്ലാ,മൊടുങ്ങട്ടെ;ചാമ്പലി-
ന്നംശത്തിൽ നിന്നാ നികൃഷ്ട വർഗ്ഗങ്ങളീ-
വിശ്വത്തിൽ വീണ്ടും പിറക്കാതിരിക്കുവാൻ
വിശ്വത്തിനെപ്പൊഴും കാവലാകട്ടെ നീ..
വിശ്രമിക്കാൻ നേരമില്ലെന്നതോർ ക്കുവിൻ..!
--(---
ടി യൂ അശോകൻ
*No part or full text of this literary work may be
re produced in any form without prior permission
from the author.
-----------------------------------------------------------------------------