Tuesday, February 19, 2013

പൊരുതൂ സഖാക്കളേ വേഗം...



ഒരു ദശാസന്ധിതൻ
പടവിൽ നാ,മിരുൾ മാത്ര-
മിണചേർ ന്നു നിൽക്കുന്നു ചുറ്റും..

പെരുകും തമസ്സിൽ നാ-
മന്ധരായ്‌, മൃത്യുതൻ
മണവും ശ്വസിച്ചിരിക്കുന്നു..

ഇവിടെനാം പതറിയാ-
ലിരുളിന്റെ ശക്തികൾ-
ക്കിരമാത്രമായി നാം മാറും..

ഇവിടെനാം ചിതറിയാ-
ലിനിയുള്ള ജീവിതം
ഇവർതന്ന ദക്ഷിണ്യമാകും..

ഇരുളറ,യ്ക്കുള്ളിലേയ്‌-
ക്കിവർതന്നെ നമ്മൾ തൻ
ധനമൊക്കെയും കൊണ്ടുപോകും..

ഒരുതുള്ളിമാത്രം
കൊതിക്കുമ്പൊഴും ദാഹ-
ജലവും നമുക്കന്യമാകും..

ഇവിടെനാം വൈകിയാ-
ലറിവിന്റെ പാഠങ്ങൾ
പനയോല മാത്രമായ്‌ തീരും...

ചിതലിന്റെ കൊട്ടാര-
വാതുക്കൽ നമ്മളും
ജട കെട്ടി മൗനമായ്‌ നിൽക്കും...

ഇവിടെനാ,മിടറിയാ-
ലരികൾതൻ ആയുധം
ഇടനെഞ്ചിലാ,ഴത്തിലേറും..

കരയുവാ,നാവാ-
തൊടുങ്ങുന്ന നമ്മൾ തൻ
ജഡവും മുറിച്ചിവർ വിൽക്കും..

ഉണരൂ സഖാക്കളേ വേഗം-ചോര-
നിറമീപ്പതാകയ്ക്കു നിത്യം..
ഇരുകൈകൾ കൊണ്ടും
പിടിക്കുമീ കൊടിമാത്ര-
മിനി മോചനത്തിന്നു സാക്ഷ്യം....

പൊരുതൂ സഖാക്കളേ വേഗം-നീച-
ഭരണവർഗ്ഗങ്ങളേ ലക്ഷ്യം...
ഒരു ന്യൂനപക്ഷം
സുഖിക്കുന്ന വാഴ്ചത-
ന്നറുതിക്കു മാത്രമീ സമരം...

പറയൂ സഖാക്കളേ വേഗം-നാളെ-
വിടരും പ്രഭാതമേ സത്യം..
നെറികെട്ട പുരമൊക്കെ-
യെരിയുന്ന പാട്ടിനായ്‌
ചെവിയോർത്തിരിക്കുന്നു കാലം...


                --(----

ടി.യൂ.അശോകൻ



---------------------------------------------------------------------------------
*No part or full text of this literary work may be
re-produced in any form without prior permission
from the author.
--------------------------------------------------------------------------------