Friday, December 27, 2013

ചൂടാറാത്ത പെട്ടി ! പുകയില്ലാത്ത അടുപ്പ്‌ ! വീട്ടുമുറ്റത്ത്‌ വിമാനത്താവളം..!!


         ബലവാനായ എനിക്ക്‌ ഇപ്പോഴുള്ള ഇടം പോരാ. ദുർബ്ബലനായ നിന്റെ ഇടം എനിക്കു തരിക. അല്ലെങ്കിൽ ഞാൻ അതെടുക്കും....!വികസന കോൺഗ്രസ്സ്‌ എന്ന പോസ്റ്റർ കണ്ടപ്പോൾ  ഇങ്ങനെ കുറിക്കാനാണു തോന്നിയത്‌. ആഗോളവൽക്കരണാനന്തരമുള്ള എല്ലാ വികസനങ്ങളേയും വിശദീകരിക്കാൻ ഈ  വാചകങ്ങൾ മാത്രം മതിയാകും. അല്ലെങ്കിൽ, സർവ്വേകളും പഠനങ്ങളും നിരന്തരം നടത്തുന്നവർ, വികസനം വഴിയാധാരമാക്കിയ പുറമ്പോക്കിൽ നിന്നുപോലും പറിച്ചെറിയപ്പെട്ട  ഗതികിട്ടാപ്രേതം കണക്കലയുന്ന മനുഷ്യ ജന്മങ്ങളേക്കുറിച്ച്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ ഒരു പഠനം നടത്തി നോക്കൂ...
          എന്തുകൊണ്ടെന്തുകൊണ്ടെന്ന്‌ ആരോട്‌ ചോദിക്കണമെന്നറിയാതെ എന്തൊക്കെയാണിനി വരാൻ പോകുന്നതെന്നറിയാതെ കോരനും  അമ്മയും കുഞ്ഞിച്ചിരുതയും കൂരകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുമ്പോൾ അവരുടെ തലക്കു മുകളിലെ ആകാശത്തിലൂടെ പറക്കാൻ വാർഡു തോറും വിമാനത്താവളം !!

ഇതാണു ശരിക്കുള്ള വികസനം ....!!!

ബലേ ഭേഷ്....!

ആനന്ദമാർഗ്ഗം തെളിഞ്ഞേ കിടക്കുമ്പൊ-
ളാരാന്റെ ദു:ഖം നമുക്കിന്നു സ്വർഗ്ഗം..
ആളുന്ന തീയിൽ പിടക്കുന്നവർക്കു മേ-
ലാകാശ  മാർഗ്ഗേ ഗമിക്കാൻ തിടുക്കം...

             --(---

ടി യൂ അശോകൻ

Saturday, December 14, 2013

അരാഷ്ട്രീയക്കാരേ...സഹനത്തിനു പരിധിയുണ്ട്...!

പശു സമാന ജീവിതം
പര സഹായ ജല്പനം
പതിതനൊ,ന്നുണർന്നെണീറ്റു
പറയടിച്ചു പാടിയാൽ
ഗഗനമി,ങ്ങിടിഞ്ഞുവീണ-
പോലെയുള്ള ഭർത്സനം....

വികലതേ വിരുദ്ധതേ
വിദേശ ഭരണ കാംക്ഷയാൽ-
വിലയെഴാത്ത വാക്കുകൊണ്ട്‌
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്ര വാദ-
മുരുവിടും നൃശംസതേ..

സമര സജ്ജരായ പൂർവ്വ-
ജനത വാർത്ത ചോരയാൽ
പണിത ഭാരതത്തി,ലോർമ്മ-
ചിതയിടും കൃതഘ്നതേ..

മരണമന്നു കണ്ട സമര-
ഭടജനത്തെ,യോർക്കുവിൻ...
മനുജ ജന്മമാണു നിങ്ങ-
ളെങ്കിലൊന്നു നേർക്കുവിൻ...

അഴലു തിന്നു പകലു മേഞ്ഞ
ജനത നഗ്നരാകിലും
തെരുവിടങ്ങളിൽ മെനഞ്ഞ-
കുടിലി,ലന്തി പൂകിലും
ദുരിത കോടികൾക്കു നിങ്ങ-
ളറവുശാല തീർത്തിടും..
സകല ഭൂതലങ്ങളേറി
വിജന മേട തീർത്തിടും..

ചേറിൽ നിന്നുറഞ്ഞ ധാന്യ-
മേറെയും ഭുജിപ്പവർ..
ചേറു പറ്റിടാതെ നിത്യ-
ജീവിതം സുഖിപ്പവർ...

ചേതമെന്നുറച്ചു പാട-
ശേഖരം തുലച്ചവർ..
സുഖദ സ്വത്വമാർന്ന, രക്ത-
രുചിയറിഞ്ഞ ചൂഷകർ...

വേല ചെയ്തിടാത്തവർ..
വേലു സ്വന്തമായവർ..
വേ,രറിഞ്ഞിടാതെ ചന്ത-
മേറെയെ,ന്നുറച്ചവർ....

വല്ലവന്റെ വേർപ്പിലു-
ണ്ടുരുണ്ടു കീടമായവർ...
വർണ്ണ ഭാവ,മൊന്നുകൊ-
ണ്ടകർമ,മാർന്നിരിപ്പവർ..

കൊടി പിടിച്ച ഞങ്ങൾ തൻ
മുറവിളിക്കു പകരമായ്‌
കൊലവിളിച്ചിടുന്നവർ...
കുല,മൊടുക്കിടുന്നവർ..

സ്മൃതിയി,ലെങ്ങുമേ ചരിത്ര-
മൊഴുകിടാത്ത വർഗ്ഗമേ..
മതമെടുത്ത വാളിനൊപ്പ-
മലറിടും അധർമ്മമേ...

വിപ്ളവ പ്രതീകഷകൾക്കു
വിഘ്നമായ വിത്തമേ..
വിശ്വ ദുരിതമൊക്കെയും
വിതച്ചിടും വിനാശമേ..

വികലതേ വിരുദ്ധതേ
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്രവാദ-
മുരുവിടും നൃശംസതേ..

മറുപടിക്കു വാക്കു കിട്ടു-
മെങ്കിലൊന്നു നേർക്കുവിൻ..
അതിനൊരുക്കമല്ല,യെങ്കി-
ലുടനെ വാൽ ചുരുട്ടുവിൻ...

പതിതർ മോചനത്തി,നെന്നു-
മരിയ മന്ത്ര,മോതിടും..!
ശ്രുതി പിഴയ്ക്കി,ലെന്ത്‌; ലക്ഷ്യ-
മൊരുദിനം വരിച്ചിടും...!!
           --(---

അശോകൻ  ടി  ഉണ്ണി
---------------------------------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
-----------------------------------------------------------------