മേഴത്തോൾ അഗ്നിഹോത്രി തൊണ്ണൂറ്റിയൊൻപത് യാഗങ്ങൾ നടത്തിയെന്നാണു പറയുന്നത്.അധികാര മോഹമില്ലാതിരുന്നതു കൊണ്ടോ ഔദാര്യം കൊണ്ടോ എന്തോ അദ്ദേഹം നൂറു തികച്ചില്ല. ഇന്ദ്രപ്പട്ടം നേടിയതുമില്ല.
എന്നാൽ നമ്മുടെ നാട്ടിൽ ചിലർ നൂറു തികയ്ക്കാതടങ്ങില്ലെന്ന വാശിയിൽ നിരന്തരം യാഗങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.ലക്ഷ്യം ഇന്ദ്രപ്പട്ടം-അധികാരം- തന്നെയാണെന്നു വ്യക്തം.അതുകൊണ്ട് രണ്ടിടത്താണു ഇത്തവണ യാഗം അരങ്ങേറിയത്.പാലക്കാട് കിണാശ്ശേരിയിലും കോഴിക്കോട് കാരപ്പറമ്പിലും.
തങ്ങൾ യാഗം കൊണ്ട് ലക്ഷ്യമിടുന്നത് ലോകസമാധാനം ധർമപുനരുദ്ധാനം നവയുഗസൃഷ്ടി സ്വർഗ്ഗപ്രപഞ്ചസാക്ഷാത്കാരം എന്നിത്യാദികളാണെന്നു അവർ അവകാശപ്പെടുന്നു. അമൂർത്തമായ ഇത്തരം ലക്ഷ്യങ്ങൾ ക്കു പകരം, വിലക്കയറ്റം അഴിമതി ജാതീയത സ്ത്രീകൾക്കു നേരേയുള്ള അതിക്രമം രാഷ്ട്രസമ്പത്തിന്റെ ഏതാനും പേരുടെ കൈകളിലേക്കുള്ള ദ്രുത ഗതിയിലുള്ള കൈമാറ്റം എന്നീ മൂർത്തമായ നെറികേടുകൾക്കെതിരേ എന്തുകൊണ്ടാണു നാളിതുവരെ ഒരു യാഗം നടത്താതിരിക്കുന്നത്.യാഗപ്രേമികൾക്ക് ആർജ്ജവമുണ്ടെങ്കിൽ മറുപടി പറയൂ...
എണ്ണിയാലൊടുങ്ങാത്ത യാഗങ്ങളാണു നാളിതുവരെ ഭാരത മണ്ണിൽ അരങ്ങേറിയിരിക്കുന്നത്.ഇങ്ങിനെയുള്ള ഭാരതം, നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിൽ അമർന്നതും എന്തുകൊണ്ടാണു..
രോഗികൾ പിച്ചക്കാർ മുഴുപ്പട്ടിണിക്കാർ പാർപ്പിടമില്ലാത്തവർ വേശ്യകൾ കൂട്ടിക്കൊടുപ്പുകാർ കൊടും പാതകികൾ എല്ലാം എണ്ണത്തിൽ ഒട്ടും കുറവല്ലാതെ ഇവിടുണ്ട്.ഭാരതം യജ്ഞഭൂമിയല്ലേ..എന്തുകൊണ്ടാണിവർ ഇവിടെ ഇങ്ങനെ പെരുകിയതും പെരുകുന്നതും...
ആത്മഹത്യ ചെയ്ത കർഷകരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ക്കു വേണ്ടി ഒരു യാഗം അനുഷ്ഠിച്ചിരുന്നെങ്കിൽ..
അതെല്ലാം പോട്ടെ...
ആലുവാപ്പുഴയ്ക്ക് തെക്ക് അതിരാത്രം പോലുള്ള യാഗങ്ങൾ എന്നെങ്കിലും നടത്തിയിട്ടുണ്ടോ...........
ക്ഷത്രിയർ എല്ലാ യാഗങ്ങളും നടത്താതിരിക്കുന്നത് എന്തുകൊണ്ട്..
ശൂദ്രർ ഏതെങ്കിലും യാഗം നടത്തിയിട്ടുണ്ടോ..
അതിനും താഴെയെന്നു കല്പ്പിക്കപ്പെട്ടവരോ...
ഈശ്വരൻ മാന്യൻ തന്നെയല്ലേ...
ഈശ്വര പ്രീതിയും അതുവഴി സദ് ഫലങ്ങളുമാണു യാഗം കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ എല്ലാവർ ക്കും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ യാഗവഴി തരപ്പെടുത്തിക്കൂടേ...
വിദേശ കശ്മലന്മാരാൽ എത്രയോ തവണ ഭാരത ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു..
യാഗാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സിദ്ധികളൊന്നും അന്നു തുണയ്ക്കെത്തിയില്ലല്ലോ..
കിണാശ്ശേരിയിലെ യാഗ സമാപനത്തിൽ പത്രദ്വാരാ നമ്മളറിയുന്ന ഒരു ബാബയും സന്നിഹിതനായിരുന്നു.കോഴിക്കോട് നടക്കാൻ പോകുന്ന യാഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.ഏതാനും നാളുകൾ മുൻപ് ഡെല്ലിയിലെ രാം ലീലാ മൈതാനിയിൽ
പോലീസിനെ പേടിച്ച് ഇതേ ബാബ ചൂരിദാറിന്റെ ഷാളുമായി പെൺ കൂട്ടത്തിലൂടെ രക്ഷപ്പെട്ടത് ഓർത്തു പോകുന്നു. യാഗ വിശുദ്ധികൊണ്ടും യോഗ സിദ്ധികൊണ്ടും നേടാൻ കഴിയുമായിരുന്ന, ഉച്ചാടനം ആവാഹനം സ്തംബനം പരകായ പ്രവേശം ഒന്നും തന്നെ അന്ന് അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയില്ല. എന്തുകൊണ്ട്...
ഒരു ചോദ്യത്തിനും ലളിതമായ സുഗ്രാഹ്യമായ ഉത്തരം ലഭിക്കില്ലെന്ന് ഉറപ്പാണു.കാരണം യാഗം നടത്തുന്നത് നടത്തുന്നവരുടെ അധികാര സംസ്ഥാപനത്തിനും ധന സമ്പാദനത്തിനും വേണ്ടി മാത്രമാണു.അന്ധ വിശ്വാസങ്ങൾ പരത്തുക ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുക അപക്വ ചിന്തയ്ക്ക് ആധികാരികതയുടെ പരിവേഷം നല്കുക കിരാതമായ വിശ്വാസാചാരങ്ങൾ പുനരവതരിപ്പിക്കുക - അതു വഴി ചൂഷണത്തിലധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയ്ക്ക് വീണ്ടും വഴിയൊരുക്കുക -ഇതാണു യാഗമോഹികൾ ആഗ്രഹിക്കുന്നത്.ഉത്തരം പറയാൻ ബാദ്ധ്യതയില്ലെന്ന് അഹങ്കരിക്കുന്ന അവരാണു ഭാരതത്തിന്റെ എല്ലാ അധോഗതിക്കും കാരണം.എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അത് യാഗധൂമത്തിന്റെ കറ പിടിക്കാത്ത സമൂഹ ജാഗ്രത ഉന്നുകൊണ്ടു മാത്രം...
--(---
അശോകൻ ടി ഉണ്ണി