Wednesday, September 7, 2011

ഓണം - ഓർമ്മകൾ ഉണരാതിരിക്കട്ടേ....

..................
ഓണമാ,യെൻ മനോവീണയിലോർമ്മകൾ
ഗാനമായ്‌ വന്നുനിറഞ്ഞുനില്ക്കേ,
ആലപിക്കാൻ മോഹമില്ലാതെ,നിസ്വനാം
ഞാനലഞ്ഞീടുന്നി,തേകനായി...

ശോകരാഗങ്ങളാൽ കാലം രചിച്ചൊരെൻ
ജീവിതനാടക ഗാനമെല്ലാം
വീണയിൽത്തന്നേ,യുറങ്ങട്ടെ;വേദന-
വീണ്ടെടുക്കാ,നെനിക്കിഷ്ടമില്ല.

`ഓർമ്മയ്ക്കുപേരാണതോണ`മെ,ന്നോതുന്നു
കാവ്യപ്രപഞ്ചത്തിൻ കല്പ്പനകൾ,
ഓർമ്മയിൽ സ്വർഗ്ഗങ്ങളുള്ളവർക്കിത്തരം
ഓമന വാക്യങ്ങളിഷ്ടമാവാം....

കൂരിരുൾതിങ്ങി നിറഞ്ഞോരു ബാല്യവും
ആരും തുണയ്ക്കാത്ത യൗവ്വനവും
ആളുന്ന ചിന്തയു,മാധിയും മാത്രമെൻ
പോയകാലത്തിന്റെ ബാക്കിപത്രം.

ജിവിതം പിന്നെയുംജീവിച്ചുതീർക്കുവാ-
നാവുന്ന പോലെ ഞാ,നുദ്യമിക്കേ,
ആഘോഷമൊന്നിലു,മാമഗ്നനാകുവാ-
നാസക്തിതെല്ലുമില്ലായ്കയാലേ,
കാനനക്കോഴിതൻ കാര്യം പറഞ്ഞതു-
പോലെനിക്കോണവു,മാതിരയും...

നേരംവെളുക്കുന്നിരുട്ടുന്നതിന്നൊപ്പ-
മോരോ നിമിഷവുമൊന്നു തീരാൻ,
ദൂരേക്കു ദൂരേക്കു നീളുന്ന ജീവിത-
പ്പാതയിൽ പ്പാഴ്ക്കിനാക്കെട്ടുമേന്തി
പാരം പണിപ്പെട്ടു ഞാൻ നടന്നീടുന്നു,
കൂടെ ചരിപ്പതെന്നന്തരംഗം....

--0--

ടി.യൂ.അശോകൻ