Wednesday, September 7, 2011

ഓണം - ഓർമ്മകൾ ഉണരാതിരിക്കട്ടേ....

..................
ഓണമാ,യെൻ മനോവീണയിലോർമ്മകൾ
ഗാനമായ്‌ വന്നുനിറഞ്ഞുനില്ക്കേ,
ആലപിക്കാൻ മോഹമില്ലാതെ,നിസ്വനാം
ഞാനലഞ്ഞീടുന്നി,തേകനായി...

ശോകരാഗങ്ങളാൽ കാലം രചിച്ചൊരെൻ
ജീവിതനാടക ഗാനമെല്ലാം
വീണയിൽത്തന്നേ,യുറങ്ങട്ടെ;വേദന-
വീണ്ടെടുക്കാ,നെനിക്കിഷ്ടമില്ല.

`ഓർമ്മയ്ക്കുപേരാണതോണ`മെ,ന്നോതുന്നു
കാവ്യപ്രപഞ്ചത്തിൻ കല്പ്പനകൾ,
ഓർമ്മയിൽ സ്വർഗ്ഗങ്ങളുള്ളവർക്കിത്തരം
ഓമന വാക്യങ്ങളിഷ്ടമാവാം....

കൂരിരുൾതിങ്ങി നിറഞ്ഞോരു ബാല്യവും
ആരും തുണയ്ക്കാത്ത യൗവ്വനവും
ആളുന്ന ചിന്തയു,മാധിയും മാത്രമെൻ
പോയകാലത്തിന്റെ ബാക്കിപത്രം.

ജിവിതം പിന്നെയുംജീവിച്ചുതീർക്കുവാ-
നാവുന്ന പോലെ ഞാ,നുദ്യമിക്കേ,
ആഘോഷമൊന്നിലു,മാമഗ്നനാകുവാ-
നാസക്തിതെല്ലുമില്ലായ്കയാലേ,
കാനനക്കോഴിതൻ കാര്യം പറഞ്ഞതു-
പോലെനിക്കോണവു,മാതിരയും...

നേരംവെളുക്കുന്നിരുട്ടുന്നതിന്നൊപ്പ-
മോരോ നിമിഷവുമൊന്നു തീരാൻ,
ദൂരേക്കു ദൂരേക്കു നീളുന്ന ജീവിത-
പ്പാതയിൽ പ്പാഴ്ക്കിനാക്കെട്ടുമേന്തി
പാരം പണിപ്പെട്ടു ഞാൻ നടന്നീടുന്നു,
കൂടെ ചരിപ്പതെന്നന്തരംഗം....

--0--

ടി.യൂ.അശോകൻ

9 comments:

 1. കവിതയുടെ "ഇതിവൃത്തത്തവും ",ശീലും,താളവും ഒട്ടും കളയാതെ വര്‍ത്തമാനകാല മനുഷ്യന്റെ ആധിയും വേദനയും ഒപ്പം ജീവിതവും പകര്‍ത്തിയ മനോഹരമായ വരികള്‍ .അഭിനന്ദനങ്ങള്‍ ..ഓണാശംസകള്‍ ..

  ReplyDelete
 2. മുകളിലെ കമന്റില്‍ "ഇതിവൃത്തവും" എന്ന് തിരുത്തി വായിക്കുക.

  ReplyDelete
 3. ഓണാശംസകള്‍.
  മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

  ReplyDelete
 4. അശോകേട്ടന്റെ കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ വൃത്തമില്ലാത്ത വൃത്തികേടുകള്‍ :)

  വായ്പക്കാര്‍ വളച്ചു കെട്ടിയ വേലിയുടെ അപ്പുറത്ത്,
  ഓര്‍മകളുടെ ഭാണ്ഡകെട്ടുമായി ഓണം വന്നു നില്‍ക്കുന്നത് കാണാം.
  പേഴ്സ് തുറന്നാല്‍ പുറത്തു ചാടുന്ന പണ്ടപണയ ചീട്ടുകള്‍ പറയുന്നു-
  പലിശയേക്കാള്‍ വലുതല്ല ഓണം.
  കേട്ടതിനെ വിശ്വസിക്കുന്നു.
  കണ്ണുകള്‍ അടച്ചു പിടിക്കുന്നു.
  കാലുകള്‍ മുന്നോട്ട് പിടിച്ച് വലിക്കുന്നത്
  കൂരയില്‍ കൂടു കഴിയുന്നവളുടെ കരച്ചിലും.
  ഓര്‍മ്മകള്‍ ഉരുട്ടിതിന്നാല്‍ വിശപ്പ്‌ മാറില്ലല്ലോ :)

  ReplyDelete
 5. nannaitundu tto!
  welcome to my blog
  nilaambari.blogspot.com
  if u like it follow and suport me

  ReplyDelete
 6. കവിതയും ആശയവും ഇഷ്ടമായി ട്ടോ മാഷേ. മറ്റുകവിതകളും വായിക്കട്ടെ.

  ReplyDelete
 7. "ഓണമാ,യെൻ മനോവീണയിലോർമ്മകൾ
  ഗാനമായ്‌ വന്നുനിറഞ്ഞുനില്ക്കേ,"
  മറ്റു ഭാവങ്ങളാം ചേട്ടയെ അല്പനേരത്തേക്ക് പുറത്താ‍ക്കി
  ശീവോതിയായോണത്തെ കുടിയിരുത്താം.
  ഇനിയുള്ള കാലം നന്മ വരട്ടെ...
  കാട്ടാക്കട വരികളിൽ കയറിയിട്ടുണ്ട്.
  ഓണാശംസകൾ

  ReplyDelete