Saturday, December 24, 2011

വികല കല്പനാ വിഗ്രഹം മാത്രമായ്‌......

പ്രളയമായിരുന്നെങ്ങും അതിന്മീതെ
ചലനമില്ലാതെ കാലം കിടക്കവേ,
സ്ഥലമതൊക്കെയും ഒരുബിന്ദുവായതിൽ
വിലയമാർന്നന്ധകാരം ജ്വലിക്കവേ,
അണുവിലും അണു പോലും പ്രപഞ്ചത്തി-
ലുരുവമാകാതെ മൗനം മുഴങ്ങവേ,
സകല ചൈതന്യമുറയുന്ന പൊരുളിനെ
വിതറി നിസ്തന്ദ്രമുയരുന്ന നാദമായ്‌,
പ്രണവമായി നീ വന്നൂ;അനന്തര-
ത്തിരയിൽ ജീവിതം സംഗരം മാത്രമായ്‌.

ഭുവനചലനത്തി,നാധാരമായുള്ള
ഭ്രമണചക്രം തിരിച്ചു നീ നില്ക്കവേ,
അറിവു,കാര്യവും കാരണം തന്നേയും
പരമപൂരുഷൻ നീ തന്നെ;യെങ്കിലും
കൊതിയൊടന്നം ഭുജിക്കാൻ തുടങ്ങവേ
തെരുതെരെക്കല്ലു തടയുമ്പൊളെന്നപോൽ
തലപെരുക്കുന്നു ജീവിതം കൊണ്ടു നീ
തലമ,തായം കളിക്കുന്നതോർക്കവേ.....

പറയിപെറ്റുള്ള മക്കളായ്‌ ഞങ്ങളീ-
ധരയിലൊക്കെയും വ്യാപിച്ചുനിർദ്ദയം-
സഹജരെക്കൊ,ന്നലക്ഷ്യമായ്‌ പായവേ
സഹതപിക്കാതെ ശകുനിയായ്‌ നിന്നു നീ-
വെറുതെ ഞങ്ങളെ സംസാര സാഗര-
ത്തിരയിലമ്മാന,മാടിക്കളിക്കുന്നു.

കളിരസിച്ചങ്ങിരിക്കുന്ന നിന്നുടെ
ഇമയനക്കത്തി,ലായിരം ജന്മങ്ങൾ
ദുരിതജീവിത കർമ്മങ്ങളൊക്കെയും
ദ്രുതതരം തീർത്തു പിരിയുന്നതൃപ്തരായ്‌...

കുഴിയിലാണ്ടും കരിഞ്ഞും ഒഴുക്കറ്റ-
പുഴയിൽ പാതിവെ,ന്തഴുകിയും ഞങ്ങൾ തൻ
പ്രിയശരീരങ്ങൾ മറയുന്നു;ദേഹിയോ-
പുതിയ വേഷപ്പകർച്ചക്കു കോപ്പിടാൻ
പഴയകർമ്മ,പ്പഴന്തുണിക്കെട്ടുമായ്‌
ഗഗനവഴികളിൽ അലയു,ന്നമുക്തരായ്‌.....

സൗരയൂഥ പഥങ്ങളിൽ നക്ഷത്ര-
നിരകൾനിത്യം പ്രകാശവർഷങ്ങൾ ക്കു-
മകലെയകലേ,യ്ക്കകന്നിടും ധൂമില-
വഴിയിലൊറ്റക്കു നീ നടന്നീടവേ...
അവരസംതൃപ്ത ചിത്തർ നിൻ നെഞ്ചിലേ-
യ്ക്കനുദിനം ചോദ്യ ശരമൊന്നയച്ചിടും
നിനദമെന്നിലും നിറയുന്നു;നിയതിതൻ-
പൊരുളറിഞ്ഞനീ മറുവാക്കു ചൊല്ലുമോ...

നരകവാസമീ മണ്ണില്ക്കഴിക്കുമെൻ
ഹൃദയസ്പന്ദത്തൊടൊപ്പം തുടിക്കുമാ
പെരിയ സംശയം നിന്നോടു വീണ്ടുമീ-
വ്യഥിത സന്ധ്യയിൽ ചോദിച്ചിടട്ടെ ഞാൻ....

ഭുവനമാകെയും നിറയുന്ന നീ നിന്റെ
വചനകാരണം പറയാതമൂർത്തമായ്‌,
വികലകല്പനാ വിഗ്രഹം മാത്രമായ്‌,
മനുജ സന്ദിഗ്ദ്ധ നിമിഷാശ്രയത്തിന്റെ
മറവിൽ വാഴാതെ,മൂർത്തമാം തെളിവൊന്നു
നരനു നല്കാൻ മടിക്കുന്നതെന്തുനീ..........

-0-

ടി.യൂ.അശോകൻ

7 comments:

  1. പറയിപെറ്റുള്ള മക്കളായ്‌ ഞങ്ങളീ-
    ധരയിലൊക്കെയും വ്യാപിച്ചുനിർദ്ദയം...

    നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍.....

    ReplyDelete
  2. കളിരസിച്ചങ്ങിരിക്കുന്ന നിന്നുടെ
    ഇമയനക്കത്തി,ലായിരം ജന്മങ്ങൾ
    ദുരിതജീവിത കർമ്മങ്ങളൊക്കെയും
    ദ്രുതതരം തീർത്തു പിരിയുന്നതൃപ്തരായ്‌...


    കവിത നന്നായി

    ReplyDelete
  3. "പുതിയ വേഷപ്പകര്‍ച്ചക്കു കോപ്പിടാന്‍............"''
    ചിന്താര്‍ഹമായ രചനാശൈലി.
    നന്നായിരിക്കുന്നു.
    ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
    നിറഞ്ഞ ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  4. നല്ല രചന..നല്ല അര്‍ത്ഥവ്യാപ്തിയുള്ള ചിന്തകള്‍ ..ഒന്നുകൂടി മനസ്സിരുത്തിയെങ്കില്‍ എല്ലാ വരികളിലും ഒരു താളം നിലനിര്‍ത്താമായിരുന്നു.

    ReplyDelete
  5. രചന നന്നായിരിക്കുന്നു.അര്‍ത്ഥവത്തായ വരികള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. ഇവിടെ പ്രതീക്ഷിച്ചു വന്നത്‌ കിട്ടി.
    ആശം സകൾ

    ReplyDelete