പൊതു വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ട്.അവയിൽ, വളരെ വ്യതിരിക്തമായ, ഉന്നതമായ ഒരു സ്ഥാനമാണു കേരള ജനത, ശാസ്ത്രസാഹിത്യ പരിഷത്തിനു നല്കിയിരിക്കുന്നത്.സൈലന്റ് വാലി വിഷയത്തിൽ പരിഷത് സ്വീകരിച്ച നിലപാടും ആ നിലപാട് വിജയപ്രാപ്തിയിലെത്തിക്കുന്നതിനായി നടത്തിയ കഠിന പ്രയത്നങ്ങളും സമാന രീതിയിലുള്ള മറ്റനേകം(ഡി പി ഈ പി ഒഴിച്ച്) പ്രവർത്തനങ്ങളുമാണു മേൽ സൂചിപ്പിച്ച സ്ഥാനം പരിഷത്തിനു നേടിക്കൊടുത്തത്.
എന്നാൽ ഇക്കഴിഞ്ഞ ദിവസം പരിഷത് നടത്തിയ വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ജാഥ, അനവസരത്തിൽ നടത്തിയതും ,ഫലത്തിൽ കേരളജനതയുടെ ശ്രദ്ധയും ശ്രമങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പൊതുവിഷയത്തിൽ നിന്നും വഴിതിരിച്ചു വിടാൻ ഉതകുന്നതുന്നതുമായിരുന്നു എന്നു പറഞ്ഞുകൊള്ളട്ടേ..
മുല്ലപ്പെരിയാർ എന്ന വിഷയത്തിൽ ലോകത്തെങ്ങുമുള്ള മലയാളികൾ ഉല്ക്കണ്ഠയുടേയും ഭീതിയുടേയും നിഴലിൽ നിൽക്കുന്ന ഈ അവസരത്തിൽ തന്നെ, ഇതുമായി ബന്ധപ്പെട്ട ഒരുവാക്കുപോലും ഉരിയാടാതെ ഒരു ജാഥ പരിഷത്ത് നടത്തി എന്നത് സങ്കല്പിക്കാനേ കഴിയുന്നില്ല.യാത്രയിൽ വിതരണം ചെയ്ത, എന്തുകൊണ്ട് മറ്റൊരു കേരളം എന്ന ലഖു ലേഘയിൽ ഒരിടത്തുപോലും മുല്ലപ്പെരിയാർ പരാമർശിക്കപ്പെടുന്നില്ല.ധാരാളം പോസ്റ്ററുകൾ സ്വീകരണകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഒന്നില്പോലും മുല്ലപ്പെരിയാർ കാണാൻ കഴിഞ്ഞില്ല.ജാഥാ ലക്ഷ്യം ഇതൊന്നുമല്ലായിരുന്നു എന്നു പറയാം.അതു തന്നെയാണു ഈ കുറിപ്പിനാധാരവും.
ഈ പശ്ചാത്തലത്തിൽ ചിലകാര്യങ്ങൾ പരിഷത്തിനോട് ചോദിച്ചുപോകുന്നു....
നൂറ്റിപ്പതിനാറു കൊല്ലത്തെ പഴക്കവും തുടർച്ചയായുണ്ടാകുന്ന ഭൂകമ്പവും അനേകസ്ഥലങ്ങളിലെ വിള്ളലുകളിലൂടെയുള്ള ചോർച്ചയും സുർക്കിക്കുവേണ്ടി ഡ്രില്ലു ചെയ്തിട്ടു കാറ്റുമാത്രം കിട്ടിയതും പഠനസംഘങ്ങളുടെ,വ്യർത്ഥ ദൗത്യടൂറിസവും ഒന്നും വിശദീകരിക്കുന്നില്ല. ഒന്നു ചോദിച്ചുകൊള്ളട്ടേ.....
മുല്ലപ്പെരിയാർ ഡാം ഇപ്പോഴും സുരക്ഷിതമാണെന്നു പരിഷത്ത് വിശ്വസിക്കുന്നുണ്ടോ....
സുരക്ഷിതമല്ലെങ്കിൽ അവിടെ എന്തെങ്കിലും ഉടനടി ചെയ്യേണ്ടതുണ്ടോ....
ആ എന്തെങ്കിലും ഉടനടി ചെയ്യാതിരിക്കുന്ന അവസ്തയിൽ പരിഷത്തിനെന്തെങ്കിലും പരിപാടികളുണ്ടോ...
ജനനന്മ ലാക്കാക്കി ശാസ്ത്രത്തെ നേർവഴിക്ക് നടത്താൻ കച്ചകെട്ടിയിറങ്ങിയ പരിഷത്തിനു ശാസ്ത്രത്തിന്റെ തന്നെ മറ്റൊരു ദുരന്തമാകാൻ പോകുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും പറയാനില്ലേ..അതോ അൻപതു ലക്ഷം ജനങ്ങൾ ഒഴുകിയൊടുങ്ങിയ മറ്റൊരു കേരളം വേണമെന്നാണോ പരിഷത് ആഗ്രഹിക്കുന്നത്....
ചുരുക്കിപ്പറയാം.. എന്താണു മുല്ലപ്പെരിയാർ വിഷയത്തിൽ പരിഷത്തിന്റെ നിലപാട്.....
കേരള സാമൂഹ്യാവസ്തയിൽ ആഗോളവല്ക്കരണാനന്തരം ഉണ്ടായിട്ടുള്ള ഒട്ടും ഗുണകരമല്ലാത്ത പ്രവണതകൾ മാറണമെന്നും “വേണം മറ്റൊരു കേരള”മെന്നും നന്നായറിയാം. പക്ഷേ...ചുമരുണ്ടായിട്ടു വേണ്ടേ സാർ, ചിത്രമെഴുതാൻ.....
ശത്രു സൈന്യം ഇരച്ചുകയറുമ്പോൾതന്നെ വേണോ മുഖ്യസൈന്യാധിപന്റെ ഗിരിപ്രഭാഷണം......ഈ പണിതന്നെയല്ലേ വേറൊരു തലത്തിൽ/തരത്തിൽ അണ്ണാഹസാരെയും മറ്റുപലരും ചെയ്തുകൊണ്ടിരിക്കുന്നതും ...സ്തിരമായി ജനതയ്ക്കു ചവക്കാൻ ഇങ്ങനെ ച്യൂയിംഗം ഇട്ടുകൊടുക്കാതെ ഒരിക്കലെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുക്കുക...
--0--
ടി.യു.അശോകൻ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഷത്തിന്റെ അഭിപ്രായം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതും പത്രങ്ങളില്‍ വാര്‍ത്തയായി വന്നതുമാണല്ലോ മാഷേ..
ReplyDeleteഅതെന്താണെന്നു ചുരുക്കി ഈ പേജിൽ തന്നെ ഒന്നെഴുതുമോ..?
Deleteശാസ്ത്രഗതി ശാസ്ത്രകേരളം എന്നിവയിൽ അതു വന്നിട്ടുണ്ടോ..?
ലക്കം അറിയിക്കുക.
ഭോപാൽ ദുരന്താനന്തരം നടത്തിയ പ്രക്ഷോഭ പരമ്പരകൾക്കു സമാനമായ എന്തെങ്കിലും പരിപാടി കേരളത്തിൽ നടത്തിയിട്ടുണ്ടോ..?
മുല്ലപ്പെരിയാര്‍
ReplyDeleteബദല്‍ മാതൃകകള്‍ കൂടി പഠിച്ചതിന് ശേഷമേ തീരുമാനമെടുക്കാവൂ:
കേരള ശാസ്ത്രസാഹിത്യപരിഷത്ത്
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്ന സാഹചര്യത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഒരു നിഷ്പക്ഷ ശാസ്ത്രസംഘം പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ. പുതിയ ഡാം മാത്രമല്ല; ബദല്‍ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഒപ്പം തമിഴ്‌നാടിന്ന് അര്‍ഹമായ വെള്ളം നല്‍കുക, എന്നീ രണ്ട് കാര്യങ്ങളും ഒന്നിച്ച് നടക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തുന്നതിന് വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രജ്ഞരുടേയും വിദഗ്ധരുടേയും ഒരു യോഗം ഡിസംബര്‍ 22ന് എറണാകുളത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഒന്ന്, നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് അത് ഒരു തടയണയാക്കി നിലനിര്‍ത്തുകയും ഇങ്ങിനെ നിര്‍ത്തുന്ന ജലനിരപ്പിന് മുകളില്‍ കാലാകാലം എത്തുന്ന വെള്ളം മുഴുവനും തന്നെ അപ്പപ്പോള്‍ ടണലുകള്‍ വഴി തമിഴ്‌നാട്ടില്‍ സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യുക.
രണ്ട്, മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ വെള്ളം ഇടുക്കിയില്‍ ശേഖരിച്ച്, ഇടുക്കി ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനായി ടണലുകള്‍ നിര്‍മിക്കുക. അതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് ക്രമേണ ഡീകമ്മീഷന്‍ ചെയ്യുക.
മൂന്ന്, നിലവിലുള്ള അണക്കെട്ടിന് താഴെ മറ്റൊരു അണക്കെട്ട് നിര്‍മിച്ച്, നിലവിലുള്ളത് ക്രമേണ നിര്‍വീര്യമാക്കി പൊളിച്ചുമാറ്റുക.
ഇനിയും പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകാം. ഇത്തരം ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ, അണക്കെട്ട് പോലുള്ള കാര്യങ്ങളെ വൈകാരികമായി കാണാന്‍ ഇരു സംസ്ഥാനങ്ങളും ശ്രമിക്കരുത്. അതിനാല്‍ എല്ലാ നിര്‍ദേശങ്ങളും പരിഹാരങ്ങളും നിഷ്പക്ഷമായി പഠിച്ചും മൂല്യനിര്‍ണയം നടത്തുന്നതിനുമായി അന്താരാഷ്ട്ര തലത്തില്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. ഇപ്പോള്‍, നിലവിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ കീഴിലോ, സുപ്രീംകോടതിയുടെ നേരിട്ടുള്ള കീഴിലോ, ഈ സംഘത്തെ നിയമിക്കാം. അതില്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അംഗങ്ങളാണെന്നത് ഉറപ്പാക്കണം.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നവരേയും ജനങ്ങളുടെ ഭീതി അകറ്റാനും വേണ്ടി ജലനിരപ്പ് ഇന്നത്തേതില്‍ നിന്ന് കുറച്ചു നിര്‍ത്തുന്നത് അഭികാമ്യമായിരിക്കും. ഇക്കാലത്ത് അപകടം സംഭവിച്ചാലുണ്ടാകുന്ന ആഘാതങ്ങള്‍ നിര്‍ണയിക്കാനും ദുരന്ത നിവാരണത്തിനും ഉള്ള നടപടികളും ഉണ്ടാവണം. ഇപ്പോഴത്തെ അണക്കെട്ടു നിലനില്‍ക്കെ തന്നെ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.
ഭോപാല്‍ ദുരന്തത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതത്തിന്റെ , പരിഷത്തുതന്നെ പറഞ്ഞ കണക്കുകള്‍ ഓര്‍മയിലുണ്ട്.അതിലുമെത്രയോ ഭീകരമായിരിക്കും( സംഭവിച്ചാല്‍) മുല്ലപ്പെരിയാര്‍ ദുരന്തം. യൂണിയന്‍ കാര്‍ബൈഡിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം എത്രയെത്ര ധര്‍ണകള്‍, പദയാത്രകള്‍ അന്നു പരിഷത്ത് നടത്തിയിരിക്കുന്നു..ഓര്‍ ക്കുന്നില്ലേ ആ മുദ്രാവാക്യം.“ഇന്‍ഡ്യാക്കാരന്‍ ചത്തുമലച്ചാല്‍ എന്തിനു യാങ്കികള്‍ കരയേണം”. എവറെഡി ബാറ്ററി വില്ക്കരുത് നാം വാങ്ങരുത് എന്നുപറഞ്ഞു, ഇന്നു തുടങ്ങിയാല്‍ എന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മലപ്പുറം ജില്ലയിലെ ഓരോ കടകള്‍തോറും അലഞ്ഞുനടന്നതില്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നു .എന്നാല്‍ പഠനം കണക്കുകള്‍ പ്രസ്താവന,ഇവയ്ക്കൊപ്പം മേല്‍ സൂചിപ്പിച്ചതരത്തിലുള്ള എന്തെങ്കിലും ഒരു സമര(പ്രക്ഷോഭ)പരിപാടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഷത്തു നടത്തിയിട്ടുണ്ടോ. ഇപ്പോള്‍ നടത്തിയ ജാഥയില്‍ മുല്ലപ്പെരിയാര്‍ വിഷയമായതേയില്ല. ഗുജറാത്ത് കലാപാനന്തരം പ്രസിദ്ധീകരിച്ച “വംശഹത്യയുടെ നാള്‍വഴി” ഓര്‍മയുണ്ടോ-നൂറു രൂപാ വിലയുള്ളത്-320 പേജുള്ളത്-(ഒട്ടും സംശയിക്കേണ്ട.ആപുസ്തകപ്രസിദ്ധീകരണത്തെയും ആ വഴിക്കുള്ള മറ്റുപ്രവര്‍ത്തികളേയും അംഗീകരിക്കുന്നതിലും ശ്ളാഘിക്കുന്നതിലും അല്പ്ം പോലും മടിയുമില്ല.) അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രവര്‍ത്തി-പ്രചാരണ-പ്രക്ഷോഭണങ്ങള്‍- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായോ... എന്തേ മലയാളി മരിക്കുന്നതില്‍ മാത്രം ഉല്ക്കണ്ഠയില്ലാത്തതു. .. അല്ലെങ്കിലും പടിഞ്ഞാറോ വടക്കോ എവിടെയെങ്കിലും മഴവന്നാലല്ലേ നമ്മള്‍ ഇവിടെ കുട പിടിക്കാന്‍ പറയൂ....പാവം മലയാളി......
Deleteപരിഷത്തിനെ ഇനി ശവപ്പെട്ടിയില്‍ വെക്കണം എന്ന് തോന്നുന്നു. parishanth - ന്റെ കമന്റുകള്‍ കൂടുതല്‍ സന്ദര്‍ഭോചിതം
ReplyDeleteപരിഷത്ത് സന്ദര്‍ഭം നോക്കി അഭിപ്രായം പറയുന്നു എന്ന് മാത്രം മനസ്സിലാക്കുക.
ReplyDeleteഅശോകന്‍ ചേട്ടാ, നല്ല ഇടപെടല്‍. നമ്മളന്നു സംസാരിച്ച മറ്റു വിഷയങ്ങളും ഉണ്ടല്ലോ . മാലിന്യ സംസ്കരണം, എന്‍ഡോസള്‍ഫാന്‍ മുതലായവയ്ക്കും വേണ്ട രീതിയില്‍ ശ്രദ്ധ പദയാത്രയില്‍ വന്നിട്ടുണ്ടോ എന്ന് സംശയം
ReplyDeleteപരിഷത്തിന്റെ അഭിപ്രായംയെന്തെന്നത് അത്രവലിയ കാര്യമല്ല,പകരം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആകെകൂടിയുള്ള അഭിപ്രായ ഏകീകരണമാണ് പ്രധാനം.
ReplyDelete