Thursday, March 7, 2013

പുതിയ പാണൻ


പുഴയുടെതീര,ത്തൊരുമരമങ്ങിനെ
പുളകം കൊണ്ടു ചിരിക്കുന്നു..
അരികത്തരുമയി,ലാടിനെ മേയാൻ
തൃണ നികരങ്ങൾ വിളിക്കുന്നു...
ഇണയുടെനൃത്തം കണ്ടൊരു നീർക്കിളി
ജലചിത്രങ്ങൾ വരക്കുന്നു...
ഇതുവഴി പാടിപ്പോകേ,യെൻ പ്രിയ-
കവിതയുമൊപ്പം ചേരുന്നു...

പുതിയൊരു പാണൻ ഞാ,നെന്നാലൂം
പഴമകളിൽ മനമുലയുന്നോൻ..
പലശാഖകളായ്‌ പൂത്തൊരു തരുവിൻ
അടിവേരിൻ വഴി യറിയുന്നോൻ...
പലവുരു ചൊന്നതു പാടിപ്പുലരും
പുലവനി,ലരിശം കൊള്ളുന്നോൻ..

തുണയായുള്ളൊരു വീണയുമാ,യിവ-
നലയാൻ നിത്യമിറങ്ങുമ്പോൾ,
പറയാനുള്ളൊരു പൊരുളിൻ വാക്കുകൾ
വിനയാകുമ്പൊളു,മരുളുന്നോൻ..

പുഴയും കാടും തൊടിയും ജീവിത-
മുണരുന്നേടമതൊ,ക്കേയും
പുലരുന്നേരം തൊട്ടിവനങ്ങനെ
കരളിൽ ചേർത്തു നടക്കുമ്പോൾ,
സഞ്ചിത സംസ്കൃതി തൻ നിറമെന്നും
കുങ്കുമ,മല്ലെന്നറിയുന്നേൻ...
സങ്കട,മെൻപ്രിയ സഹജർക്കേകിയ
സംഘവു,മേതെന്നറിയുന്നേൻ...

പുതുകാലത്തിൻ സ്പന്ദനതന്തുവി-
ലെൻ വിരൽ നർത്തനമാടുമ്പോൾ
പല ഗോളങ്ങളി,ലെൻപ്രണയധ്വനി
വിലയം കൊള്ളുവ,തറിയുന്നേൻ...

കേവലഗായക,നല്ലിവനെന്നും
വേലയിലും വില കാണുന്നോൻ...
അറിവിലു,മാത്മസുഖത്തിലുമൊരുപോൽ
തൊഴിലിൻ മേന്മ കുറിച്ചിടുവോൻ...

പായും കുടയും നെയ്യാനറിയാം..
പാടം കൊയ്തു മെതിക്കാനറിയാം..
പാതകൾതോറും പന്തം പേറി-
പോരിൻ തേരു തെളിക്കാനറിയാം...

പാലപ്പൂമണമേറ്റൊരു പൈങ്കിളി-
പാതിര രാഗം പാടുമ്പോൾ,
ഏതോ ദിവ്യ ജഗത്തിൻ കിന്നര-
ജാലം പോൽ ഹിമ,മൂറുമ്പോൾ,
പാർവണചന്ദ്ര,നൊഴുക്കിയ പാല്പ്പുഴ-
പ്രാലേയത്തിൽ പതയുമ്പോൾ,
കല്പന തന്നുടെ ശില്പം പോലൊരു
തല്പം തീർത്തു ശയിക്കാനറിയാം...
സ്വപനം കണ്ടു കിടക്കുമ്പോഴും
സ്വർഗ്ഗം ഭൂമിയി,ലെന്നതുമറിയാം...
നാകദിവാകരനുദയം ചെയ്യാൻ
രാവുകളിനിയും തീരണ,മറിയാം....

പാവനജീവിത കാമന മാത്രം
ചേതന നിത്യമുണർത്തുമ്പോൾ
മാമല തന്നിലമർന്നവ,നൊരുനാൾ
തീമലപോൽ വരു,മെന്നതുമറിയാം....

              ---(----



ടി  യൂ  അശോകൻ


--------------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author.
--------------------------------------------------------------------------------



7 comments:

  1. അര്‍ഥവത്തം ,പദമനോഹരം,കാവ്യാത്മകം...ആശംസകള്‍

    ReplyDelete
  2. വളരെ മനോഹരം.
    ആശംസകൾ
    ("സ്വപനം", "മെന്നതുമതറിയാം..." ഇവിടെ തെറ്റുണ്ടോ ?)

    ReplyDelete
    Replies
    1. You are correct.

      An extra ത crept in...

      Deleted it and THANKS...!

      Delete
  3. കവിത നന്നായെങ്കിലും ദൈര്ഘ്യം ഒഴിവാക്കാമായിരുന്നു.

    ReplyDelete
  4. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  5. ''പോയിടാം,വേഗമണിചേർന്നിടാം
    ദൂരെ നവലോക കാഹളം കേട്ടുവോ''..?

    ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  6. ഈണവും താളവുമുള്ള കവിത
    ഇഷ്ടമായി

    ReplyDelete