Saturday, September 7, 2013

നാണംകെടുന്നു ഞാൻ നാരി മൂലം...

------------------------
ഓണം വരുന്നല്ലോ പത്മനാഭാ
നാണം മറയ്ക്കുവാ,നെന്തു ചെയ്യും..
കാണം കൊടുത്തു കൈക്കൊണ്ട മാനം
വീണുപോയ്‌; നേടുവാ,നില്ലുപായം...

നാരീമണിയവൾ വന്ന നാളിൽ
നാടേ നശിക്കുമെ,ന്നോർത്തതില്ല..
ചേലാർന്ന രൂപത്തി,ലന്നു `പാപം`
സോളാറുമായ്‌ നിന്നു കൊഞ്ചിയപ്പോൾ
ആരോമലാളെ,ന്നുറച്ചുപോയി...
ആരോപണങ്ങൾ മറന്നുപോയി...
ആരാകിലും ചെയ്തിടുന്ന കാര്യം
ഞാനെന്ന മർത്യനും ചെയ്തുപോയി...

അഞ്ചാമതും മന്ത്രി വേണമെന്നാ-
പഞ്ചാരക്കുട്ടി മൊഴിഞ്ഞ കാലം..
നാരായവേരറു,ത്തീടുവാ,നായ്‌­
നായർപ്പടയാളി വന്ന നേരം..
വീറോ,ടെതിർത്തും വിയർത്തൊലിച്ചും
വീരനായ്‌ വാണ ഞാൻ വീണുപോയി...
വേതാള ബന്ധം കൊതിച്ചുപോയി..
വേകാത്ത ചേമ്പും കടിച്ചുപോയി...

ഓണം വരാനൊരു മൂലമെങ്കിൽ
നാണംകെടുന്നു ഞാൻ നാരി മൂലം..
ആരെന്നുമെന്തെന്നു,മോർത്തിടാതെ
സാരിത്തലപ്പിൽ കുരുങ്ങി ഞാനും..

അല്പം സമാധാന വാർത്തയാ,ലെൻ
ചിത്തം തണുത്തനാ,ളോർമ്മയില്ല..
വിശ്വസിക്കാ,നെനിക്കാരുമില്ല..
വിശ്വാസവോട്ടി,ന്നൊരുങ്ങുകില്ല..
വിജ്ഞരോ,ടൊത്തു സംസർഗ്ഗമില്ല
വിപ്ളവക്കാരോ,ടടുപ്പമില്ല..

പാലാഴി വീണ്ടും കടഞ്ഞെടുത്തെൻ
മേലാകെ നന്നായ്‌ പുരട്ടിയാലും
ഈ മാനഹാനിതൻ വ്യാധിയെന്നിൽ
കാലാവസാനം വരേയ്ക്കു നിൽക്കും...

ലോകാധിനാഥനാം പത്മനാഭാ
കാണാതെ കൈതവം ചെയ്ത ദേവാ..
നാണമില്ലാത്ത ഞാ,നാസനത്തിൽ
ആലുമായ്‌ നിന്നിതാ കേണിടുന്നു..
മംഗളം മാഞ്ഞ സിംഹാസനം നീ
വഞ്ചകർ,ക്കേകാൻ തുനിഞ്ഞിടല്ലേ...
ശങ്കിച്ചു വാഴുന്നൊരെന്നെ വീണ്ടും-
വങ്കത്തരത്തി,ന്നൊരുക്കിടല്ലേ...
അങ്കത്തിലെന്നെ,പ്പഴിച്ചിടല്ലേ..
മന്ത്രിയ്ക്കധർമ്മം വിധിച്ചതല്ലേ..

             --(---

ടീ  യൂ  അശോകൻ
----------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author.
---------------------------------------------------------------

5 comments:

  1. ഹഹഹ

    ആര് നാണംകെടുമെന്ന്?!
    ഇത്തിരിയെങ്കിലും നാണമുണ്ടെങ്കിലല്ലേ കെടൂ

    കവിത നന്നായി.
    ഇതിനുമുമ്പ് ചെമ്മനത്തിന്റെ കവിതകളാണിതുപോലെ ആക്ഷേപഹാസ്യത്തില്‍ വായിച്ചിട്ടുള്ളത്!

    ReplyDelete
  2. കൊള്ളേണ്ടിടത്തൊക്കെ കൊള്ളാൻ ഈ കവിത പര്യാപ്തമായെങ്കിൽ.

    ReplyDelete
  3. പൃഷ്ടത്തിലാലു മുളയ്ക്കിലുമിക്കൂട്ടർ-
    ക്കിഷ്ടമതിൻ തണൽ കഷ്ടമതൊന്നല്ലോ.!!


    ആക്ഷേപഹാസ്യത്തിന്റെ മികവുള്ള രചന,അവതരണം.


    ശുഭാശംസകൾ...

    ReplyDelete
  4. "ഓണം വരുന്നല്ലോ പത്മനാഭാ
    നാണം മറയ്ക്കുവാ,നെന്തു ചെയ്യും..
    കാണം കൊടുത്തു കൈക്കൊണ്ട മാനം
    വീണുപോയ്‌; നേടുവാ,നില്ലുപായം..."
    കാലികപ്രാധാന്യമുള്ള വിഷയം ആക്ഷേപഹാസ്യത്തോടെ ഉള്ളില്‍ത്തട്ടുന്ന
    വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  5. ലോകാധിനാഥനാം പത്മനാഭാ
    കാണാതെ കൈതവം ചെയ്ത ദേവാ..

    ഓണാശംസകൾ

    ReplyDelete