Tuesday, January 14, 2014

സഞ്ജനയ്ക്കൊരു കത്ത്‌

അഥവാ മലയാളി മങ്കമാർക്ക്‌  സ്നേഹപൂർവ്വം... .....
---------------------------------------------


സങ്കടം കൊണ്ടല്ല സഞ്ജനേ,സംഗതി-
എ,ന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീ,പ്പെണ്ണുങ്ങ,ളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവ,രായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെ വന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമി,ക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെ നോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറി പ്രദർശനം കേമമാണോ..
അപ്പുറം കാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെ,ക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർക്കുള്ളി,ലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങ,ളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും..
മാനത്തു റാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും..
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊ,ന്നരയ്ക്കു കെട്ടും..
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂത ഗണങ്ങൾക്കു പ്രാതലേകും..
അമ്പലം ചുറ്റുന്ന നേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും..
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും..
സഞ്ജനേ, ചന്ദ്രബിംബാനനേ.. നിങ്ങൾ ത-
ന്നന്തമില്ലായ്മ,യ്ക്കൊരന്തമുണ്ടോ.....?

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പം വരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തു തൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെ,യീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പ സിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...!!

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലു കൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കൽക്കണ്ടമാകുവാൻ
ചൊൽക്കൊണ്ട മാതൃക,യാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാ സാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്ന പോലെ തിരിച്ചെതിർക്കാം...
നേരി,ട്ടെതിർക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തി,ലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നിൽക്കാതെ വേഗം നടന്നുകൊള്ളൂ....

            --(---

  അശോകൻ ടി  ഉണ്ണി
---------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author
---------------------------------------------------------

3 comments:

  1. ചില തോന്നലുകൾ പറയട്ടെ.അവ ചിലപ്പോൾ ശരിയാകാം/തെറ്റാകാം.

    1) പണനിയന്ത്രിത നവകമ്പോളം, ജീവിതാനുഭവങ്ങളുടെ,അവസ്ഥകളുടെ വൈവിധ്യ സരണികളിലൂടെ സഞ്ചരിക്കേണ്ട മനുഷ്യജീവിതത്തെ വെറും യൗവ്വനം മാ ത്രമായി നിർവ്വചിച്ചിരിക്കുന്നു.അതിൽ സ്ത്രീയും, പുരുഷനും ഒന്നുപോൽ ഉത്തരവാദികൾ.

    ഉദാ : സ്ത്രീ കമ്പോളത്താൽ സമൂഹത്തിനു മുന്നിൽ സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ,അതേകമ്പോളം സ്ത്രീയെ,അതേ സമൂഹത്തിനു മുൻപിൽ അല്പ വസ്ത്രധാരിയായി, ശരീരം പ്രദർശിപ്പിച്ച് കോടികൾ നേടാനുള്ള പരസ്യവസ്തുവുമാക്കുന്നു.



    2) മേല്പറഞ്ഞ കമ്പോളം തന്നെ,മനുഷ്യന്റെ ശാരിരിക ഭാഷയിൽപ്പോലും ഇടപെടുന്നു. ഈ ഇടപെടലിൽ സ്ത്രീയെപ്പോലെ തന്നെ, പുരുഷനും നിസ്സഹായ നായി ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നു.

    ഉദാ : നാട്ടിൻപുറത്തെ അങ്ങാടിയിൽ നിന്ന്, സ്വന്തം മൂക്കോ,പൃഷ്ടമോ ചൊറിയ്യുന്ന ഒരുവൻ(ൾ) ലുലു മാളിലോ,ഗോൾഡൻ ഡ്രാഗൺ മാർട്ടിലോ,ക്യാരീ ഫറിലോ എത്തുമ്പോൾ എങ്ങു നിന്നോ വന്നു ചേരുന്ന വ്യാജമാന്യതയുടെ മൂടുപടമണിഞ്ഞ് ആ ചൊറിച്ചിലങ്ങ് സഹിക്കുന്നു.


    3) അതേ കമ്പോളം, ശരീരം മാത്രമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ ഒരേയൊരുപകരണമെന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.ഇതിൽ ഈ രണ്ടുകൂട്ടരും വശംവ ദരാവുന്നുണ്ട്.

    ഉദാ: മുൻപെങ്ങുമില്ലാത്ത തരത്തിൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാജീകരണൗഷധങ്ങളുടെ പരസ്യപ്രചരണം, സമൂഹത്തിനൊരുപയോഗവും ചെയ്യാത്ത കുറെ ലൈംഗിക സർവ്വേകൾ.

    പൊതുവിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ.രണ്ട് കൂട്ടരും പരസ്പരം ചെളിയെറിയാതെ,മനസ്സിലാക്കി, കൈ കോർത്ത് പോകുന്നതു തന്നെ നല്ലതെന്നു തോന്നുന്നു.


    കവിത മനോഹരമായിരുന്നു.രസകരവുമായിരുന്നു.



    ശുഭാശംസകൾ.....





    ReplyDelete
  2. കവിത മനോഹരം
    അവര്‍ക്കും ഇതുപോലെ പലതും പറയാന്‍ ഉണ്ടാവാം

    ReplyDelete
    Replies
    1. കാവ്യത്തി,ലാകുന്നതാണു കാമ്യം....

      Delete