കുട്ടൻ മരിച്ചൂ; കുഡുംബം മുടിച്ചൊരാ-
ദുഷ്ടന്റെ ശല്യം ഒഴിഞ്ഞെന്നു നാട്ടുകാർ..
പത്തും പതിമൂന്നുമുള്ള തൻ കുട്ടികൾ-
ക്കച്ഛനില്ലാതെയായ്-കേഴുന്നു കാന്തയും..
വ്യർത്ഥ, മാ ജന്മം പൊലിഞ്ഞിടാൻ കാരണം
മദ്യമാണത്രേ-മറക്കുന്നു നമ്മളും..!
സത്യം ഗ്രഹിക്കാൻ ഭയന്നു നാം കാപട്യ-
മുദ്രയാൽ സ്വന്തം മുഖം മിനുക്കുന്നുടൻ..
നേരായ മാർഗ്ഗത്തി,ലായിരം കോടികൾ
നേരേ പിരിക്കാൻ മടിക്കുന്ന പാലകർ
ചോരുന്ന ഭണ്ഡാരമെന്നും നിറയ്ക്കുവാൻ
ചേരാത്ത സിംഹാസനത്തിൽ ഉറയ്ക്കുവാൻ
ചാരായ കാകോള,മേകുന്നു മാന്യരായ്..
പാരാതെ മോന്തി,പ്പിടയ്ക്കുന്നു പ്രാകൃതർ..
വേരോടെ മാന്തിപ്പറിയ്ക്കേണ്ട മാരണം
വേദാന്തമോതി,പ്പരത്തുന്നു പാപികൾ..
ചത്തവൻ ചത്തങ്ങു പോയീ കൃതാർത്ഥനായ്
ചിത്രത്തിലുള്ള ബന്ധുക്കളോ ഖിന്നരായ്..
കൊന്നവർ വന്ദ്യരാണെന്നും;വിഷം കൊണ്ടു-
വന്നവർ വീണ്ടും വിളമ്പും സമൃദ്ധമായ്..
കത്തുന്ന ജീവിതം കാണാതിരുന്നു നാ-
മി,ത്തമോ ശക്തികൾ ക്കുത്സവം തീർക്കയായ്..
മൃത്യു വിൽ ക്കുന്നൊരീ പാപികൾക്കായി നാം
കർത്തവ്യമെല്ലാം മറക്കുന്നു മന്ദരായ്..
നാറുന്ന കാളകൂടം തന്നെ നിത്യവും
നൂറിന്റെ നോട്ടുമായ് ചെന്നു വാങ്ങിക്കയായ്..
ചന്തം കെടുന്ന നാം സംസ്കൃതി,ക്കിന്നു ദുർ-
ഗ്ഗന്ധവും കൂ,ടങ്ങു ചാലിച്ചു ചേർക്കയായ്...!
വീറും വെടിപ്പും വെടിഞ്ഞും, വിയർക്കാതെ
നേരം നശിപ്പി,ച്ചുണങ്ങിച്ചുരുങ്ങിയും
നാടിന്റെ തീർത്ഥപ്രവാഹമാകും പെരി-
യാറിനെപ്പോലും കിഴക്കോട്ടൊഴുക്കി നാം..
കാലത്തിനൊപ്പം കുതിക്കാതെ മ്ളേച്ഛമാം
കോലത്തിലെത്തി,ക്കുഴഞ്ഞു വീഴുന്നു നാം..
നാളത്തെ ലോകത്തെ,യോർക്കാതെ മൃത്യു തൻ-
മാളത്തിലേ,യ്ക്കങ്ങിഴഞ്ഞു കേറുന്നു നാം..
വിജ്ഞരെ,ന്നാർത്തുകൊ,ണ്ടെത്രയും പെട്ടന്ന്-
വൃദ്ധരായ്, ജന്മം തുലയ്ക്കുന്നു ഭഗ്നരായ്..
കുട്ട,നാകാൻ കൊതി,ച്ചൂഴവും കാത്തു നാം
നഗ്നരായ് ക്യൂവിൽ നിരന്നങ്ങു നില്ക്കയായ്...!!
--(---
T U ASOKAN
------------------------------
RE POSTING
--------------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author
-------------------------------------------------------------
ലഹരിയില്‍ മുഴുകുന്ന മനുഷ്യര്‍ക്ക് ഒരു ഉണര്‍ത്തുപാട്ട് പോലെ ഈ നല്ല കവിത
ReplyDeleteഅർഥസമ്പുഷ്റ്റമായ വരികൾ ...താളം മേളം കേമം ..
ReplyDeleteഈ കവിത മുൻപ് ഇതേ ബ്ലോഗിൽ പോസ്റ്റ് ചെയ്ത പോലെ തോന്നുന്നു. വായിച്ചതായി ഒരോർമ്മ. എന്റെ ഒർമ്മ പിശകിയതാണേൽ ക്ഷമിക്കണം. എന്തായലും കവിത വളരെ നന്നായിരിക്കുന്നു. സമകാലികപ്രസക്തം.
ReplyDeleteശുഭാശംസകൾ.....