Wednesday, December 2, 2015

പ്രളയം കാത്ത്‌മരണം മാത്രം മർത്യനെ ജീവിത-
വ്യഥകളിൽ നിന്നു വിടർത്തുമ്പോൾ
വരുവാനില്ല വിമോചകനായ്‌ മ-
റ്റൊരുവനുമെന്നതു,റയ്ക്കുമ്പോൾ
വഴിക,ളടഞ്ഞൊരു ധൂമില ഗഹ്വര-
മക,മീ പഥികൻ നിൽക്കുന്നൂ..
മനമതി,ലാകുല ചിന്തകളായിര-
മപ ശകുനങ്ങൾ നിറയ്ക്കുന്നൂ..

നരക പടങ്ങളിൽ നി,ന്നുയിർ കൊള്ളും
അധമവിചാര വിരൂപങ്ങൾ
അവനി,യിതിൻ ഗതി,യാകെ നിയന്ത്രി-
ച്ചലറുകയാ,യിരുൾ പടരുകയായ്..
നര ജന്മത്തിൻ മാത്രക,ളങ്ങിനെ
പടു കർമങ്ങളി,ലമരുകയായ്..

പലകുറി വന്നു മറഞ്ഞ പ്രവാചകർ
അരുളിയതൊക്കെ വെറും കഥയായ്
കഥയുടെ സാദ്ധ്യത കണ്ട നൃശംസത
കപടത വിറ്റു തഴയ്ക്കുകയായ്..

വാതിലി,ലെത്തിയ തനയൻ, തായുടെ-
താഡനമേറ്റു മരിക്കുമ്പോൾ
ധ്യാന നികേത,മണഞ്ഞൊ,രജം ചെ-
ന്നായുടെ വചനം കേൾക്കുമ്പോൾ
ആട്ടിയകറ്റപ്പെട്ടൊരു ദൈവം
ആൽത്തറ പൂകി വിതുമ്പുമ്പോൾ
ഒച്ച ഭയന്നൊരു നിയമം ഇരയുടെ
കൊക്കു ഞെരിച്ചു രസിക്കുകയായ്..
ചോരനു ചേർന്നൊരു വാണിഭ ശാസ്ത്രം
പാണ,നുറക്കെ പാടുകയായ്..

കൂര തകർത്തവ,രെച്ചിലുമായി
കോരനെ മാടി വിളിക്കുമ്പോൾ
കാവി,യുടുത്തൊരു കുറിയും തൊ,ട്ടവ-
നാമര,മീമര,മോതുകയായ്,പിതൃ-
ഘാതകരിൽ തുണ തേടുകയായ്..
മാരക വർണവിവേചന കാവ്യം
പാമരനിന്നു പ്രലോഭനമായ്..

അന്ധത,യന്ധനു ഹരമായ്, തിമിരം-
കൊണ്ടു മറഞ്ഞൊരു ഭൂമികയിൽ
എന്റെ,യകാല ജരാനര,യോർത്തെൻ-
സന്തതി നിന്നു ചിരിക്കുന്നൂ,യുഗ-
സന്ധിയി,ലെന്നെ വിധിക്കുന്നൂ..
സഞ്ചിത കർമ വിപാകം പോൽ ധര-
യന്തക പുരമായ് മാറുന്നൂ..

പ്രാതലി,നെത്തിയ ഭൂതഗണം പോൽ
പാപിക,ളാർത്തു ചിരിക്കുമ്പോൾ
മോചന മന്ത്ര മഹാരവ,മേതോ
മൂകത തന്നി,ലൊതുങ്ങുന്നൂ..യുവ-
ചേതന മങ്ങി മയങ്ങുന്നൂ..
തൻ തറവാടു നശിക്കേ പെണ്ണിൻ-
ചുംബന,മോർത്തവ,രുഴറുന്നൂ..
കാമ,മെഴാത്തൊരു ജാരനു തോന്നിയ
കൂജനമാ,യതൊടുങ്ങുമ്പോൾ
ആർത്തി പെരുത്തവ,രി ധരയാകെ
ച്ചോർത്തിയെടുത്തു മദിക്കുന്നൂ..
കാകോളം പെയ്,തുറയും ജീവിത-
മാകെയു,മഴുകിയൊലിക്കുന്നൂ..

പെരുമഴ വരുവാൻ കാ,ത്തിവ,നിരുളിൽ
ഒരു നവ സ്വപ്നം നെയ്യുമ്പോൾ
ഒഴുകി നിറഞ്ഞ ജലോപരി ഭാസ്കര-
നഴകിലുണർ ന്നു ചിരിക്കുന്നൂ..!
പ്രളയം വന്നു വിളിക്കേ,മാനവ-
വിജയം പാടി,യൊരരയന്നം
ഇതുവഴി,യൊരുനാൾ വരുമെ,ന്നോർത്തിവ-
നണയാ,തിങ്ങനെയെ,രിയുന്നൂ.!

               --(---

 അശോകൻ  ടി  ഉണ്ണി
-------------------------------
Published in Bank Workers Forum Nov 2015 Issue.
No part or full text of this literary work may be re produced
in any form without prior permission from the author.
----------------------------------------------------------------

1 comment: