Friday, April 13, 2012

ബലികുടീരങ്ങളേ...



പഴയ സ്നേഹിതൻ പാതിരയ്ക്കെത്തി,യെൻ-
മുറിയിൽ  ഞാൻ വെച്ച മദ്യം രുചിക്കവേ
ഇരുളു കീറുന്ന വാളിന്റെ മൂർച്ചയിൽ
`ബലികുടീരങ്ങൾ` പാടുന്നു ഹൃദ്യമായ്‌..

അരികിൽനിന്നും പിരിഞ്ഞുപോരുമ്പൊൾ ഞാൻ-
പ്രിയതമയ്ക്കുറ,പ്പേകിയ വാക്കിനും
സമര തീഷ്ണമാം പോയകാലത്തിന്റെ
സ്മൃതിയുണർത്തിവ,ന്നെത്തുന്ന പാട്ടിനും
ഇടയിൽനിന്നും പറന്നുപോ,യെൻ മനം
പഴയ നീഡത്തിലെത്തുന്നു തല്ക്ഷണം..

ക്ഷുഭിത യൗവ്വനം സിരകളിൽ കൂട്ടിയ
വിറകു കൊള്ളിക്കു തീ പിടിപ്പിച്ചുകൊ-
ണ്ടകലെയെങ്ങോ വസന്തം വരുന്നതി-
ന്നിടിമുഴക്കങ്ങൾ കേട്ട കാലങ്ങളിൽ
ദുരിതകോടിതൻ മോചനപ്പാട്ടുമായ്‌
വളരെമുൻപേ പറന്ന  തീപ്പക്ഷികൾ
നിണമൊലിക്കുന്ന ചിറകുമായ്‌ രാവിലാ-
മടയിലാശ്രയം കാംക്ഷിച്ചു വന്നതും..

നരക കീർത്തനം സാധകം ചെയ്യുന്ന
രുധിര മൂർത്തികൾ വലയിൽ കുരുക്കിയാ-
കിളികുലത്തിന്റെ പെരുമന്റെ കണ്ണുകൾ
കുടില ഹോമത്തിനായ്‌ ചൂഴ്ന്നെടുത്തതും..

ഒടുവി,ലാസന്ന ഭീതിദക്കാഴ്ചതൻ
വ്യഥയിലൊരുസന്ധ്യ ചുരമിറങ്ങീടവേ
ഭരണശക്തിത,ന്നരുമകൾ നായ്ക്കളാ-
കിളിയിൽ ശേഷിച്ച ജീവൻ കവർന്നതും..
ബലികുടീരത്തി,നീരടിയ്‌,ക്കൊപ്പമാ-
യിരുളിലെന്നിലേയ്‌,ക്കെത്തുന്നു വിങ്ങലായ്‌..

നിശയി,ലാളും നിരാശപോൽ സ്നേഹിതൻ
സമരഗീതം പൊഴിക്കുന്നു പിന്നെയും..
അരികി,ലെന്നോപൊലിഞ്ഞ മോഹത്തിന്റെ
സ്മൃതിയിൽ നോവായിരിക്കുന്നു ഞാനും..

സ്മരണ, ബാധയായ്ത്തീരുന്ന രാവിന്റെ
ദുരിത യാമങ്ങൾ ശേഷിച്ചിരിക്കവേ
ജലമൊഴിക്കാത്ത ലഹരിയിൽ പാറി ഞാൻ
`ബലികുടീരങ്ങൾ` പാടുന്നു ഭ്രാന്തമായ്‌...!

              --(---

ടി.യൂ.അശോകൻ

4 comments:

  1. വിപ്ലവാനന്തരം...വായിച്ചു, ചിന്തിച്ചു. നല്ല കവിത

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. എന്നോ പൊലിഞ്ഞമോഹത്തിന്റെ
    സ്മൃതിയിൽ നോവായിരിക്കുന്നു ഞാനും....

    ReplyDelete
  4. " ബലികുടീരങ്ങള്‍ " പഴയ വീണ്‍ വാക്കുകള്‍
    പുറകിലെങ്ങോ കുഴിച്ചിട്ട ചിന്തകള്‍
    എരികയറ്റിച്ചുഴറ്റിത്തെറിപ്പിച്ചു
    വെറുതെ വായിട്ടലക്കുന്നതാരെടോ!

    ReplyDelete