Saturday, June 2, 2012

കോളേജ്‌ ഡേ


ഇരുളിൻ മറനീക്കി
കുളിരും ഡിസംബറിൽ
ഉദയം നാണിച്ചെത്തി
ബെഡ്ഡിൽ വന്നുരുമ്മുമ്പോൾ
തുണയായ്‌ പറ്റിച്ചേർന്ന്‌
ചൂടെനിക്കേകും തല-
യിണ ഞാൻ വലിച്ചെറി-
ഞ്ഞുണർന്നൂ,എട്ടേകാലായ്‌.

എട്ടിന്റെ മാസ്റ്റർ പോയാൽ
പത്തിന്റെ പ്രിയ കിട്ടും
എട്ടരയ്ക്കുള്ള ബസ്സിൽ
എസ്റ്റിയും കിട്ടില്ലത്രേ..

ഓടിച്ചെന്നുടൻ താടി
വടിക്കാൻ തുടങ്ങവേ
ഓർത്തു ഞാൻ ഞെട്ടിപ്പോയീ
ഇന്നല്ലോ കോളേജ്‌ ഡേ..

ജൂനിയർ വിദ്യാർത്ഥിയാ-
ണെങ്കിലു,മെന്നെക്കൂടാ-
തീവർഷമെൻ കോളേജി-
ലൊന്നുമുണ്ടായിട്ടില്ല.
സീനിയർ സ്റ്റുഡന്റ്സെന്നെ
കാണുമ്പോൾ വന്ദിച്ചീടും
ഞാനൊന്നു കടാക്ഷിക്കാൻ
ക്യൂ നിൽക്കും പെൺ കുട്ടികൾ..
ഇങ്ങനെയുള്ളോരെന്നെ-
ക്കൂടാതെ കോളേജ്‌ ഡേ
എങ്ങിനെ നടക്കുമെ-
ന്നോർത്തു ഞാൻ വിഷണ്ണനായ്..

കുളിയും തേവാരവും
ചടങ്ങെന്നപോൽ തീർത്ത്‌
വെളിയിലിറങ്ങുമ്പോൾ
മണി പത്തരയായി.
പ്രിയയും കടന്നുപോയ്‌,
വഴിയിൽ ഇളിഭ്യനായ്‌
മിഴിനട്ടു ഞാൻ നില്ക്കേ
നിദ്രയെ പ്രാകാൻ തോന്നി..
ബെഡ്ഡിലൊ,രിട്ട പോലെ
ചുരുണ്ടു കിടന്നപ്പോൾ
നിദ്രയാണത്രേ ജന്മ-
സാഫല്യ,മെന്നോർത്തു ഞാൻ.
ഇനി ഞാ,നെന്തോ ചെയ്‌ വൂ-
ദൈവമേ,ഫാൻസി ഡ്രസ്സിൽ-
മുനിയായ്‌ വേഷം കെട്ടാൻ
പേരും ഞാൻ കൊടുത്തല്ലോ..

ഈ വിധം മനസ്സിന്റെ
കടിഞ്ഞാ,ണയച്ചുവി-
ട്ടേകനായ്‌ വെയ്റ്റിങ്ങ്‌ ഷെഡ്ഡിൽ
നിന്നു ഞാൻ ചിന്തിക്കവേ,
ദൂരെനി,ന്നൊരു വണ്ടി
ഇരച്ചും കുരച്ചുമെൻ
ചാരെവ,ന്നെത്തീ,ചാടി-
ക്കേറി ഞാൻ ഫുട്ബോർഡിന്മേൽ..
മുന്നിലെക്കിളി ഡബിൾ-
ബെല്ലടിച്ചുടൻ തന്നെ
പിന്നിലെക്കിളി ഡബിൾ-
വിസിലും മുഴക്കവേ,
എന്നെയും കൊണ്ടാവണ്ടി
പിന്നേയും പുകതുപ്പി
മുന്നിലെ മലകേറാൻ
മടിച്ചു മടിച്ചോടി..

ഓടുന്ന വണ്ടിക്കൊപ്പം
ഓടുന്ന മേഘക്കെട്ടും
ദൂരെപ്പോയ് മറയുന്ന
തരുതൻ നിരകളും
അരഞ്ഞാണരുവിയാൽ
അരയിൽ ചാർത്തിക്കൊണ്ടു
പരന്നു കിടക്കുന്ന
വയലും,വരമ്പിന്മേൽ-
വരിയാ,യിരുന്നരി-
കൊറിച്ചിട്ടിളം കാറ്റിൽ
വയനാട്ടിലെക്കഥ
പാടുന്ന കിളികളും,
കണ്ണുകൾക്കൊരുൽസവ-
മേകവേ കോളേജിന്റെ
മുന്നിൽ വ,ന്നുടൻ വണ്ടി
നിന്നു ഞാൻ താഴെച്ചാടി..

ഓടുവാനൊരുങ്ങിയ
കാലുകൾ കല്ലിൽ തട്ടി
വേദനിച്ചതു മൂലം
നടന്നു നീങ്ങീടുമ്പോൾ
കുട്ടികൾ മോണിങ്ങ് സെഷൻ
പരിപാടിയും കഴി-
ഞെത്തിയെൻ മുന്നിൽ പൊട്ടി-
ച്ചിരിയാം കൂരമ്പുമായ്...

   ---0---

ടി. യൂ . അശോകൻ
=============================================

Re-Posting

5 comments:

 1. സരസകവി.......ഇത് കോളേജ് ദിനങ്ങളിലെന്നോ നടന്ന അനുഭവമാണോ???

  ReplyDelete
 2. മാസ്റ്ററും പ്രിയയും മുമ്പ് വൈക്കം പാലാ റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന രണ്ടു ബസ്സുകളാണല്ലോ

  ReplyDelete
  Replies
  1. രണ്ടും ശരിയാണു...
   ഡിഗ്രി കുറവിലങ്ങാട് ദേവമാതായിൽ...
   യാത്ര വടയാർ ഇളങ്കാവിൽ നിന്നും...

   Delete
 3. ഓടുന്ന വണ്ടിക്കൊപ്പം കാണുന്ന പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തിയതും
  മനോഹരമായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 4. its quite different from your regular style of writing :)
  Liked it.

  ReplyDelete