Saturday, November 15, 2014

നിരാലംബ മാധവം



സംഗ്രാമ ശേഷം മഥിക്കുന്ന ചിന്തയാൽ
സന്താപമാർന്നിരിക്കുന്നിതാ യാദവൻ..
സന്ധ്യാംബരം മാഞ്ഞു;മങ്ങുന്ന ദ്വാരകാ-
ചന്തങ്ങളിൽ തങ്ങിനിൽക്കുന്നു മൂകത..

വണ്ടിന്റെ മൂളലിൽ പോലും മുഴങ്ങുന്ന-
തമ്പിൻ രവം തന്നെയെന്നു തോന്നിക്കയാൽ
ചിന്തിച്ചതോരോന്നു,മമ്പായ്‌ തറഞ്ഞപോൽ
സ്തംഭിച്ചിരിക്കുന്നു മാധവൻ ഏകനായ്‌..

പണ്ടായിരുന്നെങ്കി,ലഞ്ചാറുപെണ്ണുങ്ങ-
ളുണ്ടാകുമായിരു,ന്നന്തിക,ത്തെപ്പൊഴും..
ശൃംഗാരമോലുന്ന പഞ്ചാര വാക്കിനാൽ
വെഞ്ചാമരം വീശി നിൽക്കും തനൂജകൾ..

കോലക്കുഴലി,ല്ലലങ്കാരമായ്‌ ചേർന്ന
നീലിച്ച പീലിയു,മില്ല മൂർദ്ധാവതിൽ..
കാലൊച്ച കേൾക്കാ,തടുത്തുവ,ന്നെത്തുവാ-
നായർക്കിടവുമി,ന്നില്ല പ്രേമാർത്ഥിയായ്‌..

രാധാ സമേതനായ്‌ നിന്ന നേരങ്ങളിൽ
രാഗാർദ്രനായ്‌ കണ്ട രാജീവലോചനൻ
ശോകാന്തനാടകം തീരുന്ന രംഗത്തി-
ലേകാന്ത നായകൻ പോ,ലിരിക്കുന്നിതാ..

യുദ്ധംകഴിഞ്ഞൂ;ദിഗന്തങ്ങൾ പോരുകൾ-
ക്കർത്ഥം ലഭിക്കാതെ നിൽക്കുന്നു സ്തബ്ധ്മായ്‌..
ഉത്തുംഗ മാമല,യ്ക്കപ്പുറത്തേയ്ക്കു തൻ-
ദു:ഖം മറയ്ക്കാ,നൊളിക്കുന്നു കാർമുകിൽ..

ആന്ധ്യം പുണർന്നേ പുലർന്നതിൻ ഹേതുവായ്‌
താന്തരായ്ത്തന്നേ പൊലിഞ്ഞുപോയ്‌ കൗരവർ..
ഗാണ്ഡീവ ചാപം ഫലിക്കാതെ, പിന്നെയും-
കാന്താര മാർഗ്ഗം ഗമിക്കുന്നു പാണ്ഡവർ..

ഭ്രാതൃവൈര പ്പെരുംകാറ്റിൽ തകർ ന്നുവീ-
ണാര്യ വംശത്തിന്റെ നൂറു സിംഹാസനം..
ദിഗ്ജയത്തിൻ കുള,മ്പൊച്ചയിൽ വാ,ണൊരാ-
ഹസ്തിനം നില്പൂ നിതാന്ത സംഘർഷമായ്‌..

ഒക്കെയും ജാതമായ്തീരുവാൻ കാരണം
കൃഷ്ണനാണെന്നേ വിധിക്കൂ വിശാരദർ..
മൃത്യുവിൻ മുന്നിൽ വിറയ്ക്കവേ പാർത്ഥനോ-
ടെത്രയോ കൈതവം ഗീതയായ്‌ ചൊല്ലിയോൻ..

കർമ്മം കഴിയ്ക്കാ,നറയ്ക്കാതിരിക്കണം
കർമ്മം തരും ഫലം കാക്കാതിരിയ്ക്കണം..
ജന്മം തുലഞ്ഞുപോകുന്നതിൽ ഭീതിവേ-
ണ്ടൊന്നും നശിക്കുന്നതില്ലാ ജനിക്കയും..

ഇത്ഥം വിരുദ്ധമാ,യദ്വൈത,മോതിയോൻ
ദു:ഖം സഹിക്കാതിരിക്കുന്നു ശപ്തനായ്‌..
അപ്പൊഴും ദ്വാരകാ ചിത്രം തകർ ക്കുവാ-
നബ്ധിയിൽ നിന്നുയിർക്കൊള്ളുന്നു വൻ തിര..

തീർത്ഥങ്ങളിൽ സ്നാനമേറ്റാലു,മായിരം-
ക്ഷേത്രങ്ങളിൽ മുക്തി മോഹിച്ചുപോകിലും
വാക്കിന്റെ യുക്തി,ക്കിണങ്ങാത്ത കർമ്മങ്ങ-
ളാർജ്ജിച്ച ശാപം, ഫലിക്കാതിരിക്കുമോ..

ആത്മദാഹങ്ങളായ്തീർന്ന ദാരങ്ങൾ ത-
ന്നാത്മരോഷം പോ,ലിരമ്പുന്നു സാഗരം..
ആർത്തരാ,യേതോ തൃണത്തുമ്പുമായ്‌ ജനം
നേർക്കവേ വീണ്ടും പിറക്കുന്നു സംഗരം..

ആധിയി,ലാളുന്ന ദ്വാരകാ ദ്വീപു നീ-
രാഴിയി,ലാഴാൻ തുടങ്ങുന്ന വേളയിൽ
വ്യാധന്റെ കൂരമ്പു മാത്രം പ്രതീക്ഷിച്ചു
മാധവൻ നില്പൂ നിരാലംബ ദു:ഖമായ്‌..!

         
          --(---

ടി  യൂ  അശോകൻ
----------------------------------
Already published in a monthly journal. No part or full text of this
literary work may be re produced in any form without prior
permission from the author.
-------------------------------------------------------------

3 comments:

  1. ധരയിതിൽ ജാതമായ്പ്പോയതു കാരണം
    ശരവും, കുരിശ്ശുമാ,ണീശനും മോക്ഷദം
    ശരമതു ദ്വാരകയിൽ ; കുരിശ്ശങ്ങു കാൽവരിയിൽ;
    ഇരുജീവ,നെന്നിട്ടുമുടലോടെ സ്വർഗ്ഗത്തിൽ..!


    നല്ല കവിത. മനോഹരമായ പദപ്രയോഗങ്ങൾ. വളരെയിഷ്ടം. :)


    ശുഭാശംസകൾ.....

    ReplyDelete
  2. ഹൃദ്യമായ വരികള്‍
    ആശംസകള്‍

    ReplyDelete
  3. vimeo - vimeo | vimeo
    Enjoy the best live experience, convert youtube playlist to mp3 all over New York City, Atlantic City and more with Vimeo Video. Discover the best live experience, all over New York City.

    ReplyDelete